പുഴുനുഴഞ്ഞുകയറ്റവഴികൾ

MAY 9, 2024, 11:16 AM

വഴികൾ പലതുണ്ടല്ലോ: പോക്കണംകോട്, അന്ധകാരനഴി, കടന്നാക്കുടുങ്ങി, ചങ്കുവെട്ടി, ചെകുത്താൻകുഴി.... എന്ന രീതിയിൽ ഒരു വക. വട്ടംകുളം, വളയംകുളം, തളിക്കുളം, കുന്നംകുളം.... ഇത്യാദി വേറൊരു തരം. ചെന്ത്രാപ്പിന്നി, പഴഞ്ഞി, മാഹി,  മറ്റം, ഏനാത്ത്, തകഴി, വടുതല .... എന്നിങ്ങനെ ഒരു അർത്ഥവും തോന്നാത്തവയും.സ്ഥലങ്ങളെ ഇങ്ങനെയൊക്ക ഓർക്കുമ്പോൾ കാലങ്ങളെ മറ്റൊരു രീതിയിൽ ആണ് രേഖപ്പെടുത്തുന്നത്:

മഴക്കാലം, മഞ്ഞുകാലം, വേനൽക്കാലം എന്നിങ്ങനെ പല തരം പണ്ട് ഉണ്ടായിരുന്നു. നല്ല കാലം ചീത്ത കാലം എന്നും. ക്ഷാമകാലം, വെള്ളപ്പൊക്കക്കാലം, വസൂരിക്കാലം, കോളറക്കാലം എന്നുമൊക്കെ കൂടി ഉണ്ടായിരുന്നു. സാഹിത്യത്തിന് വേറെ ഒരുതരം കാലം: ആധുനിക കാലം, അത്യാധുനിക കാലം, ഉത്തരാധുനിക കാലം, അത്യന്താധുനിക കാലം, ആധുനികോത്തര കാലം.....

അതൊക്കെ പോയി ഇത് സത്യാനന്തരകാലം ആണ് എന്നത്രെ കാര്യവിവരമുള്ളവർ പറയുന്നത്. എന്ത് പേരുള്ള ആരായാലും ഏത് കുളത്തിൽ കുളിച്ച് ഏതു വഴി വന്ന് ഏത് സ്ഥലത്ത് തങ്ങി ഇപ്പോൾ എവിടെ എത്തി എങ്കിലും ആരും ഇന്ന് സത്യാനന്തരകാലത്ത് അല്ലാതെ ജീവിക്കുന്നില്ല.

vachakam
vachakam
vachakam

(ഒരു രഹസ്യം പറയാം: ഓരോന്നിൽനിന്നും ഓരോന്നിലേക്കും ഓരോ തരം രഹസ്യവഴി ഉണ്ട്. നമ്മുടെ പ്രപഞ്ചത്തിൽനിന്ന് മറ്റൊരു പ്രപഞ്ചത്തിലേക്ക് പോകാനുള്ള വഴിപോലെ. അതിനെയാണ് പുഴുനുഴഞ്ഞുകയറ്റഗുഹവഴി - worm ഹോളി  എന്ന് പറയുക.)
സാഹിത്യത്തിൽ ഓരോ കാലവും ഓരോ പ്രസ്ഥാനമായാണ് അറിയപ്പെടുന്നത്. എന്ത് എഴുതിയാലും ആരെഴുതിയാലും ഒരു പ്രസ്ഥാനത്തിൽ പെട്ടേ എഴുത്തുകാരൻ ആകൂ. (അതുകൊണ്ട് വാല്മീകിയും വ്യാസനും കാളിദാസനും ഷേക്‌സ്പിയറും ഒന്നും എഴുത്തുകാർ അല്ല! അവർക്ക് ആർക്കും ഒരു പുരസ്‌കാരവും കിട്ടിയതായി രേഖയും ഇല്ല).

സത്യാനന്തരകാലമായതുകൊണ്ട് അസത്യം പറയുന്ന എല്ലാവരെയും എഴുത്തുകാരായി പരിഗണിക്കും. ഏറ്റവും നന്നായി കള്ളം പറയുന്നവരെ ഏറ്റവും നല്ല എഴുത്തുകാരായും കാണും. അവർക്ക് ചക്രങ്ങളും രത്‌നങ്ങളും കൊടുക്കും. ഇപ്പോൾ ഒരു വലിയ കുഴപ്പം സംഭവിച്ചിരിക്കുന്നതിനെപ്പറ്റി പറയാനാണ് ഇത്രയൊക്കെ വിശദീകരിച്ചത്: സർവ്വകലാശാലകൾ ഇവിടെ ഗവേഷണം നടത്തി കണ്ടെത്തിയിരിക്കുന്ന ഏറ്റവും നല്ല സമകാലിക കഥാകാരന്മാർ ജീവിതത്തിൽ ഒരക്ഷരവും എഴുതാത്തവരാണ്. നട്ടാൽ കുരുക്കാത്ത നുണ പറയുന്നവർക്കൊക്കെ സാഹിത്യ പുരസ്‌കാരങ്ങൾ നൽകേണ്ടുന്ന അവസ്ഥ!

ഉദാഹരണത്തിന് നാട്ടിൽ മഴ പെയ്യാത്തത് ഭരണകക്ഷിയുടെ ജാതകഫലം കാരണമാണ് എന്ന് പ്രതിപക്ഷം. മഴക്കാറുകൾ മുഴുവൻ ആട്ടിത്തെളിച്ച് പ്രതിപക്ഷം കർണാടകത്തിലേക്ക് കൊണ്ടുപോകുന്നതിനാലാണ് മഴ പെയ്യാത്തത് എന്ന് ഭരണകക്ഷി. ഉഷ്ണ തരംഗവും ഭക്ഷണക്ഷാമവും ഉണ്ടാകാൻ കാരണം അന്യ മതക്കാരുടെ സാന്നിധ്യം ആണ് എന്ന് മൂന്നാമതൊരു കക്ഷി. ഇതിനൊക്കെ അരികു ചേർന്ന് നിൽക്കുന്ന വേറെയും കക്ഷികളും ഉണ്ട്.

vachakam
vachakam
vachakam

ഏത് കക്ഷിക്കാരോട് ആയാലും വഴി ചോദിച്ചാൽ സത്യത്തിന് വിപരീതമായ ഇടവഴി താത്വികമായും ആധികാരികമായും കാണിച്ചു തരും. പപ്പടം മുതൽ പട്ടിക്കുട്ടിയെ വരെ വിൽക്കുന്നത് കള്ളം മാത്രം പറഞ്ഞാണ്. എന്നാലോ ഞാൻ കള്ളം പറയാറില്ല എന്ന് മാത്രമേ എല്ലാവരും കോടതിയിൽ എന്നല്ല വീട്ടിലും ഓഫീസിലും പറയാറുള്ളൂ! കോടതിയിൽ ആണെങ്കിൽ ദൈവം സാക്ഷി എന്ന ഒരു ഉറപ്പു കൂടി ഉണ്ടാക്കിവെക്കും എന്നു മാത്രം! ക്വട്ടേഷൻ വ്യവസായത്തിലെ രാജാവാണ് സത്യാനന്തരകാലത്തെ പ്രത്യക്ഷ ദൈവം.
ഉള്ളത് പറഞ്ഞാൽ ഉറിയും ചിരിക്കും എന്നും കണ്ടത് പറഞ്ഞവന് കഞ്ഞിയില്ല എന്നും  ഒരു കോടതിയും സത്യക്കോടതി അല്ല ന്യായക്കോടതി മാത്രമാണ് എന്നും പണ്ടേ പറയാറുള്ളത് സത്യാനന്തര കാലത്തിന്റെ മുന്നറിയിപ്പായിരുന്നു എന്നാണ് ഇപ്പോൾ ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അസത്യം എത്ര ഭംഗിയായി പറയുന്നുവോ അത്രയും ആണ് ജീവിതവിജയം എന്ന് പണ്ടേ പറയപ്പെട്ടിട്ടുള്ളത് സത്യാനന്തരയുഗം മുളച്ചു വരുന്നതിന്റെ ലക്ഷണമായിരുന്നു എന്നും കരുതപ്പെടുന്നു. ആ സഭവത്തിന്റെ തുടക്കം (സത്യമായും) ഇങ്ങനെയാണ്:
ഒരു വലിയ ഇല്ലത്തെ കാര്യസ്ഥൻ ആയിരുന്ന ഒരു നായർ പ്രമാണി തനിക്ക് പ്രായമായപ്പോൾ തന്റെ മരുമകനെ ആ ജോലി ഏൽപ്പിക്കാൻ തീരുമാനിച്ചു. (അതായത് തലമുറ മാറ്റം.) ഒരു ജോലിയും ചെയ്യാതെ സുഖമായി കഴിഞ്ഞു കൂടിയിരുന്ന ആ തിരുമാലിക്ക് ഇതത്ര രസിച്ചില്ല.

'ആ ജോലി എനിക്കറിയില്ലല്ലോ, അമ്മാവാ' എന്നായി അയാൾ. അമ്മാവൻ അയാളെ ആശ്വസിപ്പിച്ചു, 'കാര്യം വളരെ എളുപ്പമാണ്. കുളിയും പ്രാതലും കഴിഞ്ഞ് തിരുമേനി പൂമുഖത്ത് വന്ന് മുറുക്കി ഇരിക്കും. അപ്പോൾ ചെന്ന് രസകരമായ എന്തെങ്കിലും ഒരു കള്ളം പറയണം. അത് അദ്ദേഹത്തിന് ഇഷ്ടമായാൽ ജോലി കഴിഞ്ഞു! ഒരു നേരും പറഞ്ഞ് മുഷിപ്പിക്കാൻ പാടില്ല!' പിറ്റേന്നാൾ അനന്തരവൻ പുറപ്പെട്ടു. തക്ക സമയത്ത് ചെന്നു.

vachakam
vachakam
vachakam

'ആരാ?' എന്ന് തിരുമേനി.

'നാണുവിന്റെ അനന്തരവൻ. അമ്മാവന് നല്ല സുഖമില്ല. ഇവിടത്തെ വിശേഷങ്ങൾ അന്വേഷിക്കാൻ പറഞ്ഞു.'

'ആകട്ടെ, എന്തൊക്കെയാണ് നാട്ടുവർത്തമാനം?'

നുണയുടെ അമിട്ട് പൊട്ടിക്കേണ്ട നേരം ഇതാണ് എന്ന് കണ്ട് ആ വിദ്വാൻ പറഞ്ഞു:

അടിയൻ വരുന്ന വഴിയിൽ ഒരു വെള്ളക്കാരൻ ഒരു ആടിനെ വെടിവയ്ക്കുന്നത് കണ്ടു. ഒറ്റ വെടിക്ക് ആടിന്റെ കൊമ്പും കുളമ്പും ഒരുമിച്ച് അങ്ങ് പോയി!'

'ആയ്യയ്യേ, ഇത്ര കുറവാണോ തനിക്ക് വകതിരിവ്! ഒരു വെടിയിൽ ഒരു ഉണ്ടയല്ലേ ഉള്ളൂ? അതെങ്ങനെ വെവ്വേറെ രണ്ടിടത്ത് ഒരുമിച്ചു കൊള്ളും?'

'അപ്പരണ്ടിസ്' കാര്യസ്ഥൻ കുഴങ്ങി. കുറിച്ചിട നിന്ന് പരുങ്ങി. പക്ഷേ തിരുമേനി വിട്ടില്ല, 'നുണയാണെങ്കിലും കേൾക്കാൻ ഒരു ചിതമൊക്കെ വേണ്ടടോ?'

പരീക്ഷയിൽ തോറ്റ അയാൾ തലയും താഴ്ത്തി മടങ്ങി.

ഇത് സംഭവിച്ചേക്കാം എന്ന് കാത്തിരിക്കുകയായിരുന്ന അമ്മാവൻ ചോദിച്ചു: 'പണി പറ്റിയില്ല, അല്ലേ?' എന്നിട്ട് വടിയൂന്നി എഴുന്നേറ്റു: 'വാ, ഒരു കൈ കൂടി നോക്കാം!'

'തന്റെ ശേഷക്കാരന് ഒരു വക വിവരൂം ഇല്ല, അല്ലേ!' കണ്ട പടി തിരുമേനി അവരോട് ചിരിച്ചു.

'അങ്ങനെയല്ല, തിരുമേനി. ഒരു കാര്യം പറയാൻ അവൻ വിട്ടുപോയതാണ്,' കാരണവർ വാക്കൈ പൊത്തി അറിയിച്ചു.

'എന്നാൽ കേൾക്കട്ടെ, ഇനി താൻ പറയാ!'

'കാര്യം ഇത്രയേ ഉള്ളൂ: വെടി പൊട്ടുമ്പോൾ ആട് കുളമ്പിന്റെ നഖംകൊണ്ട് കൊമ്പിന്റെ കട ചൊറിയുകയായിരുന്നു.'

'അതു ശരി! ഈ വിഡ്ഢി കൂശ്മാണ്ഡത്തിന് അത് ഇങ്ങട്ട് പറഞ്ഞാൽ പോരായിരുന്നോ?!'
അങ്ങനെ അനന്തരവനെ ജോലിയിൽ സ്ഥിരപ്പെടുത്തി അമ്മാവൻ, കോണകവാലറ്റം അല്പം പുറത്തു കാണത്തക്കവിധം മുണ്ട് മുടക്കി കുത്തി, മടങ്ങി. ഈ മരുമകനാണ് ഈ സത്യാനന്തരകാലത്തെ ഏറ്റവും നല്ല എഴുത്തുകാരൻ, ഭരണാധികാരി, രാഷ്ട്രതന്ത്രജ്ഞൻ, ഏറ്റവും വലിയ പണക്കാരനും.

മറ്റൊരു പ്രപഞ്ചത്തിലേക്ക് നുഴഞ്ഞ കടുക്കാനുള്ള കഴിവാണ് നിർണായകം. നുണ കൊണ്ട് വഴി തുരന്നാണ് പോകേണ്ടത്. അതിനാൽ സത്യശീലൻ വക്കീലും, മായം ചേർക്കാതെ ടോയ്‌ലറ്റ് പേപ്പർ ഉൾപ്പെടെ എന്തെങ്കിലും ഒന്ന് ഉണ്ടാക്കുന്ന വ്യവസായിയും, കക്കുന്നവരിൽ നിൽക്കാൻ ഒട്ടും പഠിക്കാത്തവരും, കുശാഗ്രബുദ്ധി തട്ടിപ്പിന് ഉപയോഗിക്കുന്നതിൽ മനപ്രയാസം ഉള്ളവവരും ഒക്കെ തോൽക്കും. ആയുധം വിറ്റ് അധികാരവും അധികാരം വിറ്റ് ആയുധവും വാങ്ങുന്നവർ മാത്രം തുള കടക്കും. ഇങ്ങനെ കടക്കുന്നവർ തമ്മിൽ കണ്ടാൽ പരസ്പരം കൊന്ന് തിന്നും. അവസാനം വിഷത്തിൽ ഒരു വലിയ പുഴു മാത്രം ബാക്കിയാവും. അത് വിശന്നു ചാകുന്നതോടെ സത്യാനന്തരകാലം അവസാനിക്കും!

(യോഗ) ആസനം വിജയത്തിലേക്ക് ഉള്ള വഴിയാണ്, ക്ലാസുകൾ തുടങ്ങി, എന്നാണ് പരസ്യം. മാനേജ്‌മെന്റ് ഗീതയിൽ, ബ്രഹ്മസൂത്രവും സ്റ്റാർട്ടപ്പുകളും, വേദവിദ്യകൾ ഷെയർ മാർക്കറ്റിൽ, തട്ടിപ്പുകളെ തട്ടിക്കാൻ നിർമ്മിത ബുദ്ധി സൂത്രങ്ങൾ എന്നിങ്ങനെ നിരവധി വിഷയങ്ങളിൽ ക്രാഷ് കോഴ്‌സുകൾ ഇപ്പോൾ സുലഭം. അതൊക്കെ നടത്തുന്നവർ ധനാഢ്യ പട്ടികയിലെ റാങ്ക് ലിസ്റ്റിൽ വരുന്നു, മറ്റേ പ്രപഞ്ചത്തിലേക്ക് കടന്ന്!

ഏതായാലും, ഞാൻ നിന്നെ സ്‌നേഹിക്കുന്നു എന്ന് പറയുന്നവർ അത് തെളിയിക്കാനുള്ള ആപ്പ് കൂടി കരുതണം. ഹൗ മച്ച് എന്ന തിരിച്ചു ചോദിച്ചാൽ മറുപടി പറയാൻ മാർക്കറ്റ് നിലവാരം കൂടി അറിഞ്ഞിരിക്കുകയും വേണം.

എല്ലാമെല്ലാം പെട്ടെന്ന് മാറിമറിയുന്നത് ശ്രദ്ധിക്കുക. പണ്ടോറയുടെ പെട്ടി പൊട്ടിക്കുമ്പോൾ പുറത്തു ചാടുന്നത് എന്തൊക്കെയെന്ന് ആർക്കറിയാം! ഒരു കാര്യമേ തീർച്ചയുള്ളൂ: സത്യത്തിന്റെ പ്രതിഫലനം അപ്പോഴും അതിൽ ഉണ്ടാവില്ല. കാരണം ഇത് സത്യാനന്തരയുഗമാണ്. കള്ളന്മാർ അല്ലാത്ത ആരും ഇല്ലാത്തതുകൊണ്ട് ആർക്കും കഞ്ഞി വയ്ക്കാൻ സത്യസന്ധർ ആരുമില്ല ബാക്കി എന്ന ഒരുകുഴപ്പംമാത്രം

സി. രാധാകൃഷ്ണൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam