കോൺഗ്രസ് കൈ കൊടുക്കുന്നത്  ഇത്തിക്കണ്ണികൾക്കോ

MAY 19, 2022, 10:12 AM

കോൺഗ്രസ് കുറെനാളായി ഇങ്ങനെയാണ്. തങ്ങൾക്ക് ചെയ്യാൻ പറ്റാത്തത് അറപ്പും ഉളുപ്പുമില്ലാതെ ചെയ്ത് ആന്റി ഹീറോയായി വളർന്നുവരുന്നവരെ ഇരുകൈയും നീട്ടി സ്വീകരിച്ച് പാർട്ടിയുടെ മുഖ്യാസനത്തിൽ പിടിച്ചിരുത്തും. അല്പകാലത്തിനുള്ളിൽ തന്നെ അവിടെയൊക്കെ വിസർജിച്ച് അതുവരെ പാർട്ടിക്കുവേണ്ടി പണിയെടുത്തവരെ മുട്ടിയും തട്ടിയും തഞ്ചത്തിൽ പത്തിയിലടിച്ച് പരുവക്കേടാക്കിയും പടിക്കുപുറത്താക്കും. എന്നിട്ടിവർ കോൺഗ്രസാകുന്ന ഏണിയെ സ്‌റ്റെയിൽ മന്നനെപ്പോലെ തട്ടിത്തെറുപ്പിച്ച് മറുകണ്ടം ചാടാൻ തക്കം പാർത്തിരിക്കും.

പഞ്ചാബിൽ കണ്ടില്ലേ, വേലിയേൽകിടന്ന ബി.ജെ.പി മണമുള്ള ക്രിക്കറ്റുകളിക്കാരൻ സിദ്ദുവിനെ പിടിച്ച് കോൺഗ്രസിന്റെ അധ്യക്ഷനാക്കി. അവിടെയിരുന്നു കുളം കലക്കി ആം ആദിമിക്ക് വിജയം ഉറപ്പാക്കിക്കൊടുത്തു. കോൺഗ്രസ് കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ പുള്ളിക്കാരൻ നെഞ്ചുവിരിച്ചു നിന്നുപറഞ്ഞു: മാറ്റം കൊണ്ടുവരാനുള്ള മികച്ച തീരുമാനമെടുത്തതിൽ പഞ്ചാബിലെ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്ന്. എങ്ങിനെയുണ്ട് കക്ഷി.!

ഇപ്പോഴിതാ ഗുജറാത്തിൽ മറ്റൊരു ക്രിക്കറ്റ് പ്രേമി ഹാർദിക് പട്ടേലും ഇതേ പണിതന്നെ കാണിച്ചിരിക്കുന്നു. സ്വാർത്ഥത മാത്രം കൈമുതലാക്കി ഇത്തിക്കണ്ണികണക്കേ ജിവിക്കുന്ന ഇവരുടെ ജീവിതത്തിലേക്ക് ഒന്നു  തിരിഞ്ഞുനോക്കിക്കെ. സ്വന്തം സഹോദരി മോണിക്കയ്ക്ക് സംസ്ഥാന സർക്കാർ സ്‌കോളർഷിപ്പിന് യോഗ്യത നേടാനായില്ല. മോണിക്കയുടെ മറ്റ് കൂട്ടുകാരികൾക്ക്  പിന്നോക്ക വിഭാഗ (ഒബിസി) ക്വാട്ടയിലൂടെ അതേ സ്‌കോളർഷിപ്പ് ലഭിച്ചപ്പോൾ, സഹോദരിക്ക്  മാർക്ക് കുറഞ്ഞതൊന്നും കണക്കിലെടുക്കാതെ ഹാർദിക് പട്ടേൽ, പാട്ടിദാർ അനാമത് ആന്ദോളൻ സമിതി  രൂപീകരിച്ചു.

vachakam
vachakam
vachakam

അത് ഒബിസി ക്വാട്ടയിൽ പാട്ടിദാർമാരെ ഉൾപ്പെടുത്താൻ ലക്ഷ്യമിടുന്ന ഒരു അരാഷ്ട്രീയ സംഘടനയായി സ്വയം അവകാശപ്പെടുന്ന തലത്തിൽ വരെ കൊണ്ടെത്തിച്ചു. വിദ്യാഭ്യാസത്തിലും ജോലിയിലും സംവരണം ലഭിക്കണമെന്ന തന്റെ സമുദായത്തിന്റെ ആവശ്യത്തെച്ചൊല്ലി ഗുജറാത്തിൽ ശക്തമായ പ്രതിഷേധങ്ങൾ നയിച്ചപ്പോൾ വാളെടുത്ത 22 വയസ്സുകാരനായാണ് ഹാർദിക് പട്ടേൽ. അങ്ങിനെയാണ് ആദ്യമായി രാഷ്ട്രീയത്തിലേക്ക് സജീവമായി ഇറങ്ങുന്നത്. അത് 2015 ഓഗസ്റ്റിലായിരുന്നു. പ്രതിഷേധത്തിനിടെ 14 പേർ മരിക്കുകയും ഒട്ടേറെ പൊതുമുതൽ നശിപ്പിക്കപ്പെടുകയും ചെയ്തു.

പിന്നെ പട്ടേലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുകയും തുടർന്ന് ജയിലിൽ അടയ്ക്കുകയും ചെയ്തു. 2016 ജൂലൈയിൽ ജാമ്യത്തിൽ പുറത്തിറങ്ങുന്നതിന് മുമ്പ് ഒമ്പത് മാസത്തോളം ജയിലിൽ കിടന്നു. 2017 ഡിസംബറിൽ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഹാർദിക് കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അത് വേണ്ടത്ര ഫലം കണ്ടില്ലെന്നു തോന്നിയതോടെ, പലയിടങ്ങളിലും അധികാരത്തിന്റെ അപ്പക്കഷ്ണത്തിനായി അലഞ്ഞുനോക്കി.  ഒന്നും ക്ലച്ചുപിടിക്കാതായപ്പോൾ 2019ൽ കോൺഗ്രസിൽ തന്നെ ചേക്കേറി.

നല്ലൊരു കോൺഗ്രസുകാരനായ ഭരതിന്റെയും ഉഷ പട്ടേലിന്റെയും മകനായി 1993 ജൂലൈ 20 ന് ഗുജറാത്തി പട്ടീദാർ കുടുംബത്തിൽ ജനിച്ചവനാണ് താനെന്നും അതിന്റെതായ ബഹുമാനം തനിക്കുകിട്ടുന്നില്ലെന്നും സുപ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ കോൺഗ്രസ് നേതൃത്വം തന്നെ അകറ്റിനിർത്തുകയാണെന്നുമാണ് ഹാർദിക്കിന്റെ ആരോപണം.

vachakam
vachakam
vachakam

ഇപ്പറയുന്ന ആരോപണം കൊണ്ട് ഹാദിക് എന്താണ് ഉദ്ദേശിക്കുന്നതെന്ന് സോണിയാജിക്കോ, രാഹുൽജിക്കോ എന്തിന് പ്രിയങ്കക്കുപോലും പിടികിട്ടുന്നില്ല. ഇനിയെങ്കിലും ഇത്തരം അസുരവിത്തുകൾക്ക് മേയാൻ കോൺഗ്രസിന്റെ മേച്ചിൽപ്പുറം വിട്ടുകൊടുക്കരുതെന്നേ പറയാനുള്ളു.

ജോഷി ജോർജ്

vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam