കാതലുള്ള കാരിരുമ്പായി കാനം..!

OCTOBER 4, 2022, 10:05 AM

കരുത്തും കാതലുമുള്ള കാരിരുമ്പായി കാനം മാറിയിരിക്കുന്നു. കസർത്തുനടത്താൻ കച്ചകെട്ടിയിറങ്ങിയ എതിർ ചേരിയെ കണ്ണീർകുടിപ്പിച്ച് മൂലയിലിരുത്തിക്കളഞ്ഞു. ഹാട്രിക് വിജയമാണ് കാനം അടിച്ചെടുത്തത്. കാനം രാജേന്ദ്രനെന്ന വില്ലുരുക്കിനെതന്നെ ഇനി സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടരാൻ അനുവദിക്കില്ല, ജനറൽ സെക്രട്ടറി ഡി.രാജ അത് ആഗ്രഹിക്കുന്നില്ല എന്നൊക്കെ തപ്പടിച്ച്  താളമിട്ട് കൊട്ടിഘോഷിച്ചു ഇസ്മായേലും ദിവാകരനും.

അവർ ഒറ്റയ്ക്കും കൂട്ടുകൂടിയും മാധ്യമങ്ങളോട് തട്ടിവിട്ട കഥകളെല്ലാം കെട്ടുകഥകളായി. എന്നാൽ സാക്ഷാൽ രാജയെക്കൊണ്ട് തന്നെ തന്റെ കൈ പിടിച്ച് ഉയർത്തിച്ച് സമ്മേളന പ്രതിനിധികളെ കാനം ഇന്നലെ അഭിവാദ്യം ചെയ്തപ്പോൾ എതിർ ചേരിയുടെ ചങ്കുപൊട്ടിയെന്നതാണ് സത്യം.
കോട്ടയം ജില്ലയിലെ കാനത്തെ കമ്യൂണിസ്റ്റ് കാഴ്ചപ്പാടുള്ള തറവാട്ടിൽ ജനിച്ച രാജേന്ദ്രൻ വാഴൂർ എൻ.എസ്.എസ്. കോളേജിൽ പഠിക്കുന്നകാലത്തുതന്നെ സജീവരാഷ്ടീയക്കാരനായി. ഒപ്പം നല്ല സംഘാടക പാടവവും വളർത്തിയെടുത്തു.  

കൊച്ചുകളപ്പുരയിടത്തിൽ പരമേശ്വരൻ നായരുടേയും ചെല്ലമ്മയുടേയും കടിഞ്ഞൂൽ പുത്രൻ നോവലിസ്റ്റ് കാനം ഇ. ജെയിൽ നിന്നും നാടിന്റെ പേരിന് പേറ്റെന്റ് നേടി സ്വന്തം പേരായ രാജേന്ദ്രന്റെ മുന്നിൽ ചേർത്തു.  സി.കെ.ചന്ദ്രപ്പൻ 1969 ൽ എ.ഐ.വൈ.എഫ് ദേശീയ പ്രസിഡന്റ് ആയപ്പോൾ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റാണു 19-ാം വയസിൽ കാനം കേരളത്തിൽ പാർട്ടിയുടെ പോഷകസംഘടനയുടെ തലപ്പത്തുവരുന്നത്.

vachakam
vachakam
vachakam

21-ാം വയസ്സിൽ സി.പി.ഐയ്ക്കകത്തും കയറിക്കൂടി. 26-ാം വയസ്സിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ നുഴഞ്ഞുകയറി എന്നാണ് ശത്രുപക്ഷം പറഞ്ഞുപരത്തിയത്. അതെന്തായാലും രണ്ടുവട്ടം കോട്ടയം ജില്ലാ സെക്രട്ടറിയായി. 1982ലും 1987ലും നിയമസഭയിലും കയറിപ്പറ്റി.

2015 ൽ കോട്ടയം സംസ്ഥാന സമ്മേളനത്തിലാണ് ആദ്യമായി സെക്രട്ടറിയുടെ കുപ്പായമണിയുന്നത്. 2018ൽ മലപ്പുറത്തുവച്ച് വീണ്ടും അതേ സെക്രട്ടറിയുടെ കുപ്പായം അണിഞ്ഞാണ് പുറത്തിറങ്ങിയത്.
സത്യത്തിൽ കരുത്തനായ നേതാവ്   സി.കെ.ചന്ദ്രപ്പന്റെ നിര്യാണത്തെ തുടർന്ന് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ സംസ്ഥാന കൗൺസിൽ ചേർന്നപ്പോൾ 13 ജില്ലകളിലുള്ളവർ ഒന്നടങ്കം പിന്തുണച്ചത് കാനത്തെയാണ്.

പക്ഷേ, കേന്ദ്ര നേതൃത്വം ചെറിയൊരു കുത്തിത്തിരുപ്പുണ്ടാക്കി. അവർ സി. ദിവാകരനെ നിർദേശിച്ചതോടെ തർക്കത്തിനൊടുവിൽ ഒത്തുതീർപ്പു സ്ഥാനാർത്ഥിയായി പന്ന്യൻ രവീന്ദ്രൻ വന്നു. പിന്നെ സെക്രട്ടറി പദവി ഏറ്റെടുത്തു. എന്നാൽ, അതേ പന്ന്യൻ തന്നെയാണ് കോട്ടയത്ത് കാനത്തിനെ പിൻഗാമിയായി നിർദേശിച്ചത് എന്നത് കാലത്തിന്റെ മറ്റൊരുകളി.

vachakam
vachakam
vachakam

എങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിൽ കാനം നട്ടെല്ലുവളയ്ക്കുന്നു എന്നൊരു തോന്നൽ പാർട്ടിയിൽ ശക്തമായിതന്നെ നിലനിൽക്കുന്നുണ്ടെന്ന് കാനം ഓർക്കുന്നതുനന്നായിരിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam