വി.ഡി. സതീശനോ പേടി സതീശനോ?

NOVEMBER 26, 2022, 8:06 PM

കേരളത്തിലെ പ്രതിപക്ഷ നേതാവ് സതീശന് ഇരട്ടച്ചങ്കൊന്നുമില്ലെങ്കിലും ആളൊരു കിടിലനാണെന്നൊരു ധാരണയൊക്കെ ഉണ്ടായിരുന്നു. എന്നാൽ ശശിതരൂർ എന്ന ആഗോള പ്രതിഭാസത്തിന്റെ മുന്നിൽ വെറും ഊതിയാൽ പൊട്ടുന്ന ബലൂൺ ആണെന്നു സ്വയം തെളിയിച്ചിരിക്കുന്നു. അതിന്റെ അങ്കലാപ്പിൽ നിന്ന് മൂപ്പരൊട്ടു കരകയറിയിട്ടുമില്ല. രണ്ടുമണിക്കൂർ അടുത്തടുത്ത കസേരകളിലായിരുന്ന സതീശനും തരൂരും ഒരക്ഷരമുരിയാടാതെ മുനികുമാരന്മാരായിയുള്ള അഭിനയം തകർത്തു. തരൂർ പലപ്പോഴും എന്തെങ്കിലും സംസാരിച്ചാൽ കൊള്ളാമെന്ന മട്ടിലിരുന്നപ്പോൾ സതീശനാകട്ടെ നേഴ്‌സറിക്കുട്ടികളുടേതിനേക്കാൾ ഐക്യു താഴയാണെന്ന് തെളിയിച്ചു. 

സത്യത്തിൽ കോൺഗ്രസിൽ പുതിയ പോർമുഖം തുറന്ന് ശശിതരൂർ രംഗത്തെത്തിയതോടെ ഗ്രൂപ്പ് സമവാക്യങ്ങൾ ആകെ മാറിമറിയുകയായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ ഉമ്മൻചാണ്ടി ചെന്നിത്തല സഖ്യത്തിന്റെ കൈയിൽ നിന്നും പാർട്ടിയുടെ കടിഞ്ഞാൺ സുധാകരനിലേക്കും സതീശനിലേക്കും എത്തിയതോടെ പ്രവർത്തകർ പ്രതീക്ഷിച്ചത് വലിയ മുന്നേറ്റമായിരുന്നു. എന്നാൽ  പറയത്തക്ക ചലനമൊന്നും ഉണ്ടാക്കാനായില്ലെന്നു മാത്രമല്ല, കൂടുതൽ നിർജ്ജീവതയിലേക്ക് പോകുകയായിരുന്നു കേരളത്തിൽ കോൺഗ്രസ്..!

ഇതിനിടയിലാണ് വിശ്വപൗരൻ ശശിതരൂർ എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചതും തോറ്റെങ്കിലും ജയിച്ച ആളിനേക്കാൾ വിജയശ്രീലാളിതനായി മാറിയതും. തുടർന്നാണ് രണ്ടും കൽപ്പിച്ച് കേരളക്കരയാകെ പിടിച്ചു കുലുക്കിയത്. ഇത് യുവ കോൺഗ്രസു നേതാക്കൾക്കും അണികൾക്കും എന്തെന്നില്ലാത്ത ആവേശമാണുണ്ടാക്കിയത്.

vachakam
vachakam
vachakam

കോൺഗ്രസിനുള്ളിലെ അഭിനവ തിരുത്തൽ വാദിയായിട്ടാണ് തരൂരിനേ ഇപ്പോൾ ആളുകൾ കാണുന്നത്. തരൂർ വീണ്ടുമൊരു മലബാർ കാലാപം സൃഷ്ടിച്ചിരിക്കുന്നു. ഇതിന്റെ പേരിലുള്ള പരസ്യ പ്രസ്താവനകൾ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ വിലക്കിയെങ്കിലും അതാരും ചെവിക്കൊണ്ടില്ല. അതോടെയാണ്   പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തരൂരിനെതിരെ ആഞ്ഞടിച്ചത്. ഉരുളയ്ക്ക് ഉപ്പേരി പോലെ സതീശന് തരൂർ മറുപടി കൊടുത്തതോടെ സതീശൻ വെളുക്കാൻ തേച്ചത് പാണ്ടിനേക്കാൾ വലുതെന്തോ ആയി മാറി.

പരമ്പരാഗത ഗ്രൂപ്പ് സമവാക്യങ്ങൾ മാറി, തരൂർ പക്ഷവും, തരൂർ വിരുദ്ധ പക്ഷവുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. മാധ്യമങ്ങൾ ഊതി വീർപ്പിച്ച ബലൂണാണ് തരൂർ എന്നും, സമാന്തര പ്രവർത്തനം വച്ചു പൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പും സതീശൻ നൽകി. എന്നാൽ കേരള രാഷ്ട്രീയത്തിൽ ഗ്രൂപ്പിന്റെ ഭാഗമായല്ല വന്നതെന്നും വിഭാഗീയതയുടെ എതിരാളിയാണ് താനെന്നുമാണ് തരൂർ അതിന് മറുപടി കൊടുത്തത്. അത് തരൂരിന്റെ എതിരാളികൾക്ക് ഉഗ്രൻ ഷോക്കായി. കോൺഗ്രസ് പ്രവർത്തകർ ബഹുഭൂരിപക്ഷവും തരൂരിനൊപ്പമാണന്നതാണ് നേതൃത്വത്തെ അത്ഭുതപ്പെടുത്തുന്നതും അമ്പരപ്പിക്കുന്നതും അസ്വസ്ഥതപ്പെടുത്തുന്നതും. 

തീർന്നില്ല, സംസ്ഥാന കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകളിലെ പല മുതിർന്ന നേതാക്കളും രഹസ്യമായി തരൂരിനെ പിന്തുണയ്ക്കുന്നുമുണ്ട്. ഉമ്മൻചാണ്ടിയെ അപ്രസക്തനാക്കിക്കൊണ്ട് അധികാരം പിടിച്ചെടുത്ത സുധാകരൻ സതീശൻ അച്ചുതണ്ടിനോട് എ വിഭാഗത്തിലെ ചില നേതാക്കൾക്ക് വിരോധമുണ്ട്. പുതിയ നേതൃത്വത്തിന്റെ കടന്നുവരവോടെ തങ്ങൾക്ക് കാര്യമായ അവസരങ്ങളൊന്നും ഇനി കിട്ടില്ലെന്ന നിരാശയിലാണവർ. തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തനായാൽ തങ്ങൾക്ക് വല്ലതും തടയുമെന്നും അക്കൂട്ടർ കരുതുന്നു. ദേശീയ നേതൃത്വത്തിലെ പ്രബലനായ കെ.സി.വേണുഗോപാൽ വി.ഡി.സതീശൻ കൂട്ടുകെട്ട് ശക്തമാവരുതെന്ന് ആഗ്രഹിക്കുന്ന മറ്റൊരു വലിയ വിഭാഗവും തരൂരിന്റെ കടന്നുവരവിനെ പിന്തുണയ്ക്കുന്നുണ്ട്. 

vachakam
vachakam
vachakam

തരൂർ വിഷയത്തിൽ യു.ഡി.എഫ് ഘടകകക്ഷികളായ ലീഗും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ആർ.എസ്.പി, സി.എം.പി. സി.പി. ജോൺ വിഭാഗം എന്നിവരും വി.ഡി. സതീശനെ തള്ളി തരൂരിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അതോടെ ഇടിവെട്ടിയവന്റെ കാലിൽ പാമ്പുകടിച്ചു എന്നു പറഞ്ഞതുപോലെയായി സതീശന്റെ കാര്യം.

സതീശനെന്നും ഒരു കോർപ്പറേറ്റ് പക്ഷക്കാരനാണ്. കോർപ്പറേറ്റുകളുടെ സഹായത്തോടെ സ്വന്തം മണ്ഡലമായ പറവൂരിൽ അല്ലറചില്ലറ കാര്യങ്ങളൊക്കെ സുളുവിൽ ഒപ്പിച്ചെടുത്തിട്ടുമുണ്ട്. എറണാകുളം ജില്ലയിൽ പ്രത്യേകിച്ച് കുന്നത്തുനാട്ടിൽ ട്വന്റി 20യ്ക്കും  സാബു എന്ന കോർപ്പറേറ്റിനും വളരാനുള്ള ഒത്താശ ചെയ്തുകൊടുത്തതിൽ സതീശനും രമേശ്‌ചെന്നിത്തലക്കും കാര്യമായ പങ്കുണ്ടെന്നു വിശ്വസിക്കുന്നവർ ഏറെയുണ്ട്. പി.ടി. തോമസ് എന്ന ഒറ്റയാനില്ലായിരുന്നെങ്കിൽ ചിത്രം തന്നെ മാറിയേനെ എന്നാണവർ പറയുന്നത്.

ജോഷി ജോർജ്‌

vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam