ഈ ബാലനെ ഇരുട്ടിന്റെ സന്തതികള്‍ തിരിച്ചറിഞ്ഞില്ല..!

MAY 5, 2021, 10:12 AM

ജോഷി ജോര്‍ജ്

സമ്മതിച്ചുകൊടുക്കണം മന്ത്രി എ. കെ ബാലനെ. എന്ത് ദീര്‍ഘവീക്ഷണത്തോടെയാണദ്ദേഹം കുപ്പിവള പൊട്ടുന്ന പോലെ പൊട്ടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും കെ. പി. സി. സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വരെ പോകുമെന്നും മുന്‍കൂട്ടി പ്രവചിച്ചുകളഞ്ഞില്ലേ..! ഇങ്ങനെയുള്ളവരാകണം കമ്മ്യൂണിസ്റ്റ് നേതാക്കള്‍. സുന്നി മുസ്ലീം പത്രമായ 'പ്രഭാതം' പോലും ബാലന്റെ അഭിപ്രായത്തെ മാനിച്ച് മുഖപ്രസംഗം എഴുതിക്കളഞ്ഞു.
എന്നാല്‍ ബാലന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കാര്യങ്ങളില്‍ മാത്രമേ ഇങ്ങനെ പ്രവചന സിദ്ധി ലഭിച്ചിട്ടുള്ളു എന്നാണ് ചില കുബുദ്ധികള്‍ പറയുന്നത്.

സ്വന്തം പാര്‍ട്ടിയുടെ പോകട്ടെ, പാര്‍ട്ടി അധികാരം വച്ച് മണ്ഡലത്തെ കുടുംബ സ്വത്താക്കാന്‍ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചടിക്കുകതന്നെ ചെയ്യും എന്നു പറഞ്ഞുള്ള സേവ് കമ്മ്യൂണിസ്റ്റുകള്‍ അണിയറയില്‍ ഉരുണ്ടുകൂടി പ്രതിഷേധം കനപ്പിച്ച് നാടുനീളെ പോസ്റ്റര്‍ ഒട്ടിച്ചുനടന്നത് മുന്‍കൂട്ടി കാണാനായില്ല.

vachakam
vachakam
vachakam

അതെന്തിനാണെന്നല്ലെ? പറയാം. തനിക്കുപകരം സ്വന്തം ഭാര്യ ഡോ പി.കെ ജമീലയെ സൂത്രത്തില്‍  തരൂരില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ തിടുക്കപ്പെട്ടൊരു നീക്കം കക്ഷി ആരോരുമറിയാതെ നടത്തി. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റില്‍ ഇക്കാര്യം ചര്‍ച്ചചെയ്യുകയും ചെയ്തു.
നാലു തവണ നിയമസഭാംഗമായിരുന്നതുകൊണ്ട് ഇത്തവണ തന്റെ ചീട്ടുകീറുമെന്ന് പുള്ളിക്കാരന്‍ മുന്‍കൂട്ടി കണ്ടുപിടിച്ചുകളഞ്ഞു.  അതിനാല്‍ തന്റെ പിന്‍ഗാമിയായി ഭാര്യയായ ഡോ പി. കെ ജമീലയെ മത്സരിപ്പിച്ചാല്‍ മതിയെന്ന്  പുളളിക്കാരന്‍ തന്നെയങ്ങ് തീരുമാനിച്ച് കരുക്കളും നീക്കി.
 പാലക്കാട്ടെ സംവരണ മണ്ഡലമാണ് തരൂര്‍. 2011 മുതല്‍ എ. കെ ബാലനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. സിപിഎമ്മിന്റെ ഉറച്ച കോട്ടയാണിത്. പിന്നെയത് കൈവിട്ടുകളയാന്‍ ഏതെങ്കിലുമൊരു  ബാലന്‍ തയ്യാറാകുമോ..? പക്ഷേ, സ്ഥാനാര്‍ത്ഥി നിര്‍ണയചര്‍ച്ചയില്‍ ജമീലയുടെ പേര് ഉയര്‍ന്നുവന്നപ്പോഴേക്കും കുറെ ഇരുട്ടിന്റെസന്തതികള്‍ പ്രതിഷേധവുമായ് എത്തിയില്ലായിരുന്നെങ്കില്‍ പണി പറ്റിയേനെ.

ദോഷം പറയരുതല്ലോ, ഒന്നും, രണ്ടും കേരളനിയമസഭകളില്‍ മാവേലിക്കരയില്‍ നിന്നും മൂന്നാം നിയമസഭയില്‍ പന്തളത്തുനിന്നും ജയിച്ചുകയറിയ സിപിഎം എംഎല്‍എയായ പി.കെ. കുഞ്ഞച്ചന്റെ  മകളാണ് ഡോ. പി.കെ ജമീല. നേരത്തെ ആരോഗ്യവകുപ്പ് ഡയറക്ടറായിരുന്നു. ഇവരെ ആരോഗ്യവകുപ്പിന്റെ പദ്ധതിയായ ആര്‍ദ്രം മിഷന്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായി നിയമിച്ചപ്പോല്‍ വിവാദമുണ്ടാക്കിയതും ആ ഇരുട്ടിന്റെ സന്തതികള്‍ തന്നെയായിരുന്നു. ഈ ഇരുട്ടിന്റെ സന്തതികളുടെ ഒരു കാര്യം.

അല്ലെങ്കിലും ഈ ബാലന് ചില തെറ്റിദ്ധാരണകള്‍ കൂടപ്പിറപ്പായുണ്ട്. താനൊരു കമ്മ്യൂണിസ്റ്റാണെന്നാതാണ്   അതില്‍ ഏറ്റവും വലുത്. കമ്മ്യൂണിസം ഒരു ശാസ്ത്രമാമെന്നാണ് പുള്ളിക്കാരന്റെ ധാരണ..! ശാത്രമായതുകൊണ്ട് കണ്ടുപിടുത്തങ്ങള്‍ക്കനുസരിച്ച് മാറിമറിയും. ഇന്നലെ വരെ ചൊറിക്കും ചൊരങ്ങിനും കൊടുത്തിരുന്ന മരുന്നാണൊ ഇന്ന് കൊടുക്കുന്നത്. അതുപോലെയാമ് കമ്മ്യൂണിസവും. ഇഎംഎസ്, എകെജി, സുന്ദരയ്യാ സിന്ദാബാദ്... എന്നൊക്കെ പറയാന്‍ കൊള്ളാം. അവരുടെ കാലത്ത് വാരിക്കുന്തം പൊക്കിക്കാണിച്ചാല്‍ കമ്മ്യൂണിസം വരുമായിരുന്നു. ഇന്നത്തെ സ്ഥിതി അതല്ല.

vachakam
vachakam
vachakam

ഇന്നിപ്പോള്‍ ഇരട്ടച്ചങ്കുള്ളവര്‍ക്കേ ഏറെക്കാലം  കമ്മ്യൂണിസ്റ്റുകാരനായി വിലസാന്‍ കഴിയു.  ഏതിനുള്ള വിദ്യയൊക്കെ ബാലനറിയാം. മാധ്യമ സിന്റിക്കേറ്റിന്റെ കള്ളക്കളികള്‍ കണ്ടുപിടിക്കുക. മാധ്യമ ഉപദേഷ്ടാക്കളെ കയറൂരി വിടുക. പക്ഷേ, തനിക്കൊരു ഇരട്ടച്ചങ്കിന്റെ കുറവുളിളതുകൊണ്ട്   അതങ്ങ് നടപ്പാക്കാന്‍ പറ്റുന്നില്ല. പിന്നെ, ഭാര്യയെ എംഎല്‍എ ആക്കിയശേഷം ആരോഗ്യമന്ത്രിയാക്കാന്‍ സമ്മര്‍ദ്ദതന്ത്രം മെനയാന്‍ കോപ്പുകൂട്ടിയിരിക്കുമ്പോഴാണ് ഇരുട്ടിന്റെ സന്തതികളുടെ കടന്നുവരവ്. പിന്നെ എന്തുചെയ്യാനാകും.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam