കണ്ണുനീർത്തുള്ളിയെ മേയറോടുപമിക്കാം..

MAY 2, 2024, 11:20 AM

കനക സിംഹാസനത്തിൽ കയറിയിരുന്നൊരു നാടുവാഴിയെ'ശുംഭൻ' എന്ന് പണ്ടുസിനിമാ ഗാനത്തിൽ ആക്ഷേപിച്ചത് മലയാളി സമൂഹം പരക്കെ ആസ്വദിച്ചു. പക്ഷേ, വോട്ടർമാരുടെ മുന്നിലിറക്കുന്ന അടവുകളുടെ ബലത്തിൽ കനക സിംഹാസനമേറുന്ന 'ശുംഭ' നേതാക്കളുടെ എണ്ണം ക്രമാതീതതായി വർദ്ധിക്കുന്നത് സമ്മിശ്ര വികാരങ്ങളോടെ കണ്ടുനിൽക്കാനുള്ള യോഗമാണ് തുടർന്ന് നാടിന് വന്നു പെട്ടത്.

രാഷ്ട്രീയാധികാരം കൈപ്പിടിയിലായാൽ പിന്നെ ജനമന:സാക്ഷിയെപ്പറ്റിയൊന്നുമുള്ള ആധിവ്യാധികൾ ആവശ്യമില്ലെന്ന ധാരണ നേതാക്കളിൽ വേരുപിടിച്ചതിന്റെ ശബ്ദമുഖരിത ദൃഷ്ടാന്തമായി തിരുവനന്തപുരത്ത് വനിതാ മേയറും ജീവിത പങ്കാളിയായ എം.എൽ.എയും ചേർന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവറോടും യാത്രക്കരോടും കാട്ടിയ അതിക്രമം. കറുപ്പഴകാർന്ന ജന്മങ്ങളെ അധിക്ഷേപിച്ച കലാമണ്ഡലം ലേബലുള്ള നൃത്താധ്യാപികയെ വകഞ്ഞു മാറ്റി മാധ്യമങ്ങളിൽ 'വില്ലത്തി' റോളിൽ ചളുങ്ങി നിൽക്കുന്ന മേയറെയും ഭർത്താവിനെയും പക്ഷേ, പാർട്ടി സംരക്ഷിക്കുമെന്ന കാര്യം ഉറപ്പ്.

മേയർ ആര്യ രജേന്ദ്രനും സച്ചിൻദേവ് എം.എൽ.എയും കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവും തമ്മിലുണ്ടായ തർക്കത്തിലെ യാഥാർത്ഥ്യം പുറത്ത് വരുന്നതിൽ നിർണായക വഴിത്തിരിവാകുമായിരുന്ന സി.സി.ടി.വി ദൃശ്യങ്ങൾ നഷ്ടപ്പെട്ടത് പാർട്ടി ഒരുക്കിക്കഴിഞ്ഞ സംരക്ഷണക്കുടയുടെ മറവിലാകാനേ വഴിയുള്ളൂ. കെ.എസ്.ആർ.ടി.സി ബസിനുളളിൽ സിസിസിടി ക്യാമറയിൽ ഒരു ദൃശ്യവുമുണ്ടായിരുന്നില്ലെന്നാണ് പൊലീസ് പരിശോധനയിൽ വ്യക്തമായത്. മെമ്മറി കാർഡ് കാണ്മാനില്ല. മൂന്ന് ക്യാമറകളാണ് ബസിലുണ്ടായിരുന്നത്. മെമ്മറി കാർഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പറഞ്ഞത് ഫലത്തിൽ വെറും വാക്ക് മാത്രം.

vachakam
vachakam
vachakam

കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ ശേഖരിക്കാൻ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സിക്ക് പൊലീസ് കത്ത് നൽകിയിരുന്നു. തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് തിരിച്ചെത്തിയ ശേഷമാണ് പരിശോധന നടന്നത്. മേയർ ആരോപിക്കുന്ന പോലെ ബസ് അമിത വേഗത്തിലായിരുന്നോ, വാഹനങ്ങളെ ഓവർടേക്ക് ചെയ്തിരുന്നോ എന്ന കാര്യത്തിൽ സിസിടിവിയിലെ ദൃശ്യങ്ങൾ നിർണായകമാകുമെന്നായിരുന്നു കരുതിയത്. ബസിലെ യാത്രക്കാരുടെ പട്ടിക കെ.എസ്.ആർ.ടി.സി അധികൃതർ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തുമെങ്കിലും അതൊരു വഴിപാടാകുമെന്ന കാര്യത്തിൽ ആർക്കുമില്ല സംശയം.

ബസിനെതിരെ കൈയേറ്റമോ യാത്ര തടസ്സപ്പെടുത്തലോ സംഭവിച്ചാൽ സാധാരണഗതിയിൽ കോർപ്പറേഷൻ അധികൃതർ പോലീസിൽ പരാതി നൽകുകയും കുറ്റവാളികൾക്കെതിരെ നിയമ നടപടിയിലേക്ക് നീങ്ങുകയുമാണ് ചെയ്യാറുള്ളത്. എന്നാൽ ഈ പ്രശ്‌നത്തിൽ പ്രതികൾ മേയറും എം.എൽ.എയുമാണെന്നറിഞ്ഞതോടെ പോലീസിൽ പരാതി നൽകേണ്ടെന്ന് തീരുമാനിച്ചു കെ.എസ്.ആർ.ടി.സി. മന്ത്രി ഗണേഷ് കുമാറാകട്ടെ, തന്ത്രപരമായ നിലപാടെടുത്തു.

മേയറെ പിന്തുണച്ചും ഡ്രൈവറെ കുറ്റപ്പെടുത്തിയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തു വന്നു. താൽക്കാലികാടിസ്ഥാനത്തിൽ നിസ്സാര പ്രതിഫലത്തിന് വണ്ടിയോടിക്കുന്ന ഡ്രൈവറോട് ഇനി ജോലിക്ക് വരേണ്ടെന്ന് നിർദ്ദേശമെത്തി. ബസിനുള്ളിലെ നിരീക്ഷണ ക്യാമറ പരിശോധിച്ച ശേഷം മതി ഡ്രൈവർക്കെതിരായ നടപടിയെന്ന ചിന്ത അധികൃതർക്കുണ്ടായില്ല.

vachakam
vachakam
vachakam

ഡ്രൈവർക്കെതിരെ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പ്രമേയവും പാസാക്കി. കൗൺസിൽ യോഗത്തിൽ കണ്ണീർ പ്രവാഹവുമായി ഗദ്ഗദ കണ്ഠയായി മേയർ നടത്തിയ പ്രസംഗം പക്ഷേ നാടകമായി മാറി. സി.പി.എം-ബി.ജെ.പി കൗൺസിലർമാർ തമ്മിൽ വാക്കുതർക്കവും അരങ്ങേറി. കെ.എസ്.ആർ.ടി.സി ഡ്രൈവറെ പിരിച്ചുവിടണമെന്നും സംഭവത്തിൽ നിയമ നടപടി സ്വീകരിക്കണമെന്നും പറഞ്ഞുകൊണ്ടുള്ള പ്രമേയമാണ് കൗൺസിൽ പാസാക്കിയത്. നഗരത്തിലെ ജനങ്ങളുടെ ആത്മാഭിമാനത്തെയാണ് മുറിവേൽപ്പിച്ചതെന്നും സമൂഹത്തോട് മേയർ മാപ്പ് പറയണമെന്നും കൗൺസിൽ യോഗത്തിൽ ബി.ജെ.പി ആവശ്യപ്പെട്ടു. കോൺഗ്രസ് അംഗങ്ങളും വിമർശനം ഉന്നയിച്ചു.

പ്ലാമൂട് പി.എം.ജി റോഡിൽ രാത്രി 10.30നായിരുന്നു കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ മേൽ കുതിര കയറിയ സംഭവം. യാത്രക്കാരെ ഇറക്കാനായി ബസ് നിർത്തിയപ്പോൾ, മേയർ സഞ്ചരിച്ച കാർ ബസിനു മുമ്പിൽ കുറുകെയിട്ട് യാത്ര തടസ്സപ്പെടുത്തി. ഇക്കാര്യം മേയർ പിന്നീടു നിഷേധിച്ചെങ്കിലും ആരോ എടുത്ത ഫേട്ടോ തെളിവായുണ്ട്. പട്ടത്ത് നിന്ന് പാളയം വരെ കെ.എസ്.ആർ.ടി.സി ഡ്രൈവർ കാറിന് സൈഡ് തന്നില്ലെന്നും അസഭ്യമായ രീതിയിൽ ലൈംഗിക ചുവയോടെ ആംഗ്യം കാണിച്ചെന്നും അത് ചോദ്യം ചെയ്യാനാണ് ബസിന്റെ മുമ്പിൽ തടസ്സം സൃഷ്ടിച്ചതെന്നുമായി മാറി മേയറുടെ വിശദീകരണം.

കാറിൽ മേയർക്കൊപ്പമുണ്ടായിരുന്ന ഭർത്താവ് സച്ചിൻദേവ് എം.എൽ.എ ബസിൽ കയറി തന്നെ ഭീഷണിപ്പെടുത്തിയതായും യാത്രക്കാരെ ഇറക്കി വിടാൻ ശ്രമിച്ചതായും ഡ്രൈവർ പറഞ്ഞു. മാത്രമല്ല ബസിന്റെ ഇടതു വശത്തു കൂടെ നിയമവിരുദ്ധമായ രീതിയിലാണ് മേയർ ഓവർടേക്കിംഗിന് ശ്രമിച്ചത്. മേയറും ഡ്രൈവറും തമ്മിലുണ്ടായ പ്രശ്‌നത്തിനു പിന്നാലെ സ്ഥലത്തെത്തിയ കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ സംഭവത്തെക്കുറിച്ച് അന്വേഷിച്ചു തയ്യാറാക്കിയ റിപ്പോർട്ടിൽ, മേയർ ഗതാഗത നിയമം ലംഘിച്ചതായും കാർ വിലങ്ങിട്ട് കെ.എസ്.ആർ.ടി.സിയുടെ യാത്ര തടഞ്ഞതായും സ്ഥിരീകരിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ ഗതിയെന്താകുമെന്നതിൽ അനിശ്ചിതത്വം ബാക്കിയാണ്.

vachakam
vachakam
vachakam

ഗതാഗത മന്ത്രിയുടെ നിർദേശാനുസാരം വിജിലൻസ് നടത്തിയ അന്വേഷണത്തിലും ഡ്രൈവർക്കെതിരായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നാണ് അറിഞ്ഞത്. റെഡ് സിഗ്‌നലിലാണ് കാർ നിർത്തി ബസ് ഡ്രൈവറുമായി സംസാരിച്ചതെന്നായിരുന്നു മേയർ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. ഇത് പച്ചക്കള്ളമാണെന്ന് കാണിക്കുന്നു ക്യാമറ ദൃശ്യവും അന്വേഷണ റിപ്പോർട്ടും. സംഭവം നടക്കുമ്പോൾ മറ്റു വാഹനങ്ങൾ അതുവഴി കടന്നു പോകുന്ന സി.സി.ടിവി ദൃശ്യങ്ങളുണ്ട്. റെഡ് സിഗ്‌നൽ സമയത്താണ് കാർ നിർത്തിയതെന്ന മേയറുടെ വാദത്തെ ഇത് പൊളിക്കുന്നു. സംഭവ സമയത്ത് ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന മേയറുടെ ആരോപണവും മെഡിക്കൽ പരിശോധനയിൽ പൊളിഞ്ഞു.

അപകടകരമായ രീതിയിൽ മറ്റൊരു വാഹനത്തെ പിന്തുടരുന്നതും തടയുന്നതും ഇടത് വശത്തു കൂടെയുള്ള ഓവർടേക്കിംഗും ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാവുന്ന കുറ്റമാണ്. നടുറോഡിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞതിന് ജാമ്യമില്ലാ കുറ്റത്തിന് കേസെടുക്കാനും വകുപ്പുണ്ട. സീബ്ര ലൈനിലേക്ക് കയറ്റി വാഹനം പാർക്ക് ചെയ്യുന്നതും ബസ് ഡ്രൈവറുടെ കൃത്യനിർവഹണം തടയുന്നതും ബസ് മുടക്കി സാമ്പത്തിക നഷ്ടം വരുത്തുന്നതും കുറ്റങ്ങൾ തന്നെ. പക്ഷേ, അധികാര ബലത്താൽ ഈ പറഞ്ഞ നിയമ ലംഘനങ്ങളെല്ലാം നടത്തിയവർ സുരക്ഷിതരായി വിരാജിക്കുന്നു.

ഡ്രൈവർ അസഭ്യമായ രീതിയിൽ ആംഗ്യം കാണിച്ചത് ചോദ്യം ചെയ്യാനാണ് ബസ് തടഞ്ഞിട്ടതെന്ന മേയറുടെ വാദത്തിന് നിയമപരമായി നിലനിൽപ്പില്ല. ലൈംഗികാതിക്രമം നടന്നാൽ വാഹനം തടഞ്ഞ് നിയമം കയ്യിലെടുത്ത് പ്രതിയെ ചോദ്യം ചെയ്യാൻ ജനപ്രതിനിധികൾക്ക് അധികാരവുമില്ല. പോലീസിനെ വിവരമറിയിക്കുകയാണ് ലൈംഗികാതിക്രമ കേസുകളിൽ ചെയ്യേണ്ടത്. പ്രതി രക്ഷപ്പെടാൻ സാധ്യതയുണ്ടെങ്കിൽ മാത്രമേ തടയാൻ ശ്രമിക്കാവൂ.

മന്ത്രി ഗണേഷ് കുമാറിന്റെ നിർദേശ പ്രകാരം അടുത്തിടെ ക്യാമറ ഘടിപ്പിച്ച ബസുകളിലൊന്നാണ് വിവാദത്തിലകപ്പെട്ടത്. ബസിനുള്ളിലും മുന്നിലും പിന്നിലും ക്യാമറകളുണ്ട്. ആരാണ് കുഴപ്പക്കാർ? ബസിലെ യാത്രക്കാരെ ഇറക്കിവിട്ടതാര്? ബസും മേയറുടെ കാറും എത്ര നേരം ഒരുമിച്ചോടി? ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങൾ ഈ ക്യാമറകളിൽ നിന്നു ലഭിക്കുമായിരുന്നു.

'അടിമകളോ?...'

സംഭവത്തെപ്പറ്റി സാമൂഹിക മാധ്യമങ്ങളിൽ വന്ന റിട്ടയേർഡ് എസ്.പി പി.സി. രാമചന്ദ്രൻ നായരുടെ കുറിപ്പ് ഇതിനിടെ ശ്രദ്ധേയമായി.'ഞാനുൾപ്പെടുന്ന മലയാളി സമൂഹത്തിനു വന്നുചേർന്ന അപചയത്തിന്റെ നേർക്കാഴ്ചയിലേക്കുള്ള ഒരെത്തിനോട്ടം ആയി ഈ സംഭവത്തെ കാണണം' എന്നഭ്യർത്ഥിച്ചുള്ള രാമചന്ദ്രൻ നായരുടെ ചില നിരീക്ഷണങ്ങൾ :

'വെളുപ്പിന് രണ്ട് മണി മുതൽ രാത്രി പത്ത് മണി വരെ സൂപ്പർ ഫാസ്റ്റ് ഒരപകടവും വരുത്താതെ വിശ്രമമില്ലാതെ ഓടിച്ചു വന്ന യദുവെന്ന ചെറുപ്പക്കാരന് താൻ ചെയ്യാത്ത കുറ്റത്തിന് കേസിൽ പ്രതിയകേണ്ടി വന്നു. അയാൾക്ക് നേരിടേണ്ടി വന്ന അപമാനത്തിനും സാമ്പത്തിക നഷ്ടത്തിനും ഉത്തരവാദികളായ ആ ബസിലെ എന്റെ പരിച്ഛേദം കൂടി ആയ പതിനഞ്ച് യാത്രക്കാരുടെ മാനസികാവസ്ഥയാണു പ്രതിപാദ്യം.

കല്യാണസൽക്കാരം കഴിഞ്ഞു മടങ്ങിവരും വഴി താൻ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിന് സൈഡ് കൊടുത്തില്ല എന്ന കാരണം പറഞ്ഞ് സൂപ്പർ ഫാസ്റ്റ് ബസ്സിനെ മേയർ ഇടതുവശത്തു കൂടി മറികടന്നു. ബസിന്റെ മുന്നിൽ കാർ കുറുകെയിട്ട് ബസ്സ് തടയുന്നു. തുടർന്ന് മേയറും ഭർത്താവും ഇറങ്ങി ബസ് ഡ്രൈവറെ പുലഭ്യം പറയുന്നു. ഭർത്താവായ എം.എൽ.എ ബസിനുള്ളിൽ കയറി അതിലുണ്ടായിരുന്ന യാത്രക്കാരെ 'ഈ ബസ്സ് ഇനി പോകില്ല' എന്ന് പറഞ്ഞു ബലമായി ഇറക്കിവിടുന്നു. തുടർന്ന് ഈ രംഗങ്ങൾ ഫോണിൽ പകർത്തുന്നത് കണ്ടിട്ട് എം.എൽ.എ ഭീഷണിപ്പെടുത്തി അത് ഡിലീറ്റ് ചെയ്യിക്കുന്നു. വാട്‌സാപ്പിൽ കളിച്ചും തെറിപറഞ്ഞും അഭിരമിക്കാനും മാത്രം അറിയുന്ന എന്റെയും കൂടി ഭാഗമായ ആ 15 യാത്രക്കാരിൽ ഒരാൾ പോലും 'ഞാനിറങ്ങില്ല' എന്ന് പറയാൻ ഉള്ള തന്റേടം ഇല്ലാതെ വെറും അടിമകളെപ്പോലെ ഇറങ്ങിപ്പോയി.

ആ നടപടിയെ ആണ് നമ്മൾ അപലപിക്കേണ്ടത്. കാരണം ഇരുപതു മണിക്കൂർ വിശ്രമമില്ലാതെ ബസ് ഓടിച്ചിരുന്ന ഡ്രൈവർ ഇടയ്ക്കു വച്ചു മദ്യപിക്കുകയോ മറ്റു ലഹരി ഉപയോഗിക്കുകയോ ചെയ്തിരുന്നെങ്കിൽ യാത്രക്കാരിൽ ആരെങ്കിലും വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ ആ നിമിഷം പങ്കുവച്ചും, മേലധികാരികളെ അറിയിച്ചും നടപടിയെടുപ്പിക്കുമായിരുന്നു എന്നുള്ളതാണ് യാഥാർഥ്യം. അതിനൊരു പിശുക്കും അവർ കാണിക്കുകയില്ലായിരുന്നു.

തങ്ങളുടെ ജീവനെ ആ ചെറുപ്പക്കാരന്റെ കൈകളിൽ എൽപ്പിക്കാൻ ഒരു വൈമനസ്യവും അവർ ആരും കാണിച്ചതുമില്ല. എന്നിട്ടും ആ ഡ്രൈവറുടെ ഭാഗത്ത് ഒരു തെറ്റും ഉണ്ടായിട്ടില്ല എന്ന് ഉത്തമബോധ്യം ഉണ്ടായിരുന്ന 15 യാത്രക്കാർ ഒരു എം.എൽ.എ വന്ന് ഇറങ്ങിപ്പോകണമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ ' ഡ്രൈവറുടെ ഭാഗത്ത് തെറ്റൊന്നും ഇല്ലല്ലോ 'എന്ന് തന്റേടത്തോടെ പ്രതികരിക്കുന്നതിനു പകരം ഒന്ന് ഞരങ്ങുക പോലും ചെയ്യാതെ തമ്പാനൂർ വരെ നടന്നോ വാഹനത്തിലോ പോകാൻ ഒരു തയ്യാറായി. അവരെ ഗ്രസിച്ചിരിക്കുന്ന 'ഞാനായിട്ട് എന്തിന് പൊല്ലാപ്പിനൊക്കെ പോകണം' എന്ന അടിമ മനോഭാവം ഒന്നുമാത്രമാണ് സംഭവത്തിന് ഹേതുവായത് എന്നതല്ലേ സത്യം

ഞാനുൾപ്പടെയുള്ള സമൂഹത്തിന്റെ 'പ്ലേ സേഫ്' എന്ന മനോഭാവമാണ് ഇത്തരം കാര്യങ്ങൾ ഉണ്ടാകാനുള്ള കാരണം. ഒരു ഇരുപതു വർഷം മുൻപ് ഇങ്ങനെ അല്ലായിരുന്നു മലയാളിയെന്നു തന്റേടത്തോടെ പറയാം. നമ്മുടെ ധാർമിക ബോധവും തീക്ഷ്ണതയുമൊക്കെ നശിച്ചതിന്റെ ഉദാഹരണമായേ ആ യാത്രക്കാരുടെ ഇറങ്ങിപ്പോക്കിനെ കാണാൻ കഴിയൂ. ഞാനുൾപ്പടെയുള്ളവരുടെ ധാർമിക അധഃപതനം ഒന്നുമാത്രമാണ് ഇന്ന് രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സാധാരണ ജനങ്ങളുടെ മേൽ ഉണ്ടാക്കിയെടുത്തിരിക്കുന്ന അധീശത്വത്തിനു കാരണം എന്നും പറയാതെ വയ്യ.

മേയർ സ്ഥാനം ലോകത്തെ ഏറ്റവും വലിയ കാര്യം ഒന്നുമല്ല;സിനിമാ നടൻ മധുവിന്റെ അച്ഛൻ പരമേശ്വരൻ നായരും, മെരിലാൻഡ് സുബ്രഹ്മണ്യവുമൊക്കെ അലങ്കരിച്ചിരുന്ന പദവിയാണ് താനും അനുഭവിക്കുന്നതെന്ന ബോധ്യം മേയർ ആര്യയ്ക്കുണ്ടാകണം. തലസ്ഥാനത്തെ സർഗ്ഗ പ്രതിഭാധനരും, സംസ്‌കാരിക നായകർ എന്നവകാശപ്പെടുന്നവരും ഒന്നും പ്രതികരിച്ചു കണ്ടില്ല. ഈ സംഭവം തമിഴ്‌നാട്ടിലോ മറ്റു സംസ്ഥാനത്തോ ആയിരുന്നെങ്കിലോ?

ആത്മാഭിമാനം നഷ്ടപ്പെട്ട വെറും ഷണ്ഡന്മാരായ ഒരു ജനതയുടെ പേരോ മലയാളി?

ഈ സംഭവം നടന്ന സ്ഥലത്തിന് ഏറെ ദൂരെയല്ലാതെ ഉള്ള ഭവനങ്ങളിൽ ആ സമയം സ്വസ്ഥമായി ഉറങ്ങികിടക്കുകയായിരുന്ന ഡിജിപി, അദ്ദേഹത്തെ ഭരിക്കുന്ന ക്രമസമാധാന ചുമതലയുള്ള എഡിജിപി, ഐജി, സിറ്റി പോലീസ് കമ്മീഷണർ എന്നിവരോട് ഒന്നേ ചോദിക്കാനുള്ളു: നിങ്ങൾ ട്രെയിനിങ് കാലത്തു മനഃപാഠം ആക്കിയ ഭരണ നിർവഹണ ചുമതല മറന്നു പോയോ?

ഇല്ലെങ്കിൽ ഡ്രൈവർ യദുവിന്റെ മൊഴി രേഖപ്പെടുത്തി മേയർ, അവരുടെ ഭർത്താവ്, അവർ സഞ്ചരിച്ചിരുന്ന സ്വകാര്യ കാർ ഡ്രൈവർ എന്നിവരുടെ പേരിൽ നിയമാനുസരണമുള്ള വകുപ്പുകൾ ചേർത്ത് ഔദ്യോഗിക കൃത്യനിർവഹണത്തിനു തടസ്സമുണ്ടാക്കിയതിനും സർക്കാരിനു ധനനഷ്ടമുണ്ടാക്കിയത്തിനും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം.

ഇക്കഴിഞ്ഞ ദിവസം മലയാളി മേസണും ഹെൽപ്പർ ആയ ബംഗാളിക്കും 1200 ഉം,1100 ഉം രൂപ കൂലി കൊടുത്ത എനിക്ക് ആ ചെറുപ്പക്കാരൻ ഡ്രൈവർ വെറും 700 രൂപയ്ക്കാണ് ഉറക്കമിളച്ചു ജോലി ചെയ്യുന്നതെന്ന് കേട്ടപ്പോൾ വല്ലാത്ത ദുഃഖം തോന്നി. എന്നാൽ അക്ഷോഭ്യനായി അക്രോശിച്ചു കൊണ്ടു നിന്ന മേയറുടെ മുഖത്തുനോക്കി 'മുപ്പതു ദിവസത്തെ ശമ്പളം തന്നിട്ടു മതി ഇതൊക്കെ ' എന്ന് പറയാൻ കാണിച്ച തന്റേടത്തിന് അഭിനന്ദനങ്ങൾ. യദു എന്ന ഡ്രൈവർ നമ്മുടെ പുതു തലമുറയ്ക്ക് പ്രചോദനം ആകട്ടെ.'

ബാബു കദളിക്കാട്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam