സായിപ്പേ... 12 വര്‍ഷത്തിന് ശേഷം മാപ്പ് വേണ്ടെന്ന് ഇന്ത്യന്‍ വംശജ!

JULY 3, 2024, 3:03 PM

യുകെയിലെ പോസ്റ്റല്‍ അഴിമതി കേസില്‍ ആരോപണം ഉന്നയിച്ചവരുടെ മാപ്പ് അപേക്ഷ തള്ളി ധീരത കാട്ടിയിരിക്കുകയാണ് അന്ന് കുറ്റം ചുമത്തപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട ഇന്ത്യന്‍ വംശജ. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റിലെ മുന്‍ മാനേജര്‍ കൂടിയായിരുന്ന സീമ മിശ്രയാണ് നിങ്ങളുടെ മാപ്പ് തനിക്ക് ആവശ്യമില്ലെന്ന് വിളിച്ച് പറഞ്ഞ ധീര വനിത.

2021ല്‍ സീമ കുറ്റക്കാരിയല്ലെന്ന് യുകെ കോടതി കണ്ടെത്തുകയും ഇവരെ കുറ്റവിമുക്തയാക്കുകയുമായിരുന്നു. വളരെ വൈകിയ വേളയിലാണ് മുന്‍ ഫുജിറ്റ്സു കമ്പനിയിലെ മുന്‍ എഞ്ചിനീയര്‍ ഗാരെത്ത് ജെങ്കിന്‍സിന്റെ മാപ്പപേക്ഷ തന്നെ തേടിയെത്തിയതെന്ന് സീമ ബിബിസിയോട് പറയുന്നു.

നേരത്തെ ഇത്തരത്തില്‍ ക്ഷമാപണം നടത്തിയ മുന്‍ പോസ്റ്റ് ഓഫീസ് മാനേജിംഗ് ഡയറക്ടര്‍ ഡേവിഡ് സ്മിത്തിന്റെ മാപ്പപേക്ഷയും സീമ തള്ളിയിരുന്നു. 'അന്ന് ഞാന്‍ രണ്ട് മാസം ഗര്‍ഭിണിയായിരുന്നു. എന്റെ ഇളയമകനോടാണ് അവര്‍ മാപ്പ് പറയേണ്ടത്. വളരെ ഭയാനകമായ നിമിഷങ്ങളായിരുന്നു അത്. ഇവരുടെ മാപ്പ് സ്വീകരിക്കാന്‍ ഞാന്‍ തയ്യാറല്ല'- എന്നാണ് സീമ വ്യക്തമാക്കിയത്.

തെക്ക്-കിഴക്കന്‍ ഇംഗ്ലണ്ടിലെ ബ്രോണ്‍സ് ഫീല്‍ഡ് ജയിലിലാണ് സീമ കഴിഞ്ഞത്. നാലര മാസത്തോളമാണ് സീമ അവിടെ കഴിഞ്ഞത്. പിന്നീടാണ് സീമ തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. സീമയുടേത് ഒരു ടെസ്റ്റ് കേസ് ആയിരുന്നുവെന്നാണ് സ്മിത്ത് അന്വേഷണ സംഘത്തോട് പറഞ്ഞത്.

'ഒരു മനുഷ്യനില്‍ പരീക്ഷണം നടത്താന്‍ അവര്‍ക്ക് എങ്ങനെ തോന്നി? ഞാനൊരു ജീവനുള്ള മനുഷ്യനാണ്. എന്റെ കേസ് ഒരു 'ടെസ്റ്റ് കേസ്' ആയി ഉപയോഗിച്ചിട്ടുണ്ടെന്ന് ഞാന്‍ കേട്ടിരുന്നു. ഇത് വീണ്ടും വീണ്ടും കേള്‍ക്കുമ്പോള്‍ എനിക്ക് ദേഷ്യം വരുന്നു,'- സീമ പറയുന്നു.

പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഹൊറൈസണ്‍ അക്കൗണ്ടിംഗ് സോഫ്റ്റ് വെയറിലെ തകരാറാണ് കേസിന് ആധാരമെന്ന് മനസിലാക്കിയതോടെ യുകെ സര്‍ക്കാര്‍ നൂറുകണക്കിന് സബ് പോസ്റ്റ്മാസ്റ്റര്‍മാര്‍ക്ക് നഷ്ടപരിഹാരവും നല്‍കിയിരുന്നു. കേസില്‍ കൃത്യമായ നടപടി കൈക്കൊള്ളുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകും പറഞ്ഞിരുന്നു.

1999 ല്‍ യുകെയിലെ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റിനായി ജപ്പാനിലെ ഫുജിറ്റ്സു കമ്പനി നിര്‍മ്മിച്ച ഹൊറൈസണ്‍ എന്ന അക്കൗണ്ടിംഗ് സോഫ്റ്റ് വെയറാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. സോഫ്റ്റ് വെയറിലെ കണക്കുകളില്‍ അധിക തുക കാണിച്ചതോടെ നൂറു കണക്കിന് പോസ്റ്റല്‍ ജീവനക്കാരുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു. ഇതോടെയാണ് പോസ്റ്റല്‍ ജീവനക്കാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കപ്പെട്ടത്.

രണ്ട് മാസം ഗര്‍ഭിണിയായിരിക്കെയാണ് 2009 ല്‍ സീമ മിശ്ര കേസില്‍പ്പെട്ടു ജയിലിലായത്. 75,000 ബ്രിട്ടിഷ് പൗണ്ടിന്റെ (2009 ലെ വിനിമയനിരക്കനുസരിച്ച് ഏകദേശം 56 ലക്ഷം ഇന്ത്യന്‍ രൂപ) അഴിമതിയാരോപണമാണ് സീമയ്ക്ക് നേരിടേണ്ടി വന്നത്. സോഫ്റ്റ്വെയറിന്റെ തകരാറാണെന്നും താന്‍ നിരപരാധിയാണെന്നും കോടതിയില്‍ കേണപേക്ഷിച്ചെങ്കിലും സീമയെ തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലെ ബ്രോണ്‍സ് ഫീല്‍ഡ് ജയിലില്‍ അടയ്ക്കുകയായിരുന്നു. നാലര മാസം സീമയ്ക്ക് ജയിലില്‍ കഴിയേണ്ടി വന്നു. ജയില്‍മോചിതയായി വൈകാതെ തന്നെ സീമാ തന്റെ ഇളയ മകനു ജന്മം നല്‍കി. സീമയുള്‍പ്പടെ 900 ലേറെ പോസ്റ്റ് ഓഫിസ് ജീവനക്കാരാണ് അന്ന് കേസില്‍ അകപ്പെട്ടത്.

പിന്നീട് നിയമയുദ്ധത്തിന്റെ കാലമായിരുന്നു സീമയ്ക്ക്. വൈകാതെ ഹൊറൈസന്‍ സോഫ്റ്റ്വെയറിന്റെ തകരാര്‍ ആണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നു കണ്ടെത്തി. ഇതോടെയാണ് സോഫ്റ്റ്വെയറിന്റെ നിര്‍മാതാക്കളായ ഫുജിറ്റ്‌സുവിന്റെ എന്‍ജിനീയര്‍ ഗാരത് ജെന്‍കിന്‍സും അന്നത്തെ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ എംഡിയായിരുന്ന ഡേവിഡ് സ്മിത്തും സീമയോടു മാപ്പപേക്ഷിച്ചത്. എന്നാല്‍ ഒരു വ്യാഴവട്ടത്തിനു ശേഷമുള്ള മാപ്പപേക്ഷ തള്ളിക്കളയുകയാണ് സീമ.

കേസില്‍ തെറ്റായി പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുമെന്ന് സുനക് ഈ വര്‍ഷമാദ്യം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസം ഇങ്ങനെ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്കെതിരായ കേസുകള്‍ റദ്ദാക്കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കുകയും ചെയ്തിരുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam