വെടിക്കെട്ട് സെഞ്ചുറിയുമായി റിഷഭ്പന്ത്; ഒരുപിടി റെക്കോർഡും

JULY 2, 2022, 11:45 AM

എഡ്ജ്ബാസ്റ്റൺ: വൈറ്റ് ബോൾ ക്രിക്കറ്റിൽ ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ട ഘട്ടത്തിൽ ടെസ്റ്റിൽ വെടിക്കെട്ട് സെഞ്ചുറിയുമായി റിഷഭ് പന്തിന്റെ മറുപടി. ഇംഗ്ലണ്ടിനെതരായ എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് ടെസ്റ്റിൽ 98/5 എന്ന സ്‌കോറിൽ തകർന്നടിഞ്ഞ ഇന്ത്യയെ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് കരകയറ്റിയ റിഷഭ് പന്ത് സെഞ്ചുറി കുറിച്ചതോടെ ഓടിക്കയറിയത് റെക്കോർഡ് ബുക്കിലേക്കാണ്. കരിയറിലെ അഞ്ചാമത്തെയും ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും സെഞ്ചുറിയാണ് എഡ്ജ്ബാസ്റ്റണിൽ പന്ത് ഇന്ന് അടിച്ചെടുത്തത്.

കഴിഞ്ഞ വർഷം ഓവലിലും ഈ വർഷം അഹമ്മദാബാദിലുമായിരുന്നു പന്തിന്റെ മറ്റ് രണ്ട് സെഞ്ചുറികൾ. 89 പന്തിൽ അഞ്ചാം സെഞ്ചുറി തികച്ച പന്ത് ഇന്ത്യൻ വിക്കറ്റ് കീപ്പർമാരിൽ വേഗതയേറിയ സെഞ്ചുറിയെന്ന റെക്കോർഡ് സ്വന്തം പേരിലാക്കി. 2005ൽ പാക്കിസ്ഥാനെതിരെ 93 പന്തിൽ സെഞ്ചുറി നേടിയ എം.എസ്. ധോണിയുടെ റെക്കോർഡാണ് പന്ത് ഇന്ന് മറികടന്നത്. ഇംഗ്ലണ്ടിൽ രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറുമാണ് പന്ത്.

ഏഷ്യക്ക് പുറത്ത് നാലാം സെഞ്ചുറിയാണ് പന്ത് ഇന്ന് ഇംഗ്ലണ്ടിനെതിരെ കുറിച്ചത്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിൽ ഏഷ്യക്ക് പുറത്ത് ഇന്ത്യൻ വിക്കറ്റ് കീപ്പർമാർ ഇതുവരെ ആകെ നേടിയത് മൂന്ന് സെഞ്ചുറികൾ മാത്രമാണ്. വിജയ് മഞ്ജരേക്കർ, അജയ് രത്ര, വൃദ്ധിമാൻ സാഹ എന്നിവരാണ് ടെസ്റ്റ് ചരിത്രത്തിൽ ഏഷ്യക്ക് പുറത്ത് ഇന്ത്യക്കായി സെഞ്ചുറി നേടിയിട്ടുള്ള വിക്കറ്റ് കീപ്പർമാർ. മൂന്നുപേരും ഓരോ സെഞ്ചുറി വീതം നേടിയപ്പോൾ പന്തിന്റെ പേരിൽ മാത്രം നാലു സെഞ്ചുറികളായി.
ഇതിനുപുറമെ ഒരു കലണ്ടർ വർഷത്തിൽ രണ്ട് സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പറാണ് പന്ത്. 1964ൽ ബുധി കന്ദേരൻ, 2009ൽ എം.എസ്. ധോണി, 2017ൽ വൃദ്ധിമാൻ സാഹ എന്നിവരാണ് പന്തിന് മുമ്പ് ഒരു കലണ്ടർ വർഷം രണ്ട് സെഞ്ചുറി നേടിയിട്ടുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർമാർ. എന്നാൽ ഇവരെല്ലാം സെഞ്ചുറി നേടിയത് ഇന്ത്യയിലായിരുന്നെങ്കിൽ പന്തിന്റെ രണ്ട് സെഞ്ചുറിയും വിദേശത്തായിരുന്നു.

vachakam
vachakam
vachakam

ജാക്ക് ലീച്ചിനെ സിക്‌സിന് പറത്തിയ പന്ത് രാജ്യാന്തര ക്രിക്കറ്റിൽ 100 സിക്‌സുകൾ തികക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ ബാറ്ററുമായി. 25 വയസിൽ രാജ്യാന്തര ക്രിക്കറ്റിൽ 100 സിക്‌സുകൾ പൂർത്തിയാക്കിയ ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡാണ് 24കാരനായ പന്ത് ഇന്ന് മറികടന്നത്. 25 വയസും 77 ദിവസവും പ്രായമുള്ളപ്പോൾ 100 സിക്‌സുകൾ തികച്ച സുരേഷ് റെയ്‌നയാണ് മൂന്നാമത്. 100 സിക്‌സ് തികക്കാൻ ഏറ്റവും കുറഞ്ഞ ഇന്നിംഗ്‌സുകൾ കളിച്ച ഇന്ത്യൻ താരങ്ങളിൽ രണ്ടാം സ്ഥാനത്താണ് പന്ത്. 101 മത്സരങ്ങളിൽ 100 സിക്‌സുകൾ അടിച്ച ഹാർദ്ദിക് പാണ്ഡ്യയാണ് ഒന്നാമത്. 116 മത്സരങ്ങളിൽ പന്ത് 100 സിക്‌സിലെത്തി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam