എസ്.രത്‌നാകരൻ ഭാഗവതർ നിര്യാതനായി

APRIL 18, 2022, 11:51 AM

തിരുവനന്തപുരം: ആകാശവാണിയിലെ ലളിതസംഗീത പാഠങ്ങളിലൂടെയും ഈണം പകർന്ന നിരവധി ലളിതഗാനങ്ങളിലൂടെയും മലയാളികളുടെ കാതിന് കുളിർമയേകിയ പ്രശസ്ത കർണാടക സംഗീതജ്ഞൻ എസ്.രത്‌നാകരൻ ഭാഗവതർ (കടയ്ക്കാവൂർ രത്‌നാകരൻ ഭാഗവതർ - 93) വിടവാങ്ങി. പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് ഇന്നലെ (ഏപ്രിൽ 17)​ രാവിലെ ഒമ്പതിന് തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരത്തെ വസതിയായ ടി.സി 83/സി 1830 ശിവഭവനിലായിരുന്നു അന്ത്യം.

ആകാശവാണിയിലൂടെ ആദ്യമായി ലളിത സംഗീത പാഠം പഠിപ്പിച്ചത് ഭാഗവതരായിരുന്നു. ആകാശവാണിയിൽ എ ടോപ്പ് സംഗീതജ്ഞൻ പദവി ആദ്യം നേടിയ അദ്ദേഹം 35 വർഷത്തോളം ആകാശവാണിയിലെ സംഗീതജ്ഞനായിരുന്നു. ആയിരത്തിലേറെ ലളിത ഗാനങ്ങൾക്ക് ഈണം നൽകിയിട്ടുണ്ട്. 1973ൽ മനുഷ്യപുത്രൻ എന്ന സിനിമയിൽ ഒരു നാടൻ പാട്ടിന് ഈണം നൽകി. ശിഷ്യരായ കെ.എസ്.ജോർജ്ജും കെ.പി.എ.സി സുലോചനയുമാണ് ആ ഗാനം പാടിയത്.

പദ്മരാജൻ, വേണുനാഗവള്ളി തുടങ്ങിയവർ ക്ഷണിച്ചെങ്കിലും പിന്നെ സിനിമാ സംഗീതത്തിലേക്ക് പോയില്ല. സംഗീതജ്ഞനും തകിൽ വാദകനുമായിരുന്ന കടയ്ക്കാവൂർ നിലയ്ക്കാമുക്കിൽ ശിവരാമൻ ഭാഗവതരുടേയും ലക്ഷ്മിഅമ്മയുടേയും മകനാണ് രത്‌നാകരൻ. 16-ാം വയസിൽ വർക്കല ശിവഗിരിയിൽ നടത്തിയ സംഗീത പരിപാടിയായിരുന്നു സംഗീത ജീവിതത്തിന്റെ തുടക്കം. കേരളത്തിലും തമിഴ്‌നാട്ടിലും വിവിധ സ്ഥലങ്ങളിൽ കച്ചേരി നടത്തി.

vachakam
vachakam
vachakam

2001ൽ കേരള സംഗീത നാടക അക്കാഡമി അവാർഡ് നേടി. 1987ൽ സ്വാതി തിരുന്നാൾ സംഗീതസഭയുടെ ഗായകരത്‌നം, 1988ൽ ത്യാഗരാജ ഭക്തി സഭ അവാർഡ്, ചെബൈ ട്രസ്റ്റ് അവാർഡ്, 1990ൽ എൻ.കെ. സുകുമാരൻ മെമ്മോറിയൽ സംഗീതാചാര്യ അവാർഡ്, ശ്രീ ചിത്തിര തിരുന്നാൾ സംഗീത നാട്യ കലാകേന്ദ്രം അവാർഡ്, 2007ൽ നവരസം സംഗീത സഭയുടെ സരസമ്മ അവാർഡ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.

മധുരൈ കെ.വി .കേശവ ഭാഗവതരാണ് ഗുരു. മൃതദേഹം ഇന്നലെ തൈയ്ക്കാട് ശാന്തി കവാടത്തിൽ സംസ്‌കരിച്ചു. ഭാര്യ പരേതയായ സുഭദ്രാമ്മ . റിട്ട.ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ ബാലസുബ്രഹ്മണ്യമാണ് മകൻ. മരുമകൾ ഗീത.


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam