ചാരക്കേസിന്റെ അടിവേര് തേടി

APRIL 25, 2021, 9:39 AM

മുതിർന്ന പത്രപ്രവർത്തകനും കാർട്ടൂണിസ്റ്റുമായ ജോഷി ജോർജ് ചാരക്കേസിന്റെ അന്തർനാടകങ്ങൾ അനാവരണം ചെയ്യുന്നു.

27 സംവത്സരങ്ങൾക്കപ്പുറം കേരളത്തിൽ കത്തിക്കയറി ഇന്ത്യയാകെ പടർന്നൊരു ചാരക്കേസ്. അതൊടുവിൽ വെറും ചാരമായിതീരുകയായിരുന്നു. ചാരവൃത്തിയെന്നത് ചാണക്യന്റെ കാലം മുതലുള്ള നയതന്ത്രബന്ധങ്ങളുടെ ഭാഗമാണ്. പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള ഈ വസ്തുത എല്ലാ രാജ്യങ്ങളും നടത്തുന്നുമുണ്ട്. ഏത് രാജ്യവും രഹസ്യമാക്കി വയ്ക്കുന്ന വസ്തുതകൾ ചോർത്തുകയാണ് ഏത് കാതലായ ചാരവൃത്തിയുടേയും കാതലായ വശം. ചോർത്തുന്ന വിവരങ്ങൾ എത്രകണ്ട് ഈ രാജ്യത്തിന് വിലപ്പെട്ടതും അതുവരെ അജ്ഞാതമായതുമാണോ അത്രകണ്ട് പ്രാധാന്യം ആ ചാരവൃത്തിക്കും കൽപ്പിക്കും.

ചോർത്തുന്ന രാജ്യവും ചോർത്തപ്പെട്ട രാജ്യവും ഒന്നടങ്കം. ഈ വീക്ഷണത്തിലൂടെ തുമ്പയിലെ ചാരവൃത്തിയെക്കുറിച്ച നാം വായിച്ചതും കേട്ടതുമായ കോരിത്തരിപ്പിക്കുന്ന സവിസ്താര കഥകൾ നോക്കു. തുമ്പയിൽ നിന്ന് ചോർത്തിയ അല്ലെങ്കിൽ ചോർത്താൻ ശ്രമിച്ച രഹസ്യങ്ങൾ എന്തായിരുന്നു? അതുമാത്രം ആരും പറഞ്ഞില്ല. സി.ബി.ഐ മാത്രം ഒന്നുപറഞ്ഞു: തുമ്പയിൽ നിന്ന് ഒരു രഹസ്യവും ചോർത്തിയിട്ടില്ല എന്ന്. വിദേശരാജ്യങ്ങൾക്ക് അജ്ഞാതമായ ഒരു രഹസ്യവും തുമ്പയിലില്ലെന്നതാണ് വസ്തുത.

vachakam
vachakam
vachakam

നേരറിയാൻ നേരത്തെ ഏറിയാൻ എന്ന പരസ്യവാചകമൊന്നുമില്ലാതിരുന്ന കാലത്തുതന്നെ ചാരവൃത്തിക്കേസ് ആദ്യം റിപ്പോർട്ട് ചെയ്തത് ദേശാഭിമാനിയാണ്. ദോഷം പറയരുതല്ലോ ആ ദിവസംതന്നെ മറ്റൊരു പത്രവും ഇവർക്ക് കൂട്ടിനുണ്ടായിരുന്നു; തനിനിറം. 1994 ഒക്ടോബർ: വിമാനം റദ്ദാക്കിയതിനെത്തുടർന്ന് വിസാ കാലാവധി നീട്ടിക്കിട്ടാൻ ശ്രമിക്കുന്നതിനിടെ, നഗരത്തിലെ ഒരു ഹോട്ടലിൽനിന്ന് മാലദ്വീപുകാരിയായ മറിയം റഷീദ അറസ്റ്റിലായി. ഹോട്ടലിൽ കഴിയവെ, അവർ ഐ.എസ്.ആർ.ഒ.യിലെ (ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ) ശാസ്ത്രജ്ഞനെ ഫോൺ ചെയ്‌തെന്നും അത് രാജ്യരക്ഷാതാത്പര്യങ്ങളുടെ അടിസ്ഥാനത്തിൽ കാണണമെന്നുമായിരുന്നു സ്‌പെഷ്യൽ ബ്രാഞ്ചിന്റെ വിലയിരുത്തൽ.

കേരളത്തെ പിടിച്ചുകുലുക്കിയ ചാരക്കേസിന്റെ തുടക്കം കുറിച്ച ഈ വാർത്ത ദേശാഭിമാനിയുടെ തിരുവനന്തപുരം ബ്യൂറോയുടെ വകയായിരുന്നു. അറിയപ്പെടുന്ന കവിയായ പ്രഭാവർമ്മയായിരുന്നു അന്ന് തിരുവനന്തപുരം ബ്യുറോയെ നിയന്ത്രിച്ചിരുന്നത്. മറ്റ് പത്രങ്ങൾക്ക് അത് വാർത്തയാകാൻ ഏഴ് മുതൽ പതിനാല് ദിവസങ്ങളെടുത്തു. പിന്നെ തുടരാൻ ചവറുകളും ഇക്കിളിപ്പെടുത്തുന്ന കഥകളും കൊണ്ട് നിറയുകയായിരുന്നു. ഈ ചാരക്കൂമ്പാരത്തിൽ നിന്ന് നമ്പി നാരായണൻ എന്ന ബഹിരാകാശ ശാസ്ത്രജ്ഞൻ ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയയർത്തെഴുന്നേൽക്കുകയായിരുന്നു.

നമ്പി നാരായണന്റെ മുന്നിൽ കേരളത്തിലെ മാധ്യമങ്ങൾ, പോലീസ് ഡിപ്പാർട്ടുമെന്റ്, രാഷ്ട്രീയ പാർട്ടികൾ, സാമൂഹീക പ്രവർത്തകർ ഇവരെല്ലാം ലജ്ജ കൊണ്ട് തലതാഴ്ത്തട്ടെ. നമ്പി നാരായണനോടും അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ ശാസ്ത്രജ്ഞൻമാരോടും മാലി ദ്വീപിൽ നിന്ന് മക്കളെ പഠിപ്പിക്കാൻ കേരളത്തിലേക്കുവന്ന മറിയം റഷീദ്, ഫൗസിയ ഹസൻ എന്നീ രണ്ട് ഹതഭാഗ്യരായ സ്ത്രീകളോടും മൺമറഞ്ഞ ലീഡർ കരുണാകരനോടും സംസ്ഥാന പോലീസ് മേധാവിയായിരുന്ന രമൺ ശ്രീവാസ്തവയോടും അവരുടെയെല്ലാം കുടുംബക്കാരോടും കേരളത്തിലെ പത്രങ്ങളും രാഷ്ട്രീയ പാർട്ടികളും ഈ വൈകിയ വേളയിലെങ്കിലും മാപ്പുചോദിക്കേണ്ടതല്ലെ?

vachakam
vachakam
vachakam

മാലിയിൽ നിന്നും ചാരവൃത്തിക്കുവന്ന മറിയം റഷീദ്, ഫൗസിയ ഹസൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ രഹസ്യങ്ങൾ നമ്പി നാരായണനെപ്പോലെയുള്ള ഒരു ശാസ്ത്രജ്ഞൻ പണത്തിനുവേണ്ടി രാജ്യത്തെ ഒറ്റിക്കൊടുത്തു എന്നതായിരുന്നു ചാരക്കേസ്. അതിന് കൂട്ടുനിന്നത് അന്നത്തെ മുഖ്യമന്ത്രി കരുണാകരനും പോലീസ് ഐ.ജി രമൺ ശ്രീവാസ്തവയുമെല്ലാമായിരുന്നു എന്നാണ് കേരളത്തിലെ എല്ലാ പത്രങ്ങളും പ്രചരിപ്പിച്ച കഥ.

നിറം പിടിപ്പിച്ച നുണക്കഥകൾ

ഇന്ത്യയെ പിടിച്ചുകുലുക്കിയ ചാരക്കഥയുടെ സംഭവ പരമ്പരകൾ തുടങ്ങുന്നതിങ്ങനെ. 1994 ഒക്ടോബർ 20ന് വൈകുന്നേരം 4.15 നാണ് ഇന്ത്യയിൽ പ്ലേഗുബാധയുണ്ടായതിനെ തുടർന്ന് മാലിയിലേക്കുള്ള വിമാന സർവീസ് നിർത്തിവച്ചതുകാരണം കാലാവധിക്കുശേഷവും ഇന്ത്യയിൽ തങ്ങേണ്ടിവന്നതിനാൽ അതിനുള്ള അനുമതി തേടി പോലീസ് സ്‌റ്റേഷനിലെത്തിയ മറിയം, റഷീദ എന്ന മാലി വനിതയെ കേരള പോലീസ് അറസ്റ്റുചെയ്യുന്നത് അന്നാണ്. മറിയത്തിനെതിരെ എഫ്.ഐ.ആറിൽ കാണുന്ന കേസ് ഓവർ സ്‌റ്റേക്കാണ്. എന്നാൽ ഐ.എസ്.ആർ.ഒ കേന്ദ്രമാക്കി നടന്നുവന്ന ഒരു ചാര വലയത്തിന്റെ മുഖ്യ കണ്ണി എന്ന നിലയിലാണ് മറിയത്തിന്റെ അറസ്റ്റിനെക്കുറിച്ച്  അടുത്ത ദിവസം ദേശാഭിമാനി റിപ്പോർട്ടു ചെയ്തത്. ദുരൂഹത അവിടം മുതൽ തുടങ്ങുകയായി.

ചാരക്കഥയ്ക്ക് വളരെ സെൻസേഷനലായ ഒരു ട്വിസ്റ്റ് കേരള കൗമുദി ദിനപത്രമായിരുന്നു. ദക്ഷിണ മേഖല ഐ.ജി രമൺ ശ്രീവാസ്തവ ചാരവലയത്തിലെ നിർണ്ണായക കണ്ണിയാണ് എന്നായിരുന്നു കേരള കൗമുദിയുടെ വെളിപ്പെടുത്തൽ. പത്രങ്ങളും രാഷ്ട്രീയ നേതാക്കളും രമൺ ശ്രീവാസ്തവയുടെ രക്തത്തിനായി ദാഹിച്ചു. തന്റെ പതിവുശൈലിയിൽ, എല്ലാ ധാർഷ്ഠ്യത്തോടും കൂടി കെ. കരുണാകരൻ അവയെല്ലാം അവഗണിച്ചു. മുഖ്യമന്ത്രി തന്റെ പ്രിയപ്പെട്ടവനായ ശ്രീവാസ്തവയെ ദേശീയ താല്പര്യങ്ങൾപോലും കൂട്ടിക്കുഴച്ചുകൊണ്ട് സംരക്ഷിക്കുകയാണെന്ന ധാരണ അതോടെ ശക്തിപ്പെട്ടു. ഇതിനിടയ്ക്ക് കേരള പോലീസ് അഞ്ച് അറസ്റ്റുകൂടി നടത്തി.

മാലിക്കാരിയായ ഫൗസിയ ഹസൻ, റഷ്യൻ സ്‌പേസ് ഏജൻസി ഗ്ലാവ് കോസ്‌മോസിന്റെ ഇന്ത്യൻ പ്രതിനിധി കെ. ചന്ദ്രശേഖരൻ, ബാംഗ്ലൂരിലെ ഒരു ലേബർ കോൺട്രക്ടറായ എസ്.കെ. ശർമ്മ, ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനായ എസ്. നമ്പി നാരായണൻ, ഡി. ശശികുമാർ എന്നിവരെ മറിയം റഷീദയ്‌ക്കൊപ്പം പ്രതികളായി ചേർത്ത് ഇന്ത്യൻ ഔദ്യോഗിക രഹസ്യനിയമം അനുസരിച്ച് ഒരു ചാരവൃത്തിക്കേസ് രജിസ്റ്റർ ചെയ്തു. അത് 1994 നവംബർ 13നായിരുന്നു. തുടർന്ന് ഡി.ഐ.ജി. സിബി മാത്യൂസിന്റെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘം ഉണ്ടാക്കുകയും കേസ് അന്വേഷണം ആ സംഘത്തിന് കൈമാറുകയും ചെയ്തു.

കേസ് അന്വേഷണത്തിന് തന്റെ നേതൃത്വത്തിലുള്ള കേരള പോലീസ് സംഘത്തേക്കാൽ പ്രാപ്തരായത് സി.ബി.ഐ. ആണെന്നും കേസ് സി.ബി.ഐയെ ഏൽപ്പിക്കണമെന്നുമുള്ള സിബി മാത്യൂസിന്റെ ഔദ്യോഗിക കത്തിനെ തുടർന്ന് 1994 ഡിസംബർ രണ്ടിന് ചാരക്കേസ് സി.ബി.ഐക്ക് കൈമാറി.

കേസ് എടുത്ത സി.ബി.ഐ അഴിമതി നിരോധന നിയമമനുസരിച്ച് മറ്റൊരു കേസ് കൂടി ആറുപേർക്കും എതിരെ രജിസ്ട്രർ ചെയ്തു.

ഈ ഘട്ടത്തിൽ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന നിയമവേദി രമൺ ശ്രീവാസ്തവയെ അറസ്റ്റുചെയ്യാൻ സി.ബി.ഐക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചു. കോടതി കേസ് തള്ളി. അന്വേഷണവേളയിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് അങ്ങിനെയൊരു നിർദ്ദേശം കൊടുക്കാൻ നിയമമില്ല എന്നുകാണിച്ച് കേസ് തള്ളിയത്. നിയമവേദി അപ്പീൽ കൊടുത്തു.

1995 ജനുവരി 13 ന് ഡിവിഷൻ ബെഞ്ചും കേസ് തള്ളി. എന്നാൽ രമൺ ശ്രീവാസ്തവയ്ക്ക് ചാരവലയുമായി ബന്ധമുണ്ടെന്ന് ഇന്റലിജന്റ് ബ്യൂറോകളുടെ രേഖകളെ അടിസ്ഥാനമാക്കി ഒരു പരാമർശവും കോടതി നടത്തി.

മാത്രമല്ല സി.ബി.ഐ കേസ് നേരാംവണ്ണമല്ല കൈകാര്യം ചെയ്യുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.

വിധി വന്ന അന്നുതന്നെ ശ്രീവാസ്തവയെ സസ്‌പെൻഡു ചെയ്തു. കോടതി പരാമർശത്തെത്തുടർന്നുണ്ടായ രാഷ്ട്രീയ ഗൂഢാലോചനയുടെ അവസാനം കരുണാകരന് മുഖ്യമന്ത്രി പദം രാജിവയ്‌ക്കേണ്ടിവന്നു. കേരളത്തിലെ പത്രങ്ങളുടെ പ്രകടമായ പിന്തുണയോടെ ആദർശ രാഷ്ട്രീയത്തിന്റെ വക്താവായ എ.കെ. ആന്റണി ആയിരുന്നു ആ ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയതെന്ന് അന്ന് ഉന്നതങ്ങളിൽ പരക്കെ സംസാരമുണ്ടായിരുന്നു.

ഡിവിഷൻബഞ്ചിന്റെ വിധിക്കെതിരെ സി.ബി.ഐ റിസേർച്ച് & അനാലിസിസ് വിംഗ്, കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ, കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്നിവർ സംയുക്തമായി പ്രത്യേക അനുമതി ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചു. ഏപ്രിൽ 15 ന് സുപ്രീം കോടതി ഹൈക്കോടതിയുടെ പരാമർശങ്ങൾ റദ്ദുചെയ്തു. 1995 നവംബർ 14ന് മറിയം റഷീദയുടെ ഓവർ സ്‌റ്റേ കേസിന്റെ വിധിവന്നു. റഷീദ കുറ്റക്കാരിയല്ല എന്ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വിധിച്ചു. കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ തങ്ങിയ മറിയത്തിന്റെ പ്രവൃത്തികളിൽ സംശയം തോന്നിയാണ് ഇൻസ്‌പെക്ടർ വിജയൻ മറിയത്തിന്റെ നീക്കങ്ങൾ നിരീക്ഷിച്ചതെന്നും, അതാണ് മറിയത്തിന്റെ ചാരവൃത്തി കണ്ടെത്താൻ വിജയനെ സഹായിച്ചതെന്നുമുള്ള പോലീസിന്റേയും അത് ഏറ്റുപാടി നടന്ന കേരളത്തിലെ പത്രങ്ങളുടേയും മുഖത്തേറ്റ കനത്ത അടിയായിരുന്നു ആ വിധി.

വിജയൻ മറിയത്തെ അറസ്റ്റുചെയ്യാൻ നടത്തിയ ശ്രമങ്ങൾക്കു പിന്നിലെ കാരണങ്ങൾ അടുത്തലക്കത്തിൽ വിവരിക്കുന്നു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam