ചാരക്കേസിന്റെ അടിവേരു  തേടി (രണ്ടാം ഭാഗം)

APRIL 28, 2021, 9:46 PM

ചാരക്കേസിന്റെ അടിവേരു  തേടി (രണ്ടാം ഭാഗം) - ജോഷി ജോര്‍ജ്

അവസാനം അവര്‍ക്ക് നീതി

1994 ഒക്ടോബറില്‍ തന്നെ ഇന്‍സെപ്ടര്‍ വിജയന്‍ മറിയം റഷീദയെ നോട്ടമിടുകയും വിടാതെ പിന്തുടരുകയും ചെയ്തിരുന്നുവെന്നുവത്രെ. വിസയുടെ കാലാവധി തീരുന്നതിന് മുമ്പ് മാലിയിലേക്ക് തിരിച്ചുപോകാന്‍ തയ്യാറായ മറിയത്തെ വിജയന്‍ അതില്‍നിന്ന് തടയുകയായിരുന്നുവെന്നും അതിനുള്ള കാരണങ്ങള്‍ വ്യക്തമല്ലായെന്നും കൊടതി കണ്ടെത്തുകയും ചെയ്തിരുന്നു.

vachakam
vachakam
vachakam

1995 ജനുവരി 15നു തന്നെ ചാരക്കേസ്സിലെ പ്രതികള്‍ക്കെല്ലാം കോടതി ജാമ്യം അനുവദിച്ചിരുന്നു. എങ്കിലും മറിയയ്ക്കും ഫൗസിയക്കും ജയിലിന് പുറത്തുകടക്കാന്‍ കഴിഞ്ഞില്ല. അതിനുകാരണം ഇവര്‍ക്ക് ജാമ്യം നില്‍ക്കാന്‍ ആരുമണ്ടായിരുന്നില്ല. ചാരക്കേസിനുപുറമേ മാനനഷ്ടക്കേസുകളിലും മറിയം പ്രതിയായി. ജയിലില്‍ വച്ച് ഇന്ത്യാ ടുഡേക്കും സാവി മാഗസിനും മറിയം ഇന്റര്‍വ്യൂ നല്‍കിയിരുന്നു. ഇന്‍സ്‌പെക്ടറുടെ നടക്കാതെപോയ ലൈംഗിക ആഗ്രഹത്തിന്റെ ഇരയാണ് താന്‍ എന്ന് സാവി മാഗസിനോടും കസ്റ്റഡിയില്‍ വച്ച് വിജയനും മറ്റൊരു സബ് ഇന്‍സ്‌പെക്ടറും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചുവെന്ന് ഇന്ത്യാ ടുഡേയോടും മറിയം പറഞ്ഞിരുന്നു. ഈ രണ്ട് അഭിമുഖങ്ങളെ തുടര്‍ന്ന് മറിയത്തിനെതിരെ മൂന്ന് ക്രിമിനല്‍ കേസുകളും ഒരു സിവില്‍ക്കേസും ഫയല്‍ ചെയ്തിരുന്നു.1996 ഏപ്രില്‍ 30ന് ചാരക്കേസ് അടിസ്ഥാനരഹിതവും കള്ളം  നിറഞ്ഞതുമായിരുന്നെന്ന് കണ്ടെത്തിയ റിപ്പോര്‍ട്ട് സിബിഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് സമര്‍പ്പിച്ചു. മേയ് രണ്ടാം തിയതി കോടതി റിപ്പോര്‍ട്ട് അംഗീകരിച്ചു. അതോടെ നിയമപരമായി ചാരക്കേസ് ഇല്ലാതായി.

തുടര്‍ന്ന് സിബിഐ കോടതിയില്‍ അഴിമതി നിരോധന നിയമം അനുസരിച്ച് ആറു പ്രതികള്‍ക്കുമെതിരെ ഫയല്‍ ചെയ്ത കേസില്‍ ശശികുമാരന്റെ കാര്യത്തിലൊഴിച്ച് ബാക്കി ആരുടെ പേരിലും കേസില്ലായെന്ന് കോടതി കണ്ടെത്തി.

മറിയത്തിനെതിരെയുള്ള മാനനഷ്ടക്കേസുകളിലും ജാമ്യക്കാരെ കിട്ടാത്തതുകൊണ്ട് കോടതി മറിയത്തിന് ജാമ്യമനുവദിച്ചില്ല. എന്നാല്‍ ഫൗസിയായുടെ കാര്യം അങ്ങിനെയാരുന്നില്ല. ചാരക്കേസും അഴിമതി നിരോധന നിയമം അനുസരിച്ചുള്ള കേസും അടിസ്ഥാനരഹിതമാണെന്ന് കോടതി വിധിച്ചതോടെ, സാങ്കേതികപരമായും നിയമപരമായും ഫൗസിയ പൂര്‍്ണമായും സ്വതന്ത്രയായി. അവര്‍ക്കുവേണമെങ്കില്‍ അടുത്ത ദിവസം തന്നെ മാലിയിലേക്ക് തിരിച്ചുപോകാമായിരുന്നു.

vachakam
vachakam
vachakam

എന്നാല്‍ വിജയന്‍ അത് തടഞ്ഞു. മാസങ്ങള്‍ക്കുമുമ്പ് ഏഷ്യാനെറ്റ് ടിവിക്കു നല്‍കിയ ഒരഭിമുഖത്തിന്റെ പേരില്‍, അതുവരെ മിണ്ടാതിരുന്ന വിജയന്‍, ഫൗസിയായ്ക്ക് എതിരെ മാനനഷ്ടത്തിന് ക്രിമിനല്‍ കേസ് കൊടുത്തു. ജാമ്യം നില്‍ക്കാന്‍ ആളില്ലാത്തതുകൊണ്ട് കോടതി ഫൗസിയായെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

1996 ജൂണ്‍ 27ന് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ചാരക്കേസ് തുടര്‍ന്ന് അന്വേഷിക്കാന്‍ ഉത്തരവിട്ടു. പ്രതികളും സിബിഐയും ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. കോടതി തുടര്‍ അന്വേഷണത്തിനുള്ള ഉത്തരവ് റദ്ദുചെയ്തില്ല. എന്നാല്‍, അങ്ങിനെയൊരന്വേഷണത്തിന്റെ നിരര്‍ത്ഥകത വ്യക്തമായ ഭാഷയില്‍ ചൂണ്ടിക്കാട്ടി. കാരണം, അങ്ങിനെയൊരന്വേഷണ റിപ്പോര്‍ട്ട്‌കൊണ്ട് ഇന്ത്യയിലെ ഒരു കോടതിക്കു മുന്നിലും കേരളാപോലീസിന് പോകാന്‍ കഴിയില്ലായെന്ന് കോടതി സര്‍ക്കാരിനെ ഓര്‍മപ്പെടുത്തി. മാത്രമല്ല, ഇന്ത്യന്‍ ഔദ്യോഗിക നിയമമനുസരിച്ച് ഒരു പരാതി നല്‍കാന്‍ പോലും സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല എന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു.

അപ്പോള്‍ പിന്നെ ചാരക്കേസ് രജിസ്ട്രര്‍ ചെയ്തതും അന്വേഷണം നടത്തിയതുമൊക്കെ ഏത് നിയമത്തിന്റെ പിന്‍ബലത്തിലായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാരിനും കേരള പോലീസിനും ഇപ്പോഴും അറിയില്ല. തുടര്‍ അന്വേഷണ ഉത്തരവ് റദ്ദുചെയ്യാത്ത ഹൈക്കോടതി വിധിക്കെതിരെ പ്രതികളും സിബിഐയും സുപ്രീം കോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി കൊടുത്തു.1996 ഡിംബര്‍ 11ന് ഫൗസിയാക്കെതിരെയുള്ള മാനനഷ്ടക്കേസ് വിജയന്‍ പിന്‍വലിച്ചു. അതോടെ ഫൗസിയ സ്വതന്ത്രയായി. എന്നാല്‍ അതൊരു കുരുക്കാണെന്ന് മണിക്കുറുകള്‍ക്കുള്ളില്‍ ഫൗസിയ അറിഞ്ഞു. ദേശീയ സുരക്ഷാ നിയമമനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഫൗസിയായെ അന്നുതന്നെ അറസ്റ്റു ചെയ്തു. ഒരു വര്‍ഷത്തിനുശേഷം അതേ സര്‍ക്കാരിനുതന്നെ ഫൗസിയായെ മോചിപ്പിക്കേണ്ടി വന്നു. കാരണം 12 മാസത്തില്‍ കൂടുതല്‍ ഒരാളെ കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ നിയമം അനുവദിക്കുന്നില്ല.

ഒട്ടേറെ മുറിപ്പാടുകള്‍ ഏറ്റുവാങ്ങിയ ഫൗസിയ ഇനി ഒരിക്കലും ഇന്ത്യയിലേക്ക് വരുകയില്ലെന്നു പറഞ്ഞ് മാലിയിലേക്ക് തിരിച്ചുപോയി.

മറിയം റഷീദയുടെ കഥയും ഏറെ വ്യത്യസ്തമല്ല. 1997 സെപ്റ്റബര്‍ ആറിന് എല്ലാ മാനനഷ്ടക്കേസിലും മറിയത്തിന് കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സര്‍ക്കാര്‍ മറിയത്തിനെതിരേയും ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ച് ഒരു കോടതിയിലും ചോദ്യം ചെയ്യാന്‍ കഴിയാത്ത വിധം വീണ്ടും ഒരു കൊല്ലം കൂടി ജയിലില്‍ കഴിയാനുള്ള ഉത്തരവ് ഇട്ടു.1998 ഏപ്രില്‍ 29ന് കേരള സര്‍ക്കാരിന്റെ തുടര്‍ അന്വേഷണ ഉത്തരവ് സുപ്രീം കോടതി റദ്ദുചെയ്തു. തൊട്ടടുത്ത ദിവസം സംസ്ഥാന സര്‍ക്കാരിന് മറിയത്തെ മോചിപ്പിക്കേണ്ടി വന്നു.ഇതിനിടയ്ക്ക് നമ്പി നാരായണനും ശശികുമാരനും എതിരെയുള്ള സസ്‌പെന്‍ഷന്‍ ഐസ്ആര്‍ഒ പിന്‍വലിച്ചു. ഇരുവരും ജോലിയില്‍ പ്രവേശിച്ചു. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബൂണിന്റെ ഉത്തരവ് അനുസരിച്ച് ശ്രീവാസ്തവയ്‌ക്കെതിരെയുള്ള സസ്‌പെന്‍ഷന്‍ പിന്‍വലിച്ച. കെ. കരണാകരന് നഷ്ടപ്പെട്ട മുഖ്യമന്ത്രിക്കസ്സേര മാത്രം തിരിച്ചുകിട്ടിയില്ല.

1994ല്‍ ചാരവലയം. ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍ എന്ന തലക്കെട്ടില്‍ മറ്റുപത്രക്കാരെപ്പോലെ തന്നെ ഇന്ത്യടുഡേ വിചിത്രകഥകള്‍ മെനഞ്ഞെങ്കിലും വളരെ വേഗം അവര്‍ സത്യം മനസ്സിലാക്കി നേരായ വഴിയിലെത്തിയിരുന്നു.

1998 മേയ് 13 ന് ഇറങ്ങിയ ഇന്ത്യാടുഡേ ശരിയായ പത്രധര്‍മ്മം നിര്‍വഹിച്ചു. ഐസ്ആര്‍ഒ ചാരക്കേസ്- അവസാനം അവര്‍ക്ക് നീതി. ചാരക്കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയത് നായനാര്‍ സര്‍ക്കാരിന് കനത്ത തിരിച്ചടിയായി. ഇന്ത്യാടുഡേയുടെ കവര്‍ സ്‌റ്റോറി, അത് വളരെ നാടകീയമായാണ് അവതരിപ്പിച്ചത്. അഞ്ചു പേജില്‍ ജേക്കബ് ജോര്‍ജ് രാധാകൃഷ്ണനുയുമായി ചേര്‍ന്നാണ് എഴുതിയത്.

1994 ഡിസംബര്‍ മൂന്ന് ഡല്‍ഹിയില്‍ നിന്നുമുള്ള ഒരു പത്രലേഖകന്‍ എന്ന് സ്വയം പരിചയപ്പെടുത്തി ഉയരം കുറഞ്ഞ് മെല്ലിച്ച ഒരാള്‍ തിരുവനന്തപുരം വഞ്ചിയൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് കടന്നുവരുന്നു. വലിയൊരു വിവാദമായി കത്തിപ്പടര്‍ന്നു കഴിഞ്ഞിരുന്ന ഐഎസ്ആര്‍ഒ ചാരക്കേസിനെപ്പറ്റി അന്വേഷിക്കുകയായിരുന്നു പത്രലേഖകന്റെ ദൗത്യം. സബ് ഇന്‍സ്‌പെക്ചര്‍ തമ്പി എസ് ദുര്‍ഗദത്തയുമായി അദ്ദേഹം വിശദമായി സംസാരിച്ചു. ഇംഗ്ലീഷിലും ഹിന്ദിയിലും. ചാരക്കേസ് സിബിഐക്കു വിട്ടുകൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ പിറ്റേ ദിവസമായിരുന്നു അത്.

സത്യത്തില്‍ പത്രലേഖകനായി വന്നത് സിബിഐയിലെ ഡിഐജി പി. എം നായര്‍. നെയ്യാറ്റിന്‍ കര സ്വദേശിയാണ് അദ്ദേഹം.

'ഒരു മാലിക്കാരിയെ വെറുതെ പിടിച്ചുകൊണ്ടുവന്ന് ഉപദ്രവിക്കുന്നു. ദല്‍ഹിയില്‍ നിന്നുവരെ പത്രക്കാര്‍ വന്നിരിക്കുന്നു.' ഒരു പോലീസുകാരന്‍ അയാളുടെ സുഹൃത്തിനോട് പറയുന്നത് നായര്‍ കേട്ടു. പക്ഷേ മനസിലായില്ലെന്ന മട്ടില്‍ അദ്ദേഹം നിന്നുകൊടുത്തു. പിന്നീടെല്ലാം കണ്ടും കേട്ടും അറിഞ്ഞും കാര്യങ്ങല്‍ അദ്ദേഹം ശരിയായ രീതിയില്‍ വിലയിരുത്തിയിരുന്നു. ഇന്ത്യാ ടുഡേ ആ ത്രില്ലിംഗ് റിപ്പോര്‍ട്ട് തുടരുകയാണ്.

ഏറ്റവും പ്രധാനം നിയമോപദേശത്തിന്റെ കാര്യം തന്നെ സുപ്രീം കോടതിയില്‍ പോയാല്‍ നിലനില്‍ക്കുകയില്ലെന്ന് നിയമത്തില്‍ വലിയ പിടിപാടില്ലാത്തവര്‍ക്കുപോലും അറിയാവുന്ന കേസാണിത്. രാജ്യത്തിന്റെ സുരക്ഷയാണ് ഈ കേസിലെ പ്രധാന പ്രശ്‌നം. ബന്ധപ്പെട്ട വകുപ്പുകളാകട്ടെ ഇന്ത്യന്‍ ഒഫിഷ്യല്‍ സീക്രട്ട് ആക്ടിലേതും. ഈ നിയമപ്രകാരം സര്‍ക്കാരിന്റെ പരാതിപ്രകാരമല്ലാതെ ഒരു കോടതിക്കും കേസെടുക്കാനാവില്ല. കേന്ദ്ര സര്‍ക്കാരിന്റെ പരാതിപ്രകാരം മാത്രമെ ഏതെങ്കിലും കോടതിക്ക് കേസെടുക്കാനാവു. ഈ കേസില്‍ കേന്ദ്ര സര്‍ക്കാരിന് പരാതിയില്ല. കേന്ദ്ര സര്‍ക്കാരിനെന്നല്ല, സാങ്കേതികവിദ്യ കൈമോശം വന്നുവെന്ന് പോലീസ് പറയുന്ന ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിനും (ഐഎസ്ആര്‍ഒ) പരാതിയില്ല.ഏതൊരു കേസിലും ആദ്യം കുറ്റം എന്താണെന്നു മനസ്സിലാക്കിയിട്ട് പ്രതികളെ തേടുകയാണ് പതിവ്. ഇവിടെ പ്രതികളെ ആദ്യമെതന്നെ പിടികൂടുകയായിരുന്നു. പിന്നെ കുറ്റം കണ്ടെത്തി. ഇന്ത്യയുടെ ക്രയോജനിക് എഞ്ചിന്‍ സാങ്കേതികവിദ്യയും മറ്റ് ബഹിരാകാശ ശാസ്ത്ര വിജ്ഞാനങ്ങളും പാകിസ്ഥാനിലേക്ക് കടത്തി എന്നായിരുന്നു കുറ്റം. ഇന്ത്യയ്ക്ക് ക്രയോജനിക് സാങ്കേതികവിദ്യ സ്വന്തമായി ഇല്ലെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥന്മര്‍ക്കും അറിയില്ലായിരുന്നു എന്നുവേണം അനുമാനിക്കാന്‍. എന്തിന് 'ഇന്ത്യന്‍ ഒഫിഷ്യല്‍ സീക്രട്ട് ആക്റ്റ് 1920' എന്നാണ് പോലീസ് കേസ് രേഖകളില്‍ എഴുതിയിരിക്കുന്നത്. എന്നാല്‍ വാസ്തവത്തില്‍ 1923ലേതാണ് ഈ നിയമം.

അന്വേഷണവേളയില്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്ന ഇന്റലിജന്‍സ് ബ്യൂറോ ഇദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരുമാണ് ഐസ്ആര്‍ഒ ചാരക്കേസ് എന്ന പേരില്‍ ഭീമാകാരം പൂണ്ട കേസിനുപിന്നില്‍ പ്രവര്‍ത്തിച്ചത്. ഇവരില്‍ പലര്‍ക്കും സ്വന്തമായി താല്പര്യങ്ങളുണ്ടായിരുന്നു. പലരും പഴയ കണക്കുകള്‍ തീര്‍ക്കാന്‍ ഈ കേസ് ഫലപ്രദമായി ഉപയോഗിച്ചു.നമ്പി നാരായണനേയും ശശികുമാറിനേയും തുടങ്ങി മാലി വനിതകളായ മറിയം റഷീദ ഫൗസിയ ഹസന്‍ എന്നിവരേയുൂം അവരുടെ കുടുംബാംഗങ്ങളേയും തുടര്‍ച്ചയായി പീഡിപ്പിച്ചു.ഇവരെക്കൂടാതെ ഡി. ശശികുമാരന്‍, ബിസിനസുകാരായ എസ്. കെ ശര്‍മ, ചന്ദ്രശേഖര്‍ എന്നിവരും അറസ്റ്റിലായതോടെ കേസ് വലിയ വിവാദമായി വളര്‍ന്നു.

ഇതിനിടയില്‍ അന്ന് ദക്ഷിണ മേഖല ഐജീയായിരുന്ന  രമണ്‍ ശ്രീവസ്തവയുടേ പേരും കേസുമായി ബന്ധപ്പെടുത്തി. ചില പത്രങ്ങളിലാണ് ശ്രീവസ്തവയുടേ പേര് ആദ്യം വന്നതെങ്കിലും അദ്ദേഹത്തെ കേസി ല്‍ കുടുക്കാന്‍ ഐബി ഉദ്യോഗസ്ഥരാണ് കരുനീക്കിയത്. ശ്രീവാസ്തവയെ അറസ്റ്റുചെയ്യാന്‍ അന്വേഷണ സംഘത്തലവന്‍ സിബി മാത്യുവിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി. ശ്രീവാസ്തവയെക്കാള്‍ ജൂനിയറും സത്യസന്ധതയ്ക്ക് പേരുകേട്ട ഉദ്യോഗസ്തനുമായ സിബി മാത്യു അതിന് തയ്യാറായില്ല. ഒരു ദിവസം ഐബിയുടെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അന്ന് ഡിജിപി ആയിരുന്ന ടി. വി മധുസൂദനന്റെ മുറിയിലെത്തി. രമണ്‍ ശ്രീവസ്തവയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഒരു തെളിവുമില്ലാതെ ഐപിഎസ് ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്യാന്‍ പറ്റില്ലെന്നായിരുന്നു മധുസൂദനന്റെ മറുപടി. മുറിയിലുണ്ടായിരുന്ന സിബി മാത്യുവും സ്വന്തം നിലപാട് വ്യക്തമാക്കി. 'കഴിഞ്ഞ കുറെ ദിവസങ്ങളായി ശ്രീവാസ്തവയെ അറസ്റ്റുചെയ്യാന്‍ ഐബി ഉദ്യോഗസ്ഥര്‍ എന്നെ നിര്‍ബന്ധിക്കുകയായിരുന്നു. തങ്ങളുടെ കൈയില്‍ തെളിവുകളുണ്ടെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ തെളിവുകാണിക്കാന്‍ പറഞ്ഞപ്പോള്‍ അവര്‍ അതിന് തയ്യാറായില്ല.'സിബി മാത്യു ഡിജിപിയോട് പറഞ്ഞു. ഐബി മേധാവി ക്രൂദ്ധനായി കസേര പിന്നോട്ട് തള്ളിമാറ്റി എഴുന്നേറ്റു. നിങ്ങള്‍ അറസ്റ്റുചെയ്തില്ലെങ്കില്‍ ദേശരക്ഷാനിയമത്തിന്റെ പരിധിയിലാക്കി ഞങ്ങള്‍ അയാളെ അറസ്റ്റുചെയ്യും.' ഉദ്യോഗസ്ഥന്‍ ഉച്ചത്തില്‍ പറഞ്ഞു.

അന്നുതന്നെ കേസ് സിബിഐക്ക് വിടാന്‍ ഡിജിപി മുഖ്യമന്ത്രി കരുണാകരനോട് ശുപാര്‍ശ ചെയ്യുകയായിരുന്നു. സിബിഐ രംഗത്തുവരുകയും എല്ലാ തെളിവുകളും പരിശോധിക്കുകയും ചെയ്തപ്പോഴാണ് ശ്രീവസ്തവയുടേ പേരില്‍ ഉയര്‍ന്നു വന്ന ആരോപണങ്ങളുടെ അടിത്തറ പൊളിഞ്ഞത്. സിബിഐ ശ്രീവാസ്തവയെ ചോദ്യം ചെയ്യാന്‍ ചെന്നൈയിലേക്ക് കൊണ്ടുപോയപ്പോല്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ മറിയം റഷീദ അദ്ദേഹത്തെ കാണുന്നതെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തത്.

ഉദ്യോഗജനകമായ തുടര്‍സംഭവവികാസങ്ങല്‍ അടുത്ത ലക്കത്തില്‍ വായിക്കുക

ചാരക്കേസിന്റെ അടിവേര് തേടി (ഭാഗം 1) ഇവിടെ വായിക്കുക

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam