കുഞ്ചാക്കോ ബോബൻ നായകനായിട്ടുള്ള പുതിയ സിനിമയുടെ പേര് 'ഗ്ർർർ!' എന്നാണ്. ഹോളിവുഡ് സിനിമകളിൽ തകർത്തഭിനയിച്ചിട്ടുള്ള മോജോ എന്ന സിംഹമാണ് സിനിമയുടെ ഏറ്റവും വലിയ അട്രാക്ഷൻ. 'ഗ്ർർർ' സിനിമയിൽ ഇടവിട്ടിട്ടുള്ള ദിവസങ്ങളിലേ ഷൂട്ടിംഗുള്ളൂ. കാരണം, മോജോ തന്നെ. തുടർച്ചയായി അഭിനയിക്കില്ലെന്നു മാത്രമല്ല, മൂഡ് പോയാൽ മോജോ എന്ന സ്വഭാവ നടന്റെ സ്വഭാവം മാറും. അതുകൊണ്ട് സംവിധായകന്റെ കട്ടും കടുംവെട്ടുമൊന്നും ഈ സിംഹത്താന് പ്രശ്‌നമേയല്ല. സിനിമയിൽ ദർശൻ എന്ന കഥാപാത്രമായാണ് മോജോ എത്തുന്നത്.
ഒരു മതത്തിലും പെടാത്ത പേരായതിനാൽ വിലക്കുണ്ടാവില്ലെന്ന് സംവിധായകൻ ജെയ് കരുതുന്നു. എന്തിനാണ് മോജോ എന്ന സിംഹരാജാവിനെക്കുറിച്ച് ഇങ്ങനെ വിവരിച്ചതെന്ന് ചിലർ സംശയിക്കും. കാരണം പറയാം: അഞ്ചു ദിവസം നീളുന്ന സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റിയോഗത്തിൽ മോജോയെ പോലെ ഒരു നേതാവും പങ്കെടുക്കുന്നുണ്ട്. 'ഗ്ർർർ' എന്ന് മുരണ്ടുകൊണ്ട് യോഗത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന പല നേതാക്കളെയും അദ്ദേഹം നിശ്ശബ്ദരാക്കുന്നതായി പരദൂഷണമുയർന്നിട്ടുണ്ട്.
സി.പി.എം, സി.പി.ഐ. എന്നീ പാർട്ടികളുടെ ജില്ലാ കമ്മിറ്റികളിൽ മുഖ്യമന്ത്രിയ്‌ക്കെതിരെയും അദ്ദേഹത്തിന്റെ ശൈലിക്കെതിരെയുമുള്ള വിമർശനമുയർന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സി.പി.ഐ.യുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഭരണവിരുദ്ധവികാരമാണ് ലോകസഭയിൽ ഇടതുമുന്നണി സ്ഥാനാർത്ഥികൾ തോൽക്കാൻ കാരണമെന്ന് അഭിപ്രായപ്പെട്ടതും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ ബുധനാഴ്ച (ജൂൺ 19) സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചാനലുകളിൽ പറഞ്ഞത് മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ട കാര്യമില്ലെന്നാണ്. ചൊവ്വാഴ്ച സി.പി.ഐ. നേതാവ് കെ.ഇ. ഇസ്മയിൽ മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും ഭരണവിരുദ്ധ വികാരവുമാണ് ലോകസഭാ തോൽവിക്ക് കാരണമെന്നു പറഞ്ഞതിന്റെ പുറത്ത് ബിനോയ് വിശ്വത്തെ പോലെയുള്ള ഒരു നേതാവ് 'ജനതാസം' അടിച്ച് വെളുപ്പിക്കുന്നതെന്തിനാണാവോ?
ഇങ്ങനെ പുതപ്പിട്ട് മൂടല്ലേ, കൂട്ടരേ
എല്ലാം കാലിയായ മാവേലി സ്റ്റോറുകളും 6 മാസമായി മുടങ്ങിക്കിടക്കുന്ന ക്ഷേമപെൻഷനുകളും ജനങ്ങളെ സർക്കാരിന് എതിരാക്കിയില്ലേയെന്ന് ചോദിക്കുന്നുണ്ട് സി.പി.എം. അണികൾ. പോരാളി ഷാജിയെന്ന സോഷ്യൽ മീഡിയ സൈബർ പോരാളിയാണ് ഇടതു തോൽവിക്ക് കാരണമെന്നു പറഞ്ഞ എം.വി. ജയരാജൻ മുഖ്യമന്ത്രിയുടെ ബൂത്തിൽ പോലും ബി.ജെ.പിക്ക് സി.പി.എമ്മിനേക്കാൾ വോട്ട് കിട്ടിയത് അറിഞ്ഞില്ലേ? മുഖ്യന്റെ നിയമസഭാ മണ്ഡലമടക്കം പലേടത്തും യു.ഡി.എഫിന് കൂടുതൽ വോട്ട് കിട്ടിയെന്ന രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ ആരെ സോപ്പിടാനാണ് ജയരാജനെ പോലെ മാന്യന്മാരായ നേതാക്കൾ മൂടിവെയ്ക്കുന്നത്?
പത്തനംതിട്ടയിൽ ജില്ലാ കമ്മിറ്റി ഇടപെട്ട് ലൈംഗിക കുറ്റവാളിയായി കരുതപ്പെടുന്ന നേതാവിന്റെ പുറത്താക്കൽ പിൻവലിച്ചതായി വാർത്തകളുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ, മറ്റ് ചില ക്യാബിനറ്റ് തസ്തികയുള്ള പോസ്റ്റുകളിലെല്ലാം 'സംശയാസ്പദമായ' വരെ തിരുകിക്കയറ്റിയതു പോലും തിരുത്താനാവാത്ത വിധം സി.പി.എം. എന്ന കേഡർ പാർട്ടി അധഃപതിച്ചുവോ? തിരുവായ്ക്ക് എതിർവായില്ലെന്ന മട്ടിലുള്ള പാർട്ടിയിലെ ഒരു നേതാവിന്റെ 'സിംഹവേഷം' മൂലം പാവപ്പെട്ടവരുടെയും അധ്വാനിക്കുന്നവരുടെയും പാർട്ടിയെന്ന സൽപ്പേര് സി.പി.എമ്മിന് കൈമോശം വരികയാണോ? അതല്ലെങ്കിൽ, ബി.ജെ.പിക്കുവേണ്ടി പാർട്ടി ഗ്രാമങ്ങളിൽ പോലും പരവതാനി വിരിച്ചുകൊടുത്തും കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രങ്ങളാണോ ചിലർ പയറ്റുന്നത്?
ചങ്ങാത്ത മുതലാളിത്തത്തിന്റെ ഏറ്റവും ഹീനമായ അഴിമതിയുടെ ചെളിക്കുണ്ടിലേക്ക് സാധാരണക്കാരായ സഖാക്കൾ ചോര വീഴ്ത്തിയും ജീവൻ ബലി കഴിച്ചും കെട്ടിപ്പടുത്ത കേരളത്തിലെ സി.പി.എമ്മിന്റെ രാഷ്ട്രീയ മാർഗങ്ങളിൽ കലർന്ന മാലിന്യം കഴുകിക്കളയാനുള്ള പടയണികൾ എന്തുകൊണ്ട് ഈ പാർട്ടിയിൽ ഉണ്ടാകുന്നില്ല? ബംഗാളിൽ കോൺഗ്രസുമായുള്ള സഖ്യം തുടരാൻ സി.പി.എമ്മിന്റെ ദേശീയ നേതൃത്വം തീരുമാനിച്ചിരിക്കെ, കേരളത്തിലെ ചില നേതാക്കൾ എന്തുകൊണ്ട്, കോൺഗ്രസിനെ ഇവിടെ മുഖ്യ ശത്രുവായി കാണുന്നു? ഗ്ർർർ എന്ന് മുരളുന്ന സിംഹനേതാവിന്റെ മുമ്പിൽ അടിയറവയ്ക്കാനുള്ളതാണോ സി.പി.എമ്മിന്റെ ഉൾപ്പാർട്ടി ജനാധിപത്യം?
ഇവന്റ് നടത്തിപ്പും കമ്മീഷനും, അടിപൊളിയേ...
ലോക കേരളസഭയിൽ, കേരളത്തിന്റെ പൈതൃക കലകൾ അമേരിക്കയിലും മറ്റും അവതരിപ്പിക്കാൻ പദ്ധതികൾ തയ്യാറാക്കിയതായി മുഖ്യമന്ത്രി പറഞ്ഞതു കേട്ടു. നല്ലത്. കേരളത്തിലെ പൈതൃക കലകൾ വളർത്തുന്നതിൽ അമ്പേ പരാജയപ്പെട്ട സർക്കാരാണിത്. 'ഇവന്റ് നടത്തിപ്പും കമ്മീഷനുമെന്ന മിനിമം പരിപാടിയാണ് സർക്കാരിനും പല ഉദ്യോഗസ്ഥർക്കുമുള്ളത്. പാവപ്പെട്ടവരുടെ നക്കാപ്പിച്ച പെൻഷനും റേഷൻ അരിയും കൃത്യമായി വിതരണം ചെയ്യാൻ കഴിയാത്ത സർക്കാരാണിത്. ജനങ്ങളുടെ നികുതിപ്പണമെടുത്ത് ഇത്തരം തരികിട പരിപാടികൾ സംഘടിപ്പിക്കുമ്പോൾ സർക്കാരിന്റെ ആനുകൂല്യങ്ങൾക്കായി കാത്തിരിക്കുന്ന ജനലക്ഷങ്ങളെ ഇവർ മറക്കുന്നതെന്ത് ?
കൊട്ടിഘോഷിച്ചു നടത്തിയ നവകേരള സദസ്സിനായി ചെലവഴിച്ച തുക, നവകേരള ബസ്സ് നേരെ വേദിയിലെത്തിക്കാനായി ഇടിച്ചുപൊളിച്ച സ്‌കൂൾ മതിലുകളുടെ കണക്ക്, പിരിഞ്ഞു കിട്ടിയ സ്‌പോൺസർഷിപ്പ് തുക എന്നിവയ്‌ക്കൊന്നും ഇപ്പോഴും സർക്കാരിന്റെ കൈവശം കണക്കില്ലെന്നും, അതെല്ലാം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും നിയമസഭയിൽ പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്ന് ചിലർ ചോദിക്കുന്നുണ്ടെങ്കിലും, ഇതുവരെയും ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണമൊന്നുമില്ല.
എസ്.എഫ്.ഐ. മിക്ക കലാലയങ്ങളിലും ഒറ്റപ്പെടുകയാണെന്ന പ്രചരണം പൂർണ്ണമായി വിശ്വസിക്കാനാവില്ല. എങ്കിലും, കെ.എസ്.യു കോഴിക്കോട് വാഴ്‌സിറ്റി യൂണിയനിലേക്കുള്ള തെരഞ്ഞെടുപ്പിൽ എം.എസ്.എഫുമായി മുന്നണിയുണ്ടാക്കി നേടിയ വിജയം മധുരമുള്ളതാണ്. സിദ്ധാർത്ഥൻ എന്ന വിദ്യാർത്ഥിയെ പച്ചയ്ക്ക് പിച്ചിപ്പറിച്ച് കൊന്നത് എസ്.എഫ്.ഐ. വിദ്യാർത്ഥികളാണെന്ന പരാതിയുയർന്നെങ്കിലും, ആ കൊലപാതകത്തിൽ നിന്ന് പാഠം പഠിക്കാൻ ഇടത് അനുഭാവികളായ വിദ്യാർത്ഥികൾ തയ്യാറായോ ?
ഏതായാലും എസ്.എഫ്.ഐ. ഉയർത്തിയ രാഷ്ട്രീയ കോലാഹലത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേട്ടമുണ്ടാക്കുമെന്ന് പുതിയ വാർത്തകളുണ്ട്. സെപ്തംബറിൽ കാലാവധി പൂർത്തിയാക്കുന്ന ഗവർണറുടെ കാലാവധി കേന്ദ്രം നീട്ടി നൽകിയേക്കുമെന്നാണ് അനന്തപുരിയിലെ ജനസംസാരം. പരസ്പരം ഉടക്കുന്നതിൽ കട്ടയ്ക്ക് നിൽക്കുന്ന ഗവർണറും മുഖ്യമന്ത്രിയും അഭിനയിക്കുന്ന ചില 'സ്റ്റണ്ട് നാടക'ങ്ങൾ ഇനിയും പ്രത്യക്ഷപ്പെട്ടുവെന്നു വരാം.
ടർബോ സിനിമയും മഹീന്ദ്ര താറും
വൈശാഖിന്റെ ടർബോ ഹിറ്റായപ്പോൾ വാഹന വിപണിയിൽ ലോട്ടറിയടിച്ച വാഹനമാണ് മഹീന്ദ്ര താർ. മഹീന്ദ്രയുടെ രണ്ട് സഹോദരന്മാരും മുഹമ്മദ് എന്ന മറ്റൊരാളും ചേർന്നാണ് 'മഹീന്ദ്ര ആൻഡ് മുഹമ്മദ്' എന്ന വാഹന നിർമ്മാണ കമ്പനി തുടങ്ങിയത്. പാക്കിസ്ഥാൻ വിഭജനത്തോടെ മുഹമ്മദ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയായി. ഒന്നേ കാൽ ലക്ഷം മഹീന്ദ്ര താർ വാഹനങ്ങളാണ് ഇതിനകം വിറ്റുപോയിട്ടുള്ളത്.
വണ്ടിപ്രാന്തനായ മമ്മൂട്ടിയുടെ തോപ്പിൽ ജോപ്പനിലും മഹീന്ദ്ര താർ മുഖ്യകഥാപാത്രമാണ്. ഒരു വാഹനത്തിന്റെ വിൽപന ചില സിനിമകളിലൂടെ ചരിത്രം സൃഷ്ടിക്കുമ്പോൾ മഹീന്ദ്രയുടെ ഇപ്പോഴത്തെ ഉടമസ്ഥനായ ആനന്ദ് മഹീന്ദ്ര 17000 കോടി രൂപയുടെ ആസ്തിയുണ്ടെങ്കിലും ലളിത ജീവിതം നയിക്കുന്നുവെന്നതാണ് അത്ഭുതകരമായ കാര്യം.
ഇ.ഡി.യുടെ ഗുഹയിൽ മഞ്ഞുമ്മൽ ബോയ്‌സ് !
മഞ്ഞുമ്മൽ ബോയ്‌സിന്റെ കളക്ഷൻ പെരുപ്പിച്ചു കാണിച്ചുവെന്നും അതിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്നുമുള്ള കേസിൽ നടൻ സൗബിൻ സാഹിറും പിതാവും ഇ.ഡി.യുടെ ചോദ്യം ചെയ്യൽ നേരിട്ടുവരികയാണ്. സിനിമകളുടെ കളക്ഷൻ പെരുപ്പിച്ചുകാണിക്കുന്നത് സാമ്പത്തിക കുറ്റമായതുകൊണ്ട് ഈ അന്വേഷണങ്ങളെ സിനിമാ നിർമ്മാതാക്കൾ ഗൗരവത്തോടെയാണ് കാണുന്നത്. കലാമൂല്യമുള്ള ഒരു ചിത്രത്തിന് ലഭിക്കുന്ന ജനപ്രീതിയ്ക്കപ്പുറം, നാട്ടിലുള്ള നിയമങ്ങളെ വെല്ലുവിളിച്ച് സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ഇരുട്ട് നിറഞ്ഞ ഗുഹകളിലേക്ക് സൗബിനെ പോലെയുള്ളവർ എടുത്തു ചാടിയില്ലെന്ന് കരുതാനാണ് നമുക്ക് ഇഷ്ടം.
ചൂതാട്ട കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന സിനിമാ കളക്ഷനെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾ നമുക്ക് മറക്കാൻ ശ്രമിക്കാം. കൂടുതൽ കലാമൂല്യമുള്ള സിനിമകൾ മലയാളത്തിൽ നിർമ്മിക്കപ്പെടുകയും, അവയെല്ലാം ജനങ്ങൾ സാമ്പത്തികമായി വിജയിപ്പിക്കുകയും ചെയ്യട്ടെ. സൗബിന്റെ നിർമ്മാണക്കമ്പനിയുടെ പേര് പറവ ഫിലിംസെന്നാണ്. ഒരു 'പറവ'യും സാമ്പത്തിക തട്ടിപ്പുകാരുടെ വലയിൽ കുടുങ്ങാതിരിക്കട്ടെ.
ആന്റണി ചടയംമുറി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1