കഥാപുരുഷൻ അടൂർ തന്നെ..!

FEBRUARY 1, 2023, 12:16 PM

മലയാള സിനിമ 70കൾ പിറക്കുന്നതിനു മുമ്പ് കറുപ്പും വെളുപ്പിലുമായി ഏറെ കെട്ടുകാഴ്ചകളോടെ വിലസുകയായിരുന്നു. ലക്ഷങ്ങൾ വിതച്ച് ലക്ഷങ്ങൾ കൊയ്യാൻ പാട്ടും കൂത്തും മരംചുറ്റിയോട്ടവും കുത്തിനിറച്ച് സിനിമകൾ ചുട്ടെടുത്തിരുന്ന കോടംബാക്കത്തിന്റെ സുവർണ്ണകാലം. അങ്ങകലെ യൂറോപ്പിലാകെ വീശിയടിച്ച നവതരംഗത്തിന്റെ തിരയിളക്കത്തിൽ അതുവരെയുള്ള കാഴ്ചാശീലങ്ങളെല്ലാം കുത്തിയൊലിച്ചുതുടങ്ങിയത് മലയാള സിനിമാക്കാർ അറിഞ്ഞതുമില്ല.

ആ മുന്നേറ്റത്തിന്റെ സ്‌ഫോടനാത്മകമായ ഉള്ളടക്കം കാണികളുടെ ബോധമണ്ഡലത്തിൽ ആഴമേറിയ വിള്ളലുകളുണ്ടാക്കുകയായിരുന്നു. അതുമനസിലാക്കാൻപോന്ന ബുദ്ധിയുമായി ഇങ്ങ് കേരളത്തിൽ തിരുവനന്തപുരത്തിനടുത്ത് ആക്കുളത്ത് ഒരു യുവാവുണ്ടായിരുന്നു. പത്തനംതിട്ട ജില്ലയിലെ അടൂരിൽ 1941 ജനിച്ചൊരു ഗോപാലകൃഷ്ണൻ. കഥാപുരുഷനാകട്ടെ ഷോക്കടിച്ചതുപോലെ ആ ദൃശ്യവിസ്‌ഫോടനങ്ങൾ അനുഭവിക്കാനായി.

അതുവരെ കളിയരങ്ങിൽ ആട്ടവിളക്കിന്റെ നേർത്ത വെളിച്ചത്തിരുന്ന് കഥകളിച്ചമയങ്ങളും മേളപ്പദങ്ങളും ആസ്വദിച്ചതിന്റെ കിക്ക് വിട്ടുമാറി. നവസിനിമാപ്രസ്ഥാനം നൽകിയ ദൃശ്യശിക്ഷണത്തിൽ നിന്ന് ഊർജമുൾക്കൊണ്ട് 1965ൽ ആക്കുളത്താമനുഷ്യൻ ഒരു പ്രസ്ഥാനത്തിന് തുടക്കമിട്ടു. ചിത്രലേഖ ഫിലിം സൊസൈറ്റി. പിന്നെ നാടുമഴുവൻ ചുറ്റിനടന്ന് 'ന്യൂവേവ്' ദൃശ്യ ശില്പങ്ങൾ പ്രദർശിപ്പിച്ച അയാൾ പിന്നീട് മലയാള സിനിമയുടെ തന്നെ വ്യാകരണം തിരുത്തുകയായിരുന്നു.

vachakam
vachakam
vachakam

അയാൾ കാമറക്കണ്ണിലൂടെ കണ്ടതത്രയും ചായം തേക്കാത്ത മുഖങ്ങൾ..! കച്ചവടസിനിമ മറച്ചുപിടിച്ച മനുഷ്യാവസ്ഥയുടെ ഇരുണ്ട മറുപുറങ്ങൾ. സത്യജിത്‌റേ, ഋത്വിക് ഘട്ടക്ക്, മൃണാൾസെൻ എന്നിവർക്കൊപ്പം സിനിമലോകത്തിന്റെ നെറുകയിലേക്ക് നടന്നുകയറിയ  അതുല്യപ്രതിഭയാണ് അടൂർ ഗോപാലകൃഷ്ണൻ. കോട്ടയം കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിന്റെ ചെയർമാൻ  സ്ഥാനം ഇക്കാലമത്രയും അലങ്കരിച്ചുപോരുകയും ചെയ്തു.

എന്നാൽ അവിടെയുള്ള നല്ലവരിൽ നല്ലവനായ മനുഷ്യത്വം തുള്ളിത്തുളുമ്പിനിൽക്കുന്ന താഴ്മയുടെ പര്യായമായ വേണമെങ്കിൽ, ഗേറ്റ് കാവൽക്കാരനായി നിൽക്കാൻ പോലും മടിയില്ലാത്ത പച്ചപ്പാവത്തിന് ഇൻസ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടർ  ശങ്കർ മോഹന്റെയും അടൂരിന്റേയുമൊക്കെ കാടത്തസംസ്‌ക്കാരവും  മനുഷ്യത്വരഹിതമായ ചെയ്തികളും സഹിക്കാവുന്നതിലപ്പുറമായിരുന്നു.
ആ മനുഷ്യസ്‌നേഹി അവിടത്തെ പി.ആർ.ഒയേയും ചിലജീവനക്കാരേയും കുറെ കുട്ടിപ്പട്ടാളത്തേയും വട്ടംകൂട്ടി നട്ടപ്പാതിരായ്ക്ക് ഒളിപ്രവർത്തനം തുടങ്ങിയെന്നാണ് അടൂർജി പത്രക്കാരെ വിളിച്ചുകൂട്ടിപ്പറഞ്ഞത്.

ശുചീകരണത്തൊഴിലാളികളിൽ സ്വയം പട്ടികജാതിക്കായി മേക്കപ്പിട്ട് പരാതിയുടെ രൂക്ഷത വർദ്ധിപ്പിക്കുകയുമാണുണ്ടായതത്രെ. അങ്ങിനെ ഇൻസ്റ്റിറ്റിയൂട്ടിനെ കരകയറ്റാൻ അഹോരാത്രം പ്രയത്‌നിച്ച ഡയറക്ടർ ശങ്കർ മോഹനെക്കൊണ്ട് രാജിവെപ്പിക്കാൻ ആ ശിങ്കാരിമേളക്കാർക്കു കഴിഞ്ഞു.

vachakam
vachakam
vachakam

ശങ്കർ മോഹനെപ്പോലെയുള്ള ഒരു വ്യക്തിയെ ഇനി കണികാണാൻ പോലും കിട്ടിയെന്നുവരില്ല. അത്രത്തോളം ചലച്ചിത്രസംബന്ധമായ ശേഷിയും ശേമൂഷിയും അറിവും പ്രവർത്തനപരിചയവും ഇള്ളൊരു പൂമാൻ ഇന്ത്യയിൽപോലും ഇല്ലെന്നറിയണം. അങ്ങിനെയുള്ളൊരു മഹാപുരുഷനെയാണ് വിളിച്ചുവരുത്തി അപമാനിച്ചുവിട്ടതെന്നും അടൂർ മൊഴിയുകയുണ്ടായി. വില്പനയ്ക്ക്നല്ല സാധ്യതയുള്ള ജാതി പറഞ്ഞുതന്നെയാണിവിടെ കളികളത്രയും കളിച്ചിരിക്കുന്നത്.

കൂട്ടത്തിൽ നമ്മുടെ മാധ്യമങ്ങൾക്കും നല്ലൊരു കിഴുക്കുകൊടുക്കാൻ അടൂർ മടിച്ചില്ല. മാധ്യമശിങ്കിടികൾ ഒരുഭാഗം മാത്രം കേട്ടു. അവർ ആടിനെ പട്ടിയാക്കി...പിന്നെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുകയാണ് ചെയ്തത്രെ..! എന്തായാലും സത്യം ഒരു നാൾ പുറത്തുവരുമെന്ന വിശ്വാസത്തോടെ നമുക്ക് നോക്കിപ്പാർത്തിരിക്കാം.

ജോഷി ജോർജ്

vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam