ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് 2022/23 സീസണിലേക്കുള്ള ഇന്ത്യയുടെ സീനിയർ പുരുഷ ടീമിനായുള്ള വാർഷിക കളിക്കാരുടെ കരാറുകൾ പ്രഖ്യാപിച്ചു.. ഓൾറൗണ്ടർ രവീന്ദ്ര ജഡേജിനെ എ+ വിഭാഗത്തിലേക്കു മുന്നേറിയപ്പോൾ കെ.എൽ. രാഹുലിനെ ബി ഗ്രേഡിലേക്ക് താഴ്ത്തി. ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ, മുൻ ക്യാപ്ടൻ വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ എന്നിവരാണ് എ+ വിഭാഗത്തിലെ മറ്റ് താരങ്ങൾ.
എ+ വിഭാഗത്തിലെ കളിക്കാർക്ക് ഏഴ് കോടി രൂപ ആകും കരാറിലൂടെ ലഭിക്കുക. ഹാർദിക് പാണ്ഡ്യ, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷമി, ഋഷഭ് പന്ത്, അക്‌സർ പട്ടേൽ എന്നിവർ ഗ്രേഡ് എയിൽ ആണ്. 2022 ഒക്ടോബറിനും 2023 സെപ്തംബറിനുമിടയിൽ ഇവർ 5 കോടി രൂപ നേടും.
ചേതേശ്വർ പൂജാര, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, മുഹമ്മദ് സിറാജ്, സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ എന്നിവർ ഗ്രേഡ് ബിയുടെ ഭാഗമാണ്. രാഹുലിനെ താഴേക്ക് വന്നാണ് ബിയിൽ എത്തിയത് എങ്കിൽ ശുഭ്മാന് ബി.സി.സി.ഐ പ്രൊമോഷൻ നൽകിയാണ് ബിയിൽ എത്തിച്ചത്. മൂന്ന് കോടി രൂപയാണ് ഈ താരങ്ങൾ സമ്പാദിക്കുക.
ഉമേഷ് യാദവ്, ശിഖർ ധവാൻ, ഷാർദുൽ താക്കൂർ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ, മലയാളി താരം സഞ്ജു സാംസൺ, അർഷ്ദീപ് സിംഗ്, കെഎസ് ഭാരത് എന്നിവർ ഗ്രേഡ് സി കരാറിന്റെ ഭാഗമാണ്, ഇവർക്ക് ഒരു കോടി രൂപ ലഭിക്കും.
വാർഷിക കരാറുകൾ പ്രഖ്യാപിച്ചപ്പോൾ ഒഴിവാക്കപ്പെട്ടത് ഭുവനേശ്വർ കുമാറും അജിങ്ക്യാ രഹാനെയും മായങ്ക് അഗർവാളും അടക്കമുള്ള പ്രമുഖർ. അതേസമയം, പ്രായം 37 ആയെങ്കിലും ശിഖർ ധവാനെ സി ഗ്രേഡ് കരാറിൽ നിലനിർത്തിയതും ആരാധകരെ അത്ഭുതപ്പെടുത്തി.
ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് മുന്നിൽ കണ്ടാണ് ധവാനെ സി ഗ്രേഡ് കരാറിൽ നിലനിർത്തിയിരിക്കുന്നത് എന്നാണ് സൂചന. യുവതാരം ശുഭ്മാൻ ഗിൽ ധവാന് പകരം ഓപ്പണറായി തിളങ്ങുന്നുണ്ടെങ്കിലും ഗില്ലിന് പരിക്കേറ്റാൽ പകരം ഓപ്പണറായി പരിഗണിക്കുന്ന ഇഷാൻ കിഷൻ മങ്ങിയ ഫോം തുടരുന്നത് ധവാന് അനുകൂല ഘടകമാണ്. ലോകകപ്പിനായി തയാറെടുക്കാൻ ക്യാപ്ടൻ രോഹിത് ശർമയും പരിശീലകൻ രാഹുൽ ദ്രാവിഡും തന്നോട് പറഞ്ഞിരുന്നതായി ധവാൻ കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
സി ഗ്രേഡിൽ നിലനിർത്തിയത് ധവാന് ആശ്വാസമായപ്പോൾ മറ്റ് സീനിയർ താരങ്ങളായ ഭുവനേശ്വർ കുമാറിനും അജിങ്ക്യാ രഹാനെക്കും ഇഷാന്ത് ശർമക്കും വൃദ്ധിമാൻ സാഹക്കും കരാർ നഷ്ടമായത് കനത്ത നഷ്ടമാണ്. ഇന്ത്യൻ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവ് സാധ്യമാകണമെങ്കിൽ ആഭ്യന്തര ക്രിക്കറ്റിൽ ഇവർക്ക് അസാധരണ പ്രകടനം പുറത്തെടുക്കേണ്ടിവരും.
34കാരായ രഹാനെയുടെയും ഇഷാന്തിന്റെയും ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങിവരവ് സാധ്യത അടക്കുന്നത് കൂടിയാണ് ബിസിസിഐയുടെ അടുത്ത വർഷത്തെ കരാർ പ്രഖ്യാപനം. അതേസമയം കരാറിൽ നിന്ന് പുറത്തായെങ്കിലും 30കാരായ മായങ്കിനും ഹനുമാ വിഹാരിക്കും ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയാൽ ഇനിയും ടെസ്റ്റ് ടീമിൽ തിരിച്ചെത്താൻ സാധ്യതയുണ്ട്.
ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വസ്തനായിരുന്ന ഭുവനേശ്വർ കുമാറിനെ കരാറിൽ നിന്ന് പാടെ അവഗണിച്ചതും ആരാധകരെ അമ്പരപ്പിച്ചു. അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ് മുഹമ്മദ് ഷമി എന്നിവരുടെ വരവോടെ ഭുവിയുടെ സാധ്യതകൾ പൂർണമായും അടഞ്ഞു എന്നാണ് വിലയിരുത്തൽ. അതേസമയം, അടിക്കടി ഉണ്ടാകുന്ന പരിക്കാണ് ദീപക് ചാഹറിന്റെ കാര്യത്തിൽ വില്ലനായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്