ടൂള്‍ കിറ്റ്

APRIL 22, 2021, 2:47 PM

ഒരു പുതിയ പംക്തി ആരംഭിക്കുന്നു. ഗ്രേറ്റ ട്യുന്‍ബെര്‍ഗിനെ ചുറ്റിപ്പറ്റിയാണല്ലോ അടുത്തകാലത്ത്  'ടൂള്‍ കിറ്റ്' വിപ്ലവം നമ്മളൊക്കെ കൊണ്ടാടിയത്.

പ്രകൃതിക്കുവേണ്ടിയും മുഴുവന്‍ മനുഷ്യരാശിക്കുവേണ്ടിയും ഗ്രേറ്റ  നിരന്തരം ഒച്ചവെച്ചു. ഭൂമി അപകടത്തിലാണെന്ന് ലോകത്തോട് വിളിച്ചു പറയാന്‍ ആ പെണ്‍കുട്ടി ഒറ്റയാള്‍ പട്ടാളമായി. ഇന്ത്യയിലെ കര്‍ഷക സമരത്തില്‍ ഇടപെട്ടു. പിന്നെയുണ്ടായ പുകില് മാലോകര്‍ക്കെല്ലാമറിയം. അതോടെ എന്തായാലും ടൂള്‍ കിറ്റ് പ്രസിദ്ധമായി.

പണിയായുധങ്ങളുള്ള (അത് എന്തുപണിയുമാകാം) കിറ്റാണ് ടൂള്‍ കിറ്റ്. ഇവിടെ സാധാരണക്കാരന് ജീവിച്ചുപോകാന്‍ വേണ്ട തന്ത്രമന്ത്രങ്ങളടങ്ങിയ ചിരിയുടെ മേമ്പൊടി ചേര്‍ത്ത ഈ ടൂള്‍ കിറ്റ് , ഇതാ നിങ്ങൾക്കായി സമര്‍പ്പിക്കുന്നു. ലോകത്തോട് വിളിച്ചു പറയാന്‍ പറ്റിയതെന്തും ഈ കിറ്റില്‍ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം. കേരളത്തിലെ റേഷന്‍ കടവഴി ഈ കിറ്റ്  വിതരണം ചെയ്യാന്‍ പുതുതായി വരുന്ന ഭരണകൂടത്തോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.  

vachakam
vachakam
vachakam

ഏറ്റവും ഒടുവിലത്തെ എ.ബി.സി, ബി.ബി.സി കണക്കനുസരിച്ച് ലോകത്ത് ഏറ്റവും സര്‍ക്കുലേഷനുള്ള സംഗതി കൊറോണ വയറസാണ്. എന്നാല്‍ രോഗം ഏതെന്നുചോദിച്ചാല്‍ ഹാര്‍ട്ട് അറ്റാക്ക് തന്നെ. ഇന്ത്യയിലേയും കേരളത്തിലേയും സ്ഥിതിയും ഇതുതന്നെ. മൊത്തം മരണത്തിന്റെ മുക്കാല്‍പങ്കും ഇതുവഴിയാണ്.   ഇതില്‍  100 ശതമാനം രോഗികളും ഹൃദയം നിലച്ചതുമൂലം മരിച്ചവരൊ മരിച്ചതുമൂലം ഹൃദയം നിലച്ചവരൊ ആണെന്നു കാണുന്നു. എന്താണി രോഗത്തിനും മരണത്തിനും കാരണം?

കേരളത്തിലെ വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഹൃദയം തുറന്നുള്ള ഒരു ചര്‍ച്ചയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. എന്താകുമോ എന്തോ..!  തയ്യാറാക്കിയത് തികച്ചും   ഹൃദയശൂന്യനായൊരുവന്‍.

കേരളത്തിലെ ഹൃദ്രോഗവര്‍ദ്ധനയക്ക് കാരണം ഇലക്ട്രിസിറ്റി ബില്ലാണെന്നും ഡീസല്‍-പെട്രോല്‍ വിലവര്‍ദ്ധനയാണെന്നും പറയുന്നവര്‍ ഹൃദയത്തെക്കുറിച്ച് അറിയാത്തവരാണെന്ന്  വൈദ്യുത മന്ത്രി മണിയാശാനും കേന്ദ്ര മന്ത്രി മുരളീധരനും ഒരു സംയുക്ത പത്രസമ്മേളനത്തില്‍ പറഞ്ഞു. മുരളീധരന്റെ വാക്കിനാണോ, പഴയ ചാക്കിനാണോ മാര്‍ക്കറ്റ് വാല്യു എന്നതില്‍ തര്‍ക്കം നടക്കുന്നതിനാല്‍ കേന്ദ്രമന്ത്രിയെ തല്‍ക്കാലം വിടുന്നു.

vachakam
vachakam
vachakam

മണിയാശാന്റെ തിരുമൊഴിയിലേക്ക്: കറന്റ് ബില്ലുകൊണ്ട് എല്ലൊടിയാം, ഹൃദയം തകരാറാവില്ല. പ്രധാനമായും നാല് സ്ലാബുകളിലാണ് ഹൃദയം പ്രവര്‍ത്തിക്കുന്നത്. ഒരു ജനറേറ്ററാണെന്ന് വേണമെങ്കില്‍ പറയാം. ഏകദേശം 40 മുതല്‍ 85 വരെ വര്‍ഷം പ്രവര്‍ത്തിക്കുവാന്‍ വേണ്ട രക്തം ശരീരത്തില്‍ സ്റ്റോക്കുണ്ടാകും. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഭരണം വരുത്തിവച്ച വരള്‍ച്ചയുടെ ഫലമായി റിസര്‍വോയറിലെ രക്തത്തിന്റെ അളവ്  വളരെ താണുപോയിരുന്നു. ഞങ്ങളുടെ ഭരണം കൊണ്ട് മഴ വേണ്ടതിലേറെയുണ്ടായി  മനസ്സിലായോ? അപ്പോഴുയര്‍ന്ന രക്തത്തെ അപ്പോള്‍ തന്നെ തുറന്നുവിട്ടതിനാല്‍ സ്ലാബുകള്‍ക്ക് തകര്‍ച്ചയുണ്ടായില്ല. മനുഷ്യനിര്‍മ്മിതമാണ് ഈ രോഗം എന്നുപറയുന്നവര്‍ ശുംഭന്‍മാരാണ്.   സാധാരണഗതിയില്‍ ഏറ്റവും താഴെയുള്ള സ്ലാബാണ് ഏറ്റവും പ്രധാനം. ഇതിന് തകരാറുള്ളപ്പോള്‍ ബില്ലുകാണുമ്പോള്‍ അല്പം ഹൃദയമിടുപ്പ് ഉണ്ടായേക്കും. എങ്കിലും പേടിക്കാനില്ല. മറ്റ് മൂന്ന് സ്ലാബും തകര്‍ത്ത്   റീഡിംഗ് മുകളിലെത്തിാല്‍ മാത്രമേ അപകടമുള്ളു.

ആഗോള തലത്തില്‍ കമ്മ്യൂണിസത്തിന് ഹൃദ്രോഗബാധയുണ്ടെന്ന് പറയുന്നത് ശരിയാണോ മണിയാശാനേ..? പത്രക്കാരില്‍ ഒരുവന്‍ ചോദിച്ചു:

ഉവ്വവ്വാ..!, ശുദ്ധ അസംബന്ധം. മാര്‍ക്‌സിസം ലെനിനിസം പ്രകാരം ഹൃദയം നാല് അറകളായി തിരിച്ചതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം. ശരീരത്തിനു മൊത്തത്തില്‍ അവകാശമുള്ള  രക്തത്തെ ഹൃദയത്തില്‍ ഒരു കേന്ദ്രത്തില്‍ തടഞ്ഞുവയ്ക്കുന്നത് ശരീരഘടനയുടെ ഫെഡറല്‍ വ്യവസ്ഥയ്ക്ക് വിരുദ്ധമാണ്. ആഗോളതലത്തില്‍ കമ്മ്യൂണിസത്തിന് ഈ തെറ്റുപറ്റിയതാണ് ഇപ്പോഴുള്ള ഹൃദ്രോഗബാധയ്ക്ക് കാരണം.

മണിയാശാന്റെ ഈ പ്രസ്താവനയോടെ പത്രസമ്മേളനത്തിനെത്തിയവരെല്ലാം മാസ്‌ക്ക് ധരിച്ച് കൈയില്‍ സാനിറ്ററൈസും തേച്ചുപിടിപ്പിച്ച് ജീവനും കൊണ്ടോടിയെന്നാണ്  കേട്ടുകേള്‍വി.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam