'യൂറിൻ' കൊണ്ടൊരു പൂജാപാരമ്പര്യം !

JULY 14, 2026, 7:52 AM

ബഹിരാകാശത്തേക്ക് പോകും മുൻപ് ഒരു അടിയന്തര ടയർ പൂജ!

മലയാളിക്കൊരു ആചാരമുണ്ടല്ലോ, പോകുന്ന വഴിതിൽ പെട്ടെന്ന് വണ്ടിനിർത്തിച്ച് ഓടിപ്പോയി നിന്നൊരു മൂത്രം ഒഴിക്കൽ! (ഇതിനോട് സാമ്യമുള്ളത് നായകൾ മാത്രം, അത് പോകുന്ന വഴിയരികിൽ മരത്തിലോ മൈൽക്കുറ്റിയിലോ 'യൂറിൻ പാസ്' ചെയ്തുപോകുന്നത്,  തിരിച്ചുവരാനുള്ള വഴി മണത്തറിയാൻ ആണെന്ന് പറയപ്പെടുന്നു).

നിങ്ങളൊരു ബഹിരാകാശ സഞ്ചാരിയാണെന്ന് സങ്കൽപ്പിക്കുക. കസാഖ്സ്ഥാനിലെ വിഖ്യാതമായ ബൈക്കനൂർ കോസ്‌മോഡ്രോമിൽ നിന്ന് റോക്കറ്റേറി അങ്ങ് ആകാശത്തേക്ക് പറക്കാൻ പോവുകയാണ്.

vachakam
vachakam
vachakam

ഒടുവിൽ ആ മഹാദിനം വന്നുചേർന്നു! നിങ്ങളാ ഭാരമേറിയ സ്‌പേസ് സ്യൂട്ടൊക്കെയിട്ട്, കോസ്‌മോനൗട്ട് ഹോട്ടലിൽ നിന്നും ലോഞ്ച് പാഡിലേക്കുള്ള ബസിൽ കയറി. ഇരുപത് മിനിറ്റേ ഉള്ളൂ യാത്ര. പക്ഷേ, റോക്കറ്റിൽ കയറുന്നതിന് മുൻപ് അവിടുത്തെ ശാസ്ത്രജ്ഞർ നിങ്ങളോട് പറയും:

'ഹേയ് അനിൽ നിങ്ങൾ ആ ബസിന്റെ വലതുവശത്തെ പിൻചക്രത്തിൽ പോയി ഒന്ന് മൂത്രമൊഴിച്ചിട്ട് വാ!'

കേൾക്കുമ്പോൾ തമാശയായി തോന്നാം, പക്ഷേ ഇതിനുപിന്നിൽ 1961 മുതൽ കൈമാറിവരുന്ന ഒരു 'പവിത്രമായ' സോവിയറ്റ് പാരമ്പര്യമുണ്ട്!

vachakam
vachakam
vachakam

ആദ്യമായി ബഹിരാകാശത്തേക്ക് പോയ റഷ്യൻ വീരൻ യൂറി ഗഗാറിനാണ് ഈ വിചിത്ര ആചാരത്തിന്റെ സ്ഥാപകൻ.

കേൾക്കുമ്പോൾ അല്പം കോമഡിയായി തോന്നാമെങ്കിലും, ഇതിനുപിന്നിൽ വലിയൊരു ചരിത്രമുണ്ട്.
കഥയുടെ തുടക്കം: ആ 'ചരിത്രപരമായ' നിമിഷം

1961 ഏപ്രിൽ 12നായിരുന്നു ആ സുവർണ്ണ നിമിഷം. റഷ്യയുടെ വിഖ്യാത പര്യവേഷകൻ യൂറി ഗഗാറിൻ ചരിത്രപ്രസിദ്ധമായ 'വോസ്റ്റോക് 1' ദൗത്യത്തിനായി ബൈക്കനൂർ കോസ്‌മോഡ്രോമിലേക്ക് ബസിൽ പോവുകയായിരുന്നു. പെട്ടെന്നാണ് പുള്ളിക്കാരന് പ്രകൃതിയുടെ വിളി (Nature call) വന്നത്.

vachakam
vachakam
vachakam

വേറെ വഴിയില്ലാത്തതുകൊണ്ട് വണ്ടി നിർത്താൻ പറഞ്ഞു, നേരെ ഇറങ്ങി ബസിന്റെ വലതുവശത്തെ പിൻചക്രത്തിന് ലക്ഷ്യമാക്കി കാര്യങ്ങൾ സാധിച്ചു.

എന്തായാലും ആ ദൗത്യം വൻ വിജയമായി! അതോടെ ബാക്കിയുള്ളവർ ചിന്തിച്ചു: 'ആഹാ, അപ്പോ ഇതാണല്ലേ വിജയരഹസ്യം!' അങ്ങനെ ആ ഒരൊറ്റ 'മൂത്രം ഒഴിക്കൽ' പിന്നീട് ബഹിരാകാശ ലോകത്തെ ഏറ്റവും വലിയ അന്ധവിശ്വാസമായി മാറി.

ഇന്നും റഷ്യൻ സോയൂസ് റോക്കറ്റിൽ പോകുന്നവരെല്ലാം (അത് അമേരിക്കക്കാരനായാലും ശരി) ഈ വഴിയിൽ വണ്ടി നിർത്തി ആചാരം പാലിക്കണം.

ആൺ സിംഹങ്ങൾ, ബസിൽ നിന്നിറങ്ങി, സ്‌പേസ് സ്യൂട്ടിന്റെ സങ്കീർണ്ണമായ സിപ്പുകളും കൊളുത്തുകളും അഴിക്കാൻ സഹായികളെയും കൂട്ടി നേരെ ടയറിന് മുന്നിൽ ഹാജരാകും.

പെൺ പുലികൾക്ക് ഈ ഓപ്പൺ വേദിയിൽ ഇളവുണ്ടെങ്കിലും, ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ അവർ ഒരു കുപ്പിയിൽ സ്വന്തം മൂത്രവുമായി വന്ന് ടയറിലേക്ക് ഒഴിച്ച് 'പൂജ' പൂർത്തിയാക്കും!

എന്തിനാണ് ഈ പാഴ് വേല?

കോടിക്കണക്കിന് രൂപയുടെ സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നവരാണെങ്കിലും, മനസ്സമാധാനത്തിന് ഒരു ഭാഗ്യം വേണമല്ലോ! ഗഗാറിൻ കാട്ടിയ വഴി പിന്തുടർന്നാൽ ഒരു അപകടവും പറ്റില്ലെന്നാണ് ഇവരുടെ ഒരു സൈക്കോളജിക്കൽ മൂവ്.

മാത്രമല്ല, മണിക്കൂറുകളോളം റോക്കറ്റിന്റെ സീറ്റിൽ അനങ്ങാതെ കെട്ടിയിട്ടിരിക്കേണ്ടി വരുന്നതിനു മുൻപ്, 'ബ്ലാഡർ' ഒന്ന് കാലിയാക്കുന്നത് ഒരു കോമൺ സെൻസ് കൂടിയാണ്. ചുരുക്കം പറഞ്ഞാൽ, ബഹിരാകാശത്തേക്ക് പോകും മുൻപ് ടയർ നനയ്ക്കുന്നത് ഇപ്പോഴൊരു അന്താരാഷ്ട്ര ആചാരമാണ്!

വാൽക്കഷണം: നമ്മുടെ അനിൽ മേനോനും ടീമിനും എല്ലാ സുഖയാത്രയും വിജയാശംസകളും!

ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam