ചരിത്രം രചിച്ച ആഡ്രിയന്‍ ബ്രോഡി

MARCH 5, 2025, 1:41 AM

പതിറ്റാണ്ടുകള്‍ക്ക് ശേഷം ആഡ്രിയന്‍ ബ്രോഡി രണ്ടാമതും ഓസ്‌കര്‍ നേടിയിരിക്കുകയാണ്. അതും തന്റെ 51-ാം വയസില്‍. ആദ്യ ഓസ്‌കര്‍ നേടുമ്പോള്‍ ബ്രോഡിക്ക് 29 വയസായിരുന്നു. മികച്ച നടനുള്ള ഓസ്‌കര്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന് ബ്രോഡി അന്നെഴുതി ചേര്‍ത്ത റെക്കോഡ് ഇന്നും ഭദ്രം.

വര്‍ഷങ്ങളുടെ ഇടവേളക്കിടയില്‍ ബ്രോഡി നേടിയ രണ്ട് പുരസ്‌കാരങ്ങളും തമ്മിലുള്ള സാദൃശ്യം ഒരു കാര്യത്തില്‍ തുല്യമാണ്. രണ്ട് കഥാപാത്രങ്ങളും നാസി ഭരണകാലത്തെ കൂട്ടക്കൊല അതിജീവിച്ചവരാണ്. ഒരാള്‍ യഥാര്‍ത്ഥ വ്യക്തിത്വം. പോളിഷ് ജൂതവംശജനായ പിയാനിസ്റ്റ് വ്‌ലാഡിസ്ലാവ് സ്പില്‍മാന്‍ രണ്ടാമത്തെ കഥാപാത്രം ലാസ്‌ലോ ടോത്ത് സാങ്കല്‍പിക സൃഷ്ടിയാണ്. അയാള്‍ ആര്‍ക്കിടെക്ട് ആണ്.

ബ്രോഡിക്ക് ഓസ്‌കര്‍ നേടിക്കൊടുത്ത രണ്ട് നായകന്‍മാരും നാസി ക്യാമ്പിലെ ദുരിതം പേറിയവരാണ്. അതിക്രമവും സംഘര്‍ഷവും പട്ടിണിയും നേരിട്ടവര്‍. ഇനിയെന്ത് എന്നറിയാതെ മുന്നിലേക്ക് നോക്കിയിരുന്നവര്‍. ഒടുവില്‍ ജീവിതത്തില്‍ ഒരവസരം കൂടി കിട്ടിയപ്പോള്‍ പിടിച്ചു കയറിയവര്‍. വേദനയും ഒറ്റപ്പെടലും പീഡനവും പട്ടിണിയും ഉറ്റവരെ പറ്റിയുള്ള ആധിയും എല്ലാം വലിഞ്ഞ് മുറുക്കിയവര്‍. രണ്ട് കഥാപാത്രങ്ങളേയും ബ്രോഡി സ്വാംശീകരിച്ചത് തല കൊണ്ടല്ല, ഹൃദയം കൊണ്ടാണ്. ആ ആത്മാര്‍ത്ഥതയും പരിശ്രമവുമാണ് രണ്ട് തവണയും അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ദ ഡാര്‍ജിലിങ് ലിമിറ്റഡ്, ദ ഗ്രാന്‍ഡ് ബുഡാപെസ്റ്റ് ഹോട്ടല്‍, കിങ് കോങ്, മിഡ്‌നൈറ്റ് ഇന്‍ പാരീസ്, ദ തിന്‍ റെഡ് ലൈന്‍ തുടങ്ങി നിരവധി വാണിജ്യഹിറ്റ് സിനിമകളില്‍ ബ്രോഡി അഭിനയിച്ചിട്ടുണ്ട്. കൂടാതെ ടെലിവിഷന്‍ സീരിസുകളിലും. പക്ഷേ പിയാനിസ്റ്റ് എന്നത് എക്കാലത്തേക്കുമായി ബ്രോഡിയുടെ പേരിനോട് ചേര്‍ന്നിരിക്കുന്നു. കാരണം അത്രമേല്‍ സൂക്ഷാംശങ്ങള്‍ ശ്രദ്ധിച്ചാണ് അദ്ദേഹം അതില്‍ അഭിനയിച്ചത്. ദശാബ്ദങ്ങള്‍ക്കിപ്പുറം സമാനതകളുള്ള കഥാപാത്രം കയ്യിലെത്തിയപ്പോള്‍ മറ്റൊരു തലത്തില്‍ അതവതരിപ്പിക്കാന്‍ ബ്രോഡിക്കായി എന്നതും കൂട്ടിവായിക്കേണ്ടതാണ്.

നേരിട്ട അനുഭവങ്ങളുടെ മാനസിക ഭാരം പേറുമ്പോഴും ആര്‍ക്കിടെക്ട് എന്ന നിലയില്‍ അമേരിക്കയില്‍ ജീവിതം സുരക്ഷിതമാക്കാനും കുടുംബത്തെ ചേര്‍ത്തുനിര്‍ത്താനും ടോത്ത് നടത്തുന്ന ശ്രമങ്ങള്‍ സൂക്ഷ്മമായും ഹൃദ്യമായും ബ്രോഡി സ്‌ക്രീനിലെത്തിച്ചു. ഗോള്‍ഡന്‍ ഗ്ലോബും ബാഫ്തയും ക്രിട്ടിക്‌സ് ചോയ്‌സും ഉള്‍പെടെയുള്ള പുരസ്‌കാരങ്ങളുള്‍പ്പെട്ട പട്ടികയില്‍ അവസാനത്തേതായി ഇപ്പോള്‍ ഓസ്‌കറും അര്‍ഹിക്കുന്ന പ്രകടനത്തിന് തന്നെ. നോമിനേഷന്‍ കിട്ടിയ രണ്ട് തവണയും ഓസ്‌കര്‍ നേടിയവരുടെ പട്ടികയിലും ബ്രോഡിയെത്തി.

അതേസമയം ഓസ്‌കര്‍ നേട്ടത്തിന് പിന്നാലെ ബ്രോഡിയുടെ സാമ്പത്തികനില വീണ്ടും ചര്‍ച്ചയായതും ശ്രദ്ദിക്കപ്പെട്ടു. നിരൂപക പ്രശംസക്കൊപ്പം വാണിജ്യവിജയം ആവോളം നേടിയ സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുള്ള ബ്രോഡിയുടെ സമ്പത്ത് 40 ദശലക്ഷം ഡോളറില്‍ നിന്ന് പത്ത് ദശലക്ഷം ഡോളറായത്രേ. ഈ കാശൊക്കെ എവിടെ എങ്ങനെ എപ്പോള്‍ പോയി എന്നതാണ് ഇപ്പോള്‍ ചര്‍ച്ച.

അതേപ്പറ്റിയുള്ള ഒരു കഥ ഇങ്ങനെയാണ്-

2007 ല്‍ അന്ന് കൂട്ടുകാരിയായിരുന്ന എല്‍സ പാറ്റകിക്ക് പിറന്നാള്‍ സമ്മാനമായി ഒരു പഴയ കൊട്ടാരമാണ് ബ്രോഡി വാങ്ങിയത്. ആറരലക്ഷം ഡോളറായിരുന്നു അന്ന് അതിന് വില. തൊട്ടടുത്ത വര്‍ഷം രണ്ടാളും അടിച്ചു പിരിഞ്ഞു. പക്ഷേ ബ്രോഡി കൊട്ടാരം വിട്ടില്ല. എന്ന് മാത്രമല്ല, തുടച്ചും മിനുക്കിയും അവിടെയും ഇവിടെയുമൊക്കെ പുതുക്കി പണിഞ്ഞും കുറേ കാശ് കളഞ്ഞത്രേ. പിന്നെ കുറേ ചാരിറ്റികളെ സഹായിക്കുന്നുമുണ്ട്.

എന്നാല്‍ കണക്കിലൊന്നും കാര്യമില്ലെന്ന വാദവും മറുഭാഗത്തുണ്ട്. വിവിധ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ പരസ്യവും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും എല്ലാമായി ആശാന്‍ സെറ്റില്‍ഡാണെന്നും മറ്റെല്ലാ വാദങ്ങളും ചുമ്മാ അപവാദകഥകളാണെന്നും ബ്രോഡിയുടെ ആരാധകര്‍ തന്നെ പറയുന്നു. ബ്രോഡിയുടെ സ്വത്തിന്റെ കണക്ക് നോക്കാതെ പറയുന്നത് കേള്‍ക്കൂ എന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

സ്ഥിരത എപ്പോഴും അവകാശപ്പെടാനാകാത്ത സിനിമയെന്ന മേഖലയില്‍ ഇത്തരം മികച്ച അവസരങ്ങളും അംഗീകാരങ്ങളും ഭാഗ്യമാണെന്നാണ് ബ്രോഡി പറയുന്നത്. കുടുംബാംഗങ്ങള്‍ക്കെല്ലാം നന്ദി പറഞ്ഞ ശേഷം ബ്രോഡി ഇങ്ങനെ ഓര്‍മപ്പെടുത്തി. യുദ്ധവും വെറുതിയും വെറുപ്പും വിദ്വേഷവും നീണ്ടുനില്‍ക്കുന്ന പ്രതിഫലനങ്ങളാണ് ഉണ്ടാക്കുന്നത്. അത് നമുക്ക് വേണ്ട. എല്ലാവരെയും ഉള്‍പെടുത്തുന്ന ലോകത്തിനായി പ്രാര്‍തഥിക്കുന്നു. വെറുപ്പും വിദ്വേഷവും പരക്കാതെ പടരാതെ നോക്കണം. ശരിക്ക് വേണ്ടിയാണ് നാം പോരാടേണ്ടത്. നമുക്ക് ചിരിക്കാം. സ്‌നേഹിക്കാം. ഒന്നിച്ച് പുനര്‍നിര്‍മിക്കാം. ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam