സങ്കിമന്ത്രവുമായി ആനന്ദബോസ് ബംഗാളിലേക്ക്..!

NOVEMBER 18, 2022, 4:25 PM

അങ്ങിനെ അതും സംഭവിക്കുന്നു. തനി മലയാളിയായ സി.വി. ആനന്ദബോസ്. ആരോടൊപ്പം ചേരുന്നുവോ അവരെ ആനന്ദത്തിലാറാടിക്കാനുള്ള എല്ലാ നുണുക്കുവിദ്യകളും കരഗതമാക്കിയ മനുഷ്യൻ. ഇതാ പശ്ചിമബംഗാളിൽ ഗവർണർ ആയി വാളും വടിയും പരിചയും ഏടുത്ത് യാത്രതിരിച്ചിരിക്കുന്നു.

മമതാബാനർജി എന്ന പശ്ചിമബംഗാൾ മുഖ്യമന്ത്രിയെ നാഴികയ്ക്ക നാല്പതുവട്ടം മുൾമുനയിൽ നിറുത്തുന്ന അഭ്യാസപ്രകടനം കാഴ്ചവച്ച് അഭിനവ ബംഗാൾ സങ്കിക്കടുവയായി മാറിയ ജഗ്ദീപ് ധൻകർ പിന്നെ ഉപരാഷ്ട്രപതിയായി പോയതോടെ പല്ലുകൊഴിഞ്ഞ കുട്ടിത്തേവാങ്കിനെപ്പോലെ ചുരുണ്ടുകൂടിക്കിടക്കുകയാണ്. 

അവിടേക്കാണ് മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനും ബി.ജെ.പി നേതാവുമായ സി.വി. ആനന്ദബോസ് ആനന്ദലബ്ദിയോടെ അരങ്ങുവാഴാൻ എത്തുന്നത്. നിലവിൽ മണിപ്പൂർ ഗവർണർ എൽ. ഗണേശിനാണ് ബംഗാളിന്റെ താത്ക്കാലിക ചുമതല. കക്ഷി വേണ്ടത്രയങ്ങ് ശോഭിക്കുന്നില്ലെന്നുകണ്ടാണ് ഈ പുതിയ നിയമനം. 

vachakam
vachakam
vachakam

2019ലാണ് ഉണ്ടിരുന്ന ആനന്ദബോസിനൊരു ഉൾവിളി ഉണ്ടായിത്. ഇടംവലം നോക്കാതെ അങ്ങ് ബി.ജെ.പിയിൽ ചേർന്നു. പാലക്കാട് കോട്ടമൈതാനത്ത് നടന്ന പൊതുസമ്മേളനത്തിനിടെ അമിത് ഷായിൽ നിന്ന് ആനന്ദബോസ് ബി.ജെ.പി അംഗത്വം സ്വീകരിച്ചപ്പോൾ കോൾമൈയിർ കൊണ്ട് അളകിതപുളകിതനായെന്നാണ് ബി.ജെ.പി അനുഭാവ അച്ചടിദൃശ്യമാധ്യമങ്ങൾ തട്ടിവിട്ടത്.

അങ്ങ് കോട്ടയത്തെത്തിനടുത്ത് മാന്നാനത്തുകാരനായി ജനനം. ചീഫ് സെക്രട്ടറി റാങ്കിലാണ് കക്ഷി വിരമിച്ചത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി, കേന്ദ്രസർക്കാരിൽ അത്യുന്നതപദവികൾ, വൈസ് ചാൻസലർ തുടങ്ങി പല കസേരകളിലും കയറിയിരുന്നിട്ടുണ്ട്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന് നിയോഗിച്ച വിദഗ്ധസമിതിയുടെ ചെയർമാനുമാനുമായിരുന്നു. അതിലൊന്നും വേണ്ടത്ര സംതൃപ്തി പോരാഞ്ഞതുകൊണ്ട് കാര്യമായി ജനത്തെ അങ്ങ് സേവിക്കാൻ ബി.ജെ.പിയിൽ  ചേർന്നത്.

ബി.ജെ.പിയിൽ ചേർന്ന മലയാളി മുൻ ഐ.എ.എസുകാരായ അൽഫോൻസ് കണ്ണന്താനം, ഇ. ശ്രീധരൻ, ജേക്കബ് തോമസ് എന്നിവരിൽ നിന്നുന്നും തികച്ചും വ്യത്യസ്തനാണ് നിത്യാനന്ദനായ സി.വി. ആനന്ദബോസ്.

vachakam
vachakam
vachakam

ആനന്ദബോസിന് ബി.ജെ.പിയിൽ ഒരു രാഷ്ട്രീയപദവിയിലോ ഗവർണറായോ പോലും പരിഗണിച്ചേക്കാം എന്നു പണ്ടേമുതലെ പറഞ്ഞുകേട്ടിരുന്ന ഒരു പല്ലവിയൊ, അനുപല്ലവിയോ ആയിരുന്നു...! എന്നാൽ കേരള ബി.ജെ.പി നേതാക്കൾ എന്നും ബോസിന് ഇടങ്കോലുമായി നിന്നിരുന്നു. 

കേരള കേഡറിലെ ഓഫിസറായിരുന്ന ആനന്ദബോസ് ബി.ജെ.പി ഭാരവാഹിയല്ല. പക്ഷേ, കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ നേതൃത്വവുമായുള്ള അടുപ്പം സംബന്ധിച്ച ശക്തമായ, കിറുകൃത്യമായ സൂചനകളാണ് അന്നും ഇന്നും എന്നും അദ്ദേഹം നൽകാറുള്ളത്. ഇക്കണ്ട കാലം വരെ കേന്ദ്ര

സർക്കാരോ ബി.ജെ.പി ഉന്നതനേതൃത്വമോ ഒരിക്കലും ആനന്ദബോസിന്റെ രാഷ്ട്രീയപ്രാധാന്യം പുറത്തൊന്നും പറഞ്ഞുകേട്ടിരുന്നുമില്ല. 

vachakam
vachakam

കഴിഞ്ഞ തവണ കേരളത്തിൽ ബി.ജെ.പിയുടെ ദയനീയ പരാജയത്തിന്റെ കാരണങ്ങൾ സംബന്ധിച്ചു പ്രധാനമന്ത്രിയുടെ ഓഫീസിലെ രഹസ്യവിഭാഗം ആവശ്യപ്പെട്ട പ്രകാരം താൻ കഷ്ടപ്പെട്ട് കുത്തിയിരുന്നു കൊതുകുകടി കൊണ്ടും ഉണ്ണാതേയും ഉറങ്ങാതേയും ഒരു റിപ്പോർട്ടുണ്ടാക്കി രായ്ക്ക് രാമാനം കേന്ദ്രത്തിൽ ഏൽപ്പിച്ചു.

ഏറെ ആനന്ദത്തോടെ ബോസ് അതെക്കുറിച്ച് രഹസ്യമായും പരസ്യമായുമൊക്കെ വീമ്പിളക്കിയതോടെ സംഗതി മുട്ടൻ വിവാദമായി കത്തിക്കയറി. അതോടെ ബോസ് ഒട്ടകപ്പക്ഷിയുടെരൂപം പൂണ്ടു. പിന്നെ ആ തല ആരും വെളിയിൽ കണ്ടതേയില്ല. അപ്പോഴതാ  ആനന്ദബോസ് എന്നല്ല, ഒരു മുൻ ഉദ്യോഗസ്ഥനിൽനിന്നും പാർട്ടി ഒരു തരത്തിലുമുള്ള ഒരുറിപ്പോർട്ടും നാളിതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നു ബി.ജെ.പി ജനറൽ സെക്രട്ടറി അരുൺ സിങ് വലിയ വായിൽ കൊട്ടിഘോഷിച്ചു.

സംഗതി ഇത്രക്കങ്ങ് കത്തിക്കയറിയതോടെ ബോസ് തലപൊന്തിച്ച് ആത്മരോഷത്തോടെ പത്തിവിടർത്തി ചീറ്റിക്കൊണ്ട് പ്രഖ്യാപിച്ചു. കളി എന്നോടുവേണ്ട, കേന്ദ്രത്തിലെ 'കോംപിറ്റന്റ് അതോറിറ്റി' ആവശ്യപ്പെട്ടതുപ്രകാരം താൻ കഷ്ടപ്പെട്ടുണ്ടാക്കിയ എമണ്ടൻ റിപ്പോർട്ടു നൽകുകതന്നെ ചെയ്തിട്ടുണ്ട്. ഈ വാദത്തിൽ താൻ പാറപോലെ ഉറച്ചുതന്നെ നിൽക്കുകയുമാണ്. എന്നൊരടിയം.

അതോടെ എന്താണീ 'കോംപിറ്റന്റ് അതോറിറ്റി' എന്നതായി പ്രശ്‌നം. ഉദ്യോഗസ്ഥതല പ്രയോഗമാണ്. ഔദ്യോഗിക നിയമനങ്ങളിൽ പ്രധാനമന്ത്രി എടുക്കുന്ന തീരുമാനങ്ങളെ സൂചിപ്പിക്കുമ്പോഴാണു പഴ്‌സനേൽ മന്ത്രാലയം കോംപിറ്റന്റ് അതോറിറ്റി എന്നു പറയുക. എന്നുകൂടി ആനന്ദ ബോസ് പറയാൻ മടിച്ചില്ല. 

അതെന്തായാലും ആനന്ദ ബോസ് കേരള ഗവർണറെ കണ്ടു ബംഗാളിൽ പ്രയോഗിക്കേണ്ട പലകാര്യങ്ങളും പഠിച്ചെന്നും അതല്ല, കേരള ഗവർണറെ ഒട്ടേറെക്കാര്യങ്ങൾ ഒറ്റയടിക്കു പഠിപ്പിക്കാൻ പോയതാണെന്നും ശക്തമായ രണ്ടു ഭാഷ്യമുണ്ട്. അതിന്റെ സത്യാവസ്ഥ കാലം തെളിയിക്കട്ടെ. മമതാ ബാനർജിക്ക് ആയൂരാരോഗ്യം നേരുകയല്ലാതെ നമുക്കെന്തു ചെയ്യാൻ കഴിയും..?

ജോഷി ജോർജ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam