സീറോമലബാർ കത്തോലിക്കാ കോൺഗ്രസിന്റെ രജതജൂബിലി ആഘോഷങ്ങളും, ഫാമിലി കോൺഫറൻസും സെപ്റ്റംബറിൽ ഫിലാഡൽഫിയയിൽ

APRIL 28, 2024, 9:20 AM

ഫിലാഡൽഫിയ: സീറോമലബാർ സഭയുടെ അമേരിക്കയിലെ അത്മായസംഘടനയായ സീറോമലബാർ കത്തോലിക്കാ കോൺഗ്രസിന്റെ (എസ്.എം.സി.സി) രജതജൂബിലിയാഘോഷങ്ങളും, ദേശീയ കുടുംബ സംഗമവും ഈ വർഷം സെപ്തംബർ 27 മുതൽ 29 വരെ ഫിലാഡൽഫിയയിൽ നടക്കുന്നു. ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതാ ബിഷപ് മാർ ജോയ് ആലപ്പാട്ടിന്റെ ആത്മീയനേതൃത്വത്തിൽ നടക്കുന്ന ഈ മഹാകുടുംബമേളക്ക് ആതിഥ്യമരുളുന്നതിനുള്ള നിയോഗം രൂപതാസ്ഥാപനത്തിനുമുമ്പേതന്നെ അമേരിക്കയിലെ ആദ്യത്തെ സീറോമലബാർ നാഷണൽ കൺവൻഷനും, എസ്.എം.സി.സിയുടെ ദശവൽസരാഘോഷങ്ങളും വൻജനപങ്കാളിത്തത്തോടെ നല്ലരീതിയിൽ നടത്തി മാതൃകയായ ഫിലാഡൽഫിയായ്ക്ക് തന്നെ.

എസ്.എം.സി.സിയുടെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ദേശീയ കുടുംബസംഗമം വടക്കേ അമേരിക്കയിലെ സീറോമലബാർ കത്തോലിക്കരുടെ ഏറ്റവും വലിയ ഒത്തുചേരലായിരിക്കും. ദേശീയതലത്തിലും, രൂപതാതലത്തിലും എസ്.എം.സി.സിയുടെ വളർച്ചക്ക് വളരെയധികം സംഭാവനകൾ നൽകുകയും, അതിന്റെ പ്രഥമ ഗ്രാന്റ്‌പേട്രൻ സ്ഥാനം ഏറെക്കാലം വഹിക്കുകയും ചെയ്ത സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പും, അത്യുന്നത കർദ്ദിനാളുമായിരുന്ന ദിവംഗതനായ മാർ വർക്കി വിതയത്തിലിന്റെ ആശീർവാദത്തിലും, മഹനീയ സാന്നിദ്ധ്യത്തിലും, എസ്.എം.സി.സിയുടെ സ്ഥാപകനേതാക്കളായ ഡോ. ജയിംസ് കുറിച്ചി, ജോർജ് മാത്യു ടീമിന്റെ നേതൃത്വത്തിൽ 1999 ൽ ഫിലാഡൽഫിയയിൽ നടത്തപ്പെട്ട ആദ്യത്തെ സീറോമലബാർ നാഷണൽ കൺവൻഷനിൽ ഇന്ത്യയിൽനിന്നുള്ള 6 ബിഷപ്പുമാരും അൻപതോളം വൈദികരും സന്യസ്ഥരും, ആയിരത്തിലേറെ സഭാമക്കളും പങ്കെടുത്തിരുന്നു.

സീറോമലബാർ സഭയുടെ അന്നത്തെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി കൺവൻഷന്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത അഭിവന്ദ്യ വർക്കി വിതയത്തിൽ പിതാവിന്റെ 'അമേരിക്കയിൽ ഉടൻ തന്നെ ഒരു സീറോമലബാർ രൂപത നിലവിൽ വരും' എന്നുള്ള പ്രഖ്യാപനം നിർത്താതെയുള്ള കരഘോഷത്തോടെയാണ് ദൈവജനം സ്വീകരിച്ചത്. 2001 ൽ ഷിക്കാഗോ ആസ്ഥാനമായി ഇന്ത്യയ്ക്ക്  വെളിയിലുള്ള ആദ്യത്തെ സീറോമലബാർ രൂപത സ്ഥാപിക്കപ്പെട്ടപ്പോൾ വിതയത്തിൽ പിതാവിന്റെ നാവ് പൊന്നാവുകയായിരുന്നു എന്നതും, 1999 ലെ ഫിലാഡൽഫിയാ കൺവൻഷൻ അതിന് കാരണമാവുകയുമായിരുന്നു എന്നതും ചരിത്രത്തിൽ തങ്കലിപികളിൽ ഏടുചേർത്തിരിക്കുന്ന കാര്യങ്ങളാണ്.

vachakam
vachakam
vachakam

പിന്നീട് ബിഷപ് എമരിത്തൂസ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ ആത്മീയപരിപാലനയിൽ റവ. ഫാ. ജോൺ മേലേപ്പുറം ആതിഥേയ ഇടവകവികാരിയായും, മോഡി ജേക്കബ്-ജോസ് മാളേയ്ക്കൽ ടീമിന്റെ നേതൃത്വത്തിൽ ഫിലാഡൽഫിയയിൽ 2009 ൽ നടത്തപ്പെട്ട എസ്.എം.സി.സിയുടെ ദശവൽസരാഘോഷങ്ങളിലും, കുടുംബസമ്മേളനത്തിലും അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽനിന്നുള്ള ആയിരത്തിൽപരം സീറോമലബാർകത്തോലിക്കർ ഒത്തുകൂടി തങ്ങളുടെ പാരമ്പര്യവും, പൈതൃകവും ആഘോഷിച്ചിരുന്നു.

2024 സെപ്തംബറിൽ എസ്.എം.സി.സിയുടെ സിൽവർ ജൂബിലയോടനുബന്ധിച്ച് നടക്കുന്ന സീറോമലബാർ കൂടുംബസംഗമത്തിന്റെ നടത്തിപ്പിനായി ദേശീയതലത്തിൽ വിപുലമായ ഒരു സിൽവർ ജൂബിലി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ബിഷപ് മാർ ജോയ് ആലപ്പാട്ട് മുഖ്യ രക്ഷാധികാരിയും, എസ്.എം.സി.സി നാഷണൽ സ്പിരിച്വൽ ഡയറക്ടർ റവ. ഫാ. ജോർജ് എളംബാശേരിൽ; ആതിഥേയ ഇടവകവികാരിയും, എസ്.എം.സി.സി. ഫിലാഡൽഫിയ ചാപ്റ്റർ സ്പിരിച്വൽ ഡയറക്ടറുമായ റവ. ഡോ. ജോർജ് ദാനവേലിൽ എന്നിവർ രക്ഷാധികാരികളും; ജോർജ് മാത്യു സി.പി.എ. (ചെയർപേഴ്‌സൺ), ഡോ. ജയിംസ് കുറിച്ചി, മേഴ്‌സി കുര്യാക്കോസ് (കോ-ചെയർപേഴ്‌സൺസ്), ജോസ് മാളേയ്ക്കൽ (ജനറൽ സെക്രട്ടറി), ജോർജ് വി. ജോർജ് (ട്രഷറർ), ജോജോ കോട്ടൂർ (നാഷണൽ കോർഡിനേറ്റർ) എന്നിവരും, വിവിധ സബ്കമ്മിറ്റി ചെയർപേഴ്‌സൺസും ഉൾപ്പെടെയുള്ള സിൽവർ ജൂബിലി കമ്മിറ്റിക്ക് എസ്.എം.സി.സി. നാഷണൽ പ്രസിഡന്റ് സിജിൽ പാലക്കലോടി, ജനറൽ സെക്രട്ടറി മേഴ്‌സി കുര്യാക്കോസ്, ബോർഡ് ചെയർമാൻ ജോർജുകുട്ടി പുല്ലാപ്പള്ളി എന്നിവർ നേതൃത്വം നൽകുന്ന നാഷണൽ കമ്മിറ്റി അംഗങ്ങളുടെയും, ഫിലഡൽഫിയ ഇടവകയുടെ കൈക്കാരന്മാരായ ജോജി ചെറുവേലിൽ, ജോസ് തോമസ്, പോളച്ചൻ വറീദ്, സജി സെബാസ്റ്റ്യൻ, ജെറി കുരുവിള എന്നിവരുടെയും ചാപ്റ്റർ പ്രതിനിധികളുടെയും, സഹകരണവും പിന്തുണയും കരുത്തുപകരും.

കോൺഫറൻസനോടനുബന്ധിച്ച് എല്ലാദിവസവും ആഘോഷമായ ദിവ്യബലി, യുവജനസമ്മേളനം, വൈവിദ്ധ്യമാർന്ന കലാപരിപാടികൾ, യൂത്ത്ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റ്, നസ്രാണിതനിമയിലുള്ള പ്രൊസഷൻ, മതബോധന പൂർവവിദ്യാർത്ഥികളുടെ സംഗമം, ഫിലഡൽഫിയ സിറ്റി ടൂർ, കലാമൽസരങ്ങൾ, യുവജനങ്ങൾക്കും, മുതിർന്നവർക്കും പ്രത്യേക സെമിനാറുകൾ, യംഗ് പ്രൊഫഷണൽസ് മീറ്റ്, സിൽവർ ജൂബിലി കപ്പിൾസിനെ ആദരിക്കൽ, സീറോമലബാർ പയനയേഴ്‌സിനെ ആദരിക്കൽ, മതാദ്ധ്യാപകസംഗമം, ബൈബിൾ സ്‌കിറ്റ് മൽസരം, ബാങ്ക്വറ്റ്, എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

സാധാരണ കോൺഫറൻസുകളിൽനിന്നും വ്യത്യസ്ഥമായി താരതമ്യേന ചെലവേറിയ ഹോട്ടലുകൾ ഒഴിവാക്കി, വളരെ മിതമായ നിരക്കിലുള്ള രജിസ്‌ട്രേഷൻ പാക്കേജുകൾ നൽകി എല്ലാവിഭാഗം കുടുംബങ്ങളേയും ഇതിൽ പങ്കെടുപ്പിക്കാൻ സംഘാടകർ ശ്രമിക്കുന്നു എന്നത് വളരെ ശ്ലാഘനീയമാണ്. മൂന്നുദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കാൻ ഒരാൾക്ക് 150 ഡോളറും, നാലുപേരടങ്ങിയ ഫാമിലിക്ക് 500 ഡോളറുമാണ് രജിസ്‌ട്രേഷൻ ഫീസ്. ഓൺലൈൻ രജിസ്‌ട്രേഷനുള്ള വിശദവിവരങ്ങൾ ഉടൻ തന്നെ അറിയിക്കും. ദൂരസ്ഥലങ്ങളിൽനിന്നെത്തുന്നവർക്ക് താമസത്തിനു സമീപസ്ഥലങ്ങളായ ഹോട്ടലുകൾ കൂടാതെ ആതിഥേയ കുടുംബങ്ങളെ ക്രമീകരിക്കുന്നതായിരിക്കും.

1970 കളിൽ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ കുടയേറി പ്രതികൂല സാഹചര്യങ്ങളും, തികച്ചും വ്യത്യസ്തമായ ജീവിതരീതികളും, ജോലിസാഹചര്യങ്ങളും ധീരമായി തരണം ചെയ്ത്, പൈതൃകമായി ലഭിച്ച തങ്ങളുടെ അചഞ്ചലമായ വിശ്വാസം കൈവിടാതെ മക്കളെ വിശ്വാസത്തിൽ നല്ലരീതിയിൽ വളർത്തി അവിടങ്ങളിലെ സീറോമലബാർ സമൂഹങ്ങളുടെ ഉന്നമനത്തിനും, പടിപടിയായുള്ള വളർച്ചക്കും തുടർന്നു സീറോമലബാർ പള്ളികളുടെ സ്ഥാപനത്തിനും, വളർച്ചക്കും വളരെയധികം സംഭാവനകൾ നൽകി ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന സീറോമലബാർ കാരണവന്മാരെ ഈ കോൺഫറൻസിൽ ആദരിക്കുന്നു എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്.  

കൂടുതൽ വിവരങ്ങൾക്ക് ജോർജ് മാത്യു സി.പി.എ. (+1-267-549-1196), ജോസ് മാളേയ്ക്കൽ (+1-215-873-6943), ഡോ. ജയിംസ് കുറിച്ചി (+1-856-275-4014) എന്നിവരുമായി ബന്ധപ്പെടുക.

vachakam
vachakam
vachakam

ജോസ് മാളയേക്കൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam