ജനാധിപത്യത്തിന്റെ അടിത്തറ ഉറപ്പിച്ചുനിർത്താനുതകുന്ന തദ്ദേശ തെരഞ്ഞെടുപ്പങ്കത്തിന് കേരളത്തിൽ നാളുകുറിച്ചതോടെ പുതിയ അടവുകളുമായി മൂന്നു മുന്നണികളും കളത്തിലേക്ക്. കൂട്ടലും കിഴിക്കലുമായി എൽ.ഡി.എഫും യു.ഡി.എഫും കച്ചകെട്ടുന്നതിനിടെ മുമ്പുണ്ടാകാത്ത തരത്തിലുള്ള പ്രതീക്ഷയുമായി ഗോദയിൽ എൻ.ഡി.എയും സജീവമായിത്തുടങ്ങി. അട്ടിമറി ജയങ്ങളുടെ സ്വപ്‌നം താലോലിക്കുന്നു മൂന്നു മുന്നണികളും.
നേതാക്കൾക്കിടയിലെ അനൈക്യവും തമ്മിലടിയും മാറ്റിവച്ച് ഒറ്റക്കെട്ടായി അങ്കത്തട്ടിലിറങ്ങിത്തുടങ്ങി യു.ഡി.എഫ്. ഇതിനിടെ, അധികാരത്തുടർച്ചയുടെ കിനാവ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടലുകളിൽ മിന്നിത്തിളങ്ങുന്നുണ്ട്. ഗ്രാമനഗരവാസികളുടെ നേരിട്ടുള്ള പങ്കാളിത്തം പ്രാദേശിക ഭരണസംവിധാനത്തിൽ ഉറപ്പുവരുത്തുന്ന തെരഞ്ഞെടുപ്പിന് പ്രാധാന്യമേറെയാണ്. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുക രാഷ്ട്രീയമത്സരം മാത്രമല്ല, ജനാധിപത്യത്തിന്റെ ആത്മാവിന്റെ മഹത്വം കൂടിയാണ്. ഗ്രാമപഞ്ചായത്തുകളിൽ തുടങ്ങി ജില്ലാ പഞ്ചായത്തുകളിലേക്കുവരെയുള്ള ഓരോ വോട്ടും നാട്ടിൻപുറങ്ങളിലെ വികസനത്തിന്റെ ദിശ നിശ്ചയിക്കുന്നതായിരിക്കും.
തദ്ദേശ തെരഞ്ഞെടുപ്പിനിടെയാണ് കേരളത്തിൽ വോട്ടർപട്ടിക ശുദ്ധീകരണവും (എസ്.ഐ.ആർ.) നടക്കുന്നത്. നടപടികളുടെ സമയക്രമം പാലിക്കാനാകുമോ എന്ന ആശങ്കയാണ് വ്യാപകമായി ഉയരുന്നത്. ഈ സമയത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചാൽ നിരവധി വോട്ടർമാർ പട്ടികയ്ക്ക് പുറത്താവുമെന്ന ആശങ്ക വ്യാപകം.
വോട്ടെടുപ്പ് ഡിസംബർ ഒൻപത്, 11 തീയതികളിലായിരിക്കും. 13നാണ് വേട്ടെണ്ണൽ. 2.84 കോടിയിലധികം വോട്ടർമാർക്കാണ് ഇത്തവണ വോട്ടു ചെയ്യാനുള്ള അവസരം. അതിൽ സ്ത്രീകളുടെ എണ്ണം 1,49,59,273 ആണ്. സ്ത്രീശക്തിയുടെ ജനാധിപത്യ സാന്നിധ്യം വർധിച്ചുവരുന്നു എന്നതിന്റെകൂടി തെളിവാണ് സ്ത്രീ വോട്ടർമാരുടെ ഈ എണ്ണക്കൂടുതൽ. 23,000 ത്തിലധികം വാർഡുകളിലേക്കുള്ള ഈ തെരഞ്ഞെടുപ്പ് കേരളത്തിലെ ജനാധിപത്യ പാരമ്പര്യത്തിന്റെ ആഴപ്പരപ്പ് തെളിയിക്കുന്നു.
മൂന്നാം പിണറായി സർക്കാരിലേക്കുള്ള യാത്രയുടെ അവസാനപടിയാണ് തദ്ദേശ തെരഞ്ഞെടുപ്പെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാധ്യമങ്ങളോടു പറഞ്ഞത്. എൽ.ഡി.എഫ് പ്രചാരണത്തിന്റെ ചുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈയിലായിരിക്കുമെന്ന സൂചനയുമേകി ഗോവിന്ദൻ. പൊതുസമ്മതരായ സ്ഥാനാർഥികളെ ഒട്ടുമിക്കയിടത്തും എൽ.ഡി.എഫ് കണ്ടുവച്ചിട്ടുണ്ടത്രേ. അടിയും തടയുമായി നീങ്ങുന്ന പാർട്ടി അംഗങ്ങളേക്കാൾ നാടിന്റെ ജനകീയമുഖങ്ങളേയും പൊതുസമ്മതരെയും കളത്തിലിറക്കുന്നതിനാണ് സി.പി.എം ശ്രമിക്കുന്നത്. തദ്ദേശഭരണത്തിൽ നിലവിലെ മേൽക്കോയ്മ നിലനിർത്തുന്നതിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രയൽ റൺ കൂടിയാവും ഇടതുമുന്നണിക്ക് ഈ തെരഞ്ഞെടുപ്പ്. ഇതിൽ അടിപതറിയാൽ നിയമസഭ തെരഞ്ഞെടുപ്പിലും ആഘാതം ഉറപ്പ്.
വിഷയ പ്രളയം
ശബരിമല സ്വർണക്കൊള്ള, പി.എം ശ്രീ പദ്ധതിയിലെ ഒളിച്ചുകളി, സി.പി.എം-ബി.ജെ.പി ബാന്ധവം, ക്രമസമാധാന തകർച്ച, വികസന മുരടിപ്പ് തുടങ്ങി എൽ.ഡി.എഫിനെതിരേ ആഞ്ഞടിക്കാൻ ആവോളം വിഷയങ്ങളുണ്ട് യു.ഡി.എഫിന്. തദ്ദേശ തെരഞ്ഞെടുപ്പിൽ സംഭവിക്കുന്ന അട്ടിമറികൾ നിയമസഭാ തെരഞ്ഞെടുപ്പിന് ഊർജമാകുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു. തദ്ദേശ സ്ഥാപനങ്ങൾ പിടിച്ചെടുക്കുകയല്ല, പകരം സർക്കാരിനെ വിചാരണ ചെയ്യുകയാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നതെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കിയിട്ടുള്ളത്. ഇപ്പോൾ കേരളം ഭരിക്കുന്നത് ജനവിരുദ്ധസർക്കാർ ആണെന്നുള്ളത് ജനങ്ങളെ ബോധിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു.
ഏതെങ്കിലും ഒരു നേതാവിൽ കേന്ദ്രീകരിച്ചുള്ള പ്രചാരണപ്രവർത്തനങ്ങളല്ല യു.ഡി.എഫ് ലക്ഷ്യമിടുന്നത്. പാളയത്തിൽ പട അതിനാൽ കുറയുന്നുണ്ട്. ജയസാധ്യതയുള്ളവർക്കും എൽ.ഡി.എഫിൽ നിന്ന് സീറ്റ് പിടിച്ചെടുക്കാൻ കെൽപ്പുള്ള പൊതുസമ്മതർക്കുമാണ് സീറ്റ് നിർണയത്തിൽ മുൻഗണന. യു.ഡി.എഫിൽ മുമ്പു കാണാത്ത തെരഞ്ഞെടുപ്പ് തന്ത്രമാണിത്. ഇടതു മുന്നണി കൈവശംവച്ചുപോരുന്ന കോഴിക്കോട് കോർപ്പറേഷൻ ഭരണം പിടിച്ചടക്കാൻ സംവിധായകൻ വി.എം വിനുവിനെ നിശ്ചയിച്ചത് ഈ തന്ത്രത്തിന്റെ തുടർച്ചയാണ്.
സ്ഥാനാർഥി നിർണയത്തിൽ പ്രാദേശിക നേതൃത്വത്തിന് പൂർണ അധികാരം നൽകിയതിനാൽ വലിയ തരത്തിലുള്ള പൊട്ടലും ചീറ്റലും ദൃശ്യമാകുന്നില്ല. പ്രാദേശികതലത്തിൽ തീർപ്പാകാത്ത സ്ഥാനാർഥി പ്രഖ്യാപനങ്ങൾ ജില്ലാ കമ്മിറ്റികൾ പരിഹരിക്കും. അവിടെയും രമ്യതയിലെത്തിയില്ലെങ്കിൽ മാത്രമേ സംസ്ഥാന നേതൃത്വം വിഷയത്തിൽ ഇടപെടൂ. ഘടകകക്ഷികൾക്ക് സീറ്റ് വീതം വയ്ക്കുന്നതിലാണ് യു.ഡി.എഫ് ഏറെ വിയർക്കുന്നത്. മൂന്നു മേഖലകളായി തിരിച്ചാണ് കോൺഗ്രസ് തദ്ദേശ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കെ.പി.സി.സി വർക്കിങ് പ്രസിഡന്റുമാർക്കാണ് ഓരോ മേഖലയുടെയും ചുമതല. വടക്കൻ മേഖലയിൽ ഷാഫി പറമ്പിലും മധ്യമേഖലയിൽ കെ.പി അനിൽകുമാറും ദക്ഷിണമേഖലയിൽ പി.സി വിഷ്ണുനാഥും ചുക്കാൻ പിടിക്കുന്നു.
വോട്ടിന്റെ ശക്തി
ജനാധിപത്യം സജീവവും ശക്തവുമായിരിക്കാൻ, ജനങ്ങളുടെ പങ്കാളിത്തം പ്രത്യേകിച്ച് വോട്ടവകാശത്തിന്റെ പ്രയോഗം അത്യന്താപേക്ഷിതമാണെന്ന കാര്യം യുവതലമുറ വേണ്ടത്ര ഗൗനിക്കുന്നില്ലെന്ന പരാതി സാമൂഹിക നിരീക്ഷകർ പങ്കുവയ്ക്കുന്നു. ഓരോ വോട്ടും രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതിൽ നേരിട്ടുള്ള പങ്കുവഹിക്കുന്നു. വോട്ടുചെയ്യുക എന്നത് അവകാശം മാത്രമല്ല, ഉത്തരവാദിത്വവുമാണ്.
നന്മയുള്ള ഭരണവും പുരോഗതിയും ഉറപ്പാക്കാനുള്ള മാർഗമാണ് സജീവമായ വോട്ടെടുപ്പ്. വോട്ടു ചെയ്യാത്തത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയേയുള്ളൂ. രാജ്യത്തെ മതേതരത്വവും ജനാധിപത്യവും കാത്തുസൂക്ഷിക്കുന്നതിനുള്ള ഊർജം നൽകുന്നു ഓരോ തെരഞ്ഞെടുപ്പും. പ്രാദേശിക ഭരണകൂടങ്ങളെ കണ്ടെത്താനുള്ള വിധിയെഴുത്താണെങ്കിലും ജനാധിപത്യത്തിന്റെ അടിത്തറയാണ് വോട്ടവകാശം. ജനങ്ങൾ അവരുടെ അഭിപ്രായവും അധികാരവും പ്രകടിപ്പിക്കുന്ന ഏറ്റവും ശക്തമായ ആയുധം.
വോട്ടിന്റെ ശക്തിയിലൂടെ ജനങ്ങളുടെ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കുന്ന പുതിയ അധ്യായം എഴുതാനുള്ള അവസരമായി തെരഞ്ഞെടുപ്പുപ്രക്രിയയെ കാണുന്ന അവസ്ഥയുണ്ടാകണം. സംസ്ഥാനം വികസന വഴിയിൽ ഏറെ മുന്നേറിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പല ഗ്രാമങ്ങളും ഇന്നും അവികസിതമെന്ന് പറയേണ്ടിവരും. ആദിവാസി ഊരുകളിൽ സഹിതം പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതം ഒട്ടും ഉന്നതിയിലല്ല എന്നതിന് ഒട്ടേറെ അനുഭവക്കഥകൾ ദിവസേന ജനങ്ങൾക്ക് കേൾക്കേണ്ടിവരുന്നു. റോഡും പാലവുമില്ലാതെ, കയറിക്കിടക്കാൻ വീടില്ലാതെ, മൂന്നുനേരം ഭക്ഷണമില്ലാതെ ജീവിതം തള്ളിനീക്കുന്നവർ കെട്ടുകഥകളിലെ കഥാപാത്രങ്ങളല്ല.
തദ്ദേശസ്ഥാപനങ്ങൾ സംസ്ഥാനത്തിന്റെ ഭരണഘടനയുടെ അടിത്തറയാണ്. അവിടെയാണ് ജനങ്ങളുടെ ആവശ്യം നേരിട്ട് കേൾക്കപ്പെടുന്നത്, വികസനം അളക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ തദ്ദേശ തെരഞ്ഞെടുപ്പ് രാഷ്ട്രീയശക്തികളുടെ മത്സരം മാത്രമല്ല, ജനങ്ങളുടെ ജീവിത നിലവാരവുമായി ബന്ധപ്പെട്ടുനിൽക്കുന്ന ജനാധിപത്യ പരീക്ഷണമാണ്. ഓരോ തെരഞ്ഞെടുപ്പും ഭരണകക്ഷിയുടെ വിലയിരുത്തലാകുക സ്വാഭാവികമാണ്. അതു മുന്നിൽക്കണ്ടാവണം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ക്ഷേമപദ്ധതികളുടെ വൻ പ്രഖ്യാപനങ്ങളുമായി സർക്കാൾ ഇറങ്ങുന്നത്. പക്ഷേ, കേരളം അതിദാരിദ്ര്യ മുക്തമായെന്ന് ഭരണകൂടം പ്രഖ്യാപനം നടത്തുമ്പോഴും അതിന് ഇനിയും ഒട്ടേറെ കടമ്പകൾ താണ്ടാനുണ്ടെന്ന് ഈ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീടുകയറുന്ന നേതാക്കൾക്ക് ബോധ്യമാകുമെന്നു കരുതാം.
വേറിട്ട് മട്ടന്നൂർ
കേരളത്തിൽ ആകെയുള്ളത് 1200 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ മുനിസിപ്പാലിറ്റിയെ ഒഴിവാക്കി ആയിരുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപനം. പഴയ ഒരു രാഷ്ട്രീയ തീരുമാനവും പിന്നാലെ നടന്ന നിയമപോരാട്ടവും ആണ് മട്ടന്നൂരിന്റെ വ്യത്യസ്തതയ്ക്കു കാരണം. 1990 ൽ ഇ.കെ. നയനാർ നേതൃത്വം നൽകിയ എൽ.ഡി.എഫ് സർക്കാരാണ് മട്ടന്നൂർ പഞ്ചായത്തിനെ മുനിസിപ്പാലിറ്റിയാക്കി ഉയർത്തിയത്. എന്നാൽ 1991 ൽ അധികാരത്തിൽ വന്ന കെ. കരുണാകരൻ സർക്കാർ ഈ തീരുമാനം റദ്ദ് ചെയ്തു. ഇതോടെ വർഷങ്ങൾ നീണ്ട നിയമപോരാട്ടം തുടങ്ങി.
സി.പി.എമ്മിന്റെ നേതൃത്വത്തിലായിരുന്നു കോടതിയിലെ നിയമ പോരാട്ടം. വർഷങ്ങളോളം വ്യവഹാരങ്ങൾ നടന്നെങ്കിലും തീരുമാനം ഉണ്ടായത് 1996ൽ സി.പി.എം വീണ്ടും അധികാരത്തിൽ എത്തിയപ്പോഴായിരുന്നു. സി.പി.എം സർക്കാർ രാഷ്ട്രീയ തീരുമാനം എടുത്തതോടെ മട്ടന്നൂരിൽ 1997ൽ ആദ്യ തെരഞ്ഞെടുപ്പ് നടന്നു. അഞ്ച് വർഷമാണ് ഒരു ഭരണസമിതിയുടെ കാലാവധിയെന്നതിനാൽ സംസ്ഥാനത്തുടനീളം തെരഞ്ഞെടുപ്പ് നടത്തുമ്പോൾ മട്ടന്നൂരിൽ തെരഞ്ഞെടുപ്പ് നടത്താൻ കഴിയില്ല. അതുകൊണ്ട് മട്ടന്നൂരിൽ മാത്രം പിന്നീട് തിരഞ്ഞെടുപ്പ് നടക്കും.
മട്ടന്നൂരിൽ അവസാനമായി തെരഞ്ഞെടുപ്പ് നടന്നത് 2022 ലാണ്. 2027 വരെ ഭരണസമിതിക്ക് കാലാവധിയുണ്ട്. മട്ടന്നൂർ മുനിസിപ്പാലിറ്റി ഇതുവരേയും ഭരിക്കുന്നത് സി.പി.എമ്മാണ്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.എം ഞെട്ടി. 35 വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 21 സീറ്റുകൾ നേടി എൽ.ഡി.എഫ് അധികാരത്തിൽ എത്തിയെങ്കിലും യു.ഡി.എഫ് 14 സീറ്റുകൾ നേടി വൻമുന്നേറ്റം നടത്തി. 28 സീറ്റിൽ നിന്നാണ് എൽ.ഡി.എഫ് 21 ലേക്ക് ചുരുങ്ങിയത്.
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
