പാരീസ്: കഴിഞ്ഞ രണ്ട് ലോകകപ്പുകളിൽ ഫ്രാൻസ് ഫുട്‌ബോൾ ടീമിന്റെ പ്രതിരോധനിരയിലെ നെടുംതൂണായിരുന്ന ഡിഫൻഡർ റാഫേൽ വരാനെ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. സോഷ്യൽ മീഡിയയിലൂടെ അപ്രതീക്ഷിതമായാണ് 29കാരനായ വരാനെ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.
ഫ്രഞ്ചുകുപ്പായത്തിൽ 93മത്സരങ്ങളിൽ ബൂട്ടുകെട്ടിയ താരം അഞ്ച് ഗോളുകൾ നേടിയിട്ടുണ്ട്. ക്‌ളബ് ഫുട്‌ബോളിൽ വരാനെ തുടരും. ഇപ്പോൾ ഇംഗ്‌ളീഷ് ക്‌ളബ് മാഞ്ചസ്റ്റർ യുണൈറ്റഡിനായാണ് വരാനെ കളിക്കുന്നത്. 2011മുതൽ 2021വരെ സ്പാനിഷ് ക്‌ളബ് റയൽ മാഡ്രിഡിനായി കളിച്ചു. 236 മത്സരങ്ങളിലാണ് റയലിന്റെ കുപ്പായമണിഞ്ഞത്.
2021ൽ മാഞ്ചസ്റ്ററിലെത്തിയ വരാനെ ക്‌ളബിനായി 37 മത്സരങ്ങൾ കളിച്ചു. 2013ൽ തന്റെ 19-ാം വയസിലാണ് വരാനെ ആദ്യമായി ഫ്രഞ്ച് സീനിയർ ടീമിലെത്തുന്നത്. 2013ൽ ജോർജിയക്കെതിരേ ലോകകപ്പ് യോഗ്യതമത്സരത്തിലാണ് അരങ്ങേറ്റം.
2018 ലോകകപ്പിൽ എല്ലാമത്സരങ്ങളിലും ഫ്രഞ്ച് പ്രതിരോധക്കോട്ട കാക്കാൻ വരാനെയുണ്ടായിരുന്നു.
2022 ലോകകപ്പിലും വരാനെ ഫ്രഞ്ച് ടീമിലെ നിർണായക സാന്നിദ്ധ്യമായിരുന്നു. 2016ലെ യൂറോ കപ്പിൽ പരിക്ക് മൂലം താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല.
2018ൽ ലോകകപ്പിനുപുറമേ ചാമ്പ്യൻസ് ലീഗ് നേടിയ റയൽ മാഡ്രിഡ് ടീമിലും വരാനെ അംഗമായിരുന്നു. ഒരേ വർഷം ലോകകപ്പ് ജേതാവും ചാമ്പ്യൻസ് ലീഗ് ജേതാവുമാകുന്ന നാലാമത്തെ മാത്രം താരമായിരുന്നു വരാനെ. 2020-21ൽ ഫ്രഞ്ച് ടീമിനൊപ്പം യുവേഫ നേഷൻസ് ലീഗും നേടിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്