'ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍
കേവലമൊരു പിടി മണ്ണല്ല
ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ ജന്മഗൃഹമല്ലോ....'- കുമാരനാശാന്റെ എത്ര മഹത്തായ വരികള്‍
1947 ആഗസ്റ്റ് 14 അര്‍ദ്ധരാത്രി, പാതിരാ മണി മുഴങ്ങുമ്പോള്‍ ലോകം ഉറങ്ങിക്കിടക്കവേ ഇന്ത്യന്‍ ജനത ജീവിതത്തിലേക്ക് പിച്ചവെച്ച് നടന്നു തുടങ്ങി. മഹത്തായ ഒരു സംസ്‌കൃതി നൂറ്റാണ്ട് നീണ്ട വിദേശാധിപത്യത്തില്‍ നിന്ന് മോചനം നേടിയത് ആയിരക്കണക്കിന് ധീര ദേശാഭിമാനികളുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ഐതിഹാസികമായ പോരാട്ടങ്ങളുടെയും ഫലമായാണ്. രാജ്യം 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്.
സ്വാതന്ത്ര്യം എന്നത് പൂര്‍വ്വികര്‍ അവരുടെ ജീവന്‍ കൊടുത്ത് പൊരുതി നേടി നമ്മെ എല്‍പിച്ച സ്വത്താണ്. അവര്‍ നേടിത്തന്ന ആ സ്വത്തിന്റെ കാവലാളുകളാണ് നമ്മള്‍. ഒരു പോറല്‍ പോലും എല്‍ക്കാതെ കൂടുതല്‍ വീര്യത്തോടെ വളര്‍ന്നു വരുന്ന തലമുറയ്ക്ക് കൈമാറേണ്ട പൈതൃകമാണ് സ്വാതന്ത്ര്യം. 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള സര്‍ക്കാരിന്റെ വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്ന 'വിക്ഷിത് ഭാരത്' എന്നതാണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തിന്റെ തീം.
എന്നാല്‍ കേരളം വലിയൊരു ദുരന്തം വരുത്തി വച്ച ദുഃഖത്തില്‍ നിന്നും ഇതുവരെ മുക്തമായിട്ടില്ല. ആഘോഷങ്ങളില്ലാതെ ആരവങ്ങളില്ലാതെ ഒരു സ്വാതന്ത്ര്യ ദിനമാണ് ഇത്തവണ കേരളത്തില്‍ ആചരിക്കുന്നത്.
'സ്വാതന്ത്ര്യം തന്നെ അമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം...പാരതന്ത്ര്യം മാനികള്‍ക്കു മൃതിയേക്കാള്‍ ഭയാനകം...'
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ യൂറോപ്യന്‍ വ്യാപാരികള്‍ പതിനേഴാം നൂറ്റാണ്ട് മുതല്‍ കാലുകുത്താന്‍ തുടങ്ങിയിരുന്നു. പതിനെട്ടാം നൂറ്റാണ്ടോടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, സൈനിക ശക്തിയിലൂടെ പ്രാദേശിക രാജ്യങ്ങളെ കീഴടക്കി പ്രബലശക്തിയായി മാറി.
1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് ശേഷം, ഇന്ത്യാ ഗവണ്‍മെന്റ് ആക്റ്റ് 1858 അനുസരിച്ച്, ബ്രിട്ടീഷ് രാജഭരണകൂടം ഇന്ത്യയുടെ മേല്‍ നേരിട്ടുള്ള നിയന്ത്രണം ഏറ്റെടുത്തു.1885 ല്‍ രൂപവത്കരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യയില്‍ ഉടനീളം ഉയര്‍ന്നുവന്നു. പിന്നീട് രാജ്യവ്യാപകമായി നിസഹകരണ പ്രസ്ഥാനങ്ങള്‍ക്കും മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അഹിംസാ മാര്‍ഗങ്ങള്‍ക്കും തുടക്കം കുറിച്ചു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ ദിനം മാത്രമല്ല 1947 ആഗസ്റ്റ് 15. ഇന്ത്യ-പാകിസ്ഥാന്‍ വിഭജനം നടന്നതും ഇതേ വര്‍ഷമാണ്. നിരവധി പേര്‍ പാകിസ്ഥാനിലേക്കും ഇന്ത്യയിലേക്കുമായി പലായനം ചെയ്യുകയും വിഭജനത്തോട് അനുബന്ധിച്ച് നിരവധി സാമുദായിക കലാപങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു.
77 ആണോ 78 ആണോ?
1947 ഓഗസ്ത് 15 ന് ഇന്ത്യയിലെ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണം അവസാനിച്ചു. അന്ന് മുതല്‍ ഓഗസ്റ്റ് 15 ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നു. 1948 ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യത്തിന്റെ ആദ്യ വര്‍ഷം അടയാളപ്പെടുത്തി. 2024 ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 77-ാം വാര്‍ഷികമായി ആചരിക്കുന്നു. എന്നിരുന്നാലും 1947-നെ ആരംഭ പോയിന്റായി കണക്കാക്കുകയാണെങ്കില്‍, 2024 ഓഗസ്റ്റ് 15 ന് 78-ാമത്തെ സ്വാതന്ത്ര്യ ദിനമാണ്. അതുകൊണ്ട് തന്നെ 2024-ല്‍ ഇന്ത്യ 78-ാം സ്വാതന്ത്ര്യദിനം ആചരിക്കുമെന്ന് പറയുന്നത് ശരിയാണ്.
മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്, ലാലാ ലജ്പത് റായ് തുടങ്ങിയ നിരവധി സ്വാതന്ത്ര്യ സമര സേനാനികള്‍ സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണി പോരാളികളായി നിലകൊണ്ടിരുന്നു. നിരവധി ആശയങ്ങളും ഇന്ത്യയുടെ സ്വാതന്ത്ര്യ സമര യാത്രയില്‍ മാറ്റുരയ്ക്കപ്പെട്ടു.
ഇന്ത്യയില്‍ എങ്ങനെ ആഘോഷിക്കുന്നു?
അന്നേദിവസം രണ്ട് നൂറ്റാണ്ടോളം നീണ്ട ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍ നിന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച പോരാട്ടത്തെ ആദരിക്കുകയും സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച നേതാക്കളെയും സ്വാതന്ത്ര്യ സമര സേനാനികളെയും ആദരിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യ ദിനത്തിന്റെ തലേദിവസം, രാഷ്ട്രപതി 'രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നു'. ഓഗസ്റ്റ് 15 ന് ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ഇന്ത്യന്‍ പതാക ഉയര്‍ത്തുന്നു. ബഹുമാനാര്‍ത്ഥം ഇരുപത്തിയൊന്ന് തവണ നിറയൊഴിക്കുന്നു.
പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നു. പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ ഉന്നയിക്കുകയും കൂടുതല്‍ വികസനത്തിന് ആഹ്വാനം ചെയ്യുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര നേതാക്കള്‍ക്ക് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യും. പിന്നീട് ഇന്ത്യന്‍ ദേശീയഗാനം ആലപിക്കും.
രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി
അതേസമയം 78-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. എസ്സി, എസ്ടി, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും സര്‍ക്കാരിന്റെ പ്രഥമ പരിഗണന സാമൂഹിക നീതിയാണെന്നും രാഷ്ട്രപതി വ്യക്തമാക്കി.
''ഈ വര്‍ഷം ജൂലൈ മുതല്‍ ഭാരതീയ ന്യായ സംഹിത സ്വീകരിക്കുന്നതിലൂടെ, കൊളോണിയല്‍ കാലഘട്ടത്തിന്റെ ഒരു അവശിഷ്ടം കൂടി നീക്കം ചെയ്തു. ശിക്ഷയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം കുറ്റകൃത്യത്തിന്റെ ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതിനാണ് പുതിയ നിയമാവലി ലക്ഷ്യമിടുന്നത്. സ്വാതന്ത്ര്യ സമര സേനാനികള്‍ക്കുള്ള ആദരവായി ഞാന്‍ ഈ മാറ്റത്തെ കാണുന്നു.'-രാഷ്ട്രപതി പറഞ്ഞു.
കോട്ടങ്ങളെ മറന്ന് നേട്ടങ്ങള്‍ മാത്രം ലക്ഷ്യമാക്കി ശിഥിലീകരണത്തിന് ശ്രമിക്കുന്ന ശക്തികള്‍ക്ക് മേല്‍ വ്യക്തമായ അധീശത്വം നേടാന്‍ നമുക്ക് കൈകോത്ത് പിടിക്കാം. സമൂഹ മനഃസാക്ഷിയെ അടുത്തറിഞ്ഞ് ഭീകരരെയും വിദ്വേഷ ശക്തികളെയും നമ്മുടെ മണ്ണില്‍ നിന്ന് തൂത്തെറിയാന്‍ നമുക്കൊന്നിച്ച് പ്രവര്‍ത്തിക്കാം.
ലോകത്തുള്ള എല്ലാ മലയാളികള്‍ക്കും വാചകം ന്യൂസ് പോര്‍ട്ടലിന്റെ സ്വാതന്ത്ര്യദിനാശംസകള്‍...
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1