ചരിത്രത്തിന്റെ വികൃതി ഋഷിയിലൂടെ..!

OCTOBER 25, 2022, 12:14 PM

ഇതാണ് ചരിത്രത്തിന്റെ വികൃതി എന്നു പറയുന്നത്. ഒരു കാലത്ത് സൂര്യൻ അസ്തമിക്കാത്ത  ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയെ അടക്കിഭരിച്ചിരുന്നുവെങ്കിൽ ഇതാ ഒരു ഇന്ത്യൻ വംശജൻ  ബ്രിട്ടണെ അടക്കിഭരിക്കാൻ പോകുന്നു. പശു പൂജയും മറ്റും നടത്തി തന്റെ ഹിന്ദു പാരമ്പര്യം ബ്രിട്ടണുമുന്നിൽ തെളിയിച്ച ഋഷി സുനകിനാണ് ആ ഭാഗ്യം സിദ്ധിച്ചിരിക്കുന്നത്.

യോക്ഷെറിൽനിന്നുള്ള എംപിയായ ഋഷി എത്തിയപ്പോൾ ഭഗവത്ഗീതയിൽ തൊട്ടാണ് പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തത്. ഇത്തരത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ പാർലമെന്റേറിയനാണ് അദ്ദേഹം. സമ്മർദത്തിലായിരിക്കുമ്പോൾ ഭഗവത്ഗീത തന്റെ രക്ഷയ്ക്ക് എത്താറുണ്ടെന്നും തന്റെ കർത്തവ്യത്തെക്കുറിച്ച് ഓർമിപ്പിക്കാറുണ്ടെന്നും ഋഷി തുറന്നുപറയാനും മടിച്ചിരുന്നില്ല.

പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയ ഋഷി സുനക് എന്ന ഇന്ത്യൻ വംശജൻ ചരിത്രം സൃഷ്ടിക്കുമോ എന്ന ചോദ്യം മൂന്ന് മാസങ്ങൾക്ക് മുമ്പാണ് ലോക രാഷ്ട്രീയത്തിൽ ഉയർന്നു കേട്ടത്. ബോറിസ് സർക്കാരിനെ പ്രതിസന്ധിയിലാക്കി ആദ്യം രാജിവെച്ച ധനമന്ത്രിയായിരുന്നു ഋഷി സുനക്. ബോറിസിന്റെ പിൻഗാമിയായി ഋഷി വരുമെന്നാണ് അന്ന് പലരും കരുതിയത്. എന്നാൽ അവസാനം അധികാരം ലിസ് ട്രസിലേക്ക് നീങ്ങിയതോടെ ഋഷി സുനക് ഔട്ടായെന്നു പലരും കരുതി.

vachakam
vachakam
vachakam

പക്ഷെ അധികാരമേറ്റ് 44-ാം ദിവസം ലിസ് ട്രസ് രാജിവച്ചതിലൂടെ ഋഷി സുനക് എന്ന പേര് വീണ്ടും പൂർവ്വാധികം ശക്തിയോടെ ഉയർന്നു വന്നു. ഒടുവിൽ ബ്രിട്ടനെ ഭരിക്കുന്ന ആദ്യ ഇന്ത്യൻ വംശജൻ എന്ന ചരിത്രം ഋഷി സുനക്കിന്റേതായി മാറി. ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി കൂടിയാകുകയാണ് ഋഷി സുനക്.

സ്ഥാനാർഥിത്വത്തിന് ആവശ്യമായ 100 എംപിമാരുടെ പിന്തുണ ഉറപ്പാക്കാനാവാതെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനും പിന്നാലെ ഹൗസ് ഓഫ് കോമൺസ് നേതാവ് പെനി മോർഡന്റും പിന്മാറിയതോടെയാണ് ഋഷി സുനക് പ്രധാനമന്ത്രിപദം ഉറപ്പിച്ചത്.

സ്വപ്‌നതുല്യമായ യാത്ര ഋഷി സുനകിന്റെ രാഷ്ട്രീയ ജീവിതത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. കേവലം എട്ടുവർഷം മുൻപ് മാത്രമാണ് രാഷ്ട്രീയത്തിലേക്ക് വലതുകാൽ വച്ചത്. ഇന്ത്യയിൽ നമ്മുടെ ശശിതരൂരിന് രാഷ്ടീപാരിചയമില്ലെന്നു പറഞ്ഞ് മാറ്റി നിർത്തിയവർ ലോകത്തെ മാറ്റം കണ്ണുതുറന്ന് കാണേണ്ടതാണ്. ഇറ്റലിക്കാരിയാണെന്ന കാരണത്താൻ പ്രധാനമന്ത്രിക്കസേരയിൽ സോണിയ ഗാന്ധി ഇരിക്കേണ്ടെന്നു വാശിപിടിച്ചവരും ലോകത്തിന്റെ മാറ്റം അറിയുന്നത് നല്ലതാണ്.

vachakam
vachakam
vachakam

കിറുകൃത്യമായ ചുവടുവെയ്പുകളോടെയുള്ള മുന്നേറ്റമാണ് ഋഷി സുനക് നടത്തിയതത്രയും.  രാജ്യത്തിന്റെ ധനകാര്യ മന്ത്രിയായിരിക്കെ രണ്ടു മാസം മുൻപ് പ്രധാനമന്ത്രിപദത്തിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ലിസ് ട്രസിനോട് പരാജയം. പിന്നാലെ ഋഷി സുനകിന് മന്ത്രിസ്ഥാനം നഷ്ടമായി. എന്നാൽ പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് അക്ഷരാർഥത്തിൽ തെളിയിച്ച് 50 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രിപദത്തിലേക്ക്. ഏഴു വർഷം മുൻപ് എംപി പോലും അല്ലാതിരുന്ന സുനക് കൈവരിച്ചിരിക്കുന്നത് സ്വപ്‌നസമാനമായ  ഉയർച്ചതന്നെയാണ്.

പഞ്ചാബിൽ ജനിച്ച്, ആദ്യം കിഴക്കൻ ആഫ്രിക്കയിലേക്കും തുടർന്നു ബ്രിട്ടനിലേക്കും കുടിയേറിയവരാണു ഋഷിയുടെ പൂർവികർ. ബ്രിട്ടനിൽ ജനിച്ച യശ്വീർ സുനകിന്റെയും ഉഷയുടെയും മൂത്തമകനായി 1980 മേയ് 12നു ഹാംഷറിലെ സതാംപ്ടണിലാണ് ഋഷി സുനകിന്റെ ജനനം. അച്ഛൻ ഡോക്ടറാണ്, അമ്മ ഫാർമസിസ്റ്റും. അമ്മയുടെ അച്ഛൻ മെംബർ ഓഫ് ദി ഓർഡർ ഓഫ് ദ് ബ്രിട്ടിഷ് എംപയർ ബഹുമതി നേടിയിട്ടുണ്ട്.

2009ൽ ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷിത മൂർത്തിയെ വിവാഹം ചെയ്തു. ഉള്ളതു പറയണമല്ലോ. ചാരിറ്റി ചെയ്യുന്നകാര്യത്തിൽ അമ്മയായ സുധാമൂർത്തിക്കുപോലും മാതൃകയായ അക്ഷിതയുടെ ദയാപരമായ ദാനശീലമാണ് തന്റെ എല്ലാ ഐശ്യര്യങ്ങൾക്കും കാരണമെന്ന് ഋഷി സുനക് വിശ്വസിക്കുന്നു. ഇവർക്ക് രണ്ട് പെൺമക്കളുണ്ട്. അനൗഷ്‌കയും കൃഷ്ണയും.

vachakam
vachakam

യു.കെയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ഉൾപ്പെടുന്ന ആദ്യത്തെ മുൻനിര രാഷ്ട്രീയക്കാരനാണ്. ഭാര്യ അക്ഷതാ മൂർത്തിക്കൊപ്പം ഋഷി സുനക്ക് 730 മില്യൺ പൗണ്ടിന്റെ ആസ്തിയുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. എന്തായാലും ബ്രിട്ടന്റെ പുതിയ പ്രധാനമന്തി നമ്മുടെ വംശജന് എല്ലാ സാമ്പത്തീക പ്രതിസന്ധകളും മറികടന്ന് നല്ലൊരു ഭരണാധിപനാകാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു.

ജോഷി ജോർജ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam