നാട്ടിലോട്ട് 2025 എന്ന് മനോരമ. തദ്ദേശപ്പോര് എന്ന് ഏഷ്യാനെറ്റ് ന്യൂസ്. അങ്ങനെ കേരളത്തിൽ പഞ്ചായത്ത് ഇലക്ഷന്റെ പൊടിപടലമുയർന്നു കഴിഞ്ഞു. വോട്ടർമാരെ തൊട്ടിലാട്ടി സോപ്പിടുന്ന ക്ഷേമപദ്ധതികൾ സർക്കാർ വകയായുണ്ട്. പോരാത്തതിന് കുടുംബങ്ങളുടെ മനസ്സിലിരിപ്പറിയാൻ പാർട്ടി സേനാംഗങ്ങളും സജ്ജമാക്കിക്കഴിഞ്ഞു. കുപ്പിപ്പാൽ പോലെ ക്ഷേമ പദ്ധതികൾ ഓരോന്നായി പ്രഖ്യാപിക്കുന്നുണ്ട് സർക്കാർ.
കതിരിൽ വളം വച്ചിട്ടെന്തു കാര്യമെന്ന പഴയ ബനാന ടോക്കിനൊന്നും ഇന്നു വിലയില്ല. ഞാറ് നടുന്നതിനു മുമ്പ് നിലമൊരുക്കാനോ വെള്ളം നിർത്താനോ വളമിടാനോ ഒന്നും കേന്ദ്രസംസ്ഥാന സർക്കാരുകൾ ഇപ്പോൾ മെനക്കെടാറില്ല. വോട്ടിനു മുമ്പ്, സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 10,000 രൂപ നിക്ഷേപിച്ച ബീഹാറിലെ നിതീഷ് ഭരണകൂടം തയ്യാറായത് ഒരു ഉളുപ്പുമില്ലാതെയാണ്.
കേന്ദ്രം നൽകിയ സൗജന്യ അരി കിറ്റിലാക്കി 'ഫ്രീ' യായി നൽകി വോട്ട് കീശയിലാക്കിയ ചരിത്രം കേരളത്തിനുമുണ്ട് പറയാൻ. ഇപ്പോൾ പാർട്ടി കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും സർക്കാർ ജോലി ഉറപ്പാക്കിക്കൊണ്ടാണ് പഞ്ചായത്ത് ഇലക്ഷനെ ഇടതുപക്ഷം നേരിടാൻ പോകുന്നതെന്ന പരാതിയുയർന്നിട്ടുണ്ട്. ആര് എന്തു പറഞ്ഞാലും കിട്ടുന്ന കാശിന് കൂറ് പ്രകടിപ്പിക്കുന്ന പാർട്ടിവോട്ടുകൾ കൊണ്ടുമാത്രം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പിടിച്ചെടുക്കുവാൻ കഴിയുമോയെന്ന ചോദ്യം രാഷ്ട്രീയ നിരീക്ഷകരും ഉയർത്തിക്കഴിഞ്ഞു.
സെമിഫൈനലിലെ അടവ് നയങ്ങൾ
നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള സെമിഫൈനലാണ് ഡിസംബറിൽ നടക്കുവാൻ പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ്. പ്രാദേശിക രാഷ്ട്രീയത്തിൽ 'ഗപ്പ് ' നേടാനുള്ള ഈ കളിയിൽ വലുതായ രീതിയിൽ മുന്നണി മര്യാദകൾക്കൊന്നും പ്രസക്തിയില്ല. ആലുവയിൽ യു.ഡി.എഫ്. മുന്നണിയുണ്ടെന്ന് പറയുമെങ്കിലും, അവിടെ കോൺഗ്രസ് 100 ശതമാനം സീറ്റിലും മൽസരിക്കുമെന്ന കടും പിടുത്തത്തിലാണ്. മലപ്പുറത്താകട്ടെ 'വല്യേട്ടൻ' മുസ്‌ലീം ലീഗാണ്. അവിടെ കഴിഞ്ഞ തവണ 8 സീറ്റ് കോൺഗ്രസിന് നൽകിയിരുന്നുവെങ്കിലും, അവർ 'പൂജ്യ'രായി.
കോൺഗ്രസിനെതിരെ മൽസരിച്ച ലീഗ് വിമതന്മാരെ താൽക്കാലികമായി നേതൃത്വം പുറത്താക്കിയെങ്കിലും, കോൺഗ്രസിനെ തോൽപ്പിച്ച വിമതന്മാരെയെല്ലാം പിൽക്കാലത്ത് പാർട്ടി തിരിച്ചെടുത്തു. മലപ്പുറത്ത് ഒരു പഞ്ചായത്തിൽ ലീഗും സി.പി.എം. ചേർന്നുള്ള വിചിത്ര മുന്നണിയുമുണ്ട്. മാത്രമല്ല വിവാദ നായകൻ അൻവർ കൂടി യു.ഡി.എഫിലെത്തിയാൽ വീണ്ടും, അതേ മുന്നണിയിൽ ചില കരിമരുന്ന് പ്രയോഗങ്ങൾ പ്രതീക്ഷിക്കാം. കൊല്ലം, കോട്ടയം, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെല്ലാം വിമത ശല്യങ്ങൾ ഇരുമുന്നണികളിലും പ്രതീക്ഷിക്കാം.
ഓരോ പാർട്ടിയും 'ഉള്ളാലെ ആശീർവദിച്ച്' രംഗത്തിറക്കുന്ന വിമത സ്ഥാനാർത്ഥികളുണ്ടാവാം. ചിലരാണെങ്കിൽ നേതൃത്വത്തോട് കട്ടക്കലിപ്പിലായി ഇടഞ്ഞ് സ്ഥാനാർത്ഥികളായി മാറും. ചിലപ്പോൾ, ഇതേ വിമതൻ/വിമത ഭരണം പിടിക്കാനുള്ള 'വെള്ളിമൂങ്ങ' കളായി മാറും. മാമച്ചനില്ലെങ്കിൽ ഭരണവുമില്ലെന്ന സിനിമാക്കഥ പോലെ കാര്യങ്ങൾ കുഴഞ്ഞു മറിയും. പിന്നീട്, അതേ വിമതസ്വരത്തിനു മുന്നിൽ പാർട്ടി നേതാക്കൾ കാലിടറി വീഴുകയും ചെയ്യും. കാശും പദവിയും ചോദിച്ചു വാങ്ങാൻ യാതൊരു ചളിപ്പുമില്ലാത്ത മാമച്ചന്മാരെ നേരത്തെ തന്നെ മുഖ്യകക്ഷികൾ നോട്ടമിട്ടിട്ടുണ്ടാവാം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള എല്ലാ തെരഞ്ഞെടുപ്പും 'യുദ്ധ സമാനമായ' രീതിയിലാകുമ്പോൾ, വോട്ടർമാരെ പ്രീണിപ്പിക്കാൻ ഏതു തരത്തിലുള്ള വാഗ്ദാനവും നൽകാൻ മുഖ്യധാരാ കക്ഷികൾ തയ്യാറാകും. അധികാരത്തിന്റെ അപ്പക്കഷണങ്ങളുടെ പൊട്ടോ പൊടിയോ വോട്ടർമാർക്ക് സമ്മാനിക്കാൻ ഭരണക്കാരും സന്നദ്ധരാണ്. ഭരണമില്ലാത്ത പ്രതിപക്ഷമാകട്ടെ പളപളാതിളങ്ങുന്ന വാഗ്ദാനങ്ങൾ 'ഗിഫ്റ്റ് പേപ്പറിൽ' പൊതിഞ്ഞ് വോട്ടർമാർക്കു മുമ്പിൽ നിരത്തിവയ്ക്കാം.
കിട്ടാനുള്ളത് വാങ്ങി, വച്ചുനീട്ടുന്ന വാഗ്ദാനങ്ങൾക്ക് തല കുനിച്ച് പാർട്ടികളെ 'ആപ്പ'ടിക്കുന്ന വിരുതന്മാരാണ് ഇന്നുള്ളത്. അതുകൊണ്ട്, പെട്ടി പൊട്ടിക്കും വരെ എല്ലാ ഭരണപ്രതിപക്ഷ നേതാക്കളും വോട്ടർമാരുടെ മനസ്സിലിരിപ്പിന്റെ കാര്യത്തിൽ ഇരുട്ടിൽ തന്നെയാകാനാണ് സാധ്യതയേറെയും.
തറ പോലും സ്‌പോഞ്ച് കിടക്ക!
അമേരിക്കയെ പോലും കടത്തിവെട്ടി മുന്നേറുന്ന കേരളത്തിലെ സർക്കാർ ആശുപത്രികളിൽ, രോഗികൾക്ക് കിടക്കാൻ 'തറ' പോലും സ്‌പോഞ്ച് ബെഡ്ഡാക്കി മാറ്റിയെന്നാണ് മന്ത്രി വീണാ ജോർജിന്റെ വീമ്പു പറച്ചിൽ. അല്ലെങ്കിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദയചികിത്സ തേടിയെത്തിയ വേണുവിന്റെ കിടപ്പ് വെറും തറയിലായതെങ്ങനെ? തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ദരിദ്രരും സാധാരണക്കാരുമായ രോഗികളെ കാത്തിരിക്കുന്നത് കൈക്കൂലി മാത്രം പ്രതീക്ഷിക്കുന്ന ചില ആശുപത്രി ജോലിക്കാരാണ്.
വേണു മരിക്കുന്നതിനുമുമ്പ് സുഹൃത്തിനയച്ച 'ഫേസ് ബുക്ക് പോസ്റ്റിൽ' സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്ന എല്ലാവരുടെയും യാതനകളും ദുരിതങ്ങളും അടയാളപ്പെടുത്തിയിട്ടുണ്ട്.
ചികിത്സാരംഗത്ത് സൗജന്യങ്ങൾ ഏറെ നൽകുന്നതുകൊണ്ട് പരാതികളുടെ വർദ്ധനയുണ്ടാകാമെന്ന വകുപ്പ് മന്ത്രിയുടെ അവകാശവാദം പൊള്ളയാണെന്ന് വേണുവിനെ പോലെ എത്രയോ രോഗികൾ ഇതിനു മുമ്പ് അലറിവിളിച്ച് പറഞ്ഞിട്ടിട്ടുണ്ട്? ആ നിലവിളികൾക്ക് കാതോർക്കാൻ അധികൃതർ ഇനിയും തയ്യാറായിട്ടില്ലെന്ന് സമകാലിക സംഭവങ്ങൾ സൂചിപ്പിക്കുന്നു.
ഏതൊരു ദുരന്തമുണ്ടായാലും അതിന്മേൽ വഴിപാടെന്നപോലെ റിപ്പോർട്ട് തേടുകയെന്നതു മാത്രമാണോ മന്ത്രിമാരുടെ നടപടി? ആ റിപ്പോർട്ടുകളാകട്ടെ കുറ്റവാളികളായ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വൈറ്റടിച്ച് കുട്ടപ്പനാക്കാനുള്ള തന്ത്രമായി അധഃപതിക്കുന്നുണ്ടോ?
അലംഭാവത്തിന്റെ ഇരകളാണോ നാം?
പൊതുഖജനാവിൽ നിന്ന് പണം ചെലവഴിക്കുന്നതിന്റെ മുൻഗണനാ സ്വഭാവം ജനോന്മുഖമല്ല ഇന്ന്. ജനത്തിന്റെ ക്ഷേമമോ സുരക്ഷയോ സർക്കാർ ഖജനാവിന്റെ കാവലാളുകൾക്ക് പ്രശ്‌നമേയല്ല. എറണാകുളം ജില്ലയിലെ തമ്മനത്ത് ശുദ്ധജല ടാങ്ക് പൊട്ടിയത് അറ്റകുറ്റപ്പണികൾ യഥാസമയം പൂർത്തിയാക്കാത്തതുകൊണ്ടാണെന്ന് വാർത്തകളുണ്ട്. കോട്ടയത്ത് പൊളിഞ്ഞുവീണ സർക്കാർ ആശുപത്രി കെട്ടിടം, ഈ രംഗത്ത് അധികൃതർ പുലർത്തിയ പിടിപ്പുകേടിന്റെ പ്രതീകമായി. തമ്മനത്ത് കുടിവെള്ള ടാങ്കിന്റെ ഭിത്തികളുടെ അടിമണ്ണ് ഒഴുകിപ്പോയതാണ് ടാങ്ക് തകരാൻ കാരണമായത്.
കേരളത്തിൽ 225 ആശുപത്രി കെട്ടിടങ്ങൾ ഏതു സമയത്തും പൊളിഞ്ഞുവീഴാം. ഇതിൽ മെഡിക്കൽ കോളജ് കെട്ടിടങ്ങളുടെയോ അനുബന്ധ സ്ഥാപനങ്ങളുടെ എണ്ണം ഉൾപ്പെടുത്തിയിട്ടില്ല. ഏറ്റവും കൂടുതൽ നികുതിപിരിച്ച് സർക്കാർ ഖജനാവ് നിറയ്ക്കുന്ന എറണാകുളം ജില്ലയിലാണ് അപകട ഭീഷണി നേരിടുന്ന 41 ആശുപത്രി കെട്ടിടങ്ങളുള്ളത്. ഇതേ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് ആലപ്പുഴയാണ് 37 എണ്ണം. വയനാട് 14, കോഴിക്കോട് 8, ഇടുക്കിയും കാസർകോടും 7 വീതം, കണ്ണുർ 5, മലപ്പുറം 4 എന്നിങ്ങനെയാണ് 'അൺഫിറ്റാ'യ സർക്കാർ ആശുപത്രികളുടെ കണക്ക്.
സർവേകളിലെ അപായ സൂചനകൾ
കേരളത്തിന്റെ ജനസംഖ്യയുടെ ഘടന മാറുന്നതിനനുസരിച്ച് നമ്മുടെ ആരോഗ്യ പരിപാലന രംഗത്തും മാറ്റങ്ങൾ ഉണ്ടായേ പറ്റൂ. പ്രളയത്തിനും കോവിഡിനും ശേഷം മലയാളികൾക്ക് സംഭവിച്ച മാനസികാരോഗ്യ തകർച്ച അതിഭീകരമാണ്. കോവിഡാനന്തര കേരളത്തിന്റെ ആരോഗ്യസ്ഥിതി വേണ്ടവിധം നിരീക്ഷിച്ച് അതിന് അനുസൃതമായ ആസൂത്രണം നാം നടത്തുന്നില്ല 2015-16ലെയും 2019-21 ലെയും ദേശീയ കുടുംബാരോഗ്യ സർവേയിലെ മുന്നറിയിപ്പുകൾ നാം കണക്കിലെടുക്കേണ്ടതുണ്ട്.
അമിത വണ്ണമുള്ള കുട്ടികളുടെ ദേശീയ ശരാശരി 3.4% ആണെങ്കിൽ കേരളത്തിൽ അതേ ശതമാനക്കണക്ക് 4% ആണ്. കേരളത്തിലെ മുതിർന്നവരുടെ അമിതവണ്ണമാകട്ടെ, ദേശീയ ശരാശരിയെക്കാൾ ഇരട്ടിയാണ്! ഇതേ സർവേയിൽ 38% പുരുഷന്മാരും 36% സ്ത്രീകളും അമിതവണ്ണമുള്ളവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. 2019ൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ഓരോ വീട്ടിലും ഒരു വാട്ടർ ടാപ്പെങ്കിലും വേണമെന്ന നിർദ്ദേശം ദേശീയതലത്തിൽ നടപ്പാക്കിയതിന്റെ ശരാശരി കണക്ക് 80.9% ആണ്. ജലത്തിന്റെ ഗുണമേന്മാ വിലയിരുത്തലിൽ നമ്മുടെ രാജ്യം 120-ാം സ്ഥാനത്താണെന്ന കണക്ക് നമ്മെ അസ്വസ്ഥരാക്കുമ്പോൾ 'ഹർ ഘർ ജൽ' എന്ന പദ്ധതിയനുസരിച്ച് കേരളത്തിലെ 54.6% വീടുകളിലേ ഈ പദ്ധതി നടപ്പാക്കിയിട്ടുള്ളൂ!
വാർദ്ധക്യത്തിന്റെ വല്ലായ്കകൾ
ഈയിടെ മാതൃഭൂമിയുടെ വാർത്താ ചാനലിലെ ഒരു ഫീച്ചറിൽ, വൃദ്ധനായ ഒരാൾക്ക് കൂട്ടു കിടക്കാനുള്ള മാസശമ്പളമായി നൽകുന്നത് 13,000 രൂപയാണെന്ന് പറയുകയുണ്ടായി. 2031ൽ കേരളത്തിലെ ജനസംഖ്യയുടെ 24 ശതമാനവും 60 വയസ്സ് കടന്നവരായിരിക്കും. കേരളത്തിനായിരിക്കും അറുപതു കഴിഞ്ഞവരുടെ എണ്ണത്തിൽ നമ്പർവൺ സ്ഥാനം 2017ൽ കേരളത്തിൽ 13% 60 കഴിഞ്ഞവരായിരുന്നു.
പെൻഷൻ പറ്റുന്നവരെ പോറ്റേണ്ട കടമ കൂടി ഭരണകൂടത്തിനുണ്ട്. നല്ല പ്രായത്തിൽ അവർ ശേഖരിച്ചു വച്ച പെൻഷൻ ഫണ്ട് യഥാവിധി മുതിർന്ന പൗരന്മാർക്ക് നൽകിയേ പറ്റൂ. 1990ലെ കണക്കനുസരിച്ച് 11 മുതൽ 13 ശതമാനം വരെയും, നിലവിൽ 15 മുതൽ 20 ശതമാനം വരെയും വരുമാനം പെൻഷൻ നൽകാൻ സർക്കാർ വിനിയോഗിക്കേണ്ടിവരുന്നു. 2024-25 ലെ കണക്കനുസരിച്ചു തന്നെ വരുമാനത്തിന്റെ 21 ശതമാനം പെൻഷൻ നൽകാൻ വേണം!
സൂപ്പർ സ്റ്റാറുകൾക്ക് പണി വരുന്നു!
തമിഴ് സിനിമയിൽ പടം ഹിറ്റായില്ലെങ്കിൽ നായക നടന്മാരുടെ പ്രതിഫലം വെട്ടിക്കുറയ്ക്കുമെന്ന കരാറുണ്ടാക്കാൻ തമിഴ് സിനിമാ നിർമ്മാതാക്കളുടെ സംഘടന തയ്യാറെടുക്കുന്നു. പടം ബോക്‌സ് ഓഫീസിൽ വിജയിച്ചാൽ, അതിന്റെ നേട്ടം സൂപ്പർ സ്റ്റാറുകൾക്ക് നൽകാനും ഈ പുതിയ കരാറിൽ വ്യവസ്ഥയുണ്ടാകും.
ക്രിസ്മസ് ചിത്രങ്ങളായി റിലീസ് ചെയ്യാൻ ദിലീപ് നായകനായുള്ള 'ഭഭബ', മോഹൻലാൽ നായകനായ പാൻ ഇന്ത്യൻ ചിത്രം 'ഋഷഭ' നിവിൻപോളിയുടെ ചിത്രം, ബിജുമേനോന്റെ ചിത്രം എന്നിവയെല്ലാം അണിയറയിൽ അവസാന മിനക്കു പണികളിലാണ്. ഓണത്തിന് കല്യാണി 'ലോക'യിലൂടെ നേടിയ സാമ്പത്തിക വിജയം കൈവരിക്കാൻ പല ചിത്രങ്ങളും ആഗ്രഹിക്കുന്നുണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ ട്രെൻഡിയായാലേ ഏത് സിനിമയും വിജയിക്കാനാവൂവെന്ന ബോദ്ധ്യം മലയാള സിനിമാരംഗത്തുള്ളവർക്കുണ്ട്! മലയാള ചിത്രങ്ങൾക്ക് വലിയൊരു ഭീഷണിയാകുമെന്നു കരുതിയ വിജയ്‌യുടെ ചിത്രമായ 'ജനനായകൻ' ക്രിസ്മസ് റിലീസായി ഈ വർഷം തിയറ്ററുകളിലെത്തില്ലെന്നത് മലയാള സിനിമയ്ക്ക് ആശ്വാസമായിരിക്കും.
ആന്റണിചടയംമുറി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
