ക്രിസ്ത്യനും മുസ്ലീമും ഒന്നിച്ച് ഭരിക്കുന്ന പശ്ചിമേഷ്യയിലെ സുന്ദരമായ രാജ്യം

SEPTEMBER 25, 2024, 6:56 PM

നൂറ്റാണ്ടുകളുടെ ചരിത്രമുള്ള പശ്ചിമേഷ്യയിലെ സുന്ദരമായ രാജ്യമാണ് ലബനോന്‍. മേഖലയിലെ മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒട്ടേറെ കാര്യങ്ങള്‍ ലബനോനിലുണ്ട്. ജനസമൂഹം, മതം, ഭരണം എന്നീ കാര്യങ്ങളിലെല്ലാം വേറിട്ട രീതിയാണ് ഇവിടെ പിന്‍തുടരുന്നത്.

ക്രിസ്ത്യാനികളും മുസ്ലിങ്ങളും നേതൃത്വം നല്‍കിയ രാജവംശങ്ങള്‍ ഭരണം നടത്തിയ ലബനോന്‍ ഒന്നാം ലോക യുദ്ധത്തിന് മുമ്പ് ഉട്ടോപ്യന്‍ (ഉസ്മാനിയ ഖിലാഫത്ത്) രാജവംശത്തിന് കീഴിലായിരുന്നു. ലോക യുദ്ധത്തില്‍ ഉസ്മാനിയ ഭരണം വീണപ്പോള്‍ മേഖല ഒട്ടേറെ രാജ്യങ്ങള്‍ വീതിച്ചെടുത്തു. ലബനോന്‍ ഫ്രാന്‍സിന്റെ കീഴിലായി. അധിക കാലം കഴിയും മുമ്പെ ഫ്രഞ്ചുകാര്‍ ഭരണം അവസാനിപ്പിച്ച് മടങ്ങിയ പിന്നാലെ വന്ന ദേശീയ ഉടമ്പടി പ്രകാരമാണ് രാജ്യത്തിന്റെ ഭരണം.

ഗള്‍ഫ് മേഖലയില്‍ നിന്ന് എണ്ണ കുഴിച്ചെടുക്കാന്‍ തുടങ്ങിയതോടെ അറബികള്‍ പണം സൂക്ഷിക്കാന്‍ കണ്ടെത്തിയ സ്ഥലം ലബനോനിലെ ബാങ്കുകളായിരുന്നു. അവധി ആഘോഷത്തിന് യൂറോപ്പില്‍ നിന്നും അറേബ്യയില്‍ നിന്നും ഇവിടേക്ക് ആളുകള്‍ എത്തി. എന്നാല്‍ അധികാര ദുര്‍വിനിയോഗവും അഴിമതിയും ക്രമേണ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ത്തു. ആഭ്യന്തര കലഹവും വിദേശ അധിനിവേശവുമെല്ലാം ഇതിന് ആക്കം കൂട്ടി.

70 ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള ലബനോനില്‍ കൂടുതലും മുസ്ലിംങ്ങളാണ്. തൊട്ടുപിന്നില്‍ ക്രൈസ്തവരും. മറ്റ് വിശ്വാസ സമൂഹങ്ങളും ലബനോനിലുണ്ട്. അധികാരത്തില്‍ മതപരമായ പങ്കാളിത്തം ഉറപ്പാക്കാന്‍ 1943 ല്‍ തയ്യാറാക്കിയ കരാര്‍ പ്രകാരമാണ് ലബനോനിലെ ഭരണം. പ്രസിഡന്റ്, സൈനിക മേധാവി എന്നീ പദവികള്‍ ക്രൈസ്തവര്‍ക്കായിരിക്കണം എന്നാണ് കരാര്‍. പ്രധാനമന്ത്രി പദവി സുന്നി മുസ്ലിങ്ങള്‍ക്കും പാര്‍ലമെന്റ് സ്പീക്കര്‍ പദവി ഷിയാ മുസ്ലിങ്ങള്‍ക്കും നീക്കിവച്ചു.

ഡെപ്യൂട്ടി സ്പീക്കര്‍, ഉപ പ്രധാനമന്ത്രി എന്നീ പദവികള്‍ ഗ്രീക്ക് ഓര്‍ത്തഡോക്സ് ക്രൈസ്തവര്‍ക്കാണ് ലഭിക്കുക. സൈന്യത്തിന്റെ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് പദവി ദുറുസ് വിഭാഗത്തിനും. ഷിയാ വിഭാഗത്തില്‍ നിന്ന് രൂപം കൊണ്ട ഇസ്മാഈലി ഷിയാക്കളിലെ അവാന്തര വിഭാഗമാണിത്. 128 അംഗ പാര്‍ലമെന്റിലെ അംഗങ്ങളുടെ എണ്ണത്തിലും മതപരമായ സംവരണമുണ്ട്.

തെക്കന്‍ ലബനാനില്‍ ഇസ്രായേല്‍ അധിനിവേശം നടത്തുകയും വ്യാപക അക്രമങ്ങള്‍ നടത്തുകയും ചെയ്തതോടെയാണ് ഹിസ്ബുല്ലയുടെ രൂപീകരണം. 1982ലെ കൂട്ടക്കൊല ഇസ്രായേലിനെതിരായ വികാരം ലബനാനില്‍ ശക്തിപ്പെടാന്‍ ഇടയാക്കിയിരുന്നു. വര്‍ഷങ്ങളോളം ഇസ്രായേലുമായി യുദ്ധം ചെയ്ത ഹിസ്ബുല്ല രാജ്യത്തെ പ്രധാന സൈനിക-രാഷ്ട്രീയ ശക്തിയായി മാറുകയും ചെയ്തു. ലബനാന് സ്വന്തമായി സൈന്യമുണ്ടെങ്കിലും സമാന്തര സൈനിക ശക്തിയാണ് ഹിസ്ബുല്ല.

യുദ്ധം ശക്തമായതോടെ 2000 മെയ് മാസത്തില്‍ തെക്കന്‍ ലബനാനില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്മാറി. എങ്കിലും 2006ല്‍ ശക്തമായ യുദ്ധം ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുണ്ടായി. ഉരസല്‍ തുടര്‍ന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ ലബനോനും ഹിസ്ബുല്ലയ്ക്കും വലിയ തിരിച്ചടിയാണ്. ഈ യുദ്ധം മേഖലയില്‍ വ്യാപിക്കുമോ എന്ന ആശങ്കയിലാണ് ലോകം.

ആറ് വര്‍ഷത്തേക്കാണ് ലബനോനിലെ പ്രസിഡന്റിനെ തിരഞ്ഞെടുക്കാറുള്ളത്. 2022 ല്‍ പ്രസിഡന്റ് മൈക്കല്‍ ഔനിന്റെ കാലാവധി കഴിഞ്ഞ ശേഷം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ 12 തവണ ശ്രമിച്ചെങ്കിലും പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടയില്‍ സമവായമായിട്ടില്ല. സ്ലീമാന്‍ ഫ്രാങ്കിയെ ഹിസ്ബുല്ല ഉള്‍പ്പെടെയുള്ളവര്‍ പിന്തുണയ്ക്കുന്നു. ജിഹാദ് അസൗറിനെ ക്രിസ്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ പിന്തുണയ്ക്കുന്നു. ഇനിയും പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ അന്താരാഷ്ട്ര വേദികളില്‍ നിന്ന് ലബനാന് പ്രാതിനിധ്യം നഷ്ടമാകുമെന്ന് സമവായ നീക്കത്തിന് ശ്രമിക്കുന്ന രാജ്യങ്ങള്‍ താക്കീത് നല്‍കിയിട്ടുണ്ട്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam