പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് വനിത ചാമ്പ്യൻസ് കിരീടം സ്വന്തമാക്കി ബാഴ്‌സലോണ

JUNE 4, 2023, 1:26 PM

ബാഴ്‌സലോണയുടെ സ്വപ്ന തിരിച്ചു വരവ്!! രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കി. കഴിഞ്ഞ തവണ ലിയോണിനോട് അടിയറ വെച്ച ചാമ്പ്യൻസ് ലീഗ് കിരീടം ഒരിടവേളയ്ക്ക് ശേഷം വീണ്ടും സ്വന്തമാക്കി ബാഴ്‌സലോണ. രണ്ടു ഗോളുകൾ വഴങ്ങിയ ശേഷം ചാമ്പ്യന്മാർക്കൊത്ത തിരിച്ചു വരവോടെ മത്സരം സ്വന്തമാക്കിയ ബാഴ്‌സ, ഒരിക്കൽ കൂടി ലോകത്തിന് മുൻപിൽ തങ്ങളുടെ കരുത്ത് വിളിച്ചറിയിച്ചു. പായോർ, പോപ്പ് എന്നിവർ വോൾഫ്‌സ്‌ബെർഗിനായി വല കുലുക്കിയപ്പോൾ ഗ്വിയ്യാറോയുടെ ഇരട്ട ഗോളും റോൽഫോയുടെ ഗോളും ആണ് ബാഴ്‌സലോണ വിജയം സമ്മാനിച്ചത്. അഞ്ചു ഗോളുകൾ വീണ ഫൈനൽ ആരാധകർക്കും മികച്ചൊരു വിരുന്നായി മാറി.

ഐന്തോവനിൽ ഇരു ടീമുകളും അക്രമണാത്മകമായി തന്നെ തുടങ്ങിയപ്പോൾ ഫൈനലിനൊത്ത ആവേശത്തോടെയാണ് മത്സരം ആരംഭിച്ചത്. പതിവ് പോലെ ബാഴ്‌സ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിൽ പാളി. വോൾഫ്‌സ്ബർഗാവട്ടെ ലഭിച്ച അവസരങ്ങൾ വലയിൽ എത്തിക്കുന്നതിൽ മിടുക്കു കാണിച്ചപ്പോൾ ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളുകൾ എതിർ വലയിൽ എത്തിക്കാൻ സാധിച്ചു.

മൂന്നാം മിനിറ്റിൽ തന്നെ അവർ ലീഡ് എടുത്തു. ലൂസി ബ്രോൻസിൽ നിന്നും റാഞ്ചിയെടുത്ത ബോൾ ബോക്‌സിന് പുറത്തു നിന്നും ടൂർണമെന്റ് ടോപ്പ് സ്‌കോറർ ആയ ഏവ പയോർ മികച്ചൊരു ഫിനിഷിങ്ങിലൂടെ വലയിൽ എത്തിച്ചു. കോർണറിൽ നിന്നും ഹെഡറിലൂടെ സമനില നേടാനുള്ള ഐറീൻ പരദെസിന്റെ ശ്രമം ഇഞ്ചുകൾ മാത്രം അകന്ന് പോയി. പിന്നീടും പന്ത് കൈവശം വെക്കുന്നതിലും എതിർ ബോക്‌സിലേക്ക് എത്തുന്നതിലും ബാഴ്‌സ തന്നെ മുന്നിട്ടു നിന്നെങ്കിലും ഓരോ ശ്രമങ്ങളും ഫലമില്ലാതെ അവസാനിച്ചു.

vachakam
vachakam
vachakam

36-ാം മിനിറ്റിൽ വോൾഫ്‌സ്‌ബെർഗ് രണ്ടാം ഗോൾ കൂടി നേടിയതോടെ മത്സരം അവർ നിയന്ത്രണത്തിലാക്കി. ഇടത് വിങ്ങിലൂടെ എത്തിയ ക്രോസിൽ നിന്നും ഹെഡർ ഉയർത്തി അലക്‌സ് പോപ്പ് ആണ് വല കുലുക്കിയത്. ഇടവേളക്ക് തൊട്ടു മുൻപ് ലൂസി ബ്രോൻസ് നൽകിയ അവസരത്തിൽ പരല്വെലോക്ക് ലക്ഷ്യം കാണാൻ സാധിക്കാതെ പോവുക കൂടി ചെയ്തതോടെ മത്സരം ഇതേ സ്‌കോറിന് ആദ്യ പകുതിക്ക് പിരിഞ്ഞു.

എന്നാൽ രണ്ടാം പകുതിയിൽ ബാഴ്‌സലോണ ഒരുങ്ങി തന്നെ ഇറങ്ങി. ആദ്യ അഞ്ചു മിനിറ്റിനുള്ളിൽ തന്നെ സ്‌കോർ ബോർഡ് സമനിലയിൽ എത്തിച്ചു കൊണ്ട് അവർ സ്വപ്ന തുല്യമായ തുടക്കമാണ് കുറിച്ചത്. ഇരു ഗോളുകളും പാട്രിസിയ ഗ്വിയ്യാരോ കുറിച്ചു. 48-ാം മിനിറ്റിൽ മികച്ച ഡ്രിബ്ലിങ്ങ് പാടവവുമായി ബോക്‌സിലേക്ക് കയറിയ ഗ്രഹാം ഹാൻസൻ നൽകിയ പാസിൽ പാട്രിസിയ അനായാസം വല കുലുക്കി.

വെറും രണ്ടു മിനിറ്റിനു ശേഷം ബോൺമാറ്റിയുടെ വലത് വിങ്ങിൽ നിന്നുള്ള ക്രോസിൽ തലവെച്ച് ഒരിക്കൽ കൂടി താരം വല കുലുക്കിയപ്പോൾ സ്റ്റേഡിയത്തിലെ ബാഴ്‌സ ഫാൻസ് പൊട്ടിത്തെറിച്ചു. ഇതോടെ വീണ്ടും പതിവ് താളത്തിലേക്ക് ഉയർന്നു. കൗണ്ടർ അറ്റാക്കിൽ നിന്നും പയോറിന്റെ ശ്രമം കീപ്പർ തടുത്തു. എഴുപതാം മിനിറ്റിൽ വോൾഫ്‌സ്ബർഗ് പ്രതിരോധത്തിന്റെ പിഴവിൽ നിന്നും ബോക്‌സിലെ കൂട്ടപ്പോരിച്ചിലിനോടുവിൽ റോൾഫോ പന്ത് വലയിലെത്തിച്ചപ്പോൾ മത്സരത്തിൽ ആദ്യമായി ബാഴ്‌സ ലീഡ് എടുത്തു

vachakam
vachakam
vachakam

മുൻനിരയിൽ ബെഞ്ചിൽ നിന്നും ജെയ്‌സെ കൂടി എത്തിയതോടെ ബാഴ്‌സ മുന്നേറ്റം കൂടുതൽ അപകടകരമായി. എന്നാൽ മത്സരം അവസാന നിമിഷങ്ങളിലേക്ക് കടന്നതോടെ വോൾഫ്‌സ്ബർഗ് കടുത്ത സമ്മർദ്ദം ചെലുത്തി തുടങ്ങി. ഇതോടെ മത്സരം പലപ്പോഴും പരുക്കൻ അടവുകളിലേക്കും കടന്നു. ബോക്‌സിലേക്ക് തുടർച്ചയായ ക്രോസുകൾ എത്തിയതോടെ ബാഴ്‌സ പ്രതിരോധം വിറച്ചു. ഏഴു മിനിറ്റ് അധിക സമയത്തും വോൾഫ്‌സ്ബർഗിന് ലക്ഷ്യം കാണാൻ സാധിക്കാതെ വന്നതോടെ അവസാന ചിരി ബാഴ്‌സയുടേതായി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam