വാഷിംഗ്ടണ്‍: യുഎസിലെ ചൈനീസ് ചാര ബലൂണിന്റെ സാന്നിധ്യത്തില്‍ നിരാശ പ്രകടിപ്പിച്ച് ഡെമോക്രാറ്റുകള്‍. ചാര ബലൂണ്‍ ബന്ധങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. പുതുതായി രൂപീകരിച്ച ജനപ്രതിനിധി സഭയുടെ സെലക്ട് കമ്മിറ്റിയിലെ ഡെമോക്രാറ്റുകളാണ് ചൈനീസ് ചാര ബലൂണിന്റെ സാന്നിധ്യത്തില്‍ നിരാശ പ്രകടിപ്പിക്കുകയും അത് ബന്ധങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തത്.
കാലാവസ്ഥ നിരീക്ഷിക്കാന്‍ ഉപയോഗിക്കുന്ന 'സിവിലിയന്‍ എയര്‍ഷിപ്പ്' എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം ബലൂണിനെ വിശേഷിപ്പിച്ചതെങ്കിലും പ്രതിരോധ വകുപ്പ് (ഡിഒഡി) ഇത് നിരീക്ഷണ ബലൂണാണെന്ന് തിരിച്ചറിഞ്ഞു.
അമേരിക്കന്‍ വ്യോമാതിര്‍ത്തിയിലെ ചൈനയുടെ ലംഘനങ്ങള്‍ ഗൗരവമായി കാണേണ്ടതാണ്, ഞങ്ങളുടെ പ്രതിരോധ വകുപ്പിന്റെയും ദേശീയ സുരക്ഷാ ടീമുകളുടെയും പെട്ടെന്നുള്ള നടപടിക്ക് നന്ദി അറിയിക്കുന്നുവെന്ന് ന്യൂജേഴ്സിയിലെ പ്രതിനിധി ആന്‍ഡി കിം പറഞ്ഞു. ഇങ്ങനെ ഒന്ന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും ഇനിയൊരിക്കലും സംഭവിക്കാതിരിക്കാന്‍ നാം പ്രവര്‍ത്തിക്കണമെന്നും കിം പറഞ്ഞു.
മൂന്നു ബസുകളുടെ വലിപ്പമുള്ള ചൈനീസ് ചാര ബലൂണ്‍ ഇപ്പോള്‍ വിമാനപാതകള്‍ക്കും മുകളില്‍ 80,000 മുതല്‍ ഒരു ലക്ഷം വരെ അടി ഉയരത്തില്‍ സഞ്ചരിക്കുകയാണ്.സംഭവത്തോടെ യു.എസും ചൈനയും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ വഷളായിരിക്കുകയാണ്. ബലൂണ്‍ കണ്ടെത്തിയത് യു.എസിനെ രോഷാകുലരാക്കിയിട്ടുണ്ട്. തുടര്‍ന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ബെയ്ജിങ് സന്ദര്‍ശനം റദ്ദാക്കി.
വര്‍ഷങ്ങളുടെ ഇടവേളയിലാണ് ഒരു യു.എസ് ഉന്നത പ്രതിനിധി ചൈന സന്ദര്‍ശിക്കാനിരുന്നത്. അതാണ് റദ്ദാക്കിയിരിക്കുന്നത്. യു.എസ് വ്യോമാതിര്‍ത്തി ലംഘിച്ച് ചൈനീസ് ബലൂണുകള്‍ എത്തിയതിനെ കുറിച്ച് പ്രസിഡന്റ് ജോ ബൈഡന്‍ വിശദീകരണം തേടിയിട്ടുണ്ട്. പൊതു ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ബലൂണ്‍ നശിപ്പിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു.
ഇതിനെതിരെ ചൈനക്ക് തിരിച്ചടി നല്‍കുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് യു.എസ് അധികൃതര്‍. ''നിരീക്ഷണം തുടരുകയാണ്. ഏതാനും ദിവസങ്ങള്‍ കൂടി ബലൂണ്‍ യു.എസില്‍ തന്നെയുണ്ടാകുമെന്നാണ് കരുതുന്നത്''-പെന്റഗണ്‍ പ്രസ് സെക്രട്ടറി ബ്രിഗേഡിയര്‍ ജനറല്‍ പാറ്റ് റൈഡര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മൂന്നു ബസുകളുടെ വലുപ്പം വരുന്ന ബലൂണ്‍ വെടിവച്ചിടാന്‍ യുദ്ധവിമാനങ്ങള്‍ ഒരുക്കിയെങ്കിലും അവശിഷ്ടങ്ങള്‍ സുരക്ഷാപ്രശ്‌നമുണ്ടാക്കാമെന്നു സൈനിക ഉപദേഷ്ടാക്കള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രസിഡന്റ് ജോ ബൈഡന്‍ അതു വേണ്ടെന്നു നിര്‍ദേശം നല്‍കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്