എല്ലായ്‌പ്പോഴും ജനങ്ങളോടൊപ്പം നിൽക്കുന്ന നേതാവ്

SEPTEMBER 2, 2025, 10:11 PM

അതിശക്തമായി രാഷ്ട്രീയം പറയാറുള്ള നേതാവായിരുന്നില്ല ഉമ്മൻചാണ്ടി. അതായത് ജനാധിപത്യം, മതേതരത്വം, മനുഷ്യാവകാശം, ഫാസിസം, വർഗ്ഗീയത, സ്ത്രീപക്ഷം, തുല്യത തുടങ്ങിയ വലിയ രാഷ്ട്രീയ പ്രയോഗങ്ങളൊന്നും അദ്ദേഹം അധികം പറഞ്ഞുകേട്ടിട്ടുമില്ല. അത്തരം പരാമർശങ്ങൾ പ്രസംഗങ്ങളിലും പ്രസ്താവനകളിലും തീരെ കുറയ്ക്കുകയോ,  ഒഴിവാക്കുകയോ ചെയ്തിരുന്നു. എങ്കിലും ഉമ്മൻചാണ്ടി പതിവിലും ഗൗരവത്തിൽ രാഷ്ട്രീയം പറഞ്ഞ ചില സന്ദർഭങ്ങളുണ്ട്. ഫാ. സ്റ്റാൻ സ്വാമി എന്ന പുരോഹിതൻ ജയിലിൽ മരിച്ച, രാജ്യം ഞെട്ടിയ സംഭവത്തിലാണ് അത്തരം പ്രതികരണങ്ങളിലൊന്ന് ഉണ്ടായത്. 

നാടിന്റെ പേര് സ്വന്തം പേരിനോടു ചേർത്ത ഒരുപാടു നേതാക്കളുണ്ട്് നമ്മുടെ നാട്ടിൽ.  ഉമ്മൻചാണ്ടി ആ കൂട്ടത്തിലുണ്ടായിരുന്നില്ല; എന്നാൽ, നാടിന്റെ പേരും സ്വന്തം പേരും പരസ്പരം പര്യായമായിത്തീർന്നാൽ അത് ഉമ്മൻചാണ്ടിയായി. എത്ര അലഞ്ഞാലും എത്ര ദൂരേയെവിടെ സഞ്ചരിച്ചാലും എത്ര ഉയരത്തിലെത്തിയാലും പുതുപ്പള്ളിയിലേക്കു മടങ്ങാതിരിക്കാൻ ഉമ്മൻചാണ്ടിക്ക് കഴിയുകയില്ല. ഇടയ്‌ക്കൊന്നുനിന്ന് ശ്വാസമെടുക്കും പോലെ ഉമ്മൻചാണ്ടി ഓരോ ഇടവേളയിലും പുതുപ്പള്ളിയിലേക്കു പാഞ്ഞെത്തുമായിരുന്നു.

നീണ്ട 65 സംവത്സരക്കാലത്തെ പൊതുജീവിതത്തിനിടയ്ക്ക് ഒട്ടേറെ ഉത്തരവാദിത്വങ്ങളും നിരവദി പദവികളും വഹിച്ചിട്ടുണ്ട് ഉമ്മൻചാണ്ടി. രണ്ടുവട്ടം മുഖ്യമന്ത്രിയായി. ഒരുവട്ടം പ്രതിപക്ഷ നേതാവുമായി. രണ്ടുവട്ടം യു.ഡി.എഫ് കൺവീനറുമായി. ഒടുവിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായി. എന്നാൽ ഉമ്മൻചാണ്ടി ഏറെ സന്തോഷിക്കുന്നത് പുതുപ്പള്ളിയുടെ എം.എൽ.എ എന്നു പറയുമ്പോഴാണ് എന്ന് അദ്ദേഹം തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്.

vachakam
vachakam
vachakam


അതിശക്തമായി രാഷ്ട്രീയം പറയാറുള്ള നേതാവായിരുന്നില്ല ഉമ്മൻചാണ്ടി. അതായത് ജനാധിപത്യം, മതേതരത്വം, മനുഷ്യാവകാശം, ഫാസിസം, വർഗ്ഗീയത, സ്ത്രീപക്ഷം, തുല്യത തുടങ്ങിയ വലിയ രാഷ്ട്രീയ പ്രയോഗങ്ങളൊന്നും അദ്ദേഹം അധികം പറഞ്ഞുകേട്ടിട്ടുമില്ല. അത്തരം പരാമർശങ്ങൾ പ്രസംഗങ്ങളിലും പ്രസ്താവനകളിലും തീരെ കുറയ്ക്കുകയോ, ഒഴിവാക്കുകയോ ചെയ്തിരുന്നു. എങ്കിലും ഉമ്മൻചാണ്ടി പതിവിലും ഗൗരവത്തിൽ രാഷ്ട്രീയം പറഞ്ഞ ചില സന്ദർഭങ്ങളുണ്ട്. ഫാ. സ്റ്റാൻ സ്വാമി എന്ന പുരോഹിതൻ ജയിലിൽ മരിച്ച, രാജ്യം ഞെട്ടിയ സംഭവത്തിലാണ് അത്തരം പ്രതികരണങ്ങളിലൊന്ന് ഉണ്ടായത്.

2021 ജൂലൈയിലായിരുന്നു അത്: ''ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ മനസ്സാക്ഷിക്കു മുന്നിൽ ഫാ. സ്റ്റാൻ സ്വാമി എക്കാലവും ഒരു നീറുന്ന ഓർമ്മയായിരിക്കുമെന്നും ആദിവാസി ജനവിഭാഗങ്ങൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഫാ. സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയാണെന്നും'' ഉമ്മൻചാണ്ടി അർത്ഥശങ്കക്കിടയില്ലാത്ത വിധം അന്നു പറഞ്ഞു. ''എല്ലാവിധ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടാണ് മനുഷ്യാവകാശങ്ങൾക്കുവേണ്ടി അവസാന ശ്വാസം വരെ പോരാടിയ ഫാ. സ്റ്റാൻ സ്വാമി വിടപറയുന്നത്. 

vachakam
vachakam
vachakam

84 വയസ്സുള്ള വൈദികനെ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്തപ്പോൾ തന്നെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. കൊവിഡ് ബാധിതനായ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പൂർവ്വാധികം വഷളായിട്ടും യഥാസമയം ചികിത്സ നൽകുന്നതിൽ പരാജയപ്പെട്ടു. ഒൻപതു മാസമായി ജയിലിൽ കഴിഞ്ഞ അദ്ദേഹം പലവിധ രോഗങ്ങളാൽ വലഞ്ഞിരുന്നു. അദ്ദേഹത്തിനു ജാമ്യം നേടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ദേശീയ മനുഷ്യാവകാശ കമ്മിഷനും മനുഷ്യാവകാശ പ്രവർത്തകരും രാജ്യത്ത പൗരപ്രമുഖരുമെല്ലാം വൻ പ്രതിഷേധം ഉയർത്തിയിട്ടും പ്രയോജനം ഉണ്ടായില്ല.''ഇത്രയും പറഞ്ഞപ്പോഴും ആരാണ് ഉത്തരവാദി എന്നും ഏതു രാഷ്ട്രീയമാണ് സ്റ്റാൻ സ്വാമി അടക്കമുള്ളവരെ വേട്ടയാടിപ്പിടിച്ചതെന്നും അദ്ദേഹം പറഞ്ഞില്ല. അതിനർത്ഥം സംഘപരിവാറിനോട് എന്തെങ്കിലും മൃദു സമീപനമുണ്ടായിരുന്നു എന്നല്ല. അത്രയുമായിരുന്നു ഉമ്മൻചാണ്ടിയുടെ മാക്‌സിമം.

നിയമസഭയിലും പുറത്തും അതാണ് അനുഭവം. 2021 മാർച്ചിൽ ട്രെയിൽ യാത്രയ്ക്കിടയിൽ മലയാളി ഉൾപ്പെടെയുള്ള നാല് കത്തോലിക്ക കന്യാസ്ത്രീകൾക്കു നേരെ ഉത്തർപ്രദേശിൽ വച്ച് ബജ്രംഗദൾ പ്രവർത്തകരും പൊലീസും നടത്തിയ അതിക്രമങ്ങളെ ന്യായീകരിക്കാൻ അന്നത്തെ റെയിൽ മന്ത്രി പീയുഷ് ഗോയൽ ശ്രമിച്ചപ്പോൾ അത് ബി.ജെ.പിയുടെ ന്യൂനപക്ഷവിരുദ്ധ സമീപനത്തിനു മറ്റൊരു തെളിവാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞത് വളരെ ഗൗരവത്തിൽ കേന്ദ്ര സർക്കാർ എടുത്തിരുന്നു. എപ്പോഴും തങ്ങൾക്കെതിരെ ആഞ്ഞടിക്കാത്ത ഒരു പ്രധാന ക്രിസ്ത്യൻ നേതാവ് ഈ വിധം രൂക്ഷമായി പ്രതികരിക്കുന്നത് നിസ്സാരമായി കാണരുതെന്ന് കേന്ദ്രത്തിലെ ബി.ജെ.പി നേതാക്കൾ പറഞ്ഞതായി കേരളത്തിലെ ബി.ജെ.പി നേതാക്കളിൽ ചിലർ പറഞ്ഞുകേട്ടിരുന്നു.

സംഘപരിവാറിനെതിരേ പതിവായി രൂക്ഷഭാഷയിൽ സംസാരിക്കില്ല എന്നത് ന്യൂനപക്ഷങ്ങൾക്കിടയിൽ അദ്ദേഹത്തിനു വിശ്വാസ്യത കുറയാൻ കാരണമായതേ ഇല്ല. സത്യസന്ധമായും ആത്മാർത്ഥതയോടെയുമാണ് തങ്ങൾക്കൊപ്പം ഉമ്മൻചാണ്ടി നിൽക്കുന്നത് എന്നതിൽ ഒരിക്കലും അവർ സംശയിച്ചതുമില്ല. അതേസമയം, ഭൂരിപക്ഷ സമുദായങ്ങൾ അകൽച്ച കാണിച്ചുമില്ല. കോൺഗ്രസ്സിലെ നായർ നേതാക്കളെക്കാൾ നായർ സമുദായത്തിനും (എൻ.എസ്.എസ്സിനു മാത്രമല്ല) കോൺഗ്രസ്സിലെ ഈഴവ നേതാക്കളെക്കാൾ ഈഴവ സമുദായത്തിനും (എസ്.എൻ.ഡി.പിക്ക് മാത്രമല്ല) സ്വീകാര്യനാകാൻ കഴിഞ്ഞ നേതാവ് ഉമ്മൻചാണ്ടി ആയിരുന്നു. അത് പല സന്ദർഭങ്ങളിലും കേരളം കാണുകയും തിരിച്ചറിയുകയും ചെയ്തു.

vachakam
vachakam
vachakam

ഓർത്തഡോക്‌സ് യാക്കോബായ സഭാ തർക്കം കേസുകളും പോരും തെരുവിലെ കയ്യാങ്കളിയുമായി മാറിയപ്പോൾ ഉമ്മൻചാണ്ടി ഒരു പക്ഷത്തിന്റെ ആളായി മാറി എന്ന ക്യാംപെയ്ൻ മറുഭാഗത്ത് വ്യാപകമായ ഒരു ഘട്ടമുണ്ടായി. അപ്പോഴും അതിന് പരസ്യമായോ അല്ലാതേയോ ഉള്ള മറുപടികളിൽ അദ്ദേഹം പ്രകോപിതനായില്ല എന്നത് വ്യക്തിപരമായി എല്ലാവരും സമ്മതിക്കുന്നു. സഭാ തർക്കത്തിന് ഒരു ശാശ്വത പരിഹാരമുണ്ടാക്കുന്നതിൽ വിജയിച്ചില്ല എന്നത് രണ്ടു വട്ടം മുഖ്യമന്ത്രി ആയ കേരളത്തിലെ ഏറ്റവും നയതന്ത്രജ്ഞനായ നേതാവിനെ വിഷമിപ്പിക്കുകയും ചെയ്തിരുന്നു എന്നതാണ് സത്യം. 

ഉമ്മൻചാണ്ടിയെ ഉലച്ച സോളാർ കേസിൽ തെളിവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് പുറത്തുവന്ന 2021 മാർച്ച് അവസാനം അദ്ദേഹം മാധ്യമങ്ങൾക്കു നൽകിയ നാലുവരി പ്രസ്താവനയുണ്ട്. അത് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: ''ഏതാണ്ട് ഒരു ദശാബ്ദത്തോളമാണ് ഈ കേസിന്റെ പേരിൽ വേട്ടയാടപ്പെട്ടത്. അൻപതു വർഷത്തിലധികം കേരളീയ പൊതുസമൂഹത്തിന്റെ മുന്നിൽ എല്ലാ വാതിലുകളും തുറന്നിട്ടാണ് ജീവിച്ചത്. ജനങ്ങളുടെ മുന്നിൽ മറയ്ക്കാനൊന്നുമില്ല.'' സോളാർ കേസിന്റെ തുടക്കം മുതൽ ഇതുതന്നെ ആയിരുന്നു ഉമ്മൻചാണ്ടിയുടെ സമീപനം.

2018ൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തപ്പോൾ മുൻകൂർ ജാമ്യമെടുക്കണം എന്ന് അദ്ദേഹത്തെ ഉപദേശിച്ച കോൺഗ്രസ് നേതാക്കളുണ്ട്. പക്ഷേ, അതിനു തയ്യാറായില്ല. പൊലീസിന് എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്യാമായിരുന്നിട്ടും അറസ്റ്റ് ഉണ്ടാകില്ല എന്ന ഉറപ്പ് ഉമ്മൻചാണ്ടി എന്ന രാഷ്ട്രീയ നേതാവിന്റെ ബോധ്യമായിരുന്നു. തന്നെ അറസ്റ്റ് ചെയ്താൽ അത് സർക്കാരിന് ഉണ്ടാക്കാവുന്ന പ്രതിസന്ധിയെക്കുറിച്ച് ശരിയായി അറിയാവുന്നവരാണ് കേരളം ഭരിക്കുന്നത് എന്നതിൽ അദ്ദേഹത്തിനു സംശയമുണ്ടായിരുന്നില്ല.

എല്ലാ പ്രതിസന്ധികളിലും കുടുംബവും പുതുപ്പള്ളിയും പാർട്ടിയും കേരളീയ സമൂഹവും കൂടെ നിന്നു എന്നും ജനങ്ങളുടെ പിന്തുണയും പ്രാർത്ഥനയുമാണ് തന്റെ ശക്തി എന്നും മനസ്സാക്ഷിയാണ് വഴികാട്ടി എന്നും അന്നു പറഞ്ഞതുതന്നെ ആയിരുന്നു ഉമ്മൻചാണ്ടിയുടെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്താവന.

(തുടരും)

ജോഷി ജോർജ്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam