വാഷിംഗ്ടണ്‍: യു.എസില്‍ ചരിത്രം കുറിച്ച് കേതന്‍ജി ബ്രൗണ്‍ ജാക്സണ്. സുപ്രീം കോടതിയിലെ ആദ്യ കറുത്ത വര്‍ഗക്കാരിയായ ജഡ്ജിയായി കേതന്‍ജി ബ്രൗണ്‍ സത്യപ്രതിജ്ഞ ചെയ്തു. സുപ്രീം കോടതിയില്‍ ഏറ്റവും ഉന്നത സ്ഥാനത്തെത്തുന്ന രാജ്യത്തെ ആദ്യത്തെ കറുത്ത വര്‍ഗക്കാരിയാണ് കേതന്‍ജി. വിരമിക്കുന്ന 83 വയസുകാരന് ജസ്റ്റിസ് സ്റ്റീഫന്‍ ബ്രെയറിന്റെ ഒഴിവിലാണ് കേതന് നിയമിതയായത്. 28 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്.
സഹപ്രവര്‍ത്തകര്‍ നല്കിയ ഊഷ്മളമായ സ്വീകരണത്തിന് നന്ദി പറഞ്ഞ ജാക്സണ് ചീഫ് ജസ്റ്റിസും ജസ്റ്റിസ് ബ്രെയറും തനിക്ക് നല്കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. ബ്രെയറിന്റെ മാതൃകാപരമായ സേവനത്തിന്റെ പാത പിന്തുടര്ന്ന്, കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ നിയമവാഴ്ച പ്രോത്സാഹിപ്പിക്കാനുള്ള കടമയില്‍ ശ്രദ്ധിക്കുമെന്നും അമേരിക്കന്‍ ജനതയെ സേവിക്കാന്‍ ലഭിച്ച അവസരം ഉപയോഗപ്പെടുത്തുമെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സുപ്രീം കോടതിയിലെ 116-ാമത് ജസ്റ്റിസാണ് 51 വയസുകാരിയായ കേതന്‍ജി ബ്രൗണ്‍ ജാക്സണ്. വാഷിംഗ്ടണ്‍ ഡി.സിയില്‍ ജനിച്ച ജാക്സണ് ഹാര്‍വാര്‍ഡ് ലോ സ്കൂളില്‍ നിന്നാണ് നിയമ ബിരുദം നേടിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്സ് ജാക്സണ് സത്യവാചകം ചൊല്ലിക്കൊടുത്തു. വിരമിക്കുന്ന ജസ്റ്റിസ് സ്റ്റീഫന്‍ ബ്രെയര്‍ ജുഡീഷ്യല്‍ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. ഇരുപത് വര്‍ഷം മുമ്പ് ജാക്സണ് ബ്രെയറിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്നു. കാര്‍ഡിയോളജിസ്റ്റ് പാട്രിക്കാണ് കേതന്‍ജി ബ്രൗണ്‍ ജാക്സണിന്റെ ഭര്‍ത്താവ്. മക്കളായ 2കാരി താലിയയും 17കാരി ലെയ്ലയും അമ്മയുടെ സത്യപ്രതിജ്ഞ കാണാന്‍ എത്തിയിരുന്നു.
ജാക്സണ് കൂടി സുപ്രീം കോടതിയിലെത്തിയതോടെ ഒരേ സമയത്ത് നാല് വനിതകളാണ് ഉന്നത നീതിപീഠത്തില്‍ സാന്നിധ്യമുറപ്പിച്ചിട്ടുള്ളത്. ജനുവരിയിലാണ് പ്രസിഡന്റ് ജോ ബൈഡന് ബ്രെയറിന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഒരു മാസം നീണ്ടുനിന്ന നടപടിക്രമങ്ങള്‍ക്ക് ശേഷമാണ് കേതന്‍ജിയുടെ പേര് തെരഞ്ഞെടുത്തതെങ്കിലും വീണ്ടും 42 ദിവസം കഴിഞ്ഞാണ് അത് ഉറപ്പാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്