ബിഹാറില്‍ കോണ്‍ഗ്രസ് വീണതിന് പിന്നില്‍  

NOVEMBER 14, 2025, 9:23 AM

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി വെളിപ്പെടുത്തലുകളും എസ്ഐആറിന് എതിരായ പ്രതിഷേധങ്ങളും നേട്ടമാകുമെന്ന് കരുതിയ കോണ്‍ഗ്രസിന് ബിഹാറില്‍ ഒരു ഇളക്കവും സൃഷ്ടിക്കാനായില്ല. ആറ് സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. 

ആകെ പറയാനുള്ളത് ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചക്കും ഉവൈസിയുടെ എഐഎംഐഎമ്മിനും അഞ്ച് സീറ്റ് വീതം കിട്ടി എന്നതാണ്. ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായ വോട്ട് കൊള്ള അടക്കമുള്ള വിഷയങ്ങള്‍ എന്തുകൊണ്ട് ബിഹാറില്‍ പ്രതിഫലിച്ചില്ല എന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് വ്യക്തതയില്ല.

സാമൂഹിക നീതി ഉയര്‍ത്തിക്കാട്ടിയുള്ള രാഹുല്‍ ഗാന്ധിയുടെ പ്രചാരണം സവര്‍ണ വോട്ട് ബാങ്കിനെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയെന്നാണ് സംസ്ഥാന നേതാക്കളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. എസ്ഐആറിനും വോട്ട് കൊള്ളക്കും എതിരെ രാഹുല്‍ ഗാന്ധി നടത്തിയ കാമ്പയിന്‍ താഴേത്തട്ടില്‍ ആളുകള്‍ ഏറ്റെടുത്തെങ്കിലും നേതൃത്വം അത് ഗൗരവമായി കണ്ടിരുന്നില്ല. സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് ബിജെപി, ജെഡിയു, എല്‍ജെപി തുടങ്ങിയ പാര്‍ട്ടികള്‍ വിട്ടവര്‍ക്ക് വ്യാപകമായി സീറ്റ് നല്‍കി. 

രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ബിജെപിക്കും ആര്‍എസ്എസിനും എതിരെ പല്ലും നഖവും ഉപയോഗിച്ച് പോരാടുകയാണ്. എന്നാല്‍ എന്‍ഡിഎയിലെ പാര്‍ട്ടികളില്‍ നിന്ന് കൂറുമാറിയെത്തിയ പലരും താല്‍കാലിക ലാഭം തേടിയെത്തിയവരായിരുന്നു. ഇവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഇപ്പോഴും ബിജെപി, ആര്‍എസ്എസ് നേതാക്കളെ പുകഴ്ത്തുന്ന പോസ്റ്റുകളുണ്ട്. ഇത് പാര്‍ട്ടിയുടെ വിശ്വാസ്യതയെ സാരമായി ബാധിച്ചെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

അതായത് പിന്നോക്ക അതിപിന്നോക്ക വിഭാഗക്കാരെ ലക്ഷ്യമിട്ടുള്ള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മാറ്റത്തില്‍ സവര്‍ണ വിഭാഗക്കാര്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നു. ഇത് മുതലാക്കിയ നിതീഷ് കുമാര്‍ മുന്നോക്ക വിഭാഗക്കാക്ക് താത്പര്യമുള്ളവരെ സ്ഥാനാര്‍ഥികളാക്കി. കോണ്‍ഗ്രസിനാകട്ടെ പിന്നോക്ക വിഭാഗക്കാരുടെ പിന്തുണ കാര്യമായി നേടാനും കഴിഞ്ഞില്ല. മുസ്ലിം, യാദവ വിഭാഗത്തിന് പുറത്തേക്ക് തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കാന്‍ മഹാസഖ്യത്തിന് കഴിഞ്ഞില്ല എന്നതാണ് സത്യം. കൂടാതെ സ്ത്രീ വോട്ടര്‍മാരുടെ പിന്തുണയും കാര്യമായി ഉണ്ടായില്ല.

സ്ത്രീകള്‍ക്കായി നിതീഷ് കുമാര്‍ സര്‍ക്കാര്‍ ഓഗസ്റ്റ് 29 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് മുഖ്യമന്ത്രി മഹിളാ റോസ്ഗര്‍ യോജന പ്രഖ്യാപിച്ചത്. വനിതാ സംരംഭകര്‍ക്ക് സ്വന്തമായി ബിസിനസ് ആരംഭിക്കാന്‍ സഹായിക്കുന്നതിനായി ഗഡുക്കളായി 2.1 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. 1.21 കോടിയിലധികം സംരംഭകരുടെ അക്കൗണ്ടുകളില്‍ ആദ്യ ഗഡുവായ 10,000 രൂപ നിക്ഷേപിക്കുകയും ചെയ്തു. ഇത് തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് ഘടകമായി.

ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞ സംഭവം ഇങ്ങനെയാണ്- എന്റെ ജില്ലയിലെ ഒരു ഇബിസി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ രാഹുല്‍ എത്തി. കുറച്ചു അകലെ ബ്രാഹ്മണ വോട്ടര്‍മാരുള്ള ഒരു ഗ്രാമമുണ്ടായിരുന്നു. ഒരു പ്രശസ്ത സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെ 5000 പേരുടെ ഒരു ജനക്കൂട്ടം രാഹുല്‍ സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുകയായിരുന്നു. പക്ഷേ അദ്ദേഹം വന്നില്ല. ഒരു ഇബിസി സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം അദ്ദേഹം ഒരു ബ്രാഹ്മണ ഗ്രാമം സന്ദര്‍ശിക്കുന്നത് നല്ലതല്ല എന്നായിരുന്നു അദ്ദേഹത്തിന് ലഭിച്ച ഉപദേശം. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയണം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാഹുലും കോണ്‍ഗ്രസും ശ്രദ്ധ കേന്ദ്രീകരിച്ച പ്രധാന വിഷയം എസ്ഐആര്‍, വോട്ട് മോഷണം തുടങ്ങിയ വിഷയങ്ങളിലാണ്. ആര്‍ജെഡിയുടെ തേജസ്വി യാദവ് തൊഴില്‍, ജനങ്ങളുടെ മറ്റ് ദൈനംദിന ആശങ്കകള്‍ എന്നിവയിലാണ് കൂടുതല്‍ ഊന്നല്‍ നല്‍കിയത്. ഒന്നോ രണ്ടോ റാലികള്‍ ഒഴികെ, രാഹുലും തേജസ്വിയും വേദി പങ്കിട്ടിരുന്നില്ല. തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നത് യാദവര്‍ അല്ലാത്ത വിഭാഗത്തില്‍ എതിര്‍ധ്രുവീകരണത്തിന് കാരണമാകുമെന്ന് കോണ്‍ഗ്രസ് വിശ്വസിച്ചു. പക്ഷേ ആര്‍ജെഡി അത് കേള്‍ക്കാന്‍ തയ്യാറായില്ല. ഇത്തരം നിരവധി പ്രശ്നങ്ങള്‍ പാര്‍ട്ടിയിലും മുന്നണിയിലും ഉണ്ടായിരുന്നതായി ഒരു നേതാവ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam