പെഗാസസില്‍ മുങ്ങിപ്പോയ ഗവര്‍ണറുടെ ഉപവാസം..!

JULY 21, 2021, 8:41 PM

ടൂള്‍ കിറ്റ് 24 ജോഷി ജോര്‍ജ്
പെഗാസസില്‍ മുങ്ങിപ്പോയ ഗവര്‍ണറുടെ ഉപവാസം..!

നമ്മുടെ നാട്ടില്‍ ഗവര്‍ണര്‍ പദവി വിവാദവിഷയമായിട്ട് ആറാറര പതിറ്റാണ്ടായി. ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആയിട്ട് 10 വര്‍ഷം തികയും മുമ്പുതന്നെ ഗവര്‍ണര്‍ സ്ഥാനത്തെച്ചൊല്ലി വിവാദം ഉരുണ്ടുകൂടിയിരുന്നു. ഭരണഘടന അനുസരിച്ച് കക്ഷി താല്പര്യങ്ങള്‍ക്കതീതമായി നിഷ്പ്പക്ഷ പ്രവപര്‍ത്തനം നടത്തേണ്ട ഗവര്‍ണര്‍ കേന്ദ്ര ഭരണകക്ഷിയുടെ താല്പര്യത്തിന് പരസ്യമായി ചൂട്ടുപിടിച്ചുകൊടുത്തു.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ മടികൂടാതെ മറിച്ചിട്ടു. അതോടെ വിവാദവും ഉരുണ്ടു കൂടി. അതുപിന്നെ നാള്‍ക്കുനാള്‍ ഏറിവന്നുകൊണ്ടിരിക്കുകയുമാണ്. അതിനിടയില്‍
ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിന്റെ ഗവര്‍ണറായി നിയമിച്ചപ്പോല്‍ സത്യത്തില്‍ കേരളത്തിലെ ബിജെപി നേതാക്കളാണ് ഞെട്ടിയത്.

vachakam
vachakam
vachakam

സംസ്ഥാന നേതൃത്വം പരസ്യ പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചില്ലെങ്കിലും സ്വകാര്യമായി അവര്‍ അതില്‍ നിരാശരായിരുന്നു.

രാഷ്ട്രീയ സ്വയംസേവക സംഘ പശ്ചാത്തലമുള്ള ഒരാള്‍ ജസ്റ്റിസ് പി. സദാശിവത്തില്‍ നിന്ന് ചുമതലയേല്‍ക്കുമെന്നാണവര്‍ പ്രതീക്ഷിച്ചത്. പ്രത്യേകിച്ചും കേരളത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ കേന്ദ്ര നേതൃത്വത്തില്‍ നിന്ന് ആരും ഇല്ലാത്ത സാഹചര്യത്തില്‍..!

അന്നും ഇന്നും എന്നും തനി രാഷ്ട്രീയക്കാരനാണ് ആരിഫ് മുഹമ്മദ് ഖാന്‍ എന്നാണ് പാണന്മാര്‍ പാടിനടക്കുന്നത്. സ്വതന്ത്രാ പാര്‍ട്ടി സ്ഥാപകനായ ഭാരതീയ ലോക് ദള്‍ നേതാവുമായ  മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ചരണ്‍സിങ്ങിന്റെ പാളത്താറില്‍ പിടിച്ചാണ് ആരിഫ് മുഹമ്മദ് ഖാന്‍ സജീവ രാഷ്ട്രീയത്തിലിറങ്ങിയത്. തുടക്കത്തില്‍ അദ്ദേഹം, ജനതാപാര്‍ട്ടിക്കാരനായിരുന്നു. പിന്നീട്, കോണ്‍ഗ്രസിലെത്തിയെങ്കിലും.

1986 ല്‍ മുസ്ലിം ലീഗ് ശാബാനു ബീഗം കേസിലെ സുപ്രീം കോടതി വിധിക്കെതിരെ മുസ്ലിം വനിതാ സംരക്ഷണ ബില്‍ കൊണ്ടുവരാന്‍ ശ്രമിച്ചതോര്‍ക്കുന്നുണ്ടല്ലോ, രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റില്‍ ആ ബില്‍ പാസാക്കുകയും ചെയ്തു. ഈ നടപടിയില്‍ പ്രതിഷേധിച്ച് ആരിഫ് ഖാന്‍ കോണ്‍ഗ്രസ് വിട്ടു.

vachakam
vachakam
vachakam

പിന്നെ വി.പി. സിംഗ്, അരുണ്‍ നെഹ്രു തുടങ്ങിയവരുമായി ചേര്‍ന്ന് ആരിഫ് ജനമോര്‍ച്ച രൂപീകരിച്ചു. ഈ ജനമോര്‍ച്ച ജനതാദളായി പരിണമിച്ചു. വി പി സിംഗ് മന്ത്രിസഭയില്‍ ആരിഫ് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രിയാവുകയും ചെയ്തു. ബി ജെ പിയുടെ പിന്തുണയോടെയാണ് ജനതാദള്‍ മന്ത്രിമാര്‍ അധികാരമേറ്റത്. കേവലം രണ്ടു എം പി മാര്‍ മാത്രമുണ്ടായിരുന്ന ബി ജെ പിക്ക് ഇത്രയേറെ എം പിമാരെ സമ്മാനിച്ചത് ആരിഫ് ഖാന്‍ അടക്കമുള്ള ജനതാദള്‍ നേതാക്കളുടെ അന്ധമായ കോണ്‍ഗ്രസ് വിരോദമായിരുന്നുവെന്ന് പിന്നാമ്പുറ കഥ.

ഇടക്കാലത്ത് ആരിഫ് ഖാന് വി പി സിംഗ് വേണ്ടത്ര പരിഗണന നല്‍കിയില്ല. മുസ്ലിം സമുദായത്തിന്റെ ശക്തമായ എതിര്‍പ്പ് നേടിയെടുത്ത ഖാനെ പരിഗണിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന വി പി സിംഗിന്റെ വിലയിരുത്തലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയതെന്നു വിശ്വസിക്കുന്നവരുമുണ്ട്. ജനതാദളില്‍ നിന്നും രാജി വെച്ച അദ്ദേഹം ബി. എസ്. പിയിലും പിന്നെ മറ്റു പല പാര്‍ട്ടികളിലും മാറിമാറി പ്രവര്‍ത്തിച്ചു.

2004 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി ജെ പി യില്‍ ചേര്‍ന്ന് സകലരെയും ഞെട്ടിച്ചു. ഉത്തര്‍പ്രദേശിലെ കൈസര്‍ഗഞ്ച് മണ്ഡലത്തില്‍ ബി ജെ പി ടിക്കറ്റില്‍ മത്സരിച്ച് പരാജയപ്പെട്ടതോടെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് മുങ്ങാംകുഴിയിട്ടു. ഒടുവില്‍ വീണ്ടും നരേന്ദ്രമോദിയിലൂടെ 2015 ല്‍ ബി ജെ പിയില്‍ തിരിച്ചെത്തി.

ഭാരതീയ ക്രാന്തിദള്‍, കോണ്‍ഗ്രസ്, ജനമോര്‍ച്ച, ജനതാദള്‍, ബി എസ് പി, ലോക്ജനശക്തി തുടങ്ങി പല പാര്‍ട്ടികളിലായി, എന്നാല്‍ ഒരു പാര്‍ട്ടിയിലും ഉറച്ചുനില്‍ക്കാതെ ഭാഗ്യാന്വേഷണ രാഷ്ട്രീയത്തിലൂടെ ഭിക്ഷാംദേഹിയായി സഞ്ചരിച്ച ആരിഫ് ഖാന്‍. അന്തിമ താവളമായി തിരഞ്ഞെടുത്തത് ബി ജെ പിയെ ആണെന്നത് യാദൃശ്ചികമെന്ന് പറയാന്‍ സാധിക്കില്ല.

ഒരു 'അവസരവാദി' എന്ന് പലരും വിശേഷിപ്പിക്കുമെങ്കിലും, രാജ്യത്തെയും സമൂഹത്തെയും കുറിച്ച് താല്പര്യമുള്ള, തത്ത്വചിന്തയുള്ള രാഷ്ട്രീയക്കാരനായിട്ടാണ് ഖാന്‍ സ്വയം കാണുന്നതന്നോര്‍ക്കണം.

കേരളത്തില്‍ ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്ത ഉടനെ മലയാളികളെ വളരെ നല്ല ചിരിയും വര്‍ത്തമാനവും കൊണ്ട് കൈയിലെടുക്കാന്‍ ശ്രമിച്ചുനോക്കി. എന്നാല്‍ മലയാളിയുടെ പ്രബുദ്ധതയുടെ ഭാഗമായി ഉയര്‍ന്നു വന്ന പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധത്തെ ഒട്ടും പ്രബുദ്ധതയില്ലാതെ സംഘപരിവാറിന്റെ അതേ ഭാഷയില്‍ വിമര്‍ശിക്കാന്‍ ഗവര്‍ണര്‍ തുനിഞ്ഞപ്പോള്‍ ശക്തമായ പ്രതിഷേധം അദ്ദേഹത്തിന് കാണേണ്ടിയും വന്നു. വാര്‍ത്തകളില്‍ നിറഞ്ഞുനില്‍്ക്കാനുള്ള കക്ഷിയുടെ വ്യഗ്രത കൈവിടാനാകുന്നില്ല. അതിനെന്തുചെയ്യണം എന്ന് തലപുകച്ചപ്പോഴാണ് ബുദ്ധി ഉദിച്ചത്. കേരളത്തില്‍ സ്ത്രീകള്‍ക്കെതിയായ അതിക്രമങ്ങള്‍ക്കെതിരേ സ്ത്രീ സുരക്ഷിത കേരളം പടുത്തുയര്‍ത്താനിറങ്ങി. അരയും തലയും മുറുക്കി ആരിഫ് മുഹമ്മദ് ഖാന്‍ ഉപവാസമിരുന്നു. അതൊരു ചരിത്രം തിരുത്തിക്കുറിക്കലായിരുന്നു. നാരങ്ങാനിര് കുടിച്ച് ഉപവാസം നിര്‍ത്തി വലിയവായില്‍ വച്ചങ്ങുതാങ്ങി:

ഇനി സര്‍വ്വകലാശാല കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് കരഗതമാക്കണമെങ്കില്‍ സ്ത്രീധനവിരുദ്ധ ബോണ്ട് എഴുതിക്കൊടുക്കണമെന്നൊരു പ്രഖ്യാപനം തന്നെയങ്ങ് നടത്തി. ഇല്ലെങ്കില്‍ ഏതവനായാലും, എത്രമാര്‍ക്കുണ്ടെങ്കിലും അത് റദ്ദാക്കും പോലും..! ഇതുവല്ലതും നടക്കുന്നകാര്യമാണോ? പ്രായോഗികമല്ലെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

ഇതിനിടെ ഇടിത്തീപോലെ 'പെഗാസസ്' വന്നുവീണതോടെ ഉപവാസമെല്ലാം ചീറ്റിപ്പോയി..!

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam