മണ്ണുംചാരി നിന്ന എ.കെ. ആന്റണി കേരളത്തിൽ മുഖ്യമന്ത്രിയായിരിക്കുന്നു

NOVEMBER 13, 2024, 9:04 AM

ലീഡർ കരുണാകരനെ വീഴ്ത്തി ആന്റണി കേരളത്തിൽ മുഖ്യമന്ത്രിയായിരിക്കുന്നു. ഇവിടെ  കോൺഗ്രസ് ഐയിലേയും ഘടകകക്ഷികളിലേയും ഭിന്നിപ്പുകൾക്കും അസ്വസ്ഥകൾക്കുമിടയിൽ ഐക്യജനാധിപത്യ മുന്നണി ഭരണം സുഖകരമായി മുന്നോട്ടുകൊണ്ടുപോകാൻ മുഖ്യമന്ത്രി എ.കെ. ആന്റണി നന്നേ പാടുപെടേണ്ടിവരും എന്ന കാര്യത്തിൽ സംശയമേയില്ല. എങ്ങിനേയും കരുണാകരൻ കേന്ദ്രത്തിലേക്ക് പോയി ഒരു മന്ത്രിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നത് കരുണാകരപക്ഷമല്ല, ആന്റണി പക്ഷമാണ്.

കാലം 1975 ഏപ്രിൽ മാസം. എ.കെ. ആന്റണി, കൃത്യം രണ്ട് മാസം മുമ്പ് കേന്ദ്രമന്ത്രിപദം ഉപേക്ഷിച്ച് നാട്ടിൽ മടങ്ങിയെത്തിയപ്പോൾ, കൂടുതൽ ഉത്തരവാദിത്വമുള്ള ഒരു പദവി അദ്ദേഹത്തെ കാത്തിരിക്കുകയായിരുന്നു എന്ന് രാഷ്ട്രീയ നിരീക്ഷകർ പോലും കരുതിയിരുന്നില്ല. അർജുൻ സിംഗിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയ നടപടിയെ ആന്റണി വിമർശിക്കുക കൂടി ചെയ്ത സാഹചര്യത്തിൽ പ്രത്യേകിച്ചും.

എന്നാൽ കേരളത്തിന്റെ പതിനാറാമത്തെ മുഖ്യമന്ത്രിയായി മുൻ കേന്ദ്ര പൊതുവിതരണ വകുപ്പ് മന്ത്രി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, ലീഡർ കരുണാകരന്റെ അവസാനത്തെ അടവും പിഴയ്ക്കുകയായിരുന്നു. ആദ്യമൊക്കെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മടിച്ചുനിന്ന ആന്റണി പിന്നീട് അത് സമ്മതിക്കുകയും, അതുവഴി പ്രധാനമന്ത്രിയോടും പാർട്ടിയോടും കൂടുതൽ അടുക്കുകയും ചെയ്തപ്പോൾ, പ്രതിസന്ധികളുടെ നിമിഷങ്ങളിൽ തന്റെ മർക്കട മുഷ്ടി മൂലം പാർട്ടി നേതൃത്വത്തിൽ നിന്നകലുകയായിരുന്നു കരുണാകരൻ നിന്ന് കരുണാകരന് പോലും അറിയാൻ കഴിഞ്ഞില്ല.

vachakam
vachakam
vachakam

കേരളത്തിലെ കോൺഗ്രസ് പാർട്ടിയെയും യു.ഡി.എഫിനെയും അടുത്ത പൊതു തിരഞ്ഞെടുപ്പിൽ നയിക്കാൻ പറ്റിയ ഏക നേതാവ് ആന്റണിയാണ് എന്ന് കേന്ദ്ര നേതൃത്വം  നന്നായി മനസ്സിലാക്കിയിരുന്നു. പക്ഷേ മുഖ്യമന്ത്രിപദം ഒരു ആകർഷണീയമായ കിരീടമല്ല, പകരം മുൾക്കിരീടമായി മാറുകയായിരുന്നു ആന്റണിക്ക്. അടുത്ത തിരഞ്ഞെടുപ്പ് വരെയെങ്കിലും ഈ മുൾകരീടം അദ്ദേഹം ചുമക്കുക തന്നെ വേണം..! ആന്റണി ഇനി സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. അതിനു പറ്റിയ ഒരു മണ്ഡലം കണ്ടെത്തണം. തുടക്കത്തിൽ തന്നെ  അലങ്കോലപ്പെട്ടു കിടക്കുന്ന തൊഴുത്ത് വൃത്തിയാക്കണം. ഘടകകക്ഷികളെ എല്ലാം വരുതിയിൽ നിർത്തണം. അഴിമതി ഇല്ലാത്ത പ്രവർത്തനം സർക്കാരിന് കാഴ്ചവയ്ക്കാൻ കഴിയണം.

എന്നാൽ ഇതൊന്നുമല്ല ആന്റണിയുടെ മുഖ്യപ്രശ്‌നം. അത് ലീഡർ കരുണാകരൻ തന്നെയാണ്. പോലീസ് അകമ്പടി ഇല്ലാതെയുള്ള യാത്രകളും സെക്രട്ടറിയേറ്റ് കാന്റീനിലെ ആഹാരവും മറ്റുമായി പൊരുത്തപ്പെടാൻ ഉദ്യോഗസ്ഥർക്കും മറ്റും  അല്പം സമയം വേണ്ടിവരും.  ഒപ്പം പിടിപി നഗറിലെ തന്റെ വസതിയിൽ ആന്റണിയുടെ ഭരണകാലം ദുഷ്‌കരമാക്കാനുള്ള എല്ലാവിധ കുതന്ത്രങ്ങളും ആവിഷ്‌കരിക്കുകയാണ് മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ. കരുണാകരന്റെ എതിർപ്പും, യു.ഡി.എഫിന്റെ നാലുവർഷത്തെ ഭരണഭാരവും പേറിയുള്ള യാത്ര ആന്റണിക്ക് തികച്ചും ദുഷ്‌കരം തന്നെയായിരിക്കും. കരുണാകര ഗ്രൂപ്പിന്റെ ഭീഷണികൾ സജീവമായി ഉയർന്നു തുടങ്ങിയിരിക്കുന്നു. ഞങ്ങൾ ആന്റണിക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ പോകുന്നില്ല.

പക്ഷേ ഞങ്ങളെ കൂടി നിങ്ങൾ പരിഗണിക്കണം. ഈ ആവശ്യം ഉമ്മൻചാണ്ടിയോട് ആണ് കരുണാകര ഗ്രൂപ്പുകാർ പറയുന്നത്. ആന്റണി തന്റെ പിൻഗാമി ആകാതിരിക്കാൻ ആവതും ശ്രമിച്ചു കരുണാകരൻ.  ഒരു മാസം മുമ്പ് വരെ സംസ്ഥാനത്തെ ഏറ്റവും ശക്തനായ രാഷ്ട്രീയക്കാരൻ കരുണാകരൻ തന്നെയായിരുന്നു. ഇന്ന് അദ്ദേഹം ഏകനും വ്രണിതഹൃദയനും ആണ്. ആന്റണിയുടെ സത്യപ്രതിജ്ഞ കഴിഞ്ഞ ഉടൻ കരുണാകരൻ ഡൽഹിക്ക് വിളിപ്പിക്കപ്പെട്ടു.
നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച വ്യക്തിയാണ് കരുണാകരൻ. അദ്ദേഹത്തെ സമാശ്വസിപ്പിക്കാൻ പ്രധാനമന്ത്രി നേരിട്ടു ദീർഘമായി സംസാരിച്ചു.  പിന്നെ കേരള ഹൗസിലേക്ക് തന്റെ ദൂതരെ അയക്കുകയും ചെയ്തു. പക്ഷേ കരുണാകരൻ ആരു പറഞ്ഞതും കേൾക്കാൻ കൂട്ടാക്കിയില്ല. ഏതെങ്കിലും വകുപ്പിന്റെ ചുമതലയേറ്റു കേന്ദ്രത്തിലേക്ക് പോകാൻ അദ്ദേഹം തയ്യാറായതുമില്ല. എവിടെ ആയാലും താൻ പ്രബലനാണ് എന്ന് അദ്ദേഹത്തിന് അറിയാം.

vachakam
vachakam
vachakam

ലീഡറിന് കേരളത്തിൽ തുടരാനാണ് ഇഷ്ടം. അദ്ദേഹത്തിന് ജനങ്ങളോടൊപ്പം കഴിയണം. കോൺഗ്രസ് എംഎൽഎയും കരുണാകരന്റെ വിശ്വസ്തനുമായ ശരത് ചന്ദ്രൻ പ്രസാദ് ഇങ്ങനെ പ്രചരിപ്പിച്ചു കൊണ്ടേയിരുന്നു. ഏതെങ്കിലും സംസ്ഥാനത്ത് ഗവർണർ പദം സ്വീകരിക്കാനും കരുണാകരൻ തയ്യാറല്ല. പ്രധാനപ്പെട്ട ഏതെങ്കിലും വകുപ്പിന്റെ ചുമതല നൽകിയാൽ കേന്ദ്രമന്ത്രിയാകുന്ന കാര്യം അദ്ദേഹത്തിന്റെ പരിഗണനയിലുണ്ട് താനും. പ്രതിരോധമോ ആഭ്യന്തരമോ ആണ് അദ്ദേഹം നോട്ടം ഇടുന്നത്. മന്ത്രിസഭയിൽ അംഗമാകുന്നതിൽ തനിക്ക് വിരോധമില്ല. എന്നാൽ പാർട്ടി പ്രവർത്തനത്തോടൊപ്പം കാര്യമായ ചുമതലകൾ നിർവ്വഹിക്കാൻ കഴിയുന്ന ഒരു വകുപ്പ് കിട്ടണം. കരുണാകരൻ പറയുന്നു. റാവുവിന് കരുണാകരനെ കിട്ടാൻ താല്പര്യമുണ്ടെങ്കിലും അദ്ദേഹം ആഗ്രഹിക്കുന്നത് നൽകാൻ റാവു തയ്യാറാകമോ എന്നതാണ് പ്രശ്‌നം.

കരുണാകരൻ കേരളത്തിൽ തുടരുന്നതാകട്ടെ പുതിയ മുഖ്യമന്ത്രിയുടെ ഏറ്റവും വലിയ തലവേദനയാകും. പ്രതിസന്ധിയുടെ അവസാന നിമിഷം വരെ കരുണാകരന്റെ കൂടെ നിന്ന് പലരും പിന്നീട് കാലു മാറി. മറ്റു ചിലർക്ക് ചേരി മാറാൻ ആഗ്രഹമുണ്ടെങ്കിലും അവർ ഏറെ മുന്നോട്ടു കടന്നുപോയി കഴിഞ്ഞിരുന്നു. കരുണാകരനോട് ഇപ്പോഴും കൂറുപുലർത്തുന്ന കുറച്ചു പേരാകട്ടെ പൊരുതി നിൽക്കുകയും ആണ.് കരുണാകരൻ ഗ്രൂപ്പ് കരുണാകരനെ ആദരിക്കാനുള്ള യോഗങ്ങൾ വിപുലമായി സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ്.

1975 ഏപ്രിൽ രണ്ടിന് ഇത്തരത്തിലുള്ള ആദ്യ യോഗം തൃശ്ശൂരിൽ നടന്നുകഴിഞ്ഞു. പിറ്റേന്ന് കോഴിക്കോടും. കരുണാകരൻ ഗവൺമെന്റിന് എതിരായി കേരളം മുഴുവൻ ഒരുകാലത്ത് ഗ്രൂപ്പുകൾ സംഘടിപ്പിച്ചു മുന്നേറിയവരാണ് ഉമ്മൻചാണ്ടിയും കൂട്ടരും. അതേ നാണയത്തിൽ ഞങ്ങൾ ആന്റണി ഗവൺമെന്റിന് എതിരായി അത്തരം യോഗങ്ങൾ നടത്തും. കരുണാകരൻ ഗ്രൂപ്പിലുള്ള ഒരു എംഎൽഎ തന്നെ പരസ്യമായി പറഞ്ഞു. എന്നാൽ കരുണാകരൻ വിഭാഗം കാര്യമായി ക്ഷീണിച്ചെന്ന് വ്യക്തമായതോടെയാണ് എതിർ വിഭാഗം ഘടകകക്ഷികളുമായി യോജിച്ചുകൊണ്ട് കരുണാകരൻ പുറത്തു പോകണം എന്ന് ആവശ്യപ്പെട്ടതുതന്നെ..! അതിന്റെ ചാലകശക്തി ഉമ്മൻചാണ്ടി തന്നെയായിരുന്നു.

vachakam
vachakam
vachakam

കരുണാകരന്റെ പിന്നിൽ ഏതാണ്ട് 25 എംഎൽഎമാർ ഉണ്ടായിരുന്നപ്പോഴാണ് എതിർ ഗ്രൂപ്പ് മുഖ്യമന്ത്രിക്കെതിരെ പ്രചാരണം ആരംഭിച്ചത്. പക്ഷേ ഉമ്മൻചാണ്ടിയുടെ ഭാഗത്ത് അക്കാലത്ത് എംഎൽഎമാർ പരിമിതമായിരുന്നു. എന്നാൽ നേരിട്ടുള്ള ഒരു ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് ആന്റണി ഇപ്പോൾ ശ്രമിക്കുന്നത്. 'എല്ലാവരോടും ഒരു കാര്യം എനിക്ക് വ്യക്തമാക്കാൻ ഉണ്ട്, ആരുമായും ഏറ്റുമുട്ടാനോ ഏറ്റുമുട്ടലിന്   നേതൃത്വം നൽകാനോ വേണ്ടിയല്ല ഞാൻ ഇവിടെ വന്നത്. പാർട്ടിയിലും ഐക്യ ജനാധിപത്യ മുന്നണിയിലും പ്രതിപക്ഷവുമായുള്ള ബന്ധത്തിലും എല്ലാം അനുരഞ്ജനത്തിന്റെ മാർഗ്ഗമാണ് ഞാൻ സ്വീകരിക്കുക.'


സത്യപ്രതിജ്ഞക്ക് ശേഷം ആന്റണി പത്രസമ്മേളനത്തിൽ പറഞ്ഞത് ഇങ്ങനെയാണ്. എന്നാൽ ആന്റണി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിൽ ഒന്നുമാത്രമാണ് ലീഡർ കരുണാകരനും അദ്ദേഹത്തിന്റെ വിഭാഗവും. ഐക്യജനാധിപത്യ മുന്നണിയുടെ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആന്റണിയുടെ രംഗപ്രവേശം. പക്ഷേ ആ പ്രതിച്ഛായ നഷ്ടം അദ്ദേഹത്തെ കാര്യമായി വേട്ടയാടും എന്ന കാര്യത്തിൽ സംശയമില്ല. കരുണാകരൻ ഭരിച്ചിരുന്നപ്പോൾ ഉണ്ടായതുപോലെ ധാർമികമായി ഇത്രമാത്രം അധഃപ്പതിച്ച മറ്റൊരു മന്ത്രിസഭ കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല. കരുണാകരൻ കളിക്കളത്തിൽ തൽക്കാലം ഇല്ലെങ്കിലും കളിക്കാർ ഏതാണ്ട് അത്ര തന്നെ ഉണ്ടെന്നതാണ് വാസ്തവം. സത്യത്തിൽ ആന്റണി തന്റെ പ്രതിച്ഛായ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ.

കരുണാകരന്റെ പാരമ്പര്യം തിരുത്തിക്കുറിക്കാനും അദ്ദേഹം ശ്രമിക്കാതിരിക്കില്ല. ആന്റണി അധികാരമേറ്റ് രണ്ടാഴ്ചക്കുള്ളിൽ മുന്നണി നിയമസഭാ കക്ഷി യോഗം രണ്ട് തവണയും, കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഒരുതവണയും ചേർന്നിരുന്നു. എന്നാൽ മൂന്നര വർഷത്തിനിടയിൽ കരുണാകരന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഐ നിയമസഭാ കക്ഷിയോഗം ആറുതവണ മാത്രമേ ചേർന്നിട്ടുള്ളൂ എന്ന കാര്യം ഓർക്കുക. ബജറ്റിനെ കുറിച്ചുള്ള മൂന്ന് ദിവസത്തെ ചർച്ചയിൽ അഴിമതിക്കാരായ രാഷ്ട്രീയക്കാരെ ആന്റണി ശക്തമായ ഭാഷയിൽ  വിമർശിച്ചിരുന്നു. അഴിമതി മന്ത്രിമാരുടെ പരിധിയിൽ മാത്രം പെടുന്നതല്ല. അനാവശ്യമായ ശുപാർശകളുമായി മന്ത്രിമാരെ സമീപിക്കുന്ന എംഎൽഎമാരും അഴിമതിക്ക് വഴിയൊരുക്കുന്നു. ഭൂതകാലം പരിശോധിച്ചു നോക്കുകയാണെങ്കിൽ എല്ലാ സർക്കാരുകൾക്കും എതിരെ ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങൾ പ്രകടമായും അഴിമതിരഹിതമായ ഒരു ഭൂതകാലം ഞങ്ങൾക്കുണ്ടായിരുന്നു എന്ന് ഭരണ മുന്നണിക്കോ, പ്രതിപക്ഷത്തിനോ അവകാശപ്പെടാൻ കഴിയില്ല. ആന്റണി പറഞ്ഞു.

എന്നാൽ ബാധ്യതകളിൽ നിന്ന് ആന്റണിക്ക് അത്ര പെട്ടെന്ന് രക്ഷപ്പെടാൻ കഴിയുമെന്ന് തോന്നുന്നില്ല. അദ്ദേഹത്തിന്റെ ആൾക്കാർ തന്നെയാണ് മുഖ്യമന്ത്രിക്കും മറ്റ് മുന്നണി മന്ത്രിമാർക്കും എതിരെയുള്ള അഴിമതി ആരോപണങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ശക്തനായ ഒരു മുഖ്യമന്ത്രി കസേരയിൽ ബലവുമായി ഇരുന്നിട്ടും മുന്നണി നേതാക്കൾ അവരുടെ കുടുംബ സ്വത്തു പോലെയാണ് സ്വന്തം വകുപ്പുകൾ കൈകാര്യം ചെയ്തത്.
കരുണാകരനെ പോലെ പരുക്കൻ അല്ലാത്ത ശക്തനായ ഒരു മുഖ്യമന്ത്രി ഉള്ളപ്പോൾ അവരുടെ പ്രകടനരീതിക്കും മാറ്റം വരുമെന്ന് കരുതുന്നത് തന്നെ മൗഢ്യമാണ്. മറ്റു വകുപ്പുകളെക്കാൾ കൂടുതൽ വാർത്തകൾ സൃഷ്ടിച്ചത് വിദ്യാഭ്യാസ വകുപ്പായിരുന്നു. വിവാദങ്ങൾ ഒന്നൊന്നായി അവർ ഇളക്കി വിട്ടു സ്വാശ്രയ കോളേജുകളും  മറ്റും അനുവദിക്കുന്ന കാര്യത്തിൽ എടുത്ത തീരുമാനങ്ങളെല്ലാം കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണുണ്ടായത്. ഘടകകക്ഷികൾ അനാവശ്യമായി ഓരോരോ പ്രശ്‌നങ്ങളിലും പ്രത്യേകിച്ച് ലീഗ് നേതാക്കൾ പലപ്പോഴും ഇടപെടുന്നുണ്ട് എന്ന് ഉമ്മൻചാണ്ടി ഉൾപ്പെടെ എല്ലാവർക്കും അറിയാം.

മന്ത്രിസഭ പുനഃസംഘടനയ്ക്ക് ശേഷം വിമത പ്രശ്‌നം മുമ്പുണ്ടായിരുന്ന അത്ര കടുപ്പത്തിൽ അല്ലെങ്കിലും അത് ഇനിയും തലപൊക്കും എന്നതിൽ സംശയമില്ല. മുസ്ലിംലീഗ് പോലുള്ള പാർട്ടിയിൽ പോലും ഉൾപ്പോരുണ്ട് എന്നാൽ മന്ത്രിസഭ പുനഃസംഘടനയ്ക്ക് ശേഷം സമവായങ്ങൾ  മൂലം വളരെയധികം മാറുക കോൺഗ്രസിൽ ആയിരിക്കും. മന്ത്രിസ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുകയും അത് കിട്ടാതെ വരികയും ചെയ്യുന്നവർ തന്റെ പക്ഷത്തേക്ക് വരുമെന്ന് കരുണാകരൻ പ്രതീക്ഷിക്കുന്നു കരുണാകരന്റെ രാജിക്ക് ശേഷം മന്ത്രിസഭ പുനസംഘടന ഉണ്ടാവുമെന്ന് മുൻകൂട്ടി കണ്ടുകൊണ്ടാണ് പലരും വിരുദ്ധപക്ഷത്തേക്ക് കാലു മാറിയത്  തന്നെ. ശത്രുപക്ഷത്തുനിന്ന് വിമർശകർ തന്റെ അടുത്തേക്ക് വരുന്നതും കാത്തിരിക്കുകയാണ് വ്രണിതഹൃദയനായ മുൻ മുഖ്യമന്ത്രി എന്നതിനാൽ കോൺഗ്രസിലെ പ്രശ്‌നങ്ങൾ തുടരുകയുള്ളൂ.

കരുണാകരന് കേന്ദ്രത്തിൽ സ്ഥാനം ലഭിച്ചാൽ അത് ആന്റണിക്ക് രക്ഷയായി തീരുമെന്ന വിശ്വാസം ബലപ്പെട്ടു വരുന്നുണ്ട്. കേന്ദ്രത്തിലേക്ക് മാറിയാൽ അവിടുത്തെ പ്രവർത്തനങ്ങളുമായി ഒതുങ്ങി കഴിയാൻ അദ്ദേഹം നിർബന്ധമാകുമെന്ന് മാത്രമല്ല, ഇവിടെ പോരാടുന്ന അദ്ദേഹത്തിന്റെ പക്ഷക്കാരെ അത് നിരാശയിൽ ആഴ്ത്തുകയും ചെയ്യും. കരുണാകരനെ പിന്തുണയ്ക്കുന്നവർക്ക് അദ്ദേഹം തിരുവനന്തപുരത്ത് തന്നെ ഉണ്ടാകണമെന്നാണ് ആഗ്രഹം. കരുണാകരന്റെ ആഗ്രഹവും അതൊക്കെ തന്നെയാണ്. പക്ഷേ മധുരത്തിൽ പൊതിഞ്ഞ ഒരു വൻ വാഗ്ദാനം ഹൈക്കമാന്റിൽ നിന്നും ലഭിച്ചാൽ കരുണാകരൻ കേന്ദ്രത്തിലേക്ക് ചുവട് മാറ്റിയേ പറ്റൂ.  കരുണാകരന് ഹൈക്കമാന്റിന്റെ തീരുമാനം രണ്ട് കൈയും നീട്ടി സ്വീകരിക്കണമെന്ന് പ്രാർത്ഥിക്കുന്നത് അദ്ദേഹത്തിന്റെ പക്ഷക്കാർ അല്ല, മറിച്ച് ആന്റണിയും ഉമ്മൻചാണ്ടിയും ആണ് എന്നതാണ് ഏറെ വിചിത്രമായ സംഗതി..!

(തുടരും)

ജോഷി ജോർജ്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam