ഒരു മഞ്ഞക്കുറ്റി ദുരന്തം

MAY 17, 2022, 9:24 AM

അമ്പമ്പോ...! കേരളിയരുടെ ജീവിതത്തിൽ ഒരു മഞ്ഞക്കുറ്റി വരുത്തിവച്ച വിന നോക്കണേ..!
കാശില്ലാത്ത കാലത്ത് പിണറായി സർക്കാർ എന്തുമാത്രം കഷ്ടപ്പെട്ടാണ് ഈ മഞ്ഞക്കുറ്റികൾക്കുവേണ്ടി കാശ് കണ്ടെത്തിയത്. നാട്ടിൽ കേട്ടുകേൾവിയില്ലാത്തതരം വില കൊടുത്തു വാങ്ങിയ ഈ കുറ്റികൾ ഇനി എവിടെ കുഴിച്ചുമൂടുമെന്നറിയാതെ പതറുകയാണ്. എല്ലാത്തിനും വഴിവെച്ചത് തൃക്കാക്കര ഉപതെരഞ്ഞെടുപ്പാണ്.

അല്ലെങ്കിലും നല്ലവനായ മാവേലിമന്നനെപ്പോലും പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയത് ഈ തൃക്കാക്കരയുടെ മണ്ണിലാണല്ലോ. അതാണ് പറയുന്നത് നല്ലതൊന്നും മലയാളിക്ക് പിടിക്കില്ല എന്ന്.
മുഖ്യൻ തൃക്കാക്കരയിൽ തമ്പടിച്ച് പ്രചരണത്തിനിറങ്ങിയപ്പോഴാണ് മഞ്ഞക്കല്ലിൽ തട്ടിവീണേക്കുമെന്നുള്ള തോന്നൽ ഉണ്ടായതത്രെ. ഇക്കണ്ടകാലമത്രയും സ്ത്രീകളും കുട്ടികളുമൊക്കെ മഞ്ഞക്കല്ലിനെതിരെ ഉറഞ്ഞുതുള്ളുന്നതും ഭരണിപ്പാട്ട് പാടുന്നതും ടിവിയിൽ മാത്രമേ പിണറായി കണ്ടിരുന്നുള്ളു.

മണ്ണിലേക്കിറങ്ങിയപ്പോഴല്ലെ വിവരമറിയുന്നത്. മഞ്ഞക്കുറ്റി മലയാളിയുടെ നെഞ്ചിലാണ് അടിച്ചുകയറ്റുന്നതെന്ന് കിറ്റക്‌സ് സാബുവിന്റെ അട്ടഹാസത്തോടെയാണ് പിണറായിക്ക് ബോധ്യമായി. ഇനി കുറ്റിയുമായി പോയാൽ പണി കിട്ടുമെന്ന്. അല്ലേലും സാബുവിനെക്കണ്ടാണല്ലോ പിണറായി പഠിക്കുന്നതുതന്നെ. അതുകൊണ്ടുതന്നെ സാബുവിന്റെ പകുതിവിലയ്ക്കുള്ള കാർഡ് കൂടി എന്നാണ് ഇനി പിണറായിയുടെ അണികൾക്ക് വിതരണം ചെയ്യുന്നതെന്നു നോക്കിയാൽ മതി.

vachakam
vachakam
vachakam

അങ്ങിനെയായാൽ എതിർക്കാനൊരുങ്ങുന്നവന്റെ കാർഡ് കട്ടുചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമാകാമല്ലോ.അഞ്ച് മണിക്കൂർ കൊണ്ട് കാസർകോട് എത്താൻ നിലവിൽ സൗകര്യമുള്ളപ്പോൾ ഈ പദ്ധതിയുമായി മുന്നോട്ട് പോകരുത്. വായ്പ തരുന്ന ജയ്ക്കയുടെ (ജപ്പാൻ അന്താരാഷ്ട്ര ബാങ്ക്) ഉപകരണങ്ങൾക്ക് വേണ്ടിയാണ് പദ്ധതി സ്റ്റാൻഡേർഡ് ഗേജ് ആക്കിയത്. കമ്മീഷൻ അടിക്കാൻ വേണ്ടിയുള്ള ഈ പദ്ധതി മറ്റൊരു നന്ദീഗ്രാമായി കേരളത്തെ മാറ്റും. എന്തു വന്നാലും നടപ്പാക്കുമെന്നാണ് നന്ദിഗ്രാമിലും ആവർത്തിച്ചത്.

എന്നിട്ടെന്തായി എന്ന രമേശ് ചെന്നിത്തലയുടെ ചോദ്യം ഇപ്പോഴും അന്തരീക്ഷത്തിൽ അലയടിക്കുന്നുണ്ട്. ഇത് ഭാവി തലമുറയെ  കണ്ടുകൊണ്ടുള്ള പദ്ധതിയാണെന്നാണ് പറയുന്നത്. എന്നാൽ നമ്മുടെയെല്ലാം ഭാവിയെത്തന്നെ അവതാളത്തിലാക്കുകയേയുള്ളുവെന്ന് പ്രതിപക്ഷം പറയുന്നു. എന്തായാലും സാമൂഹ്യാഘാത പഠനം സമൂഹത്തിനപ്പാടെ തന്നെ ആഘാതമായി മാറുകയാണെന്ന തിരിച്ചറിവിൽ നിന്നാണിപ്പോൾ ജിപിഎസ് വഴി സർവേ നടത്തിയാ മതിയെന്നുള്ള റവന്യൂവകുപ്പിന്റെ അതീവ നൂതനമായ കണ്ടെത്തൽ.

ഹോ സമ്മതിച്ചുകൊടുക്കണം റവന്യൂവകുപ്പിനെ..! തക്കസമയത്തുതന്നെ അതു കണ്ടുപിടിച്ചുകളഞ്ഞല്ലോ..!പാളിപ്പോയ മഞ്ഞക്കുറ്റി മാമാങ്കത്തിനുശേഷം ഇതാ പുതുപുത്തൻ പ്രകടനവുമായി എത്തുകയായി എൽഡിഎഫ്. അതേ,    ഒരു വിപ്ലവപ്പാർട്ടിയായ സിപിഎമ്മിന്റെ ജിപിഎസ് വിപ്ലവം.

vachakam
vachakam
vachakam

അതല്ലോ സുഖപ്രദം. തൽക്കാലത്തേക്ക് വികസനമെന്ന പദം ചുരുട്ടിക്കൂട്ടി മൂലക്കിടാം. ഒപ്പം കെ.വി. തോമസിന്റെ വായിൽ നിന്ന് ഒരുതരത്തിലുമുള്ള വികസന മന്ത്രവും പുറത്തുചാടാതെ നോക്കാനുള്ള ഏർപ്പാടുമുണ്ടാക്കിയാൽ തൃക്കാക്കര കയറാമെന്നാണ് കണക്കുകൂട്ടൽ എന്താകുമോ ആവോ..!

എന്തായാലും ഭരണപരിഷ്‌ക്കാര കമ്മീഷന്റെ അധ്യക്ഷസ്ഥാനം കെ.വി. തോമസിന്റെ വായിൽ തിരുകിക്കയറ്റാനും ഏതാണ്ട് തീരുമാനമായി എന്നറിയുന്നു.

ജോഷി ജോർജ്

vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam