പ്രതിപക്ഷ ഐക്യത്തിൽ ആരാണ് താരം!

JUNE 2, 2023, 4:30 PM

ഇലക്ട്രിക്കൽ എഞ്ചിനീയറായ നിതീഷ് കുമാറിന് എവിടെ എപ്പോൾ തൊട്ടാൽ ഷോക്കടിക്കുമെന്ന് നന്നായി അറിയാം. രാം മനോഹർ ലോഹ്യയുടെ സോഷിലിസ്റ്റ് രാഷ്ട്രീയ പരീക്ഷണങ്ങളുടെ ഉൽപ്പന്നങ്ങളായിരുന്നു മുലായം സിംഗും, ലാലു പ്രസാദ് യാദവും നിതീഷ്‌കുമാറുമൊക്കെ.

ഇന്ദിരാഗാന്ധിയുടെയും കോൺഗ്രസിന്റെ അഴിമതിക്കെതിരെയുള്ള ഫലപ്രദമായ രാഷ്ട്രീയ മുന്നേറ്റമെന്ന നിലയിലാണ് 70കളിൽ സോഷിലിസ്റ്റുകൾ ഇന്ത്യയിൽ സ്വാധീനം ഉറപ്പിക്കുന്നത്. ബീഹാറായിരുന്നു പരീക്ഷണശാല. അവിടെ ജയപ്രകാശ് നാരായണൻ, സത്യനാരാണൻ സിൻഹ, കർപ്പൂരി ഠാക്കൂർ തുടങ്ങിയ കരുത്തരായ സോഷിലിസ്റ്റ് നേതാക്കളുടെ തലോടലിൽ തന്ത്രങ്ങളെല്ലാം സ്വായത്തമാക്കി വളർന്ന നേതാവാണ് നിതീഷ് കുമാർ.

1985ലാണ് ഹർനൗറ്റ് അസംബ്‌ളി മണ്ഡലത്തിൽ നിന്ന് ജനതാ പാർട്ടിയംഗമായി നിതീഷ് നിയമസഭയിലെത്തുന്നത്. ലല്ലു പ്രസാദ് യാദവിനെ ബീഹാറിന്റെ പ്രതിപക്ഷനേതാവാക്കുന്നതിൽ വലിയ പങ്ക് വഹിച്ചെങ്കിലും 1989ൽ ലല്ലു പ്രസാദ് മുഖ്യമന്ത്രിയായതോടെ താൻ ഒതുക്കപ്പെടുമെന്ന് നിതീഷ് കുമാറിന് ബോധ്യമായി. ഇന്ത്യൻ സോഷിലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും കരുത്തനായ നേതാവ് ജോർജ്ജ് ഫെർണാണ്ടസിന്റെ നിഴലിലാണ് നീതീഷ് അഭയം തേടിയത്. ജോർജ്ജ് ഫെർണാണ്ടസിന്റെ സ്ഥിരം മണ്ഡലമായിരുന്നു ബീഹാറിലെ നളന്ദ. 1994ൽ ജനതാദളിലുണ്ടായ പിളർപ്പിനെ തുടർന്ന് ജോർജ്ജ് ഫെർണാണ്ടസ് സമത പാർട്ടി രൂപീകരിച്ചപ്പോൾ കൂടെ രണ്ടാമനായ നിതീഷുമുണ്ടായിരുന്നു.

vachakam
vachakam
vachakam

അതോടെ ലല്ലുപ്രസാദിന്റെ രാഷ്ട്രീയ എതിരാളിയാരെന്ന ചോദ്യത്തിന് ഉത്തരമായി. ബീഹാറിന്റെ ഭാവി മുഖ്യമന്ത്രിയായി നിതീഷിനെ പലരും വാഴ്ത്തിത്തുടങ്ങി. ലാലുവിന്റെ അഴിമതി കുടുംബഭരണത്തിനെതിരെയുളള ജനകീയ മുഖമായി നിതീഷ് മാറിത്തുടങ്ങി. കൃത്യ സമയത്ത് ലാലുവിനെ കൈവിട്ട് ജോർജ്ജ് ഫെർണാണ്ടസിനൊപ്പം ചേരാനും, ബിജെപിയുമായി കൈകോർത്ത് മുന്നണിയായി പ്രവർത്തിക്കാനും നിതീഷ് തിരുമാനിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ രാഷ്ട്രീയ വിജയം.
അതാണ് നീതീഷിനെ രാഷ്ട്രീയ ചാണക്യൻ എന്ന് വിളിക്കുന്നതും. ഇങ്ങനെയൊക്കെ ആണെങ്കിലും 2017ൽ ഉണ്ടിരുന്ന നായർക്ക് ഉൾവിളി ഉണ്ടായെന്നു പറഞ്ഞതുപോലെ ബീഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രിക്കുപ്പായം ഊരിയെറിഞ്ഞ് ഓലിയിട്ട് കളം മാറി. അതോടെ കഥയും മാറി.  

നിതീഷിന്റെ രാജിയോടെ ഊതിവീർപ്പിച്ച മഹാസഖ്യം തകർന്നു തരിപ്പണമായി. തേജസ്വി യാദവ് ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നും ലാലുപ്രസാദിന്റെ സ്വത്തുവിവരം വെളിപ്പെടുത്തണമെന്നും നിതീഷ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം അംഗീകരിക്കേണ്ടതില്ലെന്ന് സ്വന്തം കണ്ണിൽ കോൽ വച്ചുകൊണ്ട് ലാലുവിന്റെ കണ്ണിലെ കരട് എടുക്കാൻ വരേണ്ടതില്ലെന്നും ആർജെഡി എംഎൽഎമാരുടെ യോഗം തീരുമാനിച്ചതൊടെയാണ് കഥമാറ്റത്തിന്റെ കാഹളം മുഴങ്ങിയത്. അതിന് നിതീഷ് കണ്ടുപിടിച്ച ന്യായമാണ് ന്യായം..!

തന്റെ മനോഹരമായ അഴിമതി രഹിത മുഖം മായ്ക്കാൻ തയ്യാറല്ലെന്നും മഹാസഖ്യം ജനങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കേണ്ടതിന്റെ ഭാഗമായാണ് രാജിയെന്നുമാണ് നിതീഷ് അന്നു പറഞ്ഞത്.   തേജസ്വിയാദവിനോട് രാജിവെക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ലാലുവിന്റെ പണത്തിന്റെ സ്രോതസ് വ്യക്തമാക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നുമാണ് നിതീഷ് പറഞ്ഞതത്രെ..! ഓന്തിനേക്കാൾ തൻമയത്തിൽ നിറം മാറാനുള്ള മാന്ത്രികവിദ്യ കൈവശപ്പെടുത്തിയ നിതീഷ് 2014ൽ  ബി.ജെ.പി നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് എൻ.ഡി.എ വിട്ടത്. പിന്നെ പുതിയൊരു രാഷ്ട്രീയ നീക്കം നടത്തി. 2015ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ശത്രുതകൾ മറന്ന് ലാലുവുമായി ചേർന്ന് മഹാസഖ്യം ഉണ്ടാക്കി. ആ സഖ്യം ഉപേക്ഷിച്ച് നിതിീഷ് എൻ.ഡി.എയിൽ എത്തി മുഖ്യമന്ത്രിയായി. അതും പൊട്ടിച്ചെറിഞ്ഞാണ് പ്രധാനമന്ത്രിക്കസേര സ്വപ്‌നംകണ്ട് പ്രതിപക്ഷത്തിന്റെ നേതാവ് ചമഞ്ഞ് ബീഹാറിൽ ഒരിക്കൽക്കൂടി മുഖ്യമന്ത്രിയായിവാണരുളുന്നത്. 

vachakam
vachakam
vachakam

അടുത്ത വർഷത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികളെ കോർത്തിണക്കാൻ കിണഞ്ഞു ശ്രമിക്കുകയാണ് നിതീഷ്. 16 കക്ഷികളുടെ നേതാക്കളെ വലയിലാക്കി ഒരു യാഗം അല്ല യോഗം നടത്താനൊരുങ്ങുകയാണ് കക്ഷി.
 എന്നാൽ കോൺഗ്രസ് അധ്യക്ഷൻ ഖാർഗെയും രാഹുൽ ഗാന്ധിയും പങ്കെടുക്കാൻ ഇടയില്ലെന്നു കേൾക്കുന്നു. പകരം കോൺഗ്രസ് പ്രതിനിധിയുണ്ടാകും. കാര്യങ്ങൾ എത്രടം വരെ പോകുമെന്നു കണ്ടതിനു ശേഷം ബാക്കി കളികളിലേക്ക് കടക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
'അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച പ്രകടനം കാഴ്ച വെയ്ക്കുമെന്നാണ്  താൻ വിശ്വസിക്കുന്നത്. ജനങ്ങളെ അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.  വെറുതെ കണക്കുകൂട്ടിയാൽ തന്നെ, പ്രതിപക്ഷത്തിന് ഒറ്റക്കെട്ടായി ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ സാധിക്കും' ഇത് രാഹുലിന്റെ തന്നെ വാക്കുകളാണ്. 

എല്ലാ പാർട്ടികളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് രാഹുൽ പറയുന്നത്. ചർച്ചകൾ സങ്കീർണമാണ്. കാരണം ചിലയിടങ്ങളിൽ പ്രതിപക്ഷ പാർട്ടികളുമായി നേർക്കുനേർ പൊരുതുന്നു. അത്തരം സന്ദർഭങ്ങളിൽ കൊടുക്കൽ വാങ്ങലുകൾക്ക് വലിയ പ്രാധാന്യമുണ്ട്. എങ്കിലും വിശാല പ്രതിപക്ഷ ഐക്യം സാധ്യമാകേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.

vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam