ഓ...രാജഗോപാലയ നമ

JUNE 9, 2021, 11:53 AM

ടൂള്‍ കിറ്റ് 12 ജോഷി ജോര്‍ജ്

പണം ആളെക്കൊല്ലിയാണെന്ന് പണ്ട് പാക്കനാര്‍ പറഞ്ഞപ്പോല്‍ ഇത്രക്കു പ്രശ്‌നമാകുമെന്ന് ബിജെപിക്കാര്‍ കരുതിക്കാണില്ല. ബിജെപിക്ക് പണമില്ലെന്നാരും പറയുകയില്ല. ഇന്ത്യയില്‍ ഇക്കാലമത്രയും ഭരിച്ച കോണ്‍ഗ്രസുകാരെയൊക്കെ എന്തിനു കോള്ളാം. പാര്‍ട്ടിയാപ്പിസുകള്‍ക്ക് വാടക കൊടുക്കാനില്ലാതെ നട്ടം തിരിയുമ്പോള്‍ പണം എന്തുചെയ്യേണ്ടു എന്നറിയാതെ വിഷമിക്കുകയാണ് ബിജെപിക്കാര്‍..!

അവര്‍ക്ക് പണം എവിടെനിന്നു കിട്ടി, എങ്ങിനെ കിട്ടി എന്തിനു കിട്ടി എന്നൊന്നും ചോദിക്കരുത്. എല്ലാം നിയമവിധേയമായിട്ടുള്ളതാണത്രേ..! ഇസ്രായേലില്‍ നിന്ന് പടക്കോപ്പുകള്‍ വാങ്ങിയതിലും റഫാല്‍ ഇടപാടിലും അടുത്തിടെ അരങ്ങേറിയ കോവിഡ് വാക്‌സിന്റെ ഗവേഷണ-ഉത്പാദന-വിതരണത്തിലൂടേയുമൊക്കെ ബിജെപിയുടെ കാണിക്കപ്പെട്ടിയുടെ ഘനം കുടുന്നുവെന്ന് ആരെങ്കിലുമൊക്കെപ്പറഞ്ഞാല്‍..!

vachakam
vachakam
vachakam

പിന്നേയ്...പോയ്പണിനോക്ക് ഞങ്ങളെല്ലാം ഡിജിറ്റലൈസ് ആയിട്ടാണ് നടത്തുന്നതെന്ന് മുക്രയിട്ടുപറഞ്ഞുറപ്പിക്കും. ഇനിയും വല്ല ഊച്ചാളികള്‍ക്ക് സംശയമുണ്ടെങ്കില്‍ അന്വേഷണ ഏജന്‍സികളില്ലേ ഈ രാജ്യത്ത്..? പോലീസില്ലേ ഈ നാട്ടില്‍..?
ഇനി പോലീസ് ഇടപെടാന്‍ തുടങ്ങും മുമ്പേ വലിയവായില്‍ കാറാന്‍ തുടങ്ങും പിണറായിയുടെ പോലീസ് തങ്ങളെ അകാരണമായി വേട്ടയാടുന്നുവെന്ന്.

ദോഷം പറയരുതല്ലോ, ബിജെപിയോട് ഒടുങ്ങാത്ത കൂറുള്ളവര്‍ സ്വജാതി സ്‌നേഹികള്‍ ഇവരെല്ലാം കോടിക്കണക്കിന് ക്യാഷ് ബാങ്കുകളിലേക്ക് നിക്ഷ്പിച്ചാല്‍, കുഴലുകളിലേക്കിട്ടാല്‍ പാര്‍ട്ടിക്കെന്തു പറയാന്‍ കഴിയും..? നിങ്ങള്‍ തന്നെ പറയൂ.

ഇങ്ങനെയൊക്കയായിട്ടും കേരളത്തില്‍ പാര്‍ട്ടിയെ സംപൂജ്യനാക്കാന്‍ സുരേന്ദ്രന് കഴിഞ്ഞില്ലേ? പൂജ്യം കണ്ടുപിടിച്ച ഭാരതപുത്രന്റെ ഓര്‍മ്മ നില നിര്‍ത്താനാണ് തങ്ങള്‍ സംപൂജ്യരായതെന്ന് വിവരദോഷികളുണ്ടോ അറിയുന്നു!.

vachakam
vachakam
vachakam

ഇവിടെയാണ് ഇമ്പമുള്ള പുഞ്ചിരിയും സിന്ധൂരപ്പൊട്ടുംതൊട്ട്,അതിനൊത്ത മുഖലാവണ്യവുമുള്ള ഓലഞ്ചേരി മാധവന്‍ നായര്‍ രാജഗോപാല്‍ എന്ന ഒ. രാജഗോപാലന്റെ പ്രസക്തി.
കേന്ദ്രമന്ത്രി വി. മുരളീധരനും, മുന്‍കാല നേതാവായ പി. പി മുകുന്ദനും, മിസോറാം ഗവര്‍ണറായ ശ്രീധരന്‍ പിള്ളയും, തോല്‍ക്കാന്‍ മാത്രമായി ജനിച്ച കുമ്മനവും, വാചകക്കസര്‍ത്തിലൂടെ ശോഭിക്കാമെന്നു കരുതുന്ന ശോഭാ സുരേന്ദ്രനും, സാക്ഷാല്‍ ഇന്ത്യന്‍ പ്രസിഡന്റിനേക്കാള്‍ കേമന്‍ താനാണോ എന്നു സംശയിക്കുന്ന സംസ്ഥാന പ്രസിഡന്റ് ഹെലിക്കോപ്റ്റര്‍ ഫെയും സുരേന്ദ്രനും ഗ്രൂപ്പുകളിയില്‍ കോണ്‍ഗ്രസുകാരെപ്പോലും മലര്‍ത്തിയടിച്ച് വിജയശ്രീലാളിതരായി വിരാജിക്കുന്നുവെന്നത് അത്ര ചെറിയ കാര്യമാണോ..?

ഗ്രൂപ്പുകളിയിലൊന്നും താല്പര്യമില്ലാത്ത രാജഗോപാലന്‍ ഇന്നും എന്നൂം മലയാളികളുടെ മനസ്സില്‍ തങ്ങിനില്‍ക്കുകയും ചെയ്യും. കാരണം, അദ്ദേഹത്തിനു കിട്ടിയ മന്ത്രി പദവികൊണ്ട് കേരളത്തിന് ചെയ്യാവുന്ന നന്മകളത്രയും ചെയ്തു. എന്നാല്‍ ഇപ്പോഴത്തെ കേന്ദ്ര മന്ത്രി എന്തുചെയ്തുകൊണ്ടിരിക്കുന്നുവെന്ന് എല്ലാവരും കാണുന്നുമുണ്ട്..!

പാലക്കാട്ടെ അപ്പാവികളായ കര്‍ഷകരെ സംഘടിപ്പിച്ച് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ കൃഷി തുടങ്ങിയവനാണ് രാജഗോപാല്‍. 1964ല്‍ ജനസംഘം നേതാവ് പണ്ഡിറ്റ് ദീനദയാലിനെ കണ്ടതോടെയാണ് ഗോപാല്‍ജി കാവിയിലേക്ക് ചാഞ്ഞത്. പിന്നെ വച്ചടി വച്ചടി കയറ്റമായിരുന്നു. എന്തിനുപറയുന്നു-ശിവരാമഭാരതിയേയും കവച്ചുവെച്ച് വടവൃക്ഷമായി വളരാന്‍ തുടങ്ങി.

ജനസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റ്, ജനതാപാര്‍ട്ടി ജനറല്‍ സെക്രട്ടറി, ബിജെപിയുടെ ആദ്യ സംസ്ഥാന പ്രസിഡന്റ്, ദേശീയ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ദേശീയ നിര്‍വാഹക സമിതി അംഗം. അടല്‍ജിയുടെ ആശ്രിതന്‍, അദ്വാനിയുടെ വലംകൈ, അശോക് സിംഗാളിന്റെ അരുമശിഷ്യന്‍... അങ്ങിനെ എന്തെല്ലാം...ഏതെല്ലാം വെട്ടിപ്പിടിച്ചിരിക്കുന്നു. എന്തിനേറെ, ബിജെപിക്ക് 'ബാലികേറാമല' എന്നുവിശേഷിപ്പിച്ച കേരളത്തില്‍പ്പോലും അക്കൗണ്ട് തുറന്നുകൊടുത്ത അതികായന്‍!

അടിയന്തിരാവസ്ഥക്കാലത്ത് 18 മാസം വിയ്യൂര്‍ ജയിലില്‍ കിടന്നിട്ടും ആ മനസ്സില്‍ എപ്പോഴും അലയടിച്ചത് ഒരു ശാന്തസമുദ്രമാണ്. സ്വന്തം വീടിന്റെ പേരുതന്നെ 'ശാന്തി' എന്നാണ്. യശ:ശരീരയായ ഭാര്യയുടെ പേരും ശാന്ത. രാജഗോപാല്‍ എന്നും പ്രതിലോമരാഷ്ട്രീയത്തിന്‍ തണല്‍വഴികളിലൂടെ സന്യാസിസമനായി, ശാന്തമായി മുന്നേറുന്നു. നിയമസഭയില്‍പ്പോലും നമ്മാളാ ശാന്തത അനുഭവിച്ചറിഞ്ഞതാണ്. കണ്ടുപഠിക്കണം ബിജെപിയിലെ പ്രമുഖരും ഇളംമുറക്കാരും രാജഗോപാലനെ..!

മൂത്രവും ചാണകവും കൂട്ടിക്കുഴക്കുന്നിടത്തുനിന്ന് മാറി ഓ രാജഗോപാലയ നമ എന്ന് ജപിക്കാന്‍ പഠിക്കട്ട..! എന്നാല്‍ ഇവര്‍ക്കും ശാന്തരായി വളരാന്‍ കഴിയും...!

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam