തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഇടിമിന്നലേറ്റ് ബാബു ചാഴിക്കാടൻ തൽക്ഷണം മൃതിയടഞ്ഞു. ഒപ്പം ഉണ്ടായിരുന്ന രമേശ് ചെന്നിത്തലയ്ക്കും പരിക്കേറ്റു. അദ്ദേഹം കോട്ടയം മെഡിക്കൽ കോളേജ് ഐസിയുവിലാണ്. ചാഴിക്കാടനും രമേശും അന്ന് ഒന്നിച്ചായിരുന്നു പ്രചാരണം. മാന്താനത്തേക്കുള്ള യാത്രയിൽ ആർപ്പുക്കര വാരിമുട്ടത്ത് സ്വീകരണത്തിൽ പങ്കെടുക്കാൻ പോകുന്ന വഴിയാണ് ദാരുണമായ ഈ അന്ത്യം ചാഴിക്കാടന് സംഭവിച്ചത്.
കേവലം നാലുമാസം തികയും മുമ്പ് കേന്ദ്രത്തിൽ ചന്ദ്രശേഖർ സർക്കാർ തകിടം മറിഞ്ഞു. 1991 മാർച്ച് അഞ്ചിന് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. വീണ്ടും ലോക്‌സഭ തെരഞ്ഞെടുപ്പ്. 1991 മേയ് 19 ആയിരുന്നു ആദ്യഘട്ട തെരഞ്ഞെടുപ്പ്. ഇതിനിടെ കേരളത്തിലും ചില മാറ്റങ്ങളൊക്കെ സംഭവിച്ചു. 1991 ജനുവരിയിൽ നടന്ന ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ 14 ജില്ലകളും എൽഡിഎഫ് കരസ്ഥമാക്കി. 1990 ഓഗസ്റ്റ് രണ്ടു മുതൽ 1991 ഫെബ്രുവരി 28 വരെ നീണ്ടുനിന്ന ഗൾഫ് യുദ്ധം. അത് കേരള രാഷ്ട്രീയത്തിലും ചലനങ്ങൾ ഉണ്ടാക്കിയെന്ന് ചുരുക്കം.
ഗൾഫ് യുദ്ധത്തിൽ സജീവമായി ഇടപെട്ട അമേരിക്കയോടും സഖ്യകക്ഷികളോടും ഉള്ള എതിർപ്പ് കഴിയുന്നത്ര ഉയർത്തിക്കാട്ടി കുവൈറ്റ് കീഴടക്കിയ സദ്ദാം ഹുസൈന് അനുകൂലമായ സഹതാപ തരംഗം ഉണ്ടാക്കിയെടുക്കാൻ എൽഡിഎഫിന് കഴിഞ്ഞു. വി.പി. സിംഗിന്റെ മണ്ഡൽ വിവാദവും അയോധ്യ പ്രശ്‌നവും ആളിക്കത്തിച്ച് ഇടതുപക്ഷം മുതലെടുക്കുകയായിരുന്നു. വി.എസ്. അച്യുതാനന്ദൻ ആണ് അന്ന് ഇടതുപക്ഷ രാഷ്ട്രീയത്തെ നയിച്ചുകൊണ്ടിരുന്നത്. എങ്ങനെയും അടുത്ത മുഖ്യമന്ത്രിയാകാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. അതിനായി നിയമസഭ പിരിച്ചുവിട്ടു ലോകസഭയ്ക്ക് ഒപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടത്തിയാൽ വൻവിജയം കൊയ്‌തെടുക്കാമെന്നവർ കരുതി. ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിന്റെ ലഹരിയും അതിന് കാരണമായി.
ആ ഘട്ടത്തിലാണ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനെ ഇടതുമുന്നണിയിൽ എടുക്കാം എന്ന ചിന്തയിലേക്ക് സിപിഎം കടക്കുന്നത്. ജില്ലാ കൗൺസിൽ അവർ എൽഡിഎഫുമായി സഹകരിച്ചാണ് മത്സരിച്ചത്. പള്ളിയെയും പട്ടക്കാരെയും തള്ളിപ്പറഞ്ഞു വന്നാൽ കേരള കോൺഗ്രസുമായി സഹകരിക്കാമെന്ന് ഇ.എം.എസ് കോട്ടയം തിരുനാക്കര മൈതാനത്ത് വച്ച് നടത്തിയ പ്രസംഗം കൂടിയായപ്പോൾ പി.ജെ. ജോസഫ് ഇടതുപാളയത്തിലേക്ക് ചേക്കേറി. മുസ്ലിം ലീഗിനുള്ളിലും ആഭ്യന്തര പ്രശ്‌നങ്ങൾ നീറിപ്പുകയുന്നുണ്ടായിരുന്നു. ബാബരി മസ്ജിദിന്റെ സ്ഥാനത്ത് രാമ ക്ഷേത്രം നിർമ്മിക്കാനുള്ള ആർഎസ്എസ് അജണ്ട അണികളെ അസ്വസ്ഥരാക്കി.
ഇതിനിടയ്ക്കാണ് വി.പി. സിംഗ് മണ്ഡൽ കമ്മീഷൻ ആയുധമാക്കിയത്. പിന്നോക്ക സമുദായത്തിന് 27 ശതമാനം സംവരണം ഉറപ്പാക്കുന്ന മണ്ഡൽ കമ്മീഷൻ ശുപാർശകൾ നടപ്പാക്കുമെന്ന സിംഗിന്റെ പ്രഖ്യാപനം ഒരു വിഭാഗം മുസ്ലീങ്ങൾ ആവേശത്തോടെ സ്വാഗതം ചെയ്തു. ഇതെല്ലാമാണ് സത്യത്തിൽ 1991 ജനുവരിയിലെ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ പരാജയം സംഭവിക്കാൻ കാരണം. കോൺഗ്രസിനോട് വലിയ താല്പര്യമില്ലാത്ത ലീഗിലെ അഖിലേന്ത്യ പ്രസിഡന്റ് ഇബ്രാഹിം സുലൈമാൻ സേട്ട് ഈ സാഹചര്യത്തെ നന്നായി ഉപയോഗപ്പെടുത്തി. ലീഗിനെ കോൺഗ്രസ് ക്യാമ്പിൽ നിന്നും ചാടിക്കാനുള്ള എല്ലാ അടവുകളും അദ്ദേഹം ഉപയോഗിച്ചു.
അത് അല്പം വിജയം കണ്ടു എന്ന് പറയാതിരിക്കാൻ കഴിയില്ല. യുഡിഎഫ് പാളയത്തിൽ നിന്ന് വിട്ട് ലീഗ് നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാനും ഫെബ്രുവരി 13ന് കോഴിക്കോട് നടന്ന മുസ്ലിം ലീഗ് പ്രവർത്തകസമിതി യോഗം തീരുമാനിച്ചു. ഇത് കോൺഗ്രസിന് ഏറ്റ വലിയൊരു പ്രഹരം തന്നെയായിരുന്നു. എന്നാൽ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിലേക്ക് പോകാൻ ഇടതുമുന്നണി എടുത്ത തീരുമാനം എല്ലാം തകിടം മറിച്ചു. ലീഗിനെ ഇടതുമുന്നണിയുടെ ഭാഗമാക്കുന്നത് സംബന്ധിച്ച് കാര്യമായി ചർച്ചകൾ ഒന്നും നടന്നിരുന്നില്ല. ജോസഫ് ഗ്രൂപ്പ് ഒപ്പമുണ്ട്, ജയിക്കാൻ ലീഗ് വേണ്ട എന്ന ചിന്തയാണ് സിപിഎമ്മിന് ഉണ്ടായത്.
അതോടെ ലീഗ് നേതൃത്വം വെട്ടിലായി. ദേശീയ ജനറൽ സെക്രട്ടറി ബനാത്ത് വാല കൂടി കൂടിയാലോചനകൾക്ക് താല്പര്യപൂർവ്വം മുന്നോട്ടു വന്നു. രാജീവ് ഗാന്ധി ലീഗ് പ്രശ്‌നം അനുഭാവപൂർവ്വം കൈകാര്യം ചെയ്തു. ലീഗ് സസന്തോഷത്തോടെ യുഡിഎഫ് ക്യാമ്പിലേക്ക് തന്നെ മടങ്ങിയെത്തി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ കേളികെട്ട് ഉയർന്നതോടുകൂടി ഇക്കുറിയും ഉമ്മൻചാണ്ടിക്ക് ബദലായി വാസവനെ തന്നെയാണ് പുതുപ്പള്ളിയിൽ സ്ഥാനാർത്ഥിയാക്കിയത്. ലോക്‌സഭയിലേക്ക് കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയാണ്. ഏറ്റുമാനൂരിൽ കേരള കോൺഗ്രസിന്റെ യുവമുഖമായ ബാബു ചാഴിക്കാടൻ. ഏറെ ഐക്യത്തോടെ യു.ഡി.എഫ് മുന്നോട്ടപോകുന്നു. രാജീവ് ഗാന്ധി ഇവരുടെയെല്ലാം തെരഞ്ഞെടുപ്പ് വിജയത്തിനായി കോട്ടയത്ത് വന്നത് അണികളിൽ വലിയ ആവേശം ഉണ്ടാക്കി.
പുതുപ്പള്ളി ഇളക്കിമറിച്ചു കൊണ്ട് ഉമ്മൻചാണ്ടി പ്രചരണം കൊഴുപ്പിക്കുകയാണ്. അതിനിടെ 1991 മേയ് 15. ആ ദിവസം ഉമ്മൻചാണ്ടിക്കും മറക്കാനാകുന്നതായിരുന്നില്ല. അദ്ദേഹം കൂരോപ്പട ഗ്രാമത്തിലൂടെ മണ്ഡലപര്യടനം നടത്തിക്കൊണ്ടിരിക്കെ പൊടുന്നനെ കാലാവസ്ഥയിൽ വ്യതിയാനം ഉണ്ടായി..! സൂര്യശോഭ മാഞ്ഞു. മഴമേഘങ്ങൾ ഉരുണ്ടുകൂടി. അതിശക്തമായ ഇടിമിന്നൽ തുള്ളിക്കൊരുകുടം എന്ന കണക്കിൽ മഴ പെയ്തിറങ്ങുകയാണ്. തുറന്ന ജീപ്പിൽ സഞ്ചരിച്ച ഉമ്മൻചാണ്ടി നനഞ്ഞു കുതിർന്നിരുന്നു. അതാ വീണ്ടും അതിശക്തമായ ഇടിമിന്നൽ പാറകൾ പിളർക്കും മട്ടിലുള്ള ശബ്ദഘോഷം. ഇരുണ്ട സായാഹ്നം. ഇതൊന്നും വകവയ്ക്കാതെ ഉമ്മൻചാണ്ടിയും കൂട്ടരും മുന്നോട്ടുതന്നെ നീങ്ങി. അരമണിക്കൂർ കഴിഞ്ഞിട്ടുണ്ടാകാം.
കോത്തലയെത്തിയപ്പോൾ ഹൃദയഭേദകമായ ഒരു വാർത്തയാണ് ഉമ്മൻചാണ്ടിയെ കാത്തിരുന്നത്. ഇടിമിന്നലേറ്റ് ബാബു ചാഴിക്കാടൻ തൽക്ഷണം മൃതിയടഞ്ഞു. ഒപ്പം ഉണ്ടായിരുന്ന രമേശ് ചെന്നിത്തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. അദ്ദേഹം കോട്ടയം മെഡിക്കൽ കോളേജ് ഐസിയുവിലാണ്. ചാഴിക്കാടനും രമേശും അന്ന് ഒന്നിച്ചായിരുന്നു പ്രചാരണം. മാന്താനത്തെക്കുള്ള യാത്രയിൽ ആർപ്പുക്കര വാരിമുട്ടത്ത് സ്വീകരണത്തിൽ പങ്കെടുക്കാൻ പോകുന്ന വഴിയാണ് ദാരുണമായ ഈ അന്ത്യം ചാഴിക്കാടന് സംഭവിച്ചത്.
ഉടൻ ഉമ്മൻചാണ്ടി മെഡിക്കൽ കോളേജിലേക്ക് പാഞ്ഞു. അതാ..., മോർച്ചറിയുടെ നനുത്ത തണുപ്പിൽ വെള്ള വിരിപ്പിനുള്ളിൽ ചേതനയേറ്റ ബാബു ചാഴികാടന്റെ ശരീരം.
ഉമ്മൻചാണ്ടിയുടെ ഹൃദയം നുറുങ്ങുന്നത് പോലെ അദ്ദേഹത്തിന് അനുഭവപ്പെട്ടു. അറിയാതെ കണ്ണ് നിറഞ്ഞു. ഉടൻതന്നെ ഈ വിവരം രാജീവ് ഗാന്ധിയെ അറിയിക്കാൻ ഏർപ്പാടാക്കിയ ശേഷമാണ് ഉമ്മൻചാണ്ടി മടങ്ങിയത്. ഏറ്റുമാനൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. വീണ്ടും യു.ഡി.എഫ് സജീവമായി പ്രചരണം രംഗത്ത് എത്തി. മെയ് 23നാണ് തെരഞ്ഞെടുപ്പ്. 21ന് അഞ്ചുമണിക്ക് പരസ്യ പ്രചരണം അവസാനിച്ചു. ഉമ്മൻചാണ്ടി ചില ഉറ്റ സുഹൃത്തുക്കളുടെ വീടുകളിൽ പോയി. അവർ പറഞ്ഞാൽ കിട്ടിയേക്കാവുന്ന വോട്ടുകൾ നേടാനുള്ള ശ്രമങ്ങൾ നടത്തി.
ഉമ്മൻചാണ്ടിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പാമ്പാടിയിലാണ്. പിന്നെ അദ്ദേഹം അങ്ങോട്ട് പോയി. രാത്രി പത്തുമണി ആയിട്ടും ചർച്ചകൾ അവസാനിച്ചില്ല. അതിനിടെയാണ് കരൾ പിളർക്കുന്ന ആ വാർത്ത മദ്രാസിൽനിന്നും എത്തിയത്.
(തുടരും)
ജോഷി ജോർജ്
ബാബു ചാഴിക്കാടൻ
1991 മെയ്15ന് വൈകിട്ടാണ് ഏറ്റുമാനൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ബാബു ചാഴിക്കാടൻ മരണത്തിനു കീഴടങ്ങിയത്. മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു അന്ന്. ആർപ്പുക്കര മണ്ഡലത്തിൽ തുറന്ന ജീപ്പിൽ അന്ന് കോട്ടയം പാർലമെന്റ് സീറ്റിൽ മത്സരിക്കുന്ന രമേശ് ചെന്നിത്തലയോടൊപ്പം പര്യടനം നടത്തുകയായിരുന്നു ചാഴിക്കാടൻ. അപ്പോഴാണ് അപ്രതീക്ഷിതമായി ശക്തമായ മിന്നലെത്തുന്നത്.
ഇടിമിന്നലേറ്റ് ബാബുവിന്റെ കഴുത്തിലെ പൂമാല ചിന്നിച്ചിതറി. രമേശ് ചെന്നിത്തലയും ബാബുവും വാഹനത്തിന്റെ പുറകിലേക്കു മറിഞ്ഞു വീണു. ബാബുവിന്റെ നെഞ്ചിലാണ് മിന്നലേറ്റത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ബാബു മരിച്ചു. രമേശ് ചെന്നിത്തലയ്ക്കും കാര്യമായ പരുക്കുകൾ ഏറ്റിരുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് നിയമസഭയിൽ എത്തിയശേഷം പലരെയും മരണം കവർന്നെടുത്തിട്ടുണ്ടെങ്കിലും ബാബു ചാഴിക്കാടെനെ യു.ഡി.എഫുകാർ മറക്കില്ല. ഒപ്പം, തിരഞ്ഞെടുപ്പ് ഫലത്തിനു കാത്തു നിൽക്കാതെ നിലമ്പൂരിലെ സ്ഥാനാർഥിയായിരുന്ന വി.വി. പ്രകാശിനെയും മരണം കൂട്ടിക്കൊണ്ടുപോയി.
യു.ഡി.എഫിനു മാത്രമല്ല എൽ.ഡി.എഫിനും ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. പന്ത്രണ്ടാം നിയമസഭാ അംഗമായി ജയിച്ചിട്ടും ഒരു ദിവസം പോലും സഭയിൽ എത്താൻ കഴിയാതെ കടന്നുപോയ മത്തായി ചാക്കോയുടെ മരണമാണിത്. രക്താർബുദം മൂലമായിരുന്നു മരണം.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1