നിലമ്പൂരിന്റെ കുഞ്ഞാക്കക്ക് പ്രണാമം..!

SEPTEMBER 25, 2022, 11:48 AM

നിലമ്പൂർ നിവാസികളുടെ പ്രിയപ്പെട്ട കുഞ്ഞാക്ക എന്ന ആര്യാടൻ മുഖമ്മദ് ഓർമ്മയായിരിക്കുന്നു. കേരള രാഷ്ട്രീയ ചരിത്രത്തിൽ കോളിളക്കം സൃഷ്ടിച്ച കെ. കുഞ്ഞാലി വധക്കേസിൽ ഒന്നാം പ്രതിയായിരുന്നു ആര്യാടൻ മുഹമ്മദ്. എന്നാൽ ആ കേസിൽ താൻ നിരപരാധിയാണെന്നും കുഞ്ഞാലിയെ കൊലപ്പെടുത്തിയത് കോൺഗ്രസ് അനുഭാവിയായ പാലത്തിങ്കൽ ഗോപാലൻ ആണെന്നും നീണ്ട 50 വർത്തിനുശേഷം ആര്യാടൻ മുഹമ്മദ് 2020 ൽ വെളിപ്പെടുത്തിയത് പലരേയും അമ്പരപ്പിച്ചുകളഞ്ഞു. പലർക്കും ആശ്വാസവുമായി.

നന്നേ ചെറുപ്രയത്തിൽ തന്നെ കോൺഗ്രസ് പാർട്ടിയോട് എന്തെന്നില്ലാത്ത പ്രേമം. അതിൽ അനുരക്തനായി കോൺഗ്രസിനെയങ്ങ് വരിക്കുകയായിരുന്നു. 1952ലാണ് അതു സംഭവിച്ചത്. 1958 മുതൽ കെ.പി.സി.സി അംഗമാണ്. മലപ്പുറം ജില്ല കോൺഗ്രസ് കമിറ്റിയുടെയും വിവിധ ട്രേഡ് യൂനിയനുകളുടെയും പ്രസിഡന്റായി പ്രവർത്തിച്ച് തൊഴിലാളികളുടെ കണ്ണിലുണ്ണിയായി. മികച്ച പാർലമെന്റേറിയനും പ്രഭാഷകനുമായ ഈ മനുഷ്യൻ എന്ത് ചില്ലപ്പേപ്പർ കണ്ടാലും അതൊന്നു വയിച്ച ശേഷമേ കളയൂ. വായിച്ചുകൂട്ടിയ പുസ്തകങ്ങൾക്ക് കണക്കുമില്ല.

മലപ്പുറം നിലമ്പൂരിൽ ആര്യാടൻ ഉണ്ണീന്റെയും കദിയുമ്മയുടേയും ഒൻപത് മക്കളിൽ രണ്ടാമനായി 1935 മേയ് 15നാണ് ജനനം. നിലമ്പൂർ ഗവ. മാനവേദൻ ഹൈസ്‌കൂളിൽ നിന്നാണ് വിദ്യാഭ്യാസം നേടിയത്. സ്‌കൂൾ ഫുട്‌ബോൾ ടീം ക്യാപ്ടനായിരുന്നു അദ്ദേഹം. ട്രേഡ് യൂനിയൻ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച ആര്യാടൻ 1959ൽ വണ്ടൂർ ഫർക്ക കോൺഗ്രസ് കമിറ്റി പ്രസിഡന്റായി.  1960ൽ കോഴിക്കോട് ഡിസിസി സെക്രറിയായി.

vachakam
vachakam
vachakam

1962 ൽ വണ്ടൂരിൽ നിന്ന് കെ.പി.സി.സി അംഗം. 1969ൽ മലപ്പുറം ജില്ല രൂപവത്ക്കരിച്ചപ്പോൾ ഡി.സി.സി പ്രസിഡന്റായി. 1978മുതൽ കെ.പി.സി.സി സെക്രട്ടറിയായി. എന്നാൽ കന്നി തെരഞ്ഞെടുപ്പിൽ പരാജയത്തിന്റെ കയ്പ്പുനീർ വേണ്ടുവോളം കുടിക്കേണ്ടി വന്നു. 1965ലും, 67ലും നിലമ്പൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും കെ. കുഞ്ഞാലിയോട് തോറ്റു പിന്മാറി.
പൊന്നാനിയിൽ നിന്ന് ലോക് സഭയിലേക്ക് മത്സരിച്ചപ്പോഴും ഫലം നിരാശയായിരുന്നു.

എ ഗ്രൂപ്പ് ഇടതുപക്ഷത്തെത്തിയപ്പോൾ ആ വർഷം എം.എൽ.എയാകാതെ തന്നെ ഇടത് മുന്നണി മന്ത്രിസഭയിൽ മന്ത്രിയായി. വനംതൊഴിൽ വകുപ്പാണ് ലഭിച്ചത്. സി. ഹരിദാസ് നിലമ്പൂരിൽ എം.എൽ.എ സ്ഥാനം രാജിവെച്ച് ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് മുല്ലപ്പള്ളി രാമചന്ദ്രനെ തോൽപ്പിച്ച് നിയമസഭയിലെത്തി. എന്നാൽ, 1982ൽ ടി.കെ ഹംസയോട് തോറ്റത് കനത്ത തിരിച്ചടിയായി. പിന്നീട് ഏറെക്കാലം നിലമ്പൂരിനെ പ്രതിനിധീകരിച്ചു.

1987 മുതൽ 2011 വരെ എല്ലാ തെരഞ്ഞെടുപ്പുകളിലും ജയിച്ചു. തൊഴിൽ മന്ത്രിയായിരിക്കെ തൊഴിൽരഹിത വേതനവും കർഷക തൊഴിലാളി പെൻഷനും നടപ്പാക്കി. എന്തായാലും ആര്യാടനെപ്പോലെ ഒരു നേതാവിനെ അടുത്തെങ്ങും കോൺഗ്രസിന് കിട്ടുമെന്നു തോന്നുന്നില്ല. മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിന് ഹിമാലയപർവ്വതത്തിന്റെ മുകളിൽ വലിഞ്ഞുകയറണമെങ്കിൽ അതിനും മൂപ്പർ തയ്യാറാണ്.

vachakam
vachakam
vachakam

തന്റെ വാദമുഖങ്ങൾ ശക്തമായി നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ എന്നും മികവ് പുലർത്തിയിരുന്ന സാമാജികനായിരുന്നു. സ്വന്തം വീട് പാർട്ടി ആഫീസാക്കിയ, അല്ലെങ്കിൽ പാർട്ടി ആഫീസ് സ്വന്തം വീടാക്കിയ മനുഷ്യൻ ഏതു വിഷയവും അദ്ദേഹത്തിന് വഴങ്ങിക്കൊടുക്കുമായിരുന്നു. എന്തു പ്രശ്‌നമായാലും നിമിഷനേരം കൊണ്ട് പരിഹാരം കണ്ടെത്തുന്ന മഹാമാന്ത്രികൻ.

ഈ അതുല്യ രാഷ്ടീയ പ്രതിഭയ്ക്ക് പ്രണാമം...

vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam