കാല്‍പന്തിന്റെ മായാജാലം കൊണ്ട് ലോകം കീഴടക്കിയ ഇതിഹാസം അരങ്ങൊഴിഞ്ഞിട്ട് ഇന്നേക്ക് ഒരാണ്ട്. 'പെലെ' എന്ന എഡ്സണ്‍ ആരാന്റസ് ഡോ നാസിമെന്റോ ഫുട്ബാളിനെ അനശ്വരമാക്കിയ ഇന്നലകളെ സോക്കര്‍ ലോകം ഒരുകാലത്തും മറക്കാനിടയില്ല. കാല്‍പന്തുകളിയില്‍ അമരത്വത്തിന്റെ ഗോപുരം കീഴടക്കിയ അതുല്യപ്രതിഭക്ക് ലോകം അവഗണനയുടെ ഒരു തരിപോലും നല്‍കില്ലെന്ന ഉറപ്പാണ് ഇന്നും ഓര്‍മകളിലെ പെലെ.
സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍
അര്‍ബുദ ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. നിലവില്‍ ഏറ്റവും മികച്ച എന്തിനും പെലെ എന്ന വാക്കുപയോഗിക്കാമെന്നാണ് ബ്രസീലിലെ പ്രശസ്ത ഡിക്ഷണറിയായ മൈകലിസ് പറയുന്നത്. 'സവിശേഷമായത്, സമാനതകളില്ലാത്തത്, അദ്വിതീയമായത്' എന്നൊക്കെയാണ് അവര്‍ നിഘണ്ടുവില്‍ പെലെ എന്ന വാക്കിന് അര്‍ഥമായി നല്‍കിയിരിക്കുന്നത്. പെലെ എന്ന രണ്ടക്ഷരം ഫുട്ബാളിലെ എക്കാലത്തെയും വലിയ ബ്രാന്‍ഡാണ്. ലോകത്ത് കാല്‍പന്തുകളിക്ക് ഇത്രയേറെ സ്വീകാര്യത ലഭിച്ചതില്‍ പെലെയുടെ പ്രതിഭക്ക് അതുല്യമായ പങ്കുണ്ടെന്നതാണ് വസ്തുത.
ബ്രസീലില്‍ ജനിക്കുന്ന കുട്ടികളില്‍ ഫുട്ബാള്‍ ദൈവത്തിന്റെ സ്പര്‍ശമുണ്ടാകുമെന്ന് സാഹിത്യകാരന്മാര്‍ വര്‍ണിച്ചെഴുതിയത് യാഥാര്‍ഥ്യമായ വര്‍ഷം കൂടിയാണ് 1958. അന്ന് ലോകകപ്പിനിറങ്ങിയ ബ്രസീലിന്റെ ദേശീയ ടീമില്‍ ദൈവാനുഗ്രഹം കിട്ടിയ ഒരു സംഘം കുട്ടികളുണ്ടായിരുന്നു. അവരുടെ കൂട്ടത്തിലെ ഏറ്റവും മിടുക്കനായത് നാസിമെന്റോയായിരുന്നു. പില്‍ക്കാലത്ത് പെലെ എന്ന പേരില്‍ പ്രശസ്തനായ അയാളായിരുന്നു ബ്രസീല്‍ ഫുട്ബാളിന്റെ തലവര തിരുത്തി കുറിച്ചത്. ലോകകപ്പ് ഫുട്ബാളിന്റെ 90 വര്‍ഷം പിന്നിട്ട ചരിത്രത്തിലെ ഏറ്റവും മികച്ച താരം ആരെന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേയുള്ളൂ അത് 'പെലെ' എന്നാണ്.
1958 മുതല്‍ 70 വരെ നാല് ലോകകപ്പുകളിലായി കളിക്കളത്തില്‍ മാന്ത്രികത തീര്‍ക്കുകയും മൂന്നു കിരീടങ്ങള്‍ സ്വന്തമാക്കുകയും ചെയ്ത പെലെയുടെ റെക്കോഡ് ഇന്നേവരെ ആര്‍ക്കും തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. പെലെയുടെ അഭാവം പില്‍ക്കാലത്ത് ബ്രസീല്‍ ടീമില്‍ പ്രകടമായിരുന്നു.
ആരാധകരെ കളിയഴകുകൊണ്ട് ത്രസിപ്പിച്ച പെലെ അവരോടുള്ള അടുപ്പത്തിലും മൃദുത്വം കാണിച്ചു. കളിയോളം പിരിശം അദ്ദേഹത്തിന് കാണികളോടുമുണ്ടായിരുന്നു. 2015 ലാണ് പെലെ രണ്ടാമത്തെയും അവസാനത്തേതുമായ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തുന്നത്. അക്കാലത്ത് നമ്മുടെ കേരളത്തിലും ലക്ഷക്കണക്കിന് ബ്രസീല്‍ ആരാധകര്‍ ഉണ്ടെന്നറിയിച്ചപ്പോള്‍ പെലെയുടെ മറുപടി ആത്മനിര്‍വൃതിയുടെ ഒരു പുഞ്ചിരിയായിരുന്നു. ഇന്ത്യന്‍ ഫുട്ബാളിനെ പ്രോത്സാഹിപ്പിക്കുന്നതിലും പെലെ വാചാലനായി. ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ കൊല്‍ക്കത്തയിലെത്തിയ പെലെ, കുട്ടിക്കാലം മുതല്‍ ഫുട്ബാള്‍ ജീവിതത്തിന്റെ അവിഭാജ്യഘടകമാക്കി മാറ്റിയാലേ ഇന്ത്യയില്‍ ഫുട്ബാള്‍ വളരൂവെന്ന ഉപദേശവും നല്‍കിയാണ് മടങ്ങിയത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1