സയ്യിദ് മുഷ്താഖ് അലി ട്രോഫി മുംബൈക്ക്. മധ്യ പ്രദേശിനിനെതിരെ അഞ്ച് വിക്കറ്റിനായിരുന്നു മുംബൈയുടെ ജയം. ബംഗ്‌ളൂരു, ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ 175 റൺസ് വിജയലക്ഷ്യം മുംബൈ 17.5 ഓവറിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. സൂര്യകുമാർ യാദവ് (48), അജിൻക്യ രഹാനെ (37) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മുംബൈയുടെ വിജയത്തിൽ അടിത്തറയിട്ടത്.
എന്നാൽ സൂര്യൻഷ് ഷെഡ്‌ജെ (15 പന്തിൽ പുറത്താവാതെ 36) നടത്തിയ വെടിക്കെട്ടാണ് മുംബൈയെ വിജയത്തിലെത്താൻ സഹായിച്ചത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മധ്യപ്രദേശിന് ക്യാപ്ടൻ രജത് പടിധാറിന്റെ (40 പന്തിൽ പുറത്താവാതെ 81) ഇന്നിംഗ്‌സാണ് മധ്യപ്രദേശിന് മികച്ച സ്‌കോർ സമ്മാനിച്ചത്.
മോശം തുടക്കമായിരുന്നു മുംബൈക്ക്. സ്‌കോർബോർഡിൽ 15 റൺസുള്ളപ്പോൽ പൃഥ്വി ഷായുടെ (10) വിക്കറ്റ് നഷ്ടമായി. പിന്നാലെ ശ്രയേസ് അയ്യരും (16) മടങ്ങി. തുടർന്ന് രഹാനെ - സൂര്യ സഖ്യം 52 കൂട്ടിചേർത്തു. ഇതുതന്നെയാണ് വിജയത്തിലേക്കുള്ള വഴി തുറന്നത്. 99 റൺസായിരിക്കെ രഹാനെ മടങ്ങി. തുടർന്നെത്തിയ ശിവം ദുബെയ്ക്ക് (9) തിളങ്ങാനായില്ല. ഇതിനിടെ സൂര്യയും പവലിയനിൽ തിരിച്ചെത്തി.
ഇതോടെ അഞ്ചിന് 129 എന്ന നിലയിലായി ടീം. പിന്നീടാണ് ഷെഡ്‌ജെ കണ്ണടച്ചുതുറക്കും മുമ്പ് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്. 15 പന്തുകൾ മാത്രം നേരിട്ട താരം മൂന്ന് വീതം സിക്‌സും ഫോറും നേടി. അഥർവ അങ്കോളേക്കരപൽ (6 പന്തിൽ 16) ഷെഡ്‌ജെയ്‌ക്കൊപ്പം പുറത്താവാതെ നിന്നു. നേരത്തെ, മോശം തുടക്കമായിരുന്നു മധ്യ പ്രേദശിന്. 12.1 ഓവറിൽ 86 റൺസിനിടെ അവർക്ക് ആറ് വിക്കറ്റ് നഷ്ടമായിരുന്നു. ഓപ്പണർമാരായ അർപ്പിത് ഗൗത് (3), ഹർഷ് ഗവാലി (2) എന്നിവരുടെ വിക്കറ്റുകൾ രണ്ടാം ഓവറിൽ തന്നെ നഷ്ടമായി.
ഷാർദുൽ ഠാക്കൂറാണ് ഇരുവരേയും മടക്കിയയച്ചത്. എട്ടാം ഓവറിൽ ഹർപ്രീത് സിംഗ് ഭാട്ടിയ (15) അഥർവ അങ്കോളേക്കറുടെ പന്തിലും മടങ്ങി. പിന്നീടെത്തിയ വെങ്കടേഷ് അയ്യർക്ക് (17) ഒമ്പത് പന്തായിരുന്നു ആയുസ്. താരത്തെ സൂര്യൻഷ് ഷെഡ്‌ജെ മടക്കുകയായിരുന്നു. രാഹുൽ ബാതം (19), ത്രിപുരേഷ് സിംഗ് (0), ശിവം ശുക്ല (1) എന്നിവർ പെട്ടെന്ന് മടങ്ങിയതോടെ എട്ടിന് 157 എന്ന നിലയിലായി മധ്യ പ്രദേശ്.
ഇതിനിടെ പടിധാർ പിടിച്ചുനിന്നത് മാത്രമാണ് മധ്യപ്രദേശിന് ഗുണം ചെയ്തത്. ആറ് സിക്‌സും ആറ് ഫോറും ഉൾപ്പെടുന്നതായിരുന്നു പടിധാറിന്റെ ഇന്നിംഗ്‌സ്. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ താരമായ പടിധാർ ചിന്നസ്വാമിയിലെ പരിചിതമായ സാഹചര്യം ശരിക്കും മുതലാക്കുകയായിരുന്നു. മുംബൈക്ക് വേണ്ടി ഷാർദുൽ ഠാക്കൂർ, റോയ്‌സ്റ്റൺ ഡയസ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്