ഡൽഹി: ഓണക്കാലത്ത് കൂടുതൽ അരിവിഹിതം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിമാരെ സന്ദർശിച്ച് മന്ത്രി ജി.ആർ. അനിൽ.
കേന്ദ്ര ഉപഭോക്തൃകാര്യ- ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷിയുമായി പി. സന്തോഷ് കുമാർ എംപി യോടൊപ്പം നടത്തിയ
കൂടിക്കാഴ്ചയിൽ ഉന്നയിച്ച ആവശ്യങ്ങൾ ഇതൊക്കെയാണ്.
1) ഓണക്കാലത്ത് കൂടുതൽ അരിവിഹിതം ലഭ്യമാക്കണം.
1965 മുതൽ സാർവത്രിക സ്റ്റാറ്റ്യൂട്ടറി റേഷൻ നിലനിന്ന കേരള സംസ്ഥാനത്ത് ലക്ഷ്യാധിഷ്‌ഠിത പൊതുവിതരണം ആരംഭിച്ചതിനുശേഷം ദുർബല വിഭാഗങ്ങൾക്കു മാത്രമായി റേഷൻ പരിമിതപ്പെട്ടു.
NFSA നിയമം നടപ്പിലാക്കപ്പെട്ടതോടുകൂടി ഇതിന് സ്റ്റാറ്റ്യൂട്ടറി അടിസ്ഥാനം വരികയും കേരളത്തിലെ ജനങ്ങളിൽ 57% പേർ റേഷൻ പരിധിക്ക് പുറത്താകുകയും ചെയ്തു.
മുൻഗണനാ വിഭാഗമായ മഞ്ഞ, പിങ്ക് കാർഡ്‌കാർക്ക് മാത്രമേ നിലവിൽ എൻ.എഫ്.എസ്.എ നിയമപ്രകാരമുള്ള റേഷൻ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നുള്ളൂ.
ഇതിന് പുറമേ ലഭിക്കുന്ന പരിമിതമായ ടൈഡോവർ വിഹിതത്തിൽ നിന്നാണ് മുൻഗണനേതര വിഭാഗങ്ങൾക്ക് സംസ്ഥാനം റേഷൻ നല്‌കുന്നത്.
ഉപഭോക്തൃ സംസ്ഥാനവും ഭക്ഷ്യക്കമ്മി സംസ്ഥാനവുമായ കേരളത്തെ സംബന്ധിച്ചിടത്തോളം റേഷൻ ധാന്യത്തിൻ്റെ ലഭ്യത എന്നത് സാമ്പത്തികമായ ദുർബലതയുടെ മാത്രം പ്രശ്‌നമല്ല.
ഓണം പോലെയുള്ള വിശേഷാവസരങ്ങളിൽ പൊതു മാർക്കറ്റിൽ അരിയുടെ വില കുതിച്ചുയരാതിരിക്കാൻ മുൻഗണനേതര വിഭാഗക്കാർക്കും കഴിയുന്ന അളവിൽ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ട്.
മുൻഗണനേതര കുടുംബങ്ങൾക്ക് ഓണക്കാലത്ത് അധികമായി 5 കിലോ അരി അനുവദിക്കുന്നതിനും കേന്ദ്ര
മന്ത്രിയോട് ആവശ്യപ്പെട്ടു.
2) കേരളത്തിന് മുമ്പ് ടൈഡോവർ വിഭാഗത്തിൽ ഗോതമ്പ് അലോട്ട്മെൻറ് ഉണ്ടായിരുന്നു അത് പുന:സ്ഥാപിക്കണമെന്നും കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.
3) റേഷൻ കടകളിൽ ഗുണഭോക്താക്കളുടെ വിരലടയാളം പതിപ്പിച്ച് ആളെ തിരിച്ചറിഞ്ഞ് അർഹമായ വിഹിതം നൽകുന്ന സാങ്കേതിക ഉപകരണമാണ് ഇ-പോസ്മെഷീൻ
ഇത് LO എന്നതിൽ നിന്ന് L1 എന്ന നിലവാരത്തിലേക്ക് ഒരു സാങ്കേതികമായ അപ്ഗ്രഡേഷൻ നടത്തുന്നതിനുള്ള അവസാന തീയതി ജൂൺ 30 ആയിരുന്നു.
കേരളത്തിൽ നിലവിലുള്ള സംവിധാനത്തിൻ്റെ വാർഷിക ഇ-പോസ് പരിപാലന മെഷീൻ കരാർ പുതുക്കുന്നതിനുള്ള ടെൻഡർ നടപടികൾ നടന്നുവരികയാണ്.
അതിൽ ഒരു വ്യവസ്ഥയായി എൽ സീറോയിൽ നിന്നും എൽ വണ്ണിലേക്ക് ഉയർത്തണം എന്നത് ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ സമയപരിധി ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിന്റെ അവസാനം വരെ അതായത് സെപ്റ്റംബർ 30 വരെ ദീർഘിപ്പിക്കണം എന്നും ആവശ്യപ്പെട്ടു.
4) ലീഗൽ മെട്രോളജി വകുപ്പിൽ വെയ്ബ്രിഡ്‌ജ് വെരിഫിക്കേഷൻ കിറ്റും പുതിയ വാഹനങ്ങളും അനുവദിക്കണം. ഭക്ഷ്യമന്ത്രി പ്രഹ്ളാദ് ജോഷിയെ കേരളത്തിലെ പൊതുവിതരണ വകുപ്പ് ആറു പതിറ്റാണ്ട് പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് നടന്നുവരുന്ന ആഘോഷ പരിപാടികളുടെ സമാപനത്തിന് ക്ഷണിക്കുകയും ചെയ്‌തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്