ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനില

FEBRUARY 22, 2021, 10:07 AM

മഡ്ഗാവ് : എത്ര അവസരങ്ങൾ ലഭിച്ചാലും ജയിക്കാൻ ഉദ്ദേശമില്ലെന്ന് ഒരിക്കൽക്കൂടി തെളിച്ച് കേരള ബ്‌ളാസ്റ്റേഴ്‌സ് ഇന്നലെ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ചെന്നൈയിൻ എഫ്.സിയോട് 1-1ന് സമനില വഴങ്ങി. ഇൻജുറി ടൈമിൽ ഉൾപ്പടെ ലഭിച്ച ചാൻസുകൾ മിസാക്കിയായിരുന്നു മഞ്ഞപ്പടയുടെ എട്ടാം സമനില. 10-ാം മിനിട്ടിൽ ഫത്കുലോയേവ് നേടിയ ഗോളിന് മുന്നിലെത്തിയിരുന്ന ചെന്നൈയിനെ 29-ാം മിനിട്ടിൽ ഗാരി ഹൂപ്പറുടെ പെനാൽറ്റിയിലൂടെയാണ് സമനിലയിലാക്കാൻ ബ്‌ളാസ്റ്റേഴ്‌സിന് കഴിഞ്ഞത്. 19 മത്സരങ്ങളിൽ നിന്ന് 17 പോയിന്റ് മാത്രം നേടിയിട്ടുള്ള ബ്‌ളാസ്റ്റേഴ്‌സ് 10-ാം സ്ഥാനത്താണ്. 26ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി ഒരു മത്സരം മാത്രമാണ് ബ്‌ളാസ്റ്റേഴ്‌സിന് ശേഷിക്കുന്നത്.

വിജയിച്ചാലും സെമിയിലെത്തില്ലെന്ന് ഉറപ്പുണ്ടായിട്ടും ഇരു ടീമുകളും അഭിമാന വിജയത്തിനായി തുടക്കം മുതൽ പരിശ്രമം തുടങ്ങിയിരുന്നു. അനിരുദ്ധ് താപ്പയുടെ ഒരു ഇടംകാലൻ ഷോട്ടിലൂടെയാണ് ചെന്നൈയിൻ ആക്രമണം തുടങ്ങിയത്. തൊട്ടുപിന്നാലെ ലാലിയൻസുവാല ചാംഗ്‌തെയും പന്തുമായി ബ്‌ളാസ്റ്റേഴ്‌സ് നിരയിലേക്ക് കടന്നുകയറി. യാക്കൂബ് സിൽവസ്റ്ററിന്റെ മൂന്നാം മിനിട്ടിലെ ഹെഡറിൽ നിന്ന് കഷ്ടിച്ചാണ് ബ്‌ളാസ്റ്റേഴ്‌സ് രക്ഷപെട്ടത്. ആറാം മിനിട്ടിലായിരുന്നു ബ്‌ളാസ്റ്റേഴ്‌സിന്റെ ആദ്യ ശ്രമം. വിൻസൻഷ്യോ ഗോമസിന്റെ ഷോട്ട് കോർണർ വഴങ്ങിയാണ് ചെന്നൈയിൻ രക്ഷപെടുത്തിയത്.

എഡ്വിൻ വൻസ്‌പോളിന്റെ അസിസ്റ്റിൽ നിന്നാണ് ചെന്നൈയിൻ മത്സരത്തിലെ ആദ്യഗോൾ നേടിയത്. വൻസ്‌പോളിന്റെ ക്രോസ് പിടിച്ചെടുത്ത് ഫത്കുലോയേവ് ഇടംകാലുകൊണ്ട് തൊടുത്തഷോട്ട് ഗോളിയെ കടന്ന് ബ്‌ളാസ്റ്റേഴ്‌സിന്റെ വലയിൽ കയറുകയായിരുന്നു. 13-ാം മിനിട്ടിൽ ഒരു സെറ്റ്പീസിൽ നിന്ന് ഏനെസ് സ്റ്റിപ്പോവിച്ച് തൊടുത്ത ഹെഡർ ബ്‌ളാസ്റ്റേഴ്‌സിന്റെ ബാറിലിടിച്ചുപോയി. തൊട്ടടുത്ത മിനിട്ടിൽ ഗാരി ഹൂപ്പറുടെ പാസിൽ നിന്ന് ജോർദാൻ മറെ തൊടുത്ത ഷോട്ട് ചെന്നൈയിൻ പ്രതിരോധം തടുത്തു. 19-ാംമിനിട്ടിലെ കെ.പി രാഹുലിന്റെ ഹെഡർ ഇഞ്ചുകളുടെ വ്യത്യാസത്തിൽ വലയ്ക്ക് പുറത്തേക്ക് പോയപ്പോൾ മഞ്ഞപ്പടയുടെ ആരാധകർ നിരാശരായി.

vachakam
vachakam
vachakam

28-ാം മിനിട്ടിൽ സ്വന്തം പെനാൽറ്റി ഏരിയയിൽവച്ച് ദീപക് താംഗ്രി ഹാൻഡ്ബാൾ ഫൗൾ വരുത്തിയതിനാലാണ് കേരളത്തിന് അനുകൂലമായി പെനാൽറ്റി കിക്ക് അനുവദിച്ചത്. കിക്കെടുത്ത ഹൂപ്പർ നിഷ്പ്രയാസം വലംകാലുകൊണ്ട് വലയുടെ ഇടതുമൂലയിലേക്ക് അടിച്ചുകയറ്റി. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ബ്‌ളാസ്റ്റേഴ്‌സിന് അവസരങ്ങൾ പലത് ലഭിച്ചെങ്കിലും ഗോളാക്കാൻ കഴിഞ്ഞില്ല. രണ്ടാം പകുതിയിലും ഇതുതന്നെയായിരുന്നു അവസ്ഥ.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam