വെങ്കയ്യ നായിഡു ഇനി എന്തുചെയ്യണം?

AUGUST 12, 2022, 11:01 AM

കേവലം ഒന്നാം വയസ്സിൽ അമ്മയെ നഷ്ടപ്പെട്ട വെങ്കയ്യ നായിഡുവിന്റെ പോറ്റമ്മ ബി.ജെ.പിയാണെന്നാണ് നാഴികയ്ക്കു നാൽപ്പതുവട്ടം അദ്ദേഹം പറഞ്ഞിരുന്നത്. പോറ്റമ്മ തന്നെ ഇപ്പോൾ കക്ഷിയെ രാഷ്ട്രീയ വനവാസത്തിന് വിട്ടിരിക്കുന്നു. 1949ൽ ആന്ധ്രപ്രദേശിലെ നെല്ലൂർ ജില്ലയിലാണ് വെങ്കയ്യയുടെ ജനനം. ആന്ധ്രാപ്രദേശിൽ നിന്നുള്ള ആദ്യത്തേ ബി.ജെ.പി എം.എൽ.എ എന്ന പത്രാസും പകിട്ടുമായി പട്ടും ചുറ്റിയെത്തിയ ഈ മനുഷ്യന്റെ ഒരു ഗതികേട് നോക്കണേ..!

സ്വന്തം ഭാഷയായ തെലുങ്കിലെ വഴക്കം ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും വളർത്തിയ ഈ മഹാന്  മലയാളം പോലുമറിയാം. ആന്ധ്രയിൽ തന്നെയുള്ള 18 ഭാഷകളറിയാവുന്ന മുൻ പ്രധാനമന്ത്രി നരസിംഹ റാവു ആയിരിക്കണം ഇക്കാര്യത്തിൽ റോൾ മോഡൽ.ഉപരാഷ്ട്രപതിയല്ല, ഭാര്യ ഉഷയുടെ പതിയെന്ന നിലയിൽ തന്നെ താൻ സംതൃപ്തൻ എന്നു പറയുമ്പോഴും ഉള്ളിലെ തിങ്ങലും വിങ്ങലും വിതുമ്പലും ഉപരാഷ്ട്രപതി ഭവനിൽ നിന്നിറങ്ങുമ്പോൾ അറിയാതെ തള്ളിവരുന്നുണ്ടായിരുന്നു.

അഞ്ചുവർഷം മുമ്പ്, ഇനി ഉപരാഷ്ട്രപതിക്കസേരയിലാണ് താങ്കളെ ഇരുത്താൻ പോകുന്നതെന്ന് മോദി അറിയിച്ചപ്പോൾ ചങ്കുതകരുന്ന അനുഭവമായിരുന്നല്ലോ ഉണ്ടായിരുന്നത്. നായിഡുവിനെ കേന്ദ്രമന്ത്രിസഭയിൽ നിന്നൊഴിവാക്കാനാണ് ഉപരാഷ്ട്രപതിയാക്കി 'ഉയർത്തി'യതെന്ന് സ്വന്തം പാർട്ടിക്കാർ തന്നെ പാടിനടക്കുകയും ചെയ്തിരുന്നു.

vachakam
vachakam
vachakam

ഗുജറാത്ത് കലാപ കാലത്തു മോദി മുഖ്യമന്ത്രി പദം ഒഴിയണമെന്നു വാജ്‌പേയി കർശന നിലപാട് എടുത്തപ്പോൾ അത് തിരുത്തിയത് അഡ്വാനിയായിരുന്നു. അഡ്വാനിയുടെ നിലപാട് വാജ്‌പേയിയെ ബോധ്യപ്പെടുത്തിയത് അന്നു പാർട്ടി അധ്യക്ഷൻ കൂടിയായ വെങ്കയ്യയായിരുന്നു. അഡ്വാനിയുടെ അനുഭവം തന്നെ ഇപ്പോൾ വെങ്കയ്യയേയും വേട്ടയാടുന്നു എന്നുചുരുക്കം..!

അൻപത് വർഷത്തോളം നീണ്ട പൊതു ജീവിതത്തിന് വിരാമമിട്ട് വെങ്കയ്യ നായിഡു ഇനി വിശ്രമജീവിതത്തിലേക്ക് കടക്കേണ്ട ഗതികേട് ചില്ലറയല്ല. രാംനാഥ് കോവിന്ദ് സ്ഥാനമൊഴിഞ്ഞപ്പോൾ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് ഒരുവട്ടം ആശിച്ചുപോയി.ബി.ജെ.പിക്ക് കാര്യമായ സ്വാധീനമില്ലാതിരുന്ന തെക്കെ ഇന്ത്യയിലെ ബി.ജെ.പിയുടെ അല്പം ഊതിവീർപ്പിച്ച മുഖങ്ങളിൽ ഒന്നായിരുന്നു വെങ്കയ്യ. വാജ്‌പേയുടെ ഭരണകാലത്ത് പാർട്ടിയുടെ അധ്യക്ഷസ്ഥാനം വഹിച്ചിരുന്ന മഹനീയൻ.

അദ്വാനിയോട് അടുപ്പം പുലർത്തിയിരുന്ന സുഷ്മസ്വരാജ്, വെങ്കയ്യനായിഡു, അരുൺജെയറ്റ്‌ലി, അനന്ത്കുമാർ എന്നിവർ ഡി4 എന്നായിരുന്നു അക്കാലത്ത് അറിയപ്പെട്ടിരുന്നത്. എന്നാൽ നരേന്ദ്രമോദി അധികാരത്തിലേറിയതോടെ വെങ്കയ്യ നായിഡുവിന്റെ പാർട്ടിയിലെ സ്വാധിനം എന്തുകൊണ്ടോ നഷ്ടമായി.എല്ലായിപ്പോഴും ജനങ്ങളോടൊപ്പം കഴിയണമെന്നാഗ്രഹിക്കുന്ന വെങ്കയ്യനായിഡു ഇപ്പോഴിതാ ദേശീയ രാഷ്ട്രീയത്തിൽ അപ്രസക്തനായി മാറുകയാണ്.

vachakam
vachakam
vachakam

എവിടെയെങ്കിലും ഗവർണറോ, വിദേശത്ത് അംബാസിഡറോ ആകാനാവില്ല. സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാനും കഴിയില്ല.സാക്ഷാൽ നരേന്ദ്രമോദി സർവശക്തനാവുകയും സർവാധികാരങ്ങളും അദ്ദേഹത്തിൽ കേന്ദ്രീകരിക്കുകയും പാർലമെന്റിലോ പുറത്തോ അദ്ദേഹത്തെ എതിർക്കാൻ കരുത്തരായ ആരമില്ലാത്ത കാലം. അതുകൊണ്ടുതന്നെ അദ്വാനിയെപ്പോലെ വെങ്കയ്യനായിഡുവും അപ്രസക്തനായി മാറുന്നു. കഴിവോ പ്രാപ്തിയോ ഇല്ലാത്തതു കൊണ്ടല്ല, പ്രായം അധികരിച്ചതുകൊണ്ടുമല്ല ഈ 73 കാരന് രാഷ്ട്രീയ വാനപ്രസ്ഥത്തിന് പോകേണ്ടി വരുന്നതെന്നുകൂടി ഓർക്കണം.

ജോഷി ജോർജ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam