ആഗോളതലത്തില്‍ വീണ്ടും ശ്രദ്ധാ കേന്ദ്രമായി അമേരിക്കയിലെ സ്വര്‍ണശേഖര കേന്ദ്രമായ ഫോര്‍ട്ട്‌നോക്‌സ് മാറുകയാണ്. ലോകത്തെ വന്‍ ശക്തിയായ അമേരിക്കയുടെ കൈവശം എത്ര സ്വര്‍ണമുണ്ട്. എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്. ആ സൂക്ഷിപ്പ് കേന്ദ്രത്തിന് ചുറ്റും എത്ര ശക്തമായ സുരക്ഷാ വലയം തീര്‍ത്തിട്ടുണ്ടാകും. നമ്മള്‍ സങ്കല്‍പിക്കുന്നതിന് അപ്പുറമാണ് അമേരിക്കയുടെ സ്വര്‍ണ നിധി കേന്ദ്രത്തിന്റെ സുരക്ഷ.
1937 ല്‍ ശക്തമായ കെട്ടുറപ്പില്‍ നിര്‍മിച്ചതിന് ശേഷം മൂന്ന് തവണ മാത്രമേ രാഷ്ട്രീയ നേതൃത്വം ഫോര്‍ട്ട് നോക്സ് തുറന്നു പരിശോധിച്ചിട്ടുള്ളൂ. പ്രത്യേക പരിശീലനം നേടിയ സൈനികര്‍ മാത്രമല്ല കെന്റുകിയിലെ ഈ ഫോര്‍ട്ട് നോക്സിന് കാവലിരിക്കുന്നത്. ആ കെട്ടിടത്തിന്റെ കെട്ടും മട്ടും അകത്തെ സുരക്ഷാ വലയങ്ങളും കൂടുതല്‍ പേര്‍ക്ക് അറിയില്ല. ഇത് സംബന്ധിച്ച് ചുരുക്കം ചില വിവരങ്ങളെ പുറത്ത് വന്നിട്ട് പോലുമുള്ളവ.
1937 മുതല്‍ അമേരിക്കയുടെ സ്വര്‍ണ ശേഖരം സൂക്ഷിച്ചിരിക്കുന്നത് ഫോര്‍ട്ട് നോക്സിലാണ്. ഇതോടൊപ്പം സൈനിക കേന്ദ്രവും ഉണ്ട്. എല്ലാ വേനലിലും ഇവിടെ പരിശീലന പരിപാടികള്‍ നടക്കും. ലൂയിസ് വില്ലിയില്‍ നിന്ന് 35 മൈല്‍ തെക്കാണ് സൈനിക പോസ്റ്റ് ഉള്ളത്. മൂന്ന് കൗണ്ടികളിലായി 109000 ഏക്കര്‍ ഉള്‍പ്പെടുന്ന പ്രദേശത്താണ് നിധി കേന്ദ്രം.
ഒന്നാംലോക യുദ്ധകാലത്ത് സൈനിക ആവശ്യങ്ങള്‍ക്കാണ് ഇവ നിര്‍മിച്ചത്. 1932 ല്‍ ഇവിടെ സ്വര്‍ണ ശേഖരം സൂക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 1937 ലാണ് ആദ്യമായി സൈനിക സുരക്ഷാ വലയത്തില്‍ സ്വര്‍ണം ഇങ്ങോട്ട് എത്തിച്ചത്. രണ്ടാം ലോക യുദ്ധ കാലത്ത് സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഇന്ന് അമേരിക്കയില്‍ ഏറ്റവും സുരക്ഷയുള്ള പ്രദേശങ്ങളില്‍ ഒന്നാണിത്. 147.3 ദശലക്ഷം ഔണ്‍സ് സ്വര്‍ണം ഫോര്‍ട്ട് നോക്സ് സ്വര്‍ണ സൂക്ഷിപ്പ് കേന്ദ്രത്തിലുണ്ട് എന്നാണ് അമേരിക്കയുടെ ട്രഷറി വകുപ്പ് നല്‍കുന്ന സൂചനകള്‍.
ട്രഷറിയുടെ കൈവശം മൊത്തമുള്ള സ്വര്‍ണത്തിന്റെ പകുതിയാണത്രെ ഇവിടെ സുക്ഷിച്ചിരിക്കുന്നത്. ഫോര്‍ട്ട് നോക്സ് കെട്ടിടത്തിന്റെ അകത്തുള്ള സുരക്ഷാ വലയം സംബന്ധിച്ച് അധികമാര്‍ക്കും അറിയില്ല. ഈ കേന്ദ്രം പശ്ചാത്തലമായി സിനികളും ഇറങ്ങിയിട്ടുണ്ട്. സ്വര്‍ണം സൂക്ഷിച്ച അറകള്‍ തുറക്കുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ണമായി ഒരു വ്യക്തിക്ക് അറിയില്ല. ഇവ സംബന്ധിച്ച് പൊതുവേ അറിയുന്ന കുറച്ച് കാര്യങ്ങളേയുള്ളൂ. 16000 അടി ഗ്രാനൈറ്റ് ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. 4200 ക്യൂബിക് യാര്‍ഡ് കോണ്‍ഗ്രീറ്റ് ചെയ്തിട്ടുണ്ട്. 1400 ടണ്‍ സ്റ്റീല്‍ ഉപയോഗിച്ചിട്ടുണ്ട് എന്നിവയെല്ലാമാണ് അറിയാവുന്ന കാര്യങ്ങള്‍.
പരിശോധന നടന്നത് മൂന്ന് തവണ മാത്രം
മുന്‍ പ്രസിഡന്റ് ഫ്രാങ്ക്ളിന്‍ റൂസ്വെല്‍റ്റ് ഫോര്‍ട്ട് നോക്സിന്റെ അകം തുറന്ന് പരിശോധിച്ചിട്ടുണ്ട്. സ്വര്‍ണം എടുത്തുമാറ്റപ്പെട്ടു എന്ന കിംവദന്തി പരന്ന വേളയില്‍ സംശയ ദൂരീകരണത്തിന് വേണ്ടി 1974 ല്‍ ട്രഷറി വകുപ്പ് വീണ്ടും തുറന്നു. ഒരു സംഘം മാധ്യമപ്രവര്‍ത്തകരും എംപിമാരും ഉള്‍പ്പെടുന്ന സംഘമാണ് അന്ന് പരിശോധിച്ചത്. മൂന്നാമത് പരസ്യമായി തുറന്നത് 2017 ല്‍ ട്രഷറി സെക്രട്ടറി സ്റ്റീവ് നുകിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് വേണ്ടിയാണ്. പൊതുവായി തുറക്കില്ലെങ്കിലും എല്ലാവര്‍ഷവും കൃത്യമായ കണക്കെടുപ്പ് നടക്കും.
ഇപ്പോള്‍ പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫോര്‍ട്ട് നോക്സ് തുറന്ന് പരിശോധിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇലോണ്‍ മസ്‌കും തന്നോടൊപ്പമുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. റിപബ്ലിക്കന്‍ ഗവര്‍ണര്‍മാരെ അഭിസംബോധന ചെയ്യുമ്പോഴാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. 4800 ടണ്‍ സ്വര്‍ണം ഇവിടെ ഇല്ല എന്ന് ബോധ്യമയാല്‍ അമേരിക്ക കൂടുതല്‍ സ്വര്‍ണം വാങ്ങിക്കൂട്ടുമെന്നും അതോടെ ആഗോള വിപണിയില്‍ സ്വര്‍ണവില കൂടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രേഖകള്‍ പ്രകാരമുള്ള സ്വര്‍ണം പൂര്‍ണമായും അവിടെയുണ്ടെന്ന് ഉറപ്പാക്കുമെന്നാണ് ട്രംപും ഇലോണ്‍ മസ്‌കും പറഞ്ഞിരിക്കുന്നത്. ''ഒരുപക്ഷേ അത് അവിടെയുണ്ടാകാം, ഒരുപക്ഷേ ഇല്ലായിരിക്കാം. ആ സ്വര്‍ണ്ണം അമേരിക്കന്‍ പൊതുജനങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ്! അത് ഇപ്പോഴും അവിടെയുണ്ടോ എന്ന് ഞങ്ങള്‍ക്ക് അറിയണം'. എന്നായിരുന്നു ഇലോണ്‍ മസ്‌കിന്റെ ആവശ്യം. തൊട്ടു പിന്നാലെ താനും ഫോര്‍ട്ട്‌നോക്‌സിലേക്ക് പോകുമെന്ന് ട്രംപും വ്യക്തമാക്കുകയായിരുന്നു.
147 ദശലക്ഷം ട്രോയ് ഔണ്‍സ് സ്വര്‍ണ്ണം ആണ് ഇവിടെയുള്ളതെന്ന് യുഎസ് ട്രഷറി രേഖകള്‍ പറയുന്നു. 36 ലക്ഷം കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് ഇവിടെയുള്ളത്. അതേ സമയം എന്നാണ് ഫോര്‍ട്ട് നോക്‌സിലേക്ക് പോവുകയെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല. അതേസമയം പറഞ്ഞ അളവിലുള്ള സ്വര്‍ണം ഇല്ലെങ്കിലോ, കാലിയായ നിലവറയാണെങ്കിലോ ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നേക്കും. ഫോര്‍ട്ട് നോക്‌സിന്റെ വിശ്വാസ്യത ഇടിഞ്ഞാല്‍ ഡോളറിന്റെ മൂല്യത്തിലും ഇടിവ് സംഭവിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1