ഷിക്കാഗോ ഗീതാമണ്ഡലം, 46-ാമത് ഓണാഘോഷം വിപുലമായി ആഘോഷിച്ചു

OCTOBER 2, 2024, 8:57 AM

നന്മയുടെയും സമൃദ്ധിയുടെയും മാനവികതയുടെയും ധർമ്മത്തിന്റെയും സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും നിറവിൽ ഈ വർഷവും ഗീതാമണ്ഡലത്തോടൊപ്പം ഷിക്കാഗോ മലയാളി സമൂഹം അതി വിപുലമായി ഓണം ആഘോഷിച്ചു.

ഈ വർഷത്തെ ഓണാഘോഷ ഉത്സവം രാധാകൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ രാവിലെ കൃത്യം ഒൻപത് മണിക്ക് വിശേഷാൽ പൂജകളോടെ ആരംഭിച്ചു. തുടർന്ന് നടന്ന ആർപ്പുവിളികളും, നാരായണമന്ത്ര ധ്വനികളാൽ ധന്യമായ ശുഭമുഹൂർത്തത്തിൽ ഷിക്കാഗോ കലാക്ഷേത്ര കലാകാരൻമാരുടെ നേതൃത്വത്തിൽ നടന്ന വാദ്യഘോഷവും തലപൊലികളുടെയും അകമ്പടിയോടെ, തൃക്കാക്കരയപ്പനെ ഗീതാമണ്ഡലം തറവാട്ടിലേക്ക് ആനയിച്ചു കൊണ്ടുവന്നു.


vachakam
vachakam
vachakam

അതിനുശേഷം തറവാട്ട് ക്ഷേത്രാങ്കണത്തിൽ വാമനമൂർത്തിക്ക് വിശേഷാൽ പൂജയും, വാമനാവതാര പാരായണവും അഷ്ടോത്തര അർച്ചനയും, നൈവേദ്യ സമർപ്പണവും പുഷ്പാഭിഷേകവും നടത്തി.

തുടർന്ന് ഗീതാമണ്ഡലം മുൻ അധ്യക്ഷൻ ജയചന്ദ്രന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച 'ഒരു കർമ്മയോഗിയുടെ ജീവിതത്തിലൂടെ' എന്ന പരിപാടി അമേരിക്കൻ ഹൈന്ദവ സംഘടനയുടെ നാഷണൽ പ്രസിഡന്റ്  ശ്യാംശങ്കർ ഉദ്ഘാടനം ചെയ്യ്തു. തദവസരത്തിൽ അമേരിക്കയിലെ ഹൈന്ദവ സമൂഹത്തിൽ ജ്വലിച്ചുനിന്ന സൂര്യതേജസായിരുന്നു ജയ്ചന്ദ്രൻ എന്നും സ്ഥാനമാനങ്ങളോ അംഗീകാരങ്ങളോ കാംക്ഷിക്കാതെ, തന്നിൽ നിക്ഷിപ്തമായ ഉത്തരവാദിത്തങ്ങളെ വളരെ സത്യസന്ധമായും വിജയകരമായും നിർവഹിക്കുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു ജയ്ചന്ദ്രൻ.


vachakam
vachakam
vachakam

വ്യക്തമായ ദിശാബോധവും മാർഗദർശനവും നൽകി, പൊതുപ്രവർത്തന രംഗത്ത് ഒട്ടേറെ പേരെ കൈപിടിച്ചുയർത്തി. അതോടൊപ്പം ഭാരതീയദർശനങ്ങളുടെ പ്രചാരകനും പ്രയോക്താവും ഹൈന്ദവ പ്രസ്ഥാനങ്ങളുടെ മാർഗ്ഗദീപവുമായ മഹത് വ്യക്തി ആയിരുന്നു ജയ്ചന്ദ്രൻ എന്ന് ശ്യാംശങ്കർ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

തുടർന്ന് ഡോ.നിഷാ ചന്ദ്രന്റെ നേതൃത്വത്തിൽ  ഒരുക്കിയ മെഗാ തിരുവാതിരയും, ഷിക്കാഗോയിലെ പ്രമുഖ കലാകാരൻമാർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും, ഷിക്കാഗോ കലാക്ഷേത്ര അവതരിപ്പിച്ച ചെണ്ടമേളവും ഷിക്കാഗോ മലയാളി സമൂഹത്തിന്റെ ഓർമ്മയിൽ സൂക്ഷിക്കുവാനുള്ള മധുരതരമായ ഓർമ്മയായി മാറ്റുവാൻ കഴിഞ്ഞു.


vachakam
vachakam
vachakam

തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച തിരുവോണ ചോദ്യോത്തര മത്സരവും കളികളും, കുട്ടികളുടെ മത്സരിച്ചുള്ള ഊഞ്ഞാൽ ആട്ടവും ഗൃഹാതുരത്വം നിറഞ്ഞ മലയാളിയുടെ കുട്ടിക്കാലത്തേക്കുള്ള മടക്കയാത്രയായിരുന്നു. തുടർന്ന് ഷഡ് രസ പ്രധാനമായ സ്വാദിഷ്ടമായ ഓണസദ്യയാണ് ഈ വർഷം കുടുംബാംഗങ്ങൾക്കായി സ്‌നേഹപൂർവ്വം വിളമ്പിയത്.

ഈ വർഷത്തെ ഓണാഘോഷം ഇത്രയും മനോഹരവും ഹൃദ്യവുമാക്കുവാൻ കഴിഞ്ഞത്, കുടുബാംഗങ്ങളുടെ കൂട്ടായ പ്രവർത്തനം ഒന്ന് കൊണ്ട് മാത്രമാണ് എന്നും ഓണാഘോഷ വിജയത്തിനായി പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും ഗീതാമണ്ഡലം ഓണാഘോഷത്തിൽ പങ്കെടുത്ത എല്ലാ കുടുബാംഗങ്ങൾക്കും, ഏഷ്യാനെറ്റിനും ഈ അവസരത്തിൽ ബൈജു മേനോൻ നന്ദി പ്രകാശിപ്പിച്ചു.