പത്മ പുരസ്‌കാരം ഏറ്റുവാങ്ങാനാവാതെ അപ്രതീക്ഷിത വിയോഗം

FEBRUARY 4, 2023, 7:35 PM

ഇരുപതോളം ഭാഷകളിലായി പതിനായിരത്തിലേറെ പാട്ടുകൾ പാടിയ കലൈവാണി എന്ന തമിഴ്നാട്ടുകാരി ഇനി ഓർമ. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് മൂന്നു തവണ ലഭിച്ചു, ഈ വർഷം രാജ്യം നൽകിയ പത്മഭൂഷൺ പുരസ്കാരത്തിന്റെ പ്രഭയും പേറിയാണ് രാജ്യത്തിന്റെ മധുരവാണി വിടവാങ്ങുന്നത്.

ഈ വര്‍ഷം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ പുരസ്‌കാര ജേതാക്കളുടെ കൂട്ടത്തില്‍ വാണി ജയറാമും ഉണ്ടായിരുന്നു. എന്നാല്‍ പത്മ പുരസ്‌കാരം ഏറ്റു വാങ്ങാനാവാതെയാണ് വാണി ജയറാമിന്റെ മടക്കം. സംഗീത ലോകത്തിന് അത്രവേഗം അംഗീകരിക്കാനാകാത്ത വിയോഗമാണ് വാണി ജയറാമിന്റേത്. പല തലമുറകളുടെ സംഗീതാസ്വാദനത്തിന് മധുരം പകര്‍ന്ന സ്വരം അപ്രതീക്ഷിതമായി നിലച്ചു പോയതിന്റെ വേദന താങ്ങാനാവാത്തതാണ്.

19 ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങള്‍ അവര്‍ ആലപിച്ചിട്ടുണ്ട്. 1975 ല്‍ തമിഴ് ചിത്രമായ അപൂര്‍വ്വരാഗത്തിലെ ‘ഏഴുസ്വരങ്ങളുക്കുള്‍’ എന്ന ഗാനത്തിനും, 1980ല്‍ ‘ശങ്കരാഭരണ’ത്തിലെ ഗാനങ്ങള്‍ക്കും, 1991 ‘സ്വാതി കിരണത്തിലെ’ ഗാനങ്ങള്‍ക്കും ദേശീയ പുരസ്‌കാരം നേടി. വാണി ജയറാമിന്റെ 30 കവിതകള്‍ ‘ഒരു കുയിലിന്‍ കുരള്‍ കവിതൈ വടിവില്‍’ എന്ന പേരില്‍ പുസ്തകമായിട്ടുണ്ട്.

vachakam
vachakam
vachakam

പ്രഫഷനല്‍ ഗായിക എന്ന നിലയിലുള്ള വാണിയുടെ വളര്‍ച്ചയ്ക്ക് താങ്ങും തണലുമായത് സംഗീതസ്നേഹിയും സിത്താര്‍ വിദഗ്ധനുമായ ഭര്‍ത്താവ് ജയറാം ആയിരുന്നു. 1971ല്‍ ‘ബോലേ രേ പപ്പി ഹരാ…’ എന്ന ഗാനവുമായി ഹിന്ദി ചലച്ചിത്രഗാനലോകത്ത് തുടക്കം കുറിച്ച കലൈവാണി എന്ന വാണി ജയറാം സ്വപ്നം എന്ന സലില്‍ ചൗധരി ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്.

‘സൗരയൂഥത്തില്‍ വിടര്‍ന്നോരു കല്യാണ സൗഗന്ധിക’ ആയിരുന്നു ആദ്യഗാനം. മലയാളത്തില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്കാണ് വാണി ജയറാം സ്വരം നല്‍കിയത്. ‘ആഷാഢമാസം ആത്മാവില്‍ മോഹം’, ‘ഏതോ ജന്മ കല്‍പ്പനയില്‍’, ‘സീമന്ത രേഖയില്‍’, ‘നാദാപുരം പള്ളിയിലെ’, ‘തിരുവോണപ്പുലരിതന്‍’, ‘പകല്‍ സ്വപ്നത്തിന്‍ പവനുരുക്കും’, ‘വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി…’ തുടങ്ങി ഒട്ടനവധി ഗാനങ്ങള്‍ ആലപിച്ചു. 2014ല്‍ ഒരു നീണ്ട ഇടവേളക്ക് ശേഷം 1983 എന്ന ചിത്രത്തില്‍ ഗോപി സുന്ദറിന്റെ സംഗീതത്തില്‍ പി. ജയചന്ദ്രനൊപ്പം ‘ഓലഞ്ഞാലി കുരുവീ…’ എന്ന ഗാനം ആലപിച്ചു കൊണ്ടാണ് വാണി ജയറാം മലയാളത്തിലേക്ക് മടങ്ങി വന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam