വാഷിംഗ്ടണ്‍: യുഎസിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് തന്നെ ഗുരുതര ഭീഷണി ഉയര്‍ത്തിക്കൊണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സൂക്ഷിച്ചിരിക്കുന്ന തന്ത്ര പ്രധാന കേന്ദ്രങ്ങളുടെയടക്കം മുകളിലൂടെയാണ് ചൈനയുടെ നിരീക്ഷണ ബലൂണ്‍ പറക്കുന്നത്. ബലൂണ്‍ വെടിവെച്ചിടാന്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബൈഡന്‍ ഭരണകൂടത്തിന് മേല്‍ സമ്മര്‍ദ്ദം ശക്തമാണ്. മൂന്ന് ബസുകളുടെ വലിപ്പമുള്ള ബലൂണില്‍ വലിയ പേലോഡുള്ള ഉപകരണങ്ങള്‍ ഘടിപ്പിക്കപ്പെട്ടിട്ടുണ്ട്.
മധ്യ യുഎസിന് മുകളിലുള്ള ബലൂണ്‍ നിലവില്‍ കിഴക്കന്‍ യുഎസിലേക്ക് സഞ്ചരിക്കുകയാണ്. ഏറ്റവും നൂതനമായ കൃത്രിമബുദ്ധി (എഐ) സംവിധാനമുപയോഗിച്ചാണ് ബലൂണ്‍ നിയന്ത്രിക്കപ്പെടുന്നതെന്ന് ഇത്തരം ബലൂണുകളെ കുറിച്ച് പഠിക്കുന്ന യുഎസ് വിദഗ്ധനായ വില്യം കിം പറയുന്നു. ബലൂണിന്റെ സഞ്ചാരം നിയന്ത്രിക്കാനും വിവര ശേഖരണത്തിനും നിരീക്ഷണത്തിനുമുള്ള ഉപകരണങ്ങള്‍ ഇതിലുണ്ട്. സോളാര്‍ പാനലുകളാണ് ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്.
കൃത്രിമബുദ്ധി
യുഎസ് സൈന്യം ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ആധുനിക നിയന്ത്രണ സംവിധാനമാണ് ബലൂണിലുള്ളതെന്ന് കിം പറയുന്നു. ചുറ്റുമുള്ള വായുവിന്റെ താപനിലയും ചലനങ്ങളും മനസിലാക്കി ഉയരവും ദിശയും നിര്‍ണയിച്ച് മുന്നോട്ടു നീങ്ങാന്‍ എഐ സംവിധാനമാണിത്.
ഉപഗ്രഹങ്ങളേക്കാള്‍ മികച്ച നിരീക്ഷണ സംവിധാനമാണ് ബലൂണുകളെന്ന് കിം ചൂണ്ടിക്കാട്ടുന്നു. ബലൂണുകള്‍ റഡാറുകളില്‍ പെടില്ല. നിരീക്ഷിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന് മുകളില്‍ ഏറെ നേരം, ആവശ്യം വന്നാല്‍ മാസങ്ങളോളം സ്ഥിരമായി തുടരാന്‍ ബലൂണുകള്‍ക്കാവും. ഉപഗ്രഹങ്ങള്‍ക്ക് ഇപ്രകാരം സ്ഥിരമായി ഒരു ടാര്‍ഗറ്റിന് മുകളില്‍ തുടരാനാവില്ല.
യുഎസിന് പുറത്തോ ഏറെ ഉയരത്തിലോ വെച്ച് ഡാറ്റ ശേഖരിക്കാനായിരുന്നിരിക്കണം ബലൂണിന്റെ ലക്ഷ്യമെന്നും എന്നാല്‍ ഇത് സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കാത്തതിനാല്‍ 46,000 അടിയിലേക്ക് താഴ്ന്ന് വന്നതാവണമെന്നും കിം നിരീക്ഷിക്കുന്നു. ബലൂണുകളുടെ സാധാരണ ഉയരം 65000-100000 അടി വരെയാണ്.
വെടിവെച്ചിടല്‍ എളുപ്പമല്ല
ഹീലിയം വാതകമാണ് ഈ ബലൂണുകളില്‍ നിറച്ചിരിക്കുന്നത്. ബലൂണില്‍ ദ്വാരമിട്ടാല്‍ വാതകം മുഴുവന്‍ പുറത്തു പോകാന്‍ ഏറെ സമയമെടുക്കും. വെടിവെച്ചാലുടന്‍ പൊട്ടിത്തെറിക്കുന്ന വസ്തുക്കളല്ല ഇവ. 1998 ല്‍ കാനഡ വ്യോമസേന എഫ്-18 വിമാനങ്ങളുടെ സഹായത്തോടെ ഇത്തരമൊരു ബലൂണ്‍ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. ബലൂണിന് ചുറ്റും ആയിരക്കണക്കിന് 20എംഎം വെടിയുണ്ടകളുപയോഗിച്ച് ദ്വാരങ്ങളിട്ടു. എന്നാല്‍ ആറ് ദിവസത്തിന് ശേഷമാണ് ബലൂണ്‍ താഴെ വീണതെന്നും കിം പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്