ആദ്ധ്യാത്മീക ചിന്തകർ പലതരത്തിലുണ്ട്. എന്നാൽ സാധു ഇട്ടിയവിരയെപ്പോലെ അടിമുടി ആത്മീയതയിൽ ആറാടി നിൽക്കുന്നവർ വിരലിലെണ്ണാൻ പോലുമുണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയാം. ഇരുമലപ്പടി കുറ്റിലഞ്ഞി പെരുമാട്ടിക്കുന്നേൽ ജീവജ്യോതി സാധു ഇട്ടിയവിര എന്നാണ് പൂർണ്ണനാമം. ആത്മീയ പ്രബോധനം നടത്താൻ ഉലകം ചുറ്റിയ വാലിബനാണ് കക്ഷി. എന്നാൽ ഇന്നേവരെ ഈ മനുഷ്യൻ ദൈവത്തിന്റെ വഴിയേ മാത്രമേ സഞ്ചരിച്ചിട്ടുള്ളൂ.
കോതമംഗലം കുറ്റിലഞ്ഞി ദേശത്ത് ജൈവസമ്പന്നതയുടെ മടിത്തട്ടിൽ ആരുകണ്ടാലും കോതിച്ചുപോകുന്ന ഹരിതഭംഗിയുടെ നടുവിൽ കഴിഞ്ഞുകൂടിയ പരമസാത്വികൻ. മലയാളത്തിലും ഇംഗ്ലീഷിലുമായി 150 ലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ആറായിരത്തിലേറെ ആത്മീയ ലേഖനങ്ങളെഴുതിയിട്ടുണ്ട്. അതിനു പുറമെ, നാടുനീളെ നടന്ന് അര ലക്ഷത്തോളം ആത്മീയ പ്രഭാഷണം കൂടി നടത്തി എന്നു പറയുമ്പോൾ തന്നെ ആ വ്യക്തിയുടെ മഹിമ അറിയാമല്ലോ.
1922 ലാണ് ഇട്ടിയവിരയുടെ ജനനം. എസ്.എൽ.സി പാസായപ്പോൾ പഠനം മതിയാക്കി തൊഴിൽ തേടിയിറങ്ങി. അങ്ങിനെ എറണാകുളത്ത് ഒരു തടി ഡിപ്പോയിൽ മാനേജരുടെ പണി ലഭിച്ചു. അല്പനാളുകൾക്കുശേഷം അതുമതിയാക്കി 1942 ൽ പട്ടാളത്തിൽ ചേർന്നു. അഞ്ചു സംവത്സരക്കാലം അത് തുടർന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഇട്ടിയവിര യുദ്ധസേനയോടൊപ്പം അങ്ങ് മലയായിൽ എത്തിയപ്പോഴേക്കും ഭാഗ്യത്തിന് യുദ്ധം അവസാനിച്ചിരുന്നു.
അവിടെനിന്നും
പിരിഞ്ഞതിനു ശേഷം കൊച്ചിയിൽ തേവര സേക്രട്ട് ഹാർട്ട് കോളേജിൽ
പ്രീയൂണിവേഴ്‌സിറ്റിക്കു ചേർന്നു. അതുപാസായശേഷം 1950ൽ ഈശോ സഭയിലേക്ക്
ചേക്കേറി. എന്നാൽ എന്തുകൊണ്ടോ വൈദീകനാകാകാൻ കൂട്ടാക്കാതെ മടങ്ങി.
പിന്നീട്
ദൈവം നമ്മേ സ്‌നേഹിക്കുന്നു എന്ന മഹത്തായ സന്ദേശം തുന്നിപ്പിടിപ്പിച്ച
വസ്ത്രം അണിഞ്ഞ് കേരളത്തിലങ്ങോളമിങ്ങോളം യാത്ര ചെയ്തു. ആ യാത്രയിൽ ആകെ
അദ്ദേഹത്തിന്റെ കൈമുതലായുണ്ടായിരുന്നത് രണ്ട് മുണ്ടും ഷർട്ടും മാത്രം.
പോകുന്നിടത്തെല്ലാം ദൈവവചനം പറഞ്ഞ് തലചായ്ക്കാൻ ഇടം കിട്ടുന്നിടത്ത്
അന്തിയുറങ്ങി ദൈവസ്‌നേഹത്തിന്റെ പ്രചാരകനായി ഇക്കണ്ട കാലമത്രയും ജിവിച്ചു
മരിച്ചു.
2023 മാർച്ച് 18ന് 101-ാം പിറന്നാൾദിനം ആഘോഷിക്കാനിരിക്കെയാണ് സാധു ഇട്ടിയവിര യാത്രയാകുന്നത്. ഇദ്ദേഹത്തിന്റേതായി മലയാളത്തിൽ 50 പുസ്തകങ്ങളും ഇംഗ്ലീഷിൽ 75 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1960ൽ പ്രസിദ്ധീകരിച്ച 'പിതാവും പുത്രനും' എന്ന ആദ്യ കൃതി 80000 കോപ്പികൾ വിറ്റഴിഞ്ഞിരുന്നു. പത്തോളം ഇന്ത്യൻ, വിദേശ ഭാഷകളിലേക്ക് ഈ പുസ്തകം മൊഴിമാറ്റം നടത്തിയിട്ടുണ്ട്. സമാഹരിക്കപ്പെടാത്തതായി 7000 ത്തോളം ലേഖനങ്ങൾ വേറേയുമുണ്ട്.
മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള അന്തർദേശീയ ബഹുമതിയായ ആൽബർട്ട് ഷെയിറ്റ്‌സർ അവാർഡ്, അൽബേറിയൻ ഇന്റർനാഷണൽ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ മദർ തദർ തെരേസയ്ക്കു ശേഷം ഈ അവാർഡ് ലഭിച്ച ഏക വ്യക്തിയാണ്. ഈ താപസ ശ്രേഷ്ടന് വിട..!
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്