സിംഗപ്പൂരില്‍ നടന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ 14-ാം ഗെയിമില്‍ ചൈനയുടെ ലോക ചാംപ്യന്‍ ഡിംഗ് ലിറനെ തോല്‍പ്പിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി ഗുകേഷ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായി. 7.5-6.5 എന്ന സ്‌കോറിലാണ് ഗുകേഷിന്റെ കിരീട വിജയം.
റഷ്യയുടെ ഇതിഹാസ താരം ഗാരി കാസ്പറോവിന്റെ റെക്കോര്‍ഡാണ് ഗുകേഷ് തകര്‍ത്തത്. 1985-ല്‍ കാസ്പറോവ് 22-ാം വയസ്സില്‍ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ്സ് ചാമ്പ്യനായിരുന്നു.
ഗുകേഷും ഡിംഗും 6.5 പോയിന്റ് വീതം നേടിയാണ് വ്യാഴാഴ്ച അവസാന മത്സരത്തിനിറങ്ങിയത്. മത്സരത്തിന്റെ 53-ാം നീക്കത്തില്‍ ഡിംഗിന് പിഴച്ചത് വരെ 14-ാം ഗെയിം സമനിലയിലേക്ക് നീങ്ങുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ലോക ചാമ്പ്യന്‍ അവസാനം വരുത്തിയ പിഴവ് ഗുകേഷ് അവസരമാക്കി മാറ്റി. കളിയില്‍ തുടരാനും ഡിംഗിനെ സമ്മര്‍ദ്ദത്തിലാക്കാനുമുള്ള ഗുകേഷിന്റെ തീരുമാനം അത്ഭുതങ്ങള്‍ സൃഷ്ടിച്ചു.
'ഇത് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമാണ്,' ചരിത്ര വിജയത്തിന് ശേഷം ഗുകേഷ് പറഞ്ഞു. ഈ വര്‍ഷം ആദ്യം നടന്ന ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യയെ ചരിത്ര സ്വര്‍ണത്തിലേക്ക് നയിച്ചതും ഗുകേഷ്് ആയിരുന്നു.
പതിനെട്ടാമത് ലോക ചാമ്പ്യനും എക്കാലത്തെയും ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനുമായാണ് ഗുകേഷ് മാറിയത്. മത്സരം ടൈബ്രേക്കറിലേക്ക് കൊണ്ടുപോകാന്‍ ഡിംഗ് നോക്കിയിരുന്നു, പക്ഷേ അവസാനം ഗുകേഷ് വിജയ നീക്കം കണ്ടെത്തി.
ഡിംഗിന് തെറ്റ് പറ്റിയെന്ന് അറിഞ്ഞ് വാട്ടര്‍ ബ്രേക്കിനായി പോയ ഗുകേഷിന് വികാരങ്ങള്‍ നിയന്ത്രിക്കാനായില്ല. ബോര്‍ഡിലേക്ക് മടങ്ങുമ്പോള്‍ ഗുകേഷിന്റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു. പക്ഷേ പെട്ടെന്നുതന്നെ ആനന്ദക്കണ്ണീര്‍ കവിളിലൂടെ ഒഴുകി. അധികം വൈകാതെ ഡിംഗ് ലോകകിരീടം അടിയറവു വെച്ചു.
എന്‍ഡ്ഗെയിം തുടങ്ങിയപ്പോള്‍ സമനില ഉണ്ടാകുമെന്നാണ് വിശ്വനാഥന്‍ ആനന്ദ് ഉള്‍പ്പെടെയുള്ള ചെസ് പണ്ഡിതര്‍ പ്രവചിച്ചത്. എന്നാല്‍ സമനിലയ്ക്ക് കൈകൊടുക്കാതെ എന്‍ഡ്‌ഗെയിം നീട്ടാനുള്ള ധീരമായ തീരുമാനമാണ് ഗുകേഷ് എടുത്തത്. ഇത് നിര്‍ണായക തീരുമാനമായി.
തുടര്‍ച്ചയായി ഏഴ് സമനിലകള്‍ക്ക് ശേഷം ഗെയിം 11-ല്‍ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡിംഗിനെ ഞെട്ടിച്ച് വിജയവും ലീഡും നേടിയിരുന്നു. 12-ാം ഗെയിമില്‍ വെള്ളക്കരുക്കളുമായി തിരിച്ചടിച്ച ഡിംഗ് വീണ്ടും മല്‍സരം സമനിലയിലാക്കി. പതിമൂന്നാം ഗെയിമില്‍ ഗുകേഷിന്റെ സമ്മര്‍ദത്തെ ഡിങ്ങ് ചെറുത്തുതോല്‍പ്പിക്കുകയും അവസാന ക്ലാസിക്കല്‍ ഗെയിമിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയും ചെയ്തു, അത് ഇന്ത്യന്‍ താരത്തിന് അനുകൂലമായി അവസാനിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്