മീശയും വയലാർ അവാർഡും

OCTOBER 8, 2022, 10:42 PM

അല്ലാ, എന്തു തോന്നിവാസവുമാകാമെന്നായോ..? ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേ, ഭാഷയിലെ ഏറ്റവും മികച്ച പുരസ്‌കാരമായി മാറിയ വയലാർ അവാർഡ് ഹിന്ദു കുലസ്ത്രീകളെ നാണം കെടുത്തി നശിപ്പിക്കാനാണല്ലേ..? അല്ലെങ്കിൽ ഒരുഅളിഞ്ഞ മീശയ്ക്കും ഹരീഷിനും അത് കൊടുക്കുമായിരുന്നോ..?

കഷ്ടം എന്നല്ലാതെന്തുപറയാൻ. വല്ല്യ ഫെമിനിച്ചിയെന്നൊക്കെ പറഞ്ഞുനടക്കുന്ന സാറാ ജോസഫിനെപ്പോലുള്ളവരുടെ കൈയ്യിലും മനസ്സിലും ഇരിക്കുന്നത് ഇത്തരം വില കുറഞ്ഞ സംസ്‌ക്കാരമാണെന്ന് കേരളത്തിലെ ഹിന്ദുക്കളുടെ കുത്തകപ്പാട്ടം എടുത്തിരിക്കുന്നവർ കരുതിയില്ല. ഇനിയിപ്പോ ഗോമൂത്രം കൊണ്ടു പണ്യാഹം തളിച്ചാലും സാറാ ജോസഫിന്റേയും അന്തിവെയിലിലെ പൊന്നിൽ കുളിച്ചെന്നഭിമാനിക്കുന്ന പെരുമ്പടവം ശ്രീധരന്റേയും അശുദ്ധി ഒട്ടുമാറാനും പോകുന്നില്ല.

ഒരു കാര്യം കൂടി പറഞ്ഞേക്കാം കേരളക്കരയിലെ ഹിന്ദു സ്ത്രീകൾ ആകമാനം മീശയുടെ മാനക്കേടിൽ കൂട്ട ആത്മഹത്യയെങ്ങാനും ചെയ്താൽ അതിന്റെ പൂർണ്ണ ഉത്തരവാദികൾ വയലാർ ട്രസ്റ്റായിരിക്കുമെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുകയും ചെയ്യുന്നു.

vachakam
vachakam
vachakam

വയലാർ അവാർഡെന്നാൽ മലയാളത്തിന്റെ ജ്ഞാനപീഠം എന്നാണ് വെയ്പ്. ഇന്ത്യയിലെ മറ്റു ഭാഷകളിലെ എഴുത്തുകാർ ആദരവോടെ വയലാർ അവാർഡിനെക്കുറിച്ച് പറയുന്നതുകേൾക്കുമ്പോൾ അഭിമാനത്താൽ കോരിത്തരിച്ചുപോയിട്ടുണ്ട്. പക്ഷേ, 46-ാമത് വയലാർ പുരസ്‌കാരം എസ്. ഹരീഷിന്റെ ഈ മീശക്കെന്നു കേട്ടതോടെ തെറിപറയാത്ത, അതറിയാത്ത കുലസ്ത്രീകളുടെയാകമാനം ആശകെടുത്തിക്കളഞ്ഞു.

1975ൽ കോട്ടയം ജില്ലയിലെ നീണ്ടൂരിലാണ് കുലസ്ത്രീകളുടെ മാനം കെടുത്താനായുള്ള ഹരീഷിന്റെ തിരുപ്പിറവി..! ജനിച്ചയുടൻ ഹരീഷ് കാറിക്കരഞ്ഞുകൊണ്ട് പറഞ്ഞതത്രയും മുട്ടൻ തെറിയായിരുന്നെന്ന്  അന്നാരും അറിഞ്ഞതില്ല. രസവിദ്യയുടെ ചരിത്രമാണ് ആദ്യമെഴുതിയകഥകളുടെ സമാഹാരം.

കേരള സാഹിത്യ അക്കാദമിയുടെ വിവരക്കേടുകൊണ്ട് ഗീതാഹിരണ്യൻ എൻഡോവ്‌മെന്റ് ഹാരീഷിന് കൊടുക്കുകയുണ്ടായി. എന്നിട്ടും ഹരീഷ് പ്രേമം തീരാതെ കേരള സാഹിത്യ അക്കാദമി മികച്ച കഥാസമാഹാരത്തിനുള്ള 2018 ലെ പുരസ്‌കാരം എസ്. ഹരീഷിന്റെ ആദം എന്ന പുസ്തകത്തിന് കൊടുത്തിരിക്കുന്നു. അക്കഥയാണ് കക്ഷി ഏദൻ സിനിമയുടെ തിരക്കഥയാക്കിയത്.
എസ്. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയെ അവലംബിച്ചാണ് ലിജോ ജോസ് പെല്ലിശ്ശേരി ജല്ലിക്കെട്ട് എന്ന സിനിമയുണ്ടാക്കിയത്.

vachakam
vachakam
vachakam

എന്തു മഹത്വമാണാ ചിത്രത്തിനുള്ളത്. എന്നിട്ടു ആ ചിത്രം ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും പുരസ്‌കാരങ്ങളും നേടുകയും ചെയ്തതിൽ നിന്നും ഇവരുടെയൊക്കെ നിലവാരം മനസ്സിലായില്ലേ..?

തെറി കൂടിപ്പോയെങ്കിലോ എന്നു കരുതിയാണത്രെ ജിജോ പെല്ലിശേരി ചുരുളിയുടെ കഥ എഴുതിക്കാതിരുന്നതെന്നും കേൾക്കുന്നു.എന്തായാലും 1950കൾക്ക് മുൻപുള്ള കേരളീയ ജാതീയ ജീവിതത്തെ ദളിത് പശ്ചാത്തലത്തിൽ തെറികൊണ്ടാവിഷ്‌കരിക്കുകയായിരുന്നു എസ്. ഹരീഷ് മീശകൊണ്ട് ചെയ്തത്. മൂന്നു ലക്കം കൊണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പ് മീശ വടിച്ചുമാറ്റി അവരുടെ തറവാടിത്വം തെളിയിച്ചു. കുലസ്ത്രീകൾക്ക് മാനം തിരിച്ചുകിട്ടി.

നോവലിലെ രണ്ട് കഥാപാത്രങ്ങൾ തമ്മിൽ നടത്തിയ ഒരു സംഭാഷണത്തിന്റെ ഭാഗം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഹിന്ദു സ്ത്രീകൾ ലൈംഗികതയ്ക്ക് വേണ്ടിയാണ് കുളിച്ച് നല്ല വസ്ത്രം ധരിച്ച് അമ്പലത്തിൽ പോകുന്നതെന്ന തോന്യാസത്തിന് പിന്നെ ചൂട്ടുപിടിച്ചത് ഡിസി ബുക്‌സ് ആയിരുന്നു.

vachakam
vachakam

പുസ്തകങ്ങൾ നിരോധിക്കുന്നത് ആശയങ്ങളുടെ പ്രവാഹത്തെ പ്രതികൂലമായി ബാധിക്കുമെന്ന്, നോവലിന്റെ പ്രസിദ്ധീകരണം വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാല്പര്യഹർജി പരിഗണിക്കവെ കോടതി അഭിപ്രായപ്പെട്ടിരുന്നു.
ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര ഉൾപ്പെടുന്ന ബഞ്ചിന്റെ 2018 സെപ്തംബർ 5ലെ വിധിയിലൂടെ സുപ്രീം കോടതി മീശ എന്ന നോവൽ നിരോധിക്കണമെന്നുള്ള ആവശ്യം തള്ളിക്കളഞ്ഞു എതിർപ്പുകാരുടെ ആവേശം കെട്ടടങ്ങിയതായിരുന്നു.

എന്നാലിപ്പോൾ വയലാർ അവാർഡ് വീണ്ടും മീശയിൽ തീകൊളുത്തിയിരിക്കുന്നു. മീശയുടെ ഇംഗ്ലീഷ് പരിഭാഷയായ്ക്ക് 25 ലക്ഷം ഇന്ത്യൻ രൂപ പാരിതോഷികമുള്ള ജെ.സി.ബി സാഹിത്യ പുരസ്‌കാരം നൽകിയത് കേരളത്തിലെ  കുലസ്ത്രീകളെ അപമാനിക്കാനായിരുന്നോ എന്നു സംശയിക്കുന്നവരുമുണ്ടിവിടെ..!

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam