ശുണ്ടിയും ശുദ്ധഗതിയും കൈവിടാതെ

OCTOBER 31, 2022, 1:26 PM

അങ്ങിനെ തലമുതിർന്ന ആർ.എസ്.പി നേതാവ് പ്രൊഫ. ടി.ജെ. ചന്ദ്രചൂഡനും വിടവാങ്ങിയിരിക്കുന്നു.  പെട്ടിപ്പുറത്തിരുന്ന് പൊട്ടിത്തെറിക്കുന്ന കുട്ടിക്കുറുമ്പനാണ്, ഒരു ഇന്ദ്രനേയും വകവയ്ക്കാത്തവനാണ് ചന്ദ്രചൂഡൻ എന്നൊക്കെ പൊതുവെ പറയുമെങ്കിലും ശുദ്ധരിൽ ശുദ്ധനാണ്. പക്ഷേ, എന്തുചെയ്താലും പറഞ്ഞാലും അത് തലയ്ക്ക നട്ടപ്രയായിരിക്കുമെന്ന് മൂന്നരത്തരം. പാർലമെന്ററി ജനാധിപത്യത്തിനിണങ്ങിയ രൂപവും ഭാവവുമല്ല കക്ഷിയുടേത്.

ശ്രീപത്മനാഭന്റെ മണ്ണിലേക്കാണ് ജനിച്ചുവീണത്. വീണത് വിദ്യയാക്കി കൈയ്യും കാലും അന്തരീക്ഷത്തിലേതക്ക് ചുഴറ്റിയെറിഞ്ഞ് വിപ്ലവം ജയിക്കട്ടെയെന്ന് ആർത്തട്ടഹസിച്ചവനാണ്. പക്ഷേ, അന്ന ആപയ്യൻസ് പറഞ്ഞത് മാതാപിതാക്കൾക്ക് മനസിലായില്ലെന്നുമാത്രം..! വിപ്ലവം എവിടെനിന്നു വരുന്നു എന്നറിയാനുള്ള അന്വേഷണം ചെന്നു നിന്നത് കൊല്ലത്ത് ചവറയിലായിരുന്നു. ചാവറയിലെ കരിമണലിൽ നിന്നും ഉദിച്ചുയർന്ന വിപ്ലവപ്പാർട്ടി ആർ.എസ്.പിയുടെ വിദ്യാർത്ഥി സംഘടനയിൽ സജീവമായങ്ങു ചേരുകയായിരുന്നു ചന്ദ്രചൂഡൻ. ദോഷം പറയരുതല്ലോ, വിപ്ലവത്തിലാറാടി നടന്നപ്പോഴും ബി.എ, എം.എ. പരീക്ഷകൾ റാങ്കോടെ പാസായി.

പിന്നെ ഇടംവലം നോക്കാതെ പത്രപ്രവർത്തകനാകാൻ സാക്ഷാൽ കെ. ബാലകൃഷ്ണന്റെ കൗമുദിയിലേക്കുപോയി. വിപ്ലവം കൊണ്ടുമാത്രം ജീവിക്കാനാകില്ലെന്ന് എപ്പോഴൊ തിരിച്ചറിഞ്ഞു. അതോടെ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ അദ്ധ്യാപകനായി രൂപാന്തരം പ്രാപിച്ചു. നീണ്ട 18 വർഷം കുട്ടികളെ പഠിപ്പിച്ചുനടന്നു. വീണ്ടും വിപ്ലവത്തിന്റെ ഉൾവിളിയുണ്ടായി അതോടെ ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. 95 ആയപ്പോഴേക്കും തന്നിലെ പത്രപ്രവർത്തകൻ കാലപ്രവാഹത്തിൽ ഒലിച്ചുപോകുമെന്നു തോന്നിയപ്പോൾ പ്രവാഹം ദൈ്വവാരികയുടെ പത്രാധിപരായി മാറി.

vachakam
vachakam
vachakam

1999 ൽ പാർട്ടിക്കാർ പിടിച്ച് സംസ്ഥാന സെക്രട്ടറിയാക്കി. 2008ൽ ദേശീയ ജനറൽ സെക്രട്ടറിയായി. 2018 വരെ പദവിയിൽ തുടർന്നു. മൂന്നു തവണ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും രക്ഷപെട്ടില്ല. നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2008 ൽ ദേശീയ ജനറൽ സെക്രട്ടറിയായി. എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്ക് പോകുമ്പോൾ അദ്ദേഹം ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു. ആർ.എസ്.പി ബിയിൽ നിന്ന് ഷിബു ബേബി ജോൺ ഉൾപ്പടെയുള്ളവരെ ആർ.എസ്.പിയിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ എല്ലാക്കാലത്തും യഥാർത്ഥ ഇടതുപക്ഷത്തായിരുന്നു അദ്ദേഹത്തിന്റെ മനസ്.

എന്തും ഏതും വെട്ടിത്തുറന്നുപറയാൻ ചന്ദ്രചൂഡന് മടിയില്ല. നേതാക്കളുടെയും മന്ത്രിമാരുടെയും മക്കൾ എന്തു ബിസിനസ് ആണ് ചെയ്യുന്നതെന്നു പൊതുജനത്തോടു പറയാനുള്ള മര്യാദ പാർട്ടിക്കും സർക്കാരിനും വേണമെന്ന് ഒരിക്കൽ പിണറായിയുടെ മുഖത്തുനോക്കി ചന്ദ്രചൂഡൻ പറഞ്ഞിട്ടുണ്ട്.
തീർന്നില്ല,  ഉത്സവപ്പറമ്പിൽ 'ആന മയിൽ ഒട്ടകം.. ആർക്കും വയ്ക്കാം' എന്നു പറയുന്ന പോലെയാണ് പാർട്ടികൾക്കു പിന്നാലെ സി.പി.എം നടക്കുന്നത്. ശക്തിയില്ലാതാകുമ്പോഴാണ് മറ്റുള്ളവർക്ക് പിന്നാലെ സി.പി.എം പിന്നാലെ പോകുന്നത്? ഒരിക്കൽ പറഞ്ഞു: ഇടതുപക്ഷം ഉപേക്ഷിച്ച മാർക്‌സിസത്തെ നെഞ്ചോട് ചേർത്ത് പിടിച്ചവരാണ് മാവോവാദികെളെന്ന്..! ഇതുപോലെ എത്രയെത്ര തവണ എന്തെല്ലാം തട്ടിവിട്ടിരിക്കുന്നു ടിയാൻ.

അതുകൊണ്ടെന്തുപറ്റിയന്നോ, ചന്ദ്രചൂഡനെ രഹസ്യബാലറ്റിൽ  സ്വന്തം അണികൾ തന്നെ  പരാജയപ്പെടുത്തി. വി.പി. രാമകൃഷ്ണപിള്ള ആർ.എസ്.പിയുടെ സംസ്ഥാന സെക്രട്ടറിയായി.
കേരളത്തിൽ നിന്നുള്ള ടി.ജെ. ചന്ദ്രചൂഡന്റെ പിൻഗാമിയായാണ് 2018 ൽ ആർ.എസ്.പി ജനറൽ സെക്രട്ടറിയായി പശ്ചിമബംഗാളിലെ ക്ഷിതി ഗോസാമിയെ തെരഞ്ഞെടുത്തത്. അതോടെ മെല്ലെമെല്ല പൊതുരംഗത്തുനിന്നും ചന്ദ്രചുഡൻ അപ്രത്യക്ഷമാകുകയായിരുന്നു.

vachakam
vachakam
vachakam

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി അദ്ദേഹം ചികിത്സയിലുമായിരുന്നു. ശുദ്ധഗതിക്കാരനായ ഈ വിപ്ലവകാരിക്ക് പ്രണാമം.

ജോഷി ജോർജ്

vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam